അറവുകാരൻ- 2 3

*************************************

“ഡി പെണ്ണെ നേരമായി…അവനെത്തിയില്ലേ…”

താഴെ നിന്നു ശ്രീജ വിളിച്ചു ചോദിച്ചു,

“ഇല്ലേച്ചി…..ഇന്ന് കാവില് പോണം നേരത്തെ വരണം എന്ന് ഞാൻ പറഞ്ഞതാ….”

“സരമില്ലെടി…എന്തേലും പണിയിൽ പെട്ട് പോയിട്ടുണ്ടാവും,
നീ ഉടുത്തു നിന്നോ…”

“ഞാൻ ഉടുത്തു നിക്കുവാ ചേച്ചി…”

“എന്റെ കൊച്ചോടി.???”

“ഓഹ് അവള് ഉടുത്ത ഉടുപ്പിന്റെ ഭംഗി നോക്കാൻ അങ്ങോട്ടും ഇങ്ങോട്ടും

നടക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി…”

പുത്തൻ പട്ടു പാവാടയും ബ്ലൗസും ഇട്ടു പാവാട നിവർത്തിയും ചുറ്റിച്ചും ആസ്വദിക്കുന്ന അനുവിനെ നോക്കിക്കൊണ്ട് സുജ പറഞ്ഞു.

സെറ്റ് സാരിയിലും വാടാമുല്ല ബ്ലൗസിലും സുജയും അതിസുന്ദരിയായിരുന്നു.

അഴകളവുകളിലൂടെ ഒഴുകികിടന്ന സാരിയിൽ അവളുടെ രൂപഭംഗി പതിന്മടങ്ങായി വർധിച്ചു.
വെണ്ണനിറമുള്ള അവളുടെ മേനിയിൽ വാടാമല്ലി നിറമുള്ള ബ്ലൗസ് കൂടി ആയപ്പോൾ അവളുടെ ദേഹം സ്വർണം പോലെ തിളങ്ങി.

“അമ്മാ ദേ അച്ഛ വന്നു….”

മുന്നിലേക്ക് വന്ന സുജ ശിവൻ തിടുക്കത്തിൽ കയറി വരുന്നത് കണ്ടു.അവന്റെ കയ്യിൽ തൂങ്ങിക്കൊണ്ട് അനുവും.

മുഖത്ത് കള്ളപരിഭവം പടർത്തി സുജ അവരെ നോക്കി.

“എടൊ…നേരത്തെ ഇറങ്ങിയതാ പക്ഷെ ഇതൊന്നു കിട്ടാൻ വേണ്ടി ഒന്നു ചുറ്റി കാവിനടുത്തുവരെ പോവേണ്ടി വന്നു അതൊണ്ടല്ലേ…”

“ഹായ് മുല്ലപ്പൂ….”

ശിവൻ നീട്ടിയ പൊതിയിൽ നിറഞ്ഞു പുറത്തേക്ക് കിടന്ന മുല്ലപ്പൂ നോക്കി അനു വിളിച്ചു പറഞ്ഞു.

“യ്യോ തട്ടിപ്പറിക്കല്ലേ ന്റെ കൊതിച്ചിക്കുട്ടി,…നിനക്കും അമ്മയ്ക്കും, ശ്രീജേച്ചിക്കും കൂടി വാങ്ങിയിട്ടുണ്ട്….”

ശിവന്റെ കയ്യിൽ നിന്നും മുല്ലപ്പൂവും തട്ടിയെടുത്തുകൊണ്ട് അനു അകത്തേക്കോടി.
അപ്പോഴും വിടർന്ന മുഖത്ത് ദേഷ്യം ഒളിപ്പിച്ചു സുജ നിന്നിരുന്നു.

“ഒന്ന് ചിരിക്കടോ….തന്നേം നമ്മടെ മോളേം ഒന്ന് സുന്ദരിയായി കാണാൻ വേണ്ടിട്ടല്ലേ…”

“മതി കൊഞ്ചിയത് വേഗം കുളിച്ചു വാ മനുഷ്യ,… ഇത്രേം നേരം കാത്തിരുന്ന് വലഞ്ഞു….”

പിടിച്ചുവച്ച ദേഷ്യം വിട്ടുകൊടുത്തുകൊണ്ട് സുജ ചിരിച്ചു.

“അച്ഛാ എങ്ങനെ ഉണ്ട്….”

മുടിയിലേക്ക് തിരുകിയ മുല്ലപ്പൂവുമായി അനു അവന്റെ മുന്നിൽ നിന്ന് ഒന്ന് കറങ്ങി കാണിച്ചു.

“അച്ഛേടെ മോള് എന്തായാലും സുന്ദരി അല്ലെ…”

കിന്നരിപ്പല്ല് മുഴുവൻ കാട്ടി ചിരിച്ച അനു കയ്യിൽ കരുതിയ മുല്ലപ്പൂവുമായി പടിയിറങ്ങി ഓടി.

“അമ്മയ്ക്ക് പൂ കട്ടിലിലുണ്ടെ….

ഞാൻ ഇത് ശ്രീജമ്മയ്ക്ക് കൊടുക്കട്ടേ….”

“അതെന്താ മോളെ മാത്രേ സുന്ദരി ആയി തോന്നിയുള്ളൂ..”

കൈ കെട്ടി കണ്ണ് കൂർപ്പിച്ചു ശിവന്റെ നേരെ സുജ തിരിഞ്ഞു.

“നിന്നെ സുന്ദരി അല്ലെന്നു പറയാണോങ്കിൽ ആള് വല്ല കണ്ണുപൊട്ടനും ആയിരിക്കണം…
പെണ്ണെ എന്നെ കൊളുത്തി വലിക്കുവാ നീ…”

“അയ്യട…വേഗം പോയി കുളിച്ചൊരുങ്ങി വന്നേ…ഞാൻ ഉടുത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നേരോയീന്നറിയോ…
അതോണ്ട് ഇനി കിന്നരിക്കാൻ ഒന്നും നേരമില്ല…”

ശിവനെ തള്ളിക്കൊണ്ട് സുജ നാണിച്ചു ചിരിച്ചുകൊണ്ട് മുറിയിലേക്ക് നീങ്ങി.

ശിവൻ തോർത്തുമെടുത്തുകൊണ്ട് കിണറ്റിൻ കരയിലേക്കും.

അനുവും കുട്ടുവും ഏറ്റവും മുന്നിലും അവർക്ക് പിന്നിൽ സുധയുടെ ഒപ്പം ശ്രീജയും സുജയും നടന്നു അവരുടെ ഒപ്പം ശിവനും.
ചിരിച്ചും നാട്ടുകാര്യം പറഞ്ഞും പെണ്ണുങ്ങൾ നടന്നു,
സുജയുടെ സൗന്ദര്യത്തിൽ ആകെ മയങ്ങിയ പോലെ സ്വപ്നത്തിലാണ്ട് ആണ് ശിവൻ നടന്നത്.
ഇടയ്ക്കിടെ സുജയുടെ കണ്ണുകളും അവന്റെ നേരെ തിരിഞ്ഞു.
കരിയെഴുതിയ കണ്ണുകൊണ്ടവൾ ശിവനെ കൊത്തിവലിക്കുമ്പോൾ
ഒരു യക്ഷിയുടെ വശ്യത അവൻ അവളിൽ കണ്ടു.
കാവ് വരെ കണ്ണുംകൊണ്ടും ചലനങ്ങൾ കൊണ്ടും അവർ മൗനത്തെ വാചാലമാക്കി.

കാവ് കുരുത്തോലയും തോരണങ്ങളും കൊണ്ട് അലംകൃതമായിരുന്നു. കരിയില മെത്ത വിരിച്ചിരുന്ന കാവിൽ പെണ്ണുങ്ങൾ കൂടി വൃത്തിയാക്കിയതിന്റെ ഫലമായി മണ്ണിൽ ചവിട്ടാൻ കഴിയുമായിരുന്നു.
പന്തങ്ങളും ദീപങ്ങളും പെട്രോമാക്സും പകർന്ന സ്വർണ വെളിച്ചത്തിൽ കാവ് കുളിച്ചു നിന്നു.
കരുവാക്കുന്നുകാർക്ക് പുറമെ മറ്റുനാട്ടിലെ നാട്ടുകാരും കുന്നുകയറി എത്തിയിരുന്നു, ആളുകളെക്കൊണ്ട് കാവ് മുഴുവൻ നിറഞ്ഞു.
ശിവൻ ഒരു വശത്തുകൂടി പെണ്ണുങ്ങൾക്ക് വഴിയൊരുക്കി മുന്നോട്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *