അറവുകാരൻ- 2

“ചേച്ചി….അനു….അവളോട് ഇതൊക്കെ എങ്ങനെയാ പറയാ…
….അവളോട് ഈ കാര്യം പറഞ്ഞാൽ നാട്ടുകാര് പറയുന്നതൊക്കെ സത്യം ആണെന്ന് അവളും വിചാരിക്കില്ലേ…ഞാൻ ചീത്തയാണെന്നു അവൾ എങ്ങാനും വിചാരിച്ചാൽ പിന്നെ ഞാൻ എന്തിനാ ചേച്ചീ….”

മാറിൽ കിടന്നു പതം പറയുന്ന സുജയെ അവൾ തട്ടി ആശ്വസിപ്പിച്ചു.

“ഇത്രയും ആലോചിച്ചതും, ഇവിടെ പറഞ്ഞു ഇങ്ങനെയൊക്കെ ആക്കിയതും ഞാൻ അല്ലെ,
അപ്പോൾ അനുവിനെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കുന്ന കാര്യവും എനിക്ക് വിട്ടേക്ക്…
പിന്നെ നാട്ടുകാര് പറയുന്നത്,
അതിനിയും പറയും നിങ്ങൾ നന്നായി ജീവിച്ചു അവരുടെ മുന്നിൽ കാണിക്കുന്നത് വരെ…
അതിനു നീയും കൂടി വിചാരിക്കണം…
ഇപ്പോൾ നീ അതൊന്നും ആലോചിക്കണ്ട, നാളെ അവൻ വരണേ എന്ന് ഉള്ളിൽ നല്ലോണം പ്രാർത്ഥിക്ക്…
എന്നിട്ടു കണ്ണ് തുടച്ചു തല ഉയർത്തി എന്റെ കൂടെ വാ…”

അവളുടെ കൈ കൂട്ടി മുറുക്കെ പിടിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.

“വാ,….നാളെ എല്ലാം ശെരിയാകും എന്ന് ഉള്ളിൽ കരുതി നീ പോര്…”

അവളുടെ കവിളിൽ തുളുമ്പുന്ന നീർത്തുള്ളികൾ കയ്യാൽ തുടച്ചുകൊണ്ട് ശ്രീജ അവളെയും കൂട്ടി നടന്നു.
——————————————-

രാത്രി പായയിൽ കിടന്നു തിരിഞ്ഞും മറിഞ്ഞും കിടന്നു ശിവന് വല്ലാതെ ആയി…
ഇടയ്ക്കവന്റെ കണ്ണുകൾ തന്റെ ട്രങ്ക് പെട്ടിയിലേക്ക് നീളും…
അടുത്ത നിമിഷം സുജയുടെയും മോളുടെയും നിസ്സഹായത നിറഞ്ഞ മുഖം മനസ്സിൽ തെളിയും, ഒപ്പം ശ്രീജയുടെ വാക്കുകൾ കൂടി അവനെ വേട്ടയാടാൻ തുടങ്ങിയതും അവന്റെ മനസ്സ് വീണ്ടും കെട്ടഴിഞ്ഞു പോയ തോണി പോലെ ഒഴുകാൻ തുടങ്ങി,
ഒരു തീരുമാനം എടുക്കാൻ കഴിയാതെ ശിവൻ ആഹ് രാത്രിയെ നിദ്രരഹിതമാക്കി.

************************************

“അമ്മാ….എന്റെ മുടിയൊന്നു കെട്ടിത്താ…”

ജനാല പാളിയിലൂടെ താഴെ ശ്രീജയുടെ വീട്ടിലേക്ക് കൺനട്ടു നിൽക്കുകയായിരുന്നു സുജ.
അനുവിന്റെ വിളിയാണ് അവളെ തിരികെ കൊണ്ടുവന്നത്.
യൂണിഫോം ഇട്ടു നിൽക്കുന്ന അനുവിന്റെ നീണ്ട മുടി പിന്നിക്കെട്ടുമ്പോഴും സുജയുടെ മനസ്സിൽ ശിവൻ വരുമോ ഇല്ലയോ എന്നുള്ള ചിന്ത ഉഴഞ്ഞുകൊണ്ടിരുന്നു.

“അമ്മ ഇതെന്താ ഈ ചിന്തിച്ചുകൂട്ടുന്നെ….ഇന്നലേം അമ്മ എപ്പോഴും ഇങ്ങനെ എന്തോ ആലോചിച്ചു ഇരിക്കുന്നത് കണ്ടു….”

കണ്മഷി പുരട്ടി കറുപ്പിച്ചു മിഴികൾ ഉയർത്തി അനു ചോദിക്കുമ്പോൾ സുജയുടെ കണ്ണുകൾ ഒരുത്തരം നൽകാൻ കഴിയാതെ പിടഞ്ഞു.

“ഒന്നൂല്ല മോളെ…”

കൂടുതൽ നിന്ന് വിളറാൻ നിൽക്കാതെ സുജ തിരിഞ്ഞു നടന്നു.
അധികം വൈകാതെ കുട്ടുവിനൊപ്പം അനു താഴേക്ക് പോവുന്നത് നോക്കി സുജ നിന്നെങ്കിലും യാന്ത്രികമായി അവളുടെ കണ്ണുകൾ ശ്രീജയുടെ വീടിനു മുന്നിലെ വഴിത്താരയിലേക്ക് നീണ്ടു.
പ്രതീക്ഷിച്ചത് കാണാതിരുന്നത് കൊണ്ടെന്നവണ്ണം അവളുടെ കണ്ണുകൾ കുഴിഞ്ഞു…
തന്റെ ഉള്ളിൽ എന്തുകൊണ്ടാണ് നിരാശ പടരുന്നത് എന്നറിയാതെ സുജ കുഴങ്ങി…
സ്വയം പഴിച്ചു കൊണ്ടവൾ പണിയൊതുക്കി ജോലിക്ക് പോവാൻ ഒരുങ്ങിതുടങ്ങി.

——————————————-

“എന്നാടി മുഖം ഒരുമാതിരി….”

ജോലിക്ക് പോവാൻ ശ്രീജയുടെ വീടിനു മുന്നിൽ നിന്ന സുജയുടെ മുഖം കയ്യിൽ വച്ച് ശ്രീജ ചോദിച്ചപ്പോൾ ഒരു മങ്ങിയ പുഞ്ചിരി ആയിരുന്നു സുജയുടെ ഉത്തരം.

“ക്ഷെമിക്ക് മോളെ…വെറുതെ എന്റെ കൊച്ചിന് ഞാൻ ആശ തന്ന പോലെ ആയല്ലേ…
അവൻ ഇല്ലെങ്കിൽ വേണ്ട മോളെ…
നീ വിഷമിക്കരുത്….”

“ഏയ്…എനിക്ക് വിഷമം ഒന്നൂല്ല ചേച്ചി….
ഇതുവരെ ഞാനും മോളും മാത്രം ആയിരുന്നില്ലേ ഇനിയും അങ്ങനെ തന്നെ മതി…പിന്നെ ചേച്ചിയൊക്കെ ഉണ്ടല്ലോ കൂടെ…എനിക്കതുമതി..”

അവളുടെ ഉള്ള് കണ്ട ശ്രീജയ്ക്ക് അവളുടെ നോവും മനസ്സിലായിരുന്നു.

വീട് വിട്ടു പുറത്തേക്ക് നടന്ന സുജ വിങ്ങുന്നതെന്തിനെന്നറിയാത്ത ഹൃദയവുമായി വെറുതെ ഒന്ന് കൂടെ വഴിയിലേക്ക് തിരിഞ്ഞു നോക്കി.

വഴിയുടെ അറ്റത്തവൾ ആഹ് രൂപം കണ്ടതും കണ്ണീർ പിടിവിട്ടൊഴുകിയിറങ്ങി…

തിടുക്കത്തിൽ തങ്ങളുടെ നേരെ നടന്നു വരുന്ന ശിവനെ കണ്ട സുജ വേലികൊണ്ടുള്ള ചെറു ഗേറ്റ് അടക്കുകയായിരുന്ന ശ്രീജയെ പിടിച്ചു.
തന്റെ കയ്യിൽ പെട്ടെന്ന് ചുറ്റിപ്പിടിച്ച സുജയെ നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകളുമായി അവളെ നോക്കുന്ന സുജയെ അവൾ കണ്ടു, ഒപ്പം സുജയുടെ കണ്ണ് നീളുന്നിടത്തു വഴിയിൽ നടന്നു വരുന്ന ശിവനെയും കണ്ടു.

അടക്കാൻ ഒരുങ്ങിയ ഗേറ്റ് തുറന്നു വെക്കുമ്പോഴേക്കും ശിവൻ അവർക്കരികിൽ എത്തിയിരുന്നു.
തിടുക്കത്തിൽ നടന്നു വന്നിരുന്നത് കൊണ്ടവൻ കിതക്കുന്നുണ്ടായിരുന്നു.
അവന്റെ കണ്ണ് തന്നിലേക്ക് നീളുന്നതറിഞ്ഞ സുജ ഏതോ തോന്നലിൽ ശ്രീജയുടെ മറപറ്റി ചേർന്നു നിന്നു.

“ഒന്ന് നേരത്തെ വരണ്ടേ ശിവാ… നീ ഇനി വരില്ലെന്ന് കരുതി, ഞങ്ങൾ ഇറങ്ങാൻ തുടങ്ങുവായിരുന്നു…..”

ശ്രീജ അവനോടു പറഞ്ഞു.

“ഇറങ്ങാൻ നേരം വീരാൻ കുട്ടി വന്നിരുന്നു അതാ ഞാൻ…”

പകുതി പറയാതെ അവൻ നിർത്തി.

“എന്നിട്ടെന്തു തീരുമാനിച്ചു…”

ചോദ്യം കേട്ടപ്പോൾ സുജയും ശിവനും ഒരുപോലെ ഞെട്ടി.
ഉത്തരം കേൾക്കാനുള്ള പിരിമുറുക്കം സുജ തീർത്തത് ശ്രീജയുടെ കൈ മുറുക്കിയായിരുന്നു.
“ഞാൻ കാരണം ഇവരിനി വിഷമിക്കരുത്…എനിക്ക് സമ്മതമാണ് ചേച്ചി…”

ശിവൻ ശ്രീജയുടെ മുഖത്തുനോക്കി പറഞ്ഞത് കേട്ട സുജ ശ്രീജയുടെ തോളിലേക്കു തല വച്ച് നിന്നു.

“സുജ….അല്ല ഇയാൾക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ സാരമില്ല….”

അവളുടെ നിൽപ്പ് കണ്ട ശിവന് പെട്ടെന്ന് എന്തോ പോലെ ആയി.

“അവൾക് ഇഷ്ടമല്ലെന്നു ആരെങ്കിലും പറഞ്ഞോ….
ശിവൻ അകത്തേക്ക് വാ…
ഇനി കാര്യങ്ങൾ അധികം നീട്ടിക്കൊണ്ട് പോവണ്ടല്ലോ…”

ശിവനെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് ശ്രീജ നടന്നു ശ്രീജയുടെ സാരിത്തുമ്പിൽ പിടിച്ചു മയക്കത്തിലായ കുട്ടിയെപ്പോലെ സുജ അവളെ അനുഗമിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ വന്ന കുടുംബം എന്ന ചിന്ത പരത്തിയ പരിഭ്രമം ഉള്ളിൽ ഒതുക്കി, ശിവൻ അവർക്ക് പിന്നാലെ നടന്നു.

“കയറി ഇരിക്ക് ശിവ…”

ശിവനെ വീട്ടിലേക്ക് ക്ഷണിച്ചു അകത്തേക്ക് കയറിയ ശ്രീജ അവനിരിക്കാനായി ഒരു കസേര എടുത്തിട്ട് കൊടുത്തു.
അപ്പോഴും കയ്യിലെ പിടി വിടാതെ സുജ അവൾക്ക് അടുത്ത് തന്നെ ഉണ്ടായിരുന്നു,

“ശിവൻ ഇരിക്ക് ഞാൻ ഇപ്പോൾ വരാം…”

അവനെ നടുമുറിയിൽ ഇരുത്തി അകത്തേക്ക് നടന്ന ശ്രീജയുടെ ഒരു ബാക്കി പോലെ സുജയും അവളുടെ പിന്നാലെ കൂടി.
ഒരു വെരുകിനെപോലെ കസേരയിൽ ഉറച്ചിരിക്കാൻ ആവാതെ വിങ്ങിയ ശിവൻ
കണ്ണ് ചുറ്റും ഓടിച്ചു മനസ്സിനെ വരുതിയിലാക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു,

“എന്നാടി കൊച്ചെ…എന്റെ വാലേതൂങ്ങി,…. അവിടെ നിന്നാൽ ഇപ്പോൾ എന്താ….”

അടുക്കളയിലെത്തിയ ശ്രീജ സുജയെ നോക്കി ചൊടിച്ചു,

“ചേച്ചി…..വേണ്ട ചേച്ചി….ഒന്നും വേണ്ട,….എനിക്ക് എന്തോ പോലെ ആവുന്നു,…
ഇതുവരെ കഴിഞ്ഞപോലെ ഇനിയും ഞാനും മോളും എങ്ങനെ എങ്കിലും കഴിഞ്ഞോളാം…”

Leave a Reply

Your email address will not be published. Required fields are marked *