അറവുകാരൻ- 2

“ഈ ഉടുപ്പ് എവിടുന്നാ…”

സുജയുടെ ഉള്ളിൽ തിങ്ങി നിറഞ്ഞ അത്ഭുതം.

“പിന്നെ ഇന്ന് നീ മാത്രം തിളങ്ങിയാൽ മതിയോ…എന്റെ കൊച്ചും ഒന്ന് തിളങ്ങട്ടെ,…അല്ലെ അനുകുട്ടി…”

ശ്രീജ അനുവിനെ നോക്കി ചിരിച്ചു, തിരിച്ചു അനുവും ശ്രീജയെ നോക്കി കണ്ണടച്ച് ചിരിച്ചു.

“നിന്ന് തിരിഞ്ഞു കളിക്കാതെ ചെന്ന് പുടവ ഉടുക്ക് പെണ്ണെ….
എല്ലാം കട്ടിൽമേൽ വച്ചിട്ടുണ്ട്…”

കട്ടിലിൽ വച്ചിരുന്ന സാരിയും ചൂടാനുള്ള മുല്ലപ്പൂവും ഒക്കെ കണ്ട സുജയുടെ കണ്ണിൽ വീണ്ടും അത്ഭുതം.

“ഇതൊക്കെ എങ്ങനെയാ ചേച്ചീ….
പറ…എവിടുന്നാ…”

“ശിവൻ എന്നെ കണ്ടിരുന്നു പുടവയും അനുകുട്ടിക്ക് ഉടുപ്പും എടുക്കുന്ന കാര്യമൊക്കെ എന്നോട് ചോദിച്ചിരുന്നു,
പക്ഷെ, അതൊക്കെ നാളെ മുതൽ മതീന്നു ഞാൻ അങ്ങ് തീരുമാനിച്ചു.
ഞാൻ നിന്റെ ചേച്ചി അല്ലെ…
അപ്പോൾ ഇതെന്റെ ഒരാശയാ…
അതുകൊണ്ട് നിനക്കും അനുക്കുട്ടിക്കും ഇന്നത്തെക്കുള്ള ഉടുപ്പൊക്കെ എന്റെ വക….
….എന്റെ ഇച്ഛായന്റേം….”

അവസാനം സ്വരം താഴ്ത്തി സുജയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ശ്രീജ പറഞ്ഞപ്പോൾ
സുജയുടെ കണ്ണുകളിൽ നീർത്തിളക്കം.

“ഉടുക്ക് പെണ്ണെ വൈകണ്ട….”

സുജയുടെ കവിളിൽ തട്ടി ശ്രീജ അവളെ ഉണർത്തി.
ഈറൻ മാറ്റി മുടി ഉണക്കി ബ്ലൗസും പാവാടയും ഉടുത്ത സുജയെ ഒരുക്കാൻ അപ്പോഴേക്കും ശ്രീജയും കൂടി,
പുത്തൻ സാരി ഞൊറിവോടെ ഉടുപ്പിച്ചു ശ്രീജ ഒന്ന് മാറി നിന്ന് നോക്കി,
ശെരിക്കും തെറ്റില്ലാതെ നിർമിച്ച അഴകുകൾ ഒത്തുചേർന്ന സുര സുന്ദരിയായി സുജ മാറിയിരുന്നു.
സാരിയിൽ ഉയർന്നു നിന്ന നെഞ്ചിലെ മാംസമുഴുപ്പും, അതിനു താഴേക്ക് പുഴയൊഴുകും പോലെ അണിവയറിനോട് ഒട്ടിചേർന്ന് സാരിയും.

“എന്നാ ശ്രീജേച്ചി, ങ്ങനെ നോക്കണേ…..”

“എന്റെ പെണ്ണെ….ഇത്ര വൈകിയല്ലോടി എന്നോർത്ത് പോയതാ….”

“ഈ ചേച്ചി….ഒന്ന് പോയെ…
ഇപ്പോഴും ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നുന്നുണ്ട്.”

“എന്ത്…??”

“ഒരു പേടി….
ഇത് ശെരിയാണോ….പെട്ടെന്ന് ഒട്ടും വിചാരിക്കാത്ത കാര്യമല്ലേ ചേച്ചി…..
പിന്നെ അനു,…. അവളെക്കുറിച്ചോർക്കുമ്പോൾ, ഇപ്പോഴും….”

“ഡി, നീ കല്യാണ ദിവസോയിട്ടു എന്റെ കയ്യീന്നു വാങ്ങിക്കല്ലേ….
…..പതിനേഴാം വയസ്സിൽ ഒളിച്ചോടി കുന്നു കയറിയ പെണ്ണാ നീ…
ആഹ് ധൈര്യം ഒക്കെ എവിടെയാടി പെണ്ണെ….”

ശ്രീജയുടെ ചോദ്യത്തിൽ സുജ ഒന്ന് കുലുങ്ങി.

“അറിയില്ല ചേച്ചി……
അന്നത്തെ പെണ്ണൊന്നുമല്ലല്ലോ ഞാൻ…
ചിലപ്പോൾ ആഹ് പേടി ഉള്ളിൽ കിടക്കുന്നത് കൊണ്ടും ആവാം….”

“ഒന്നുമില്ല….വിധിച്ചതെ നടക്കൂ എന്ന് കേട്ടിട്ടില്ല്യോ നീ…
എന്റെ കൊച്ച്‌ ഇപ്പോൾ ഇനി കൂടുതലൊന്നും ആലോചിക്കണ്ട….
വേഗം ഒരുങ്ങിയിറങ്ങാൻ നോക്ക്.”

അവളെ തിരിച്ചു നിർത്തി നിതംബം മൂടുന്ന കനത്ത മുടി വാരി വിടർത്തി അതിൽ മുല്ലപ്പൂ ചേർത്ത് ശ്രീജ കെട്ടി.

കരിയെഴുതി അവളുടെ മിഴികൾ കറുപ്പിച്ചു.
നെറ്റിയിൽ കുംകുമം ചുമപ്പിച്ച ഒരു കുഞ്ഞു പൊട്ടും ചാർത്തി സുജയുടെ മുഖത്തെ സൗന്ദര്യത്തിനൊപ്പം വശ്യതയും ശ്രീജ കൂട്ടി.
ശ്രീജയുടെ കൈ പിടിച്ചു സുജയും അനുവും വീടിന്റെ പടിയിറങ്ങുമ്പോൾ സുജയുടെ ഉള്ളിൽ പ്രാർത്ഥനയും പരിഭ്രമവും, സന്തോഷവും കൂടിക്കലർന്നു നിർവ്വചിക്കാനാവാത്ത അവസ്ഥയിൽ ആയിരുന്നു.

കരുവാക്കാവ്…

വഴിയിലൂടെ നീങ്ങുന്ന സുജയെ അത്യധികം അത്ഭുതത്തോടെയാണ് കരുവാക്കുന്നിലെ ആളുകൾ നോക്കി നിന്നത്…
ഞൊറിഞ്ഞുടുത്ത ചുവന്ന സാരിയിൽ കത്തിജ്വലിക്കുന്ന സർപ്പസൗന്ദര്യത്തോടേ ഒഴുകി നീങ്ങുന്ന സുജയെ നോക്കിയ പുരുഷന്മാരുടെ കണ്ണുകളിൽ കൊതി ആയിരുന്നെങ്കിൽ സ്ത്രീകളുടെ കണ്ണുകളിൽ അസൂയ ആയിരുന്നു.
ആരെയും നോക്കാതെ തല കുനിച്ചു പോവുന്ന സുജയോട് പലർക്കും പലതും ചോദിക്കാനുണ്ടെങ്കിലും, അടുത്ത് അവളെ ചേർന്ന് നടക്കുന്ന ശ്രീജയെ ഓർത്തു ആരും ഒന്നും ചോദിച്ചില്ല.
എങ്കിലും അവർക്ക് കേൾക്കാൻ ഭാഗത്തിൽ കവലയിലെ മൂലകളിൽ നിന്നും ഉള്ളിൽ തെളിയുന്ന വിഷം പിറു പിറുക്കലും മറ്റുമായി അവരിലേക്ക് കരുവാക്കുന്നുകാർ എറിഞ്ഞു കൊണ്ടിരുന്നു.

കാവ് വരെ തന്നിലേക്ക് നീണ്ട നോട്ടങ്ങൾ കാവിലേക്കെത്തുമ്പോഴേക്കും ഇല്ലാതായിരുന്നു.
ശ്രീജയുടെ കയ്യിൽ തൂങ്ങി അനുവും കാവിലേക്ക് നടന്നു.

കരിയില നിറഞ്ഞ ഒറ്റപ്പാതയാണ് കരുവാക്കാവിലേക്കുള്ളത്,
കാടിനോട് ചേർന്ന് കിടക്കുന്ന ഒരു അരയാൽ ചുവട്ടിൽ കാളിരൂപം വിട്ടൊഴിഞ്ഞ ദേവിയെ കുടിയിരുത്തിയിരുന്നു, നിത്യ പൂജ ഇല്ലെങ്കിലും,
ആദിവാസികളും നാട്ടിലുള്ളവരും എന്നും വിളക്ക് വെച്ച് ആരാധിക്കുന്ന കരുവാക്കുന്നിലമ്മ.
ചെമ്പട്ടുകൾ വേരുകൾക്കൊപ്പം അരയാലിൽ നിന്നും തൂങ്ങി കിടന്നിരുന്നു, ആഗ്രഹിച്ച കാര്യം സാധിക്കുന്നതിന് ദേവിക്ക് ഭക്തർ നൽകുന്ന കാണിക്ക..
കാട് കവർന്ന നാടിന്റെ ഒരു ഭാഗം എന്ന പോലെ മരങ്ങൾ തീർത്ത ചുറ്റുമതിലിന് കാട്ടിലേക്കുള്ള ഒരു അതിർത്തി എന്ന പോലെ ദേവിയുടെ അരയാൽ നിന്നിരുന്നു.
എണ്ണയിൽ കത്തിതെളിയുന്ന നെയ് ദീപങ്ങളുടെ മണമാണ് കാവിലെപ്പോഴും,
ഒപ്പം കാട്ടിൽ നിന്നും കാറ്റെടുത്തുകൊണ്ടു ദേവിക്ക് നേദിക്കുന്ന വനപുഷ്പങ്ങളുടെ അഭൗമ സൗരഭ്യവും കാവിൽ വശ്യത പടർത്തും.

കാവിലെത്തിയ സുജയുടെ മനം ശാന്തമായിരുന്നു,
അവൾ അനുവിനെയും കൂട്ടി ദേവിക്ക് മുന്നിൽ നിന്ന് ഉള്ളു നിറഞ്ഞു മനസ്സിലുള്ള എല്ലാ പരിഭ്രമങ്ങളും ദേവിക്ക് മുന്നിൽ വച്ച് പ്രാർത്ഥിച്ചു.

“കൊച്ചെ ദേ ശിവൻ വരുന്നു…”
ശ്രീജയുടെ വിളി കേട്ട് തിരിഞ്ഞ സുജ ഒരു നിമിഷം അത്ഭുതപ്പെട്ടു പോയിരുന്നു.

വെള്ള ഷർട്ടും ചുവന്ന കരയുള്ള മുണ്ടും ധരിച്ചു,
മുടിയും താടിയും ഒന്ന് മിനുക്കി ഇതുവരെ കണ്ട പരുക്കൻ ശിവനിൽ നിന്നും ഒരു സാത്വികനിലേക്ക് പരകായ പ്രവേശം ചെയ്ത ശിവനെക്കണ്ട് ശ്രീജയിലും അമ്പരപ്പ് നിറഞ്ഞു.

മുഖത്തേക്ക് എപ്പോഴും വീണു കിടന്നിരുന്ന മുടിയൊതുക്കിയപ്പോൾ തന്നെ അവന്റെ മുഖത്തിന് ഇതുവരെ കാണാത്ത ചൈതന്യം നിറഞ്ഞിരുന്നു,
വെളുത്ത മുഖത്തിൽ കട്ടിയുള്ള കറുത്ത മീശയും ഇന്നലെയോ ഇന്നോ വെട്ടിയൊതുക്കിയ താടിയും ഒക്കെ കൂടി ഒത്ത ഒരു കൊമ്പൻ കാടിറങ്ങി വരുമ്പോലെ ആണ് തോന്നിയത്.

“എന്റെ ദേവി…ഇതെന്ത് മാറ്റം ശിവാ….
നിനക്ക് ഇങ്ങനൊരു കോലം ഒക്കെ ഉണ്ടായിരുന്നോ…”

ശ്രീജ അമ്പരപ്പ് മാറാതെ ചോദിച്ചു.

അപ്പോഴും തിരിച്ചൊരു കുഞ്ഞു പുഞ്ചിരി ആയിരുന്നു ശിവന്റെ മറുപടി.
എന്നാൽ ശിവനെ തന്നെ നോക്കി വായ് കുറച്ചു തുറന്നു അമ്പരപ്പ് വിട്ടു മാറാതെ നിൽക്കുന്ന സുജയെകണ്ട ശിവന്റെ മുഖം ഒന്ന് ചൂളി
അത് കണ്ട ശ്രീജ സുജയുടെ കയ്യിൽ ഒന്ന് തട്ടിയതോടെ സ്വബോധം കിട്ടിയ സുജ നാണം മുഖത്തേക്കിരച്ചു വന്നത് താങ്ങാൻ ആവാതെ തല കുനിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *