അറവുകാരൻ- 2

“എന്നാലേ….എന്റെ അനുകുട്ടിക്ക് അങ്ങനെ ഒരച്ഛൻ വന്നാലോ…”

ഏങ്ങലടിച്ചു കരയുന്ന അനു ഒന്ന് പതുങ്ങി,
കണ്ണീരൊഴുക്കിയ മുഖം ഉയർത്തി വിശ്വാസം വരാത്തപോലെ ശ്രീജയിലേക്ക് ഉറ്റു നോക്കി കൊണ്ട് ഇരുന്നു.

“മോളെ,…ശ്രീജാമ്മ പറയുന്നത് എന്റെ കൊച്ചിന് എത്രത്തോളം മനസ്സിലാവും എന്ന് അറിയില്ല….
പക്ഷെ, മോള് കേട്ട് കഴിയുമ്പോൾ അതിനു സമ്മതിക്കണം…”

ശ്രീജയുടെ വാക്കുകളിൽ ഒരു തരിമ്പു പോലും അനുവിന് മനസ്സിലായില്ല, എങ്കിലും തന്റെ ഉള്ളു തണുക്കുന്നതറിഞ്ഞ അനു ശ്രീജയെ തന്നെ നോക്കി നിന്നു.

“മോളുടെ അമ്മ നാട്ടുകാര് പറയുന്നത് പോലെ ഒരു ചീത്ത പെണ്ണാണ് എന്ന് മോള് വിശ്വസിക്കുന്നുണ്ടോ….?”

ചോദിക്കുമ്പോൾ അനുവിന്റെ ഉത്തരം എന്തായിരിക്കും എന്ന് അറിയമായിരുന്നെങ്കിലും ശ്രീജയുടെ ഉള്ളിൽ അത് അവളുടെ നാവിൽ നിന്ന് കേൾക്കും വരെ പറഞ്ഞറിയിക്കാൻ കഴിയാത്ത പേടി ഉയർന്നു വന്നു.

“എന്റെ അമ്മയെ എനിക്കറിയാം…എന്റമ്മ ഒരിക്കലും ചീത്തയാവില്ല….”

പറയുമ്പോൾ അനുവിന്റെ കണ്ണ് നിറഞ്ഞു വന്നു.

“എന്റെ പൊന്നുമോളാ നീ…
നിന്റെ അമ്മ നിനക്ക് വേണ്ടിയാ ഇതുവരെ ജീവിച്ചേ,
അവൾക്ക് വേണ്ടി ഒരു നിമിഷം പോലും ജീവിച്ചിട്ടില്ല.
പക്ഷെ…..ഇപ്പൊ,
അറിയാത്ത കാര്യത്തിന്റെ പേരിൽ അവള് ഇരുന്ന് ഉരുകുവാ…,

…..അവൾക്ക് വേണ്ടി,
മോൾക്ക് വേണ്ടി,
മോളുടെ അമ്മ ഒരു കല്യാണം കഴിക്കാൻ മോള് സമ്മതിക്കണം.”

ശ്രീജ അനുവിന്റെ മുഖം കോരിയെടുത്തുകൊണ്ടത് പറഞ്ഞപ്പോൾ,
കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടവണ്ണം അനു ഒന്ന് പിടച്ചു,
കരിനീല കണ്ണുകൾ വിടർന്നു ചുരുങ്ങി.
അനുവിന്റെ കണ്ണിലെ ദയനീയത കണ്ട ശ്രീജയുടെ ഉള്ളും വിങ്ങുകയായിരുന്നു.

“മോളെ,….നീ പറഞ്ഞില്ലേ കയ്യിൽ തൂങ്ങി നടക്കാനും വീട്ടിൽ ആരെയും പേടിക്കാതെ കിടന്നുറങ്ങാനും, അമ്മയ്ക്ക് അധികം കഷ്ടപ്പെടാതെ നിന്നെ പോറ്റാനും അച്ഛൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന്.

അങ്ങനെ ഒരാൾ, അമ്മയുടെ കൂടെ ഉണ്ടാവുന്നത് നല്ലതല്ലേ.”

അവളുടെ മറുപടിക്കായി ശ്രീജ കാതോർത്തു അനുവിനെ തന്നെ നോക്കി നിന്നു.

“ശ്രീജാമ്മെ….ഞാൻ,……
……..എനിക്ക്..
….ന്റെ അമ്മ….”

ഇടറുന്ന രീതിയിൽ മുക്കിയും മൂളിയും പറയാൻ അറിയാതെ അനു ഇരുന്ന് വിങ്ങി.

“എന്നും നിന്റെ അമ്മ കവലയിലൂടെ പോവുമ്പോഴും, ഫാക്ടറിയിൽ ജോലി ചെയ്യുമ്പോഴും, ഓരോരുത്തരു പറയുന്നത് കേട്ട് തലയും കുമ്പിട്ട് ഇരിക്കും,
അവള് പോലും അറിയാത്ത തെറ്റാ, എന്നിട്ടും ആരോടും ഒന്നും തിരിച്ചു പറയാൻ കഴിയാതെ ഒന്നും മിണ്ടാതെ നടന്നു പോരും ഇല്ലെങ്കിൽ മാറിയിരുന്നു കരയും,

കണ്ടു സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാനാ അവളോട് അവന്മാർക്ക് നല്ല വായിൽ തിരിച്ചു പറയാൻ പറഞ്ഞെ….
അതിനുപോലും പേടിക്കുന്ന ഒരു പൊട്ടിയാ നിൻറെ അമ്മ….
അവള് സ്വയം അങ്ങനെ ആയതാ…
ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നൽ കൊണ്ട്….
…..എനിക്കവളെ വേണം അനുകുട്ടി,
അനുകുട്ടിയുടെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ, എന്ത് ചുണയും ഞൊടിയും ഉള്ള പെണ്ണായിരുന്നെന്നോ….
എനിക്കതുപോലെ മതി ഇനി അവളെ,
വെറും ഒരു ചുമടുതാങ്ങി നടക്കുന്ന കഴുതയെപോലെ നടക്കുന്ന അവളെ കണ്ടു എനിക്ക് മതിയായി എന്റെ മോളെ…..”

അനുവിനെ മാറിലേക്കിട്ടു പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശ്രീജ പറഞ്ഞത്.
ശ്രീജയുടെ മേൽമുണ്ടിനെ നനച്ചുകൊണ്ട് അനുവിന്റെ കണ്ണുകളും പെയ്തിറങ്ങി.

“എനിക്ക് സമ്മതാ….ശ്രീജാമ്മെ….
എന്റെ അമ്മ, സന്തോഷം ആയിട്ട് ഇരിക്കുമെങ്കിൽ,
എന്റെ അമ്മേടെ കഷ്ടപ്പാടൊക്കെ തീരുമെങ്കിൽ,
എനിക്ക് നൂറു വട്ടം സമ്മതാ…”

കരി കണ്ണീരിനാൽ ഒഴുകി പടർന്ന കവിൾ തടത്തിൽ, കുഞ്ഞു നുണക്കുഴി വിരിയിച്ചു ഈറൻ പൊടിഞ്ഞ കുഞ്ഞു നക്ഷത്ര കണ്ണുമായി അനു ശ്രീജയെ നോക്കി ചിരിച്ചു.

“ഹോ….
ന്റെ ദേവീ….
എന്റെ മോള് പറയുന്നതാ എന്റെ ജീവിതം അതിനപ്പുറം ഒന്നും വേണ്ടാന്നു പറഞ്ഞു,
ഉരുകി തീർന്നു ഒരു പൊട്ടി അവിടെ വീട്ടിൽ ഉണ്ടാവും,
നിന്റെ സമ്മതം ചോദിക്കാൻ ഞാൻ വിളിച്ചപ്പോൾ മുതൽ തീ തിന്നു കാത്തു നിൽപ്പുണ്ടാവും,

ഇനിയും ഇരുത്തി വിഷമിപ്പിക്കണ്ട, എന്റെ മോള് തന്നെ ചെന്ന് പറഞ്ഞോളൂ…
അച്ഛന് വേണ്ടി,…..
അമ്മേടെ കുറുമ്പിയും കാത്തിരിക്കുവാണെന്നു….”

അനുവിന്റെ മുടി കോതിയൊതുക്കി നെറ്റിയിൽ അമർത്തി ചുംബിച്ചു ശ്രീജ അവളെ സ്നേഹം കൊണ്ട് മൂടി.

ശ്രീജയുടെ കവിളിൽ തിരികെയും അവളുടെ സ്നേഹം പകർന്നു പാവാട കയ്യിൽ പൊക്കി പിടിച്ചുകൊണ്ട് ആഹ് കുസൃതി ഓടി.
ഓടി പകുതി എത്തിയപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ അവൾ നിന്നു,
പിന്നെ തിരിഞ്ഞു ശ്രീജയെ നോക്കി.
അവിടെ അവളെ തന്നെ നോക്കി മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണും മുഖവും തുടച്ചു,
നനവൊളിപ്പിച്ച പുഞ്ചിരിയുമായി ശ്രീജ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു.

“ആരാ ശ്രീജാമ്മെ…എനിക്ക് അച്ഛനായിട്ടു വരുന്നേ…”

കുട്ടി കുറുമ്പിയുടെ കണ്ണുകളിൽ വിടർന്ന കൗതുകം ഒപ്പം ആകാംക്ഷയും.

“ശിവൻ….”

ശ്രീജയുടെ നാവിൽ നിന്നും പേര് കേട്ട അവളുടെ കണ്ണൊന്നു ചുളുങ്ങി…
ചിരി മാഞ്ഞു…
പക്ഷെ ശ്രീജ കാണും മുൻപ് അതൊളിപ്പിച് അവൾ തൊടി കടന്നു തന്റെ വീട്ടിലേക്ക് ഓടി.

വീട്ടിലേക്ക് പായുമ്പോളും,…..
ശ്രീജ പറഞ്ഞ കാര്യങ്ങൾ അവളുടെ ഉള്ളിൽ കുഴഞ്ഞു മറിഞ്ഞു, പക്ഷെ തന്റെ അമ്മയ്ക്ക് വേണ്ടി ശ്രീജ പറഞ്ഞ കാര്യങ്ങൾ എല്ലാം അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നു,
തന്റെ അമ്മയ്ക്ക് ഭർത്താവായും,
തനിക്ക് അച്ഛനായും ഒരാൾ വരുന്നതിനു അവളെ മനസ്സുകൊണ്ട് ശ്രീജ ആഹ് സമയം കൊണ്ട് തയ്യാറാക്കിയിരുന്നു….എങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഒരിഷ്ടക്കേട് ശിവനോട് അനുവിന് തോന്നിയിരുന്നു.
ശിവൻ എന്ന പേര് കേട്ടപ്പോൾ സ്കൂളിൽ നിന്ന് ജീപ്പിൽ വന്ന ആഹ് ദിവസമാണ് അനുവിന്റെ ഉള്ളിൽ തികട്ടി വന്നത്.

പക്ഷെ അമ്മയുടെ സന്തോഷത്തിന് വേണ്ടി തന്റെ ഉള്ളിലെ അനിഷ്ടം പുറത്തു കാണിക്കാതെ ഇരിക്കാൻ അവൾ തീരുമാനിച്ചിരുന്നു.
——————————————-

അനു പോയാപ്പോൾ ഉള്ള അതെ അവസ്ഥയിൽ വാതിലിൽ ചാരി പടിയിൽ സുജ ഇരിപ്പുണ്ടായിരുന്നു.

പുറകിലൂടെ വന്ന അനു പതിയെ സുജയ്ക്ക് അരികിൽ എത്തി.
പിന്നിൽ അനക്കം അറിഞ്ഞ സുജ തിരിഞ്ഞപ്പോൾ തന്നെ നോക്കി നിൽക്കുന്ന അനുവിനെയാണ് കണ്ടത്.
അവളുടെ കണ്ണുകളിൽ എന്താണ് എന്ന് മനസ്സിലാക്കാൻ സുജയ്ക്ക് കഴിഞ്ഞില്ല.

സജലങ്ങളായ മിഴികളോടെ തന്നെ തിരിഞ്ഞു നോക്കിയ അവളുടെ അമ്മയുടെ മുഖം കണ്ട നിമിഷം തന്നെ അനുവിന്റെ കുഞ്ഞു മനസ്സ് പിടഞ്ഞു.
ഇത്രയും നേരം തന്റെ തീരുമാനം എന്തായിരിക്കും എന്നറിയാതെ വിങ്ങിയ സുജയുടെ മനസ്സ് ഒറ്റ നിമിഷം കൊണ്ട് അനു കണ്ടു.

പിടിച്ചു കെട്ടിയ വെള്ളം പോലെ നിന്നിരുന്ന അനു,
അമ്മയുടെ കണ്ണീരൊഴുകിയ മുഖം കണ്ട് ഓടി വന്നു സുജയെ കെട്ടിപ്പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *