അറവുകാരൻ- 2

ശ്രീജയുടെ കൈപിടിച്ച്, സുജ കരഞ്ഞു പറഞ്ഞു.

“എന്നാടി കൊച്ചെ…ആരാ വന്നേ…”

അടുക്കള വാതിൽ തുറന്നു അപ്പോഴേക്കും ശ്രീജയുടെ അമ്മായിയമ്മ അകത്തു വന്നു,

നരകയറി തിളങ്ങുന്ന മുടിയും, ഉരുണ്ട മുഖവും ആയി തടിച്ച ഒരു നാടൻ സ്ത്രീ.

“ശിവൻ വന്നിട്ടുണ്ട് അമ്മെ….”

ശ്രീജ മറുപടി കൊടുത്തത് കണ്ട ശ്രീജയുടെ അമ്മായിയമ്മ സുധ കെറുവിച്ചുകൊണ്ട് അവരെ നോക്കി.

“എന്നിട്ടവനെ അവിടെ ഇരുത്തിയിട്ടു നിങ്ങൾ എന്നതാ പിള്ളേരെ ഇവിടെ കിടന്നു താളം ചവിട്ടുന്നെ…
അങ്ങോട്ട് ചെല്ല്…”

“എന്റെ അമ്മെ ഞാൻ ഒരു ചായ ഇടാൻ വേണ്ടി വന്നതാ, അവൻ വന്നിട്ട്, ഒരു ചായ കൊടുക്കാതെ എങ്ങനാ,…
അപ്പോൾ ദേ എന്റെ പിറകെ ഇവളും പോന്നു…
എന്നിട്ട് ഇപ്പോൾ അവള് കരഞ്ഞും പിടിച്ചും ഇത് വേണ്ടാന്നും പറഞ്ഞു വന്നേക്കുവാ….”

ശ്രീജ അല്പം കടുപ്പിച്ചു സുജയെ പറഞ്ഞ ശേഷം അടുപ്പ് കൂട്ടി ചായക്ക് വെള്ളം വെക്കാൻ പാത്രം എടുത്തു.

“സുജ കൊച്ചെ…
ഇവൾ എല്ലാം എന്നോട് പറഞ്ഞു….
നിനക്ക് ഒരാണിന്റെ തുണ വേണോടി…
മോള് വളർന്നു വരുവാ ചോദിക്കാനും പറയാനും ഒരാളില്ലേൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ ഒക്കില്ല, അതുകൊണ്ട് മോള് കൂടുതലൊന്നും ചിന്തിച്ചു വെയ്ക്കണ്ട….,

ശ്രീജേ….
ചായ ഞാനിട്ടോളം, നീ ഇവളേം കൂട്ടി അങ്ങ് ചെല്ല്…എന്നിട്ട് കാര്യങ്ങൾ സംസാരിക്ക്…”

അടുപ്പിലേക്ക് വിറകു കൂട്ടി സുധാമ്മ പറഞ്ഞത് കേട്ട ശ്രീജ സാരി ഒന്ന് നേരെയാക്കി സുജയുടെ കയ്യും വലിച്ചുകൊണ്ട് അടുക്കളയിൽ നിന്നും നടുമുറിയിലേക്ക് നടന്നു.
ഒരു പാവയെപോലെ സുജ അവളുടെ പിറകെയും.

പാതി ചന്തി കസേരയിൽ ഉറപ്പിക്കാതെ ഭിത്തിയിലും പുറത്തും കണ്ണോടിച്ചുകൊണ്ടു അവിടെ ഇരുന്ന ശിവനെക്കണ്ട് ചിരി കടിച്ചു പിടിച്ചു ശ്രീജ അവിടേയ്ക്ക് ചെന്നു.

“ശിവൻ ആലോചിച്ചോ….”

ശിവന്റെ മുന്നിലെ കസേരയിലേക്ക് ഇരുന്നുകൊണ്ട് ശ്രീജ ചോദിച്ചു.
ശ്രീജയുടെ ചോദ്യത്തിന് തലയാട്ടി ശിവൻ സമ്മതം അറിയിച്ചു.

“ചുമ്മാ തലയാട്ടിയാൽ പോരാ…
ഞാൻ പറഞ്ഞല്ലോ, സഹതാപത്തിന്റെ പേരിലോ പ്രശ്നം പരിഹരിക്കാനോ വേണ്ടി ഇവളെ കെട്ടണ്ട,
അറിയാലോ, ഒരുപാട് അനുഭവിച്ചവളാ ഇവള്,
വളർന്നു വരുന്ന ഒരു പെൺകൊച്ചു കൂടി ഉണ്ട്,
അവൾക്കും സുജയ്ക്കും ഒരു തുണയായി, ഒരു താങ്ങായി നില്ക്കാൻ ശിവന് കഴിയുമോ…
എല്ലാം അറിഞ്ഞോണ്ട് കൂടെ നില്ക്കാൻ കഴിയുമെങ്കിൽ മാത്രം ശിവൻ ഇതിനു സമ്മതിച്ചാൽ മതി.”

ശ്രീജ പറഞ്ഞു നിർത്തുമ്പോൾ ശിവൻ ആകെയൊരു വീർപ്പ് മുട്ടലിൽ ആയിരുന്നു.

എല്ലാം കേട്ടുകൊണ്ട് നിന്ന സുജ വാതിലിനു പുറത്തേക്ക് കണ്ണ് നട്ടുകൊണ്ട് എന്തോ ആലോചനയിൽ മുഴുകി നിന്നു.

“ഞാൻ കെട്ടിക്കോളാം ചേച്ചി…
എല്ലാം എനിക്കറിയാം,
എനിക്ക് ജീവനുള്ളിടത്തോളം കാലം അവരെ രണ്ടു പേരെയും ഞാൻ നോക്കിക്കോളാം…
ഒരു കുറവും വരുത്തുകേല…
ആഹ് ഒറപ്പ് ഞാൻ തരുന്നു..”

ശിവന്റെ ശബ്ദത്തിലെ ദ്ര്‌ഡതയറിഞ്ഞ ശ്രീജയ്ക്ക് പിന്നെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല….
സുജ അപ്പോഴും നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിയാത്ത വണ്ണം
സുജ കുഴങ്ങിയിരുന്നു..
അവളെ ഏറ്റവും കൂടുതൽ അലട്ടിയത് മോളെ കുറിച്ചുള്ള ചിന്ത ആയിരുന്നു.
അതുകൊണ്ടു തന്നെ ഒന്നും മിണ്ടാതെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.

“ദേ മക്കളെ ചായ എടുക്ക്…”

ഗ്ലാസ്സുകളിൽ നിറച്ച കടുംചായയുമായി സുധമ്മ അപ്പോഴേക്കും അവർക്കരികിൽ എത്തിയിരുന്നു.

“മോന് ചായ എടുക്ക്….”

ശിവന് നേരെ ചായ നീട്ടി സുധാമ്മ പറഞ്ഞു.

“എന്തായാലും കാര്യങ്ങൾ തീരുമാനമായ സ്ഥിതിക്ക് ഇനി അധികം നീട്ടിക്കൊണ്ട് പോവണ്ട എത്രയും പെട്ടെന്ന് ഇത് നമുക്ക് നടത്തണം അല്ലെ മോളെ…”

സുധ ശ്രീജയോട് ചോദിച്ചു,

“അതെ, അധികം വൈകിക്കണ്ട,
എന്തായാലും ഒരു തിയതി കൂടി ഇന്ന് തീരുമാനിക്കാം എന്ന എനിക്ക് തോന്നുന്നേ…”

ശ്രീജ പറഞ്ഞിട്ട് ശിവനെ നോക്കി.
അവൻ അപ്പോൾ എന്തോ ആലോചിച്ചു ഇതുവരെ ഒരക്ഷരം പോലും മിണ്ടാതെ നിന്നിരുന്ന സുജയെ തന്നെ നോക്കി നിൽക്കുകയായിരുന്നു,
അവളുടെ കണ്ണുകൾ അപ്പോഴും ദൂരെ എന്തിലോ ഉറപ്പിച്ചു വച്ച നിലയിൽ ഗഗനമായ ആലോചനയിൽ മുഴുകിയിരുന്നു.

ആഹ് നിൽപ്പിൽ പന്തികേട് തോന്നിയ ശിവനും വല്ലാതെ ആയി.
ചായ കുടിച്ച ശേഷം എഴുന്നേറ്റ ശിവൻ സുജയെ ഒന്ന് നോക്കി.

“അതൊക്കെ തീരുമാനിക്കാം ചേച്ചി…
സമയം ഉണ്ടല്ലോ….
സുജയ്ക്ക് ഒക്കുന്ന ഒരു തിയതി അത് എന്നാണേലും എനിക്ക് കുഴപ്പമില്ല….
ഞാൻ എന്നാൽ ഇറങ്ങുവാ…”

ശിവൻ എല്ലാവരെയും നോക്കി പുറത്തേക്കിറങ്ങി, ഒന്നു തിരിഞ്ഞു സുജയെ നോക്കിയശേഷം തിടുക്കത്തിൽ വഴിയിലേക്കിറങ്ങി നടന്നു പോയി.

“എന്നതാ കൊച്ചെ ഇത്…
എല്ലാം നമ്മൾ സംസാരിച്ചു വച്ചിരുന്നതല്ലേ…
പിന്നെന്താ ഇപ്പൊ…
നിന്റെ ഈ ചത്ത മാതിരി ഉള്ള നിപ്പ് കണ്ടോണ്ടാ അവൻ പോയെ…”

ശിവനെ യാത്രയാക്കി അകത്തേക്ക് കയറിയ ശ്രീജ സുജയുടെ നേരെ ചാടി.

അതുകണ്ടതും തളർന്നു തുടങ്ങിയ കാലുകൾക്ക് ഒരു താങ്ങിനെന്നോണം സുജ തിണ്ണയിലേക്ക് ഇരുന്നു.

“എനിക്കറിയത്തില്ല ചേച്ചി…എനിക്കൊന്നും അറിയില്ല…
ചേച്ചി പറഞ്ഞത് മുഴുവൻ എനിക്ക് മനസ്സിലായി,
പക്ഷെ എന്റെ മോള്, അവള്,
അവളിതിന് സമ്മതിക്കുവോ…
എനിക്ക് പേടിയാ ചേച്ചീ….”

ഏങ്ങിക്കരഞ്ഞു മുട്ടിലേക്ക് മുഖം ചേർത്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞു കരയുന്ന സുജയെ ശ്രീജ വാരിപ്പിടിച്ചു മാറിലേക്ക് ചേർത്തു.

“അനുമോളെ പറഞ്ഞു മനസിലാക്കാം എന്ന് ഞാൻ ഉറപ്പ് തന്നതല്ലേ…
അവള് സമ്മതിക്കും…
എനിക്ക് ഉറപ്പുണ്ട് നിന്നേം എന്നേം ഒക്കെ മനസ്സിൽ ആക്കാൻ അനുമോൾക്കും കുട്ടൂനും കഴിയും കൊച്ചെ…”

നിറഞ്ഞു തുളുമ്പിയ കണ്ണുമായി ഇടറുന്ന സ്വരത്തിൽ ശ്രീജ സുജയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്നത് കണ്ട സുധാമ്മയ്ക്ക് ചിരിയാണ് വന്നത്.

“രണ്ടിന്റേം ചന്തിക്ക് നാല് പിട കിട്ടാത്തതിന്റെയാ,
ചേച്ചീം അനിയത്തീം
ഇങ്ങോട്ടെഴുന്നേറ്റെ,
എന്നിട്ട് പണിക്ക് പോവാൻ നോക്ക്…
തന്നോളം പോന്ന പിള്ളേരുടെ തള്ളമാര എന്നിട്ടും കൊച്ചു പിള്ളേരെ പോലെ ഇരുന്നു മോങ്ങുന്നു.

ദേ സുജ കൊച്ചെ, അനുക്കുട്ടിയെ ഇന്ന് വൈകിട്ട് വരുമ്പോൾ ഞാനും ദേ ഈ പൊട്ടിക്കൊച്ചും പറഞ്ഞു മനസ്സിലാക്കിക്കോളം,
ഇപ്പോൾ രണ്ടും കണ്ണ് തുടച്ചെഴുന്നേറ്റെ
അല്ല പിന്നെ…”

സുധാമ്മയുടെ ചാട്ടത്തിൽ ചൂളിപോയ സുജയും ശ്രീജയും ചമ്മിയ മുഖവുമായി എഴുന്നേറ്റു.

“ഔ….യ്യോ
എന്നാമ്മേ….”

നുള്ള് കിട്ടിയ ചന്തിക്ക് തിരുമ്മിക്കൊണ്ട് ഒന്ന് തുള്ളിപ്പോയ ശ്രീജ ഞെട്ടി സുധാമ്മയെ നോക്കി പരിഭവിച്ചു.”

“ഒരു വലിയ ചേച്ചി വന്നേക്കുന്നു,
കൂടെ കൂടി ഇരുന്നു കരഞ്ഞാണോടി പോത്തേ ആശ്വസിപ്പിക്കുന്നത്.”

ശ്രീജ ചന്തീം തിരുമ്മി നിൽക്കുന്നത് കണ്ട സുജയും പിരിമുറുക്കം വിട്ടൊന്നു പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *