കല്യാണ വേഷത്തിൽ അവൻ നാട്ടുവഴിയിലൂടെ പുഴക്കരയിലേക്ക് നടന്നു.
നാട് വിളിച്ചറിഞ്ഞു നടത്തുന്ന കല്യാണത്തിലും വേഗത്തിലാണ് ശിവന്റെയും സുജയുടെയും കല്യാണ വാർത്ത കരുവാക്കുന്നിൽ പടർന്നത്.
പുഴക്കരയിലേക്കുള്ള വഴിയിൽ അവനെ നോക്കി പലരും ചൂഴ്ന്നു നോക്കി ചിരിച്ചു, ചിലർ ആക്കിയ ചോദ്യങ്ങൾ ചോദിച്ചു.
എല്ലാവര്ക്കും അവരുടെ ഇഷ്ടത്തിന് ചിന്തിക്കാൻ വിട്ട് ആരെയും കൂസാതെ ശിവൻ തന്റെ കുടിയിലേക്ക് നടന്നു കയറി.
അഴയിൽ കിടന്നിരുന്ന ഒന്ന് രണ്ടു
ഷർട്ടും മൂലയിൽ ചുരുട്ടി വച്ചിരുന്ന തഴ പായയും കമ്പിളിയും, തന്റെ ട്രങ്ക് പെട്ടിയും മാത്രം ആയിരുന്നു അവന്റെ സ്വത്ത്.
ഷർട്ട് മടക്കി പെട്ടിയിലാക്കി പായയും കയ്യിൽ പിടിച്ചു കുടിയിൽ നിന്നിറങ്ങുമ്പോൾ കുന്നിൽ വന്ന കാലം മുതൽ തനിക്ക് അഭയമായിരുന്ന കുടിയോട് മൗനപൂർവ്വം അവൻ യാത്ര പറഞ്ഞിറങ്ങി.
തിരിച്ചെത്തിയ ശിവനെ കാത്ത് സദ്യയൊരുക്കി അവന്റെ പുതിയ കുടുംബം കാത്തിരിപ്പുണ്ടായിരുന്നു.
സാമ്പാറും തോരനും ഇഞ്ചിക്കറിയും അച്ചാറും കൂട്ടിയുള്ള കുഞ്ഞു കല്യാണ സദ്യ അവർ ഒന്നിച്ചുണ്ടു,
മധുരം പകർത്താൻ അവസാനം കുറച്ചു പരിപ്പ് പായസം കൂടെ വിളമ്പികൊടുത്തിട്ട്,
അവരെ വീടിനോടു ചേരാൻ വിട്ട് ശ്രീജയും സുധയും കുട്ടുവും വീട്ടിലേക്ക് തിരിച്ചു പോയി.
തികച്ചും മൂകതയിലേക്കാണ് അവരുടെ വീട് ചെന്ന് വീണത്,
പുതിയതായി വീട്ടിൽ എത്തിയ ശിവനെ എങ്ങനെ സ്വീകരിക്കണം എന്നറിയാതെ സുജ അനുവിനെ ചേർത്തുപിടിച്ചു നിന്ന് പരുങ്ങി.
അതെ അവസ്ഥയിൽ ആയിരുന്നു ശിവനും, പുതിയ ഒരു ലോകത്തു എത്തിയ വീർപ്പുമുട്ടൽ അവനെ ചുറ്റി,
എന്ത് എങ്ങനെ തുടങ്ങണം എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെ ശിവനും പരുങ്ങി.
നടുമുറിയുടെ ഒരു വശത്ത് നിന്ന് പരുങ്ങുന്ന അമ്മയെയും മറുവശത്തു നിന്ന് പരുങ്ങുന്ന ശിവനെയും കണ്ട് ഇതുവരെ താൻ കാണാത്ത അറിയാത്ത വീടിന്റെ മൗനത്തിൽ കുഴങ്ങി നിൽക്കുകയായിരുന്നു അനുവും.
തന്റെ ദേഹത്ത് അമർന്നു വിറക്കുന്ന സുജയുടെ കൈകളിൽ നിന്നും തന്റെ അമ്മ അനുഭവിക്കുന്ന പിരിമുറുക്കം അനുവിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.
തമ്മിൽ കാണുമ്പോൾ വെട്ടിക്കുന്ന സുജയുടെയും ശിവന്റെയും കണ്ണുകളും,
രണ്ടു പേരുടെയും പരിഭ്രമവുമെല്ലാം അനുവിന് ഉള്ളിൽ കൗതുകം ഉണർത്തുന്നതായിരുന്നു..
എങ്കിലും ശിവന്റെ സാന്നിധ്യം അനുവിനെയും അസ്വസ്ഥമാക്കുന്നതായിരുന്നു,
“ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം..”
വീർപ്പുമുട്ടലും സുജയുടെ ഇടയ്ക്കുള്ള നോട്ടവും താങ്ങാൻ കഴിയാതെ മറുപടിക്ക് കാത്തു നിൽക്കാതെ ശിവൻ വെളിയിലേക്കിറങ്ങി,
ഒന്നാഞ്ഞു ശ്വാസമെടുത്തിട്ട് വീണ്ടും പുഴക്കരയിലേക്ക് നടന്നു.
മനസ്സ് ശാന്തമാവും വരെ കാറ്റേറ്റ് അവിടെ ഇരുന്നു,
ചെമ്മാനത്തിന് ഇരുൾച്ചായ പടർന്നു തുടങ്ങിയപ്പോഴാണ് സമയത്തെക്കുറിച്ചുപോലും അവൻ ബോധവാനായത്.
വീട്ടിൽ തന്നെ കാത്ത് രണ്ടുപേരുണ്ടാവും എന്ന തോന്നൽ അവന്റെ ഉള്ളിൽ ഒരു സന്തോഷം നുരപൊങ്ങി,
കാലുകൾക്ക് വേഗതയേറി,
വീടിന്റെ താഴെ എത്തുമ്പോൾ വാതിൽപ്പടിയിൽ സുജയേക്കണ്ടു ഒപ്പം ശ്രീജയും,
അതോടെ ശിവൻ വേഗം മുകളിലേക്ക് കയറി ചെന്നു.
“ഇതേവിടെപോയിരുന്നെടാ…..
ഇവിടെ ഒരു പെണ്ണും കൊച്ചും ഉള്ളത,
… ഇനീ പഴയകൂട്ട് തോന്നും പോലെ നടക്കാൻ ഒന്നും ഒക്കില്ല,
ഇവിടെ വേണം നീ,
കേട്ടല്ലോ….”
“ഹ്മ്മ്…”
“ശെരി….ഡി കൊച്ചെ…നീ ചെന്ന് അടുക്കളയിലുള്ളതൊക്കെ ഒന്ന് ചൂടാക്ക്,
ശിവാ…പോയി ഉടുപ്പ് മാറ് രാവിലെ മുതൽ ഈ കോലത്തിലല്ലേ, ചെല്ല്…”
ശ്രീജ രണ്ടുപേരെയും നോക്കി തിരികെ വീട്ടിലേക്ക് നടന്നു.
ഇരുട്ട് ചാഞ്ഞു തുടങ്ങിയിരുന്നു,
മഞ്ഞിന്റെ കനം കൂടി വരുന്നതും ശിവനറിഞ്ഞു.
അകത്തേക്ക് സുജയുടെ പിന്നാലെ കയറുമ്പോൾ പുസ്തകം തുറന്നു വെച്ച് റാന്തലിന്റെ വെളിച്ചത്തിൽ എന്തോ എഴുതുന്ന അനു അവിടെ ഉണ്ടായിരുന്നു,
അവന്റെ സാമിപ്യം അറിഞ്ഞെന്നോണം തല ഉയർത്തിയ അനുവിനെ നോക്കി ശിവൻ ഒന്ന് പുഞ്ചിരിച്ചു,
എന്നാൽ ഒന്ന് നോക്കിയ അതെ വേഗതയിൽ വീണ്ടും തല കുനിച്ച അനുവിനെ കണ്ട ശിവന്റെ ഉള്ളിൽ ഒരു വേദന നിറഞ്ഞെങ്കിലും അത് ഉള്ളിലൊതുക്കി ശിവൻ ചുറ്റുമൊന്നു നോക്കി.
അൽപം വലിയ നടുമുറി, ഭിത്തിയിൽ നിറം മങ്ങി മഞ്ഞപ്പ് പടർന്നിട്ടുണ്ട്, നടുമുറിയിൽ നിന്നും അടുക്കളയിലേക്കും അടുത്തുള്ള മറ്റൊരു മുറിയിലേക്കും വാതിലുണ്ട്,…
അടുക്കളയിൽ നിന്നും തട്ടലും മുട്ടലുമൊക്കെ കേൾക്കുന്നുണ്ട്.
സുജ അത്താഴത്തിനുള്ള വക കൂട്ടുന്ന തിരക്കിൽ ആണെന്ന് മനസ്സിലായി.
വേഷം മാറണം…
ശിവൻ ആലോചിച്ചുകൊണ്ട് ചുറ്റും നോക്കി..
തന്റെ പെട്ടി ആണവൻ നോക്കിയത്.
