അറവുകാരൻ- 2

“ഹ….ഒന്ന് മിണ്ടാതെ പോടാ അരവിന്ദാ, നിനക്കിതെന്നതിന്റെ കേടാ….”

വറീതങ്ങോട്ടു ചെന്ന് അവനെ ശകാരിച്ചു.

“താൻ ഒന്നുപോഡോ മാപ്പിളെ….ഇവനെയൊക്കെ നിർത്തേണ്ടിടത് നിർത്തിയില്ലേൽ ഇവിടുത്തെ പെണ്ണുങ്ങൾക്ക് പിന്നെ നമ്മളൊന്നും പോരാതെ വരും.
ഇപ്പോ തന്നെ കണ്ടില്ലേ ഒരുത്തി, ചാടിയത്, പിന്നെ നിക്കക്കള്ളി ഇല്ലാതെ ആയപ്പോൾ അങ്ങ് കെട്ടേണ്ടി വന്നു ,….”

അരവിന്ദന്റെ നാവ് വിഷം തുപ്പാൻ
തുടങ്ങിയിരുന്നു,
അവന്റെ വായിൽ വന്നതൊക്കെ കേട്ട് വിറഞ്ഞു തുടങ്ങിയ ശിവന്റെ കയ്യിൽ മുറുക്കെ പിടിച്ചു അതിനോടകം ഏതാണ്ടൊക്കെ മനസ്സിലായ അനു കണ്ണ് നിറച്ചു.
“ഹ്മ്മ് ഇവന്റെ മനസ്സിലിരിപ്പൊക്കെ അരിയാഹാരം കഴിക്കുന്ന ഏതവനും മനസിലാവും….
ആഹ് പെണ്ണിനെ കണ്ടില്ലേ തള്ളെ കൂട്ട് വെട്ടിവെച്ച മാതിരി,
ഒന്ന് മൂക്കണ്ട കാലെയുള്ളൂ….തള്ളേം മോളേം ഒരേ തരവാ അവന്…..”

പിന്നെ ഒന്ന് വായടക്കാൻ അരവിന്ദന് കഴിഞ്ഞില്ല, കടയുടെ ഒരു മൂലയിൽ താങ്ങിന് വെച്ചിരുന്ന മുളംകുറ്റിയും പറപ്പിച്ചുകൊണ്ട് ഒരു പഴംതുണികെട്ടു പോലെയാണ് അരവിന്ദൻ കവലയിലേക്ക് വീണത്.

എന്താണ് സംഭവിച്ചതെന്ന് കണ്ടു നിന്നവർക്ക് ഒരൂഹം മാത്രമേ ശിവൻ കൊടുത്തുള്ളൂ.
കടയുടെ മുന്നിൽ നിന്നവരുടെ കണ്മുന്നിലൂടെ മിന്നായം പോലെ എന്തോ പറന്നു പോവുന്നതും കടയുടെ മുൻവശം ഒന്ന് താഴ്ന്നതും അവർ കണ്ടു,
അടുത്ത നിമിഷം കടയുടെ മുന്നിലെ കവലയിൽ ഞെരങ്ങിക്കൊണ്ട് അരവിന്ദൻ നടുവിനടി കിട്ടിയ പഴുതാരയെ പോലെ ചുരുണ്ടു കൂടുന്നതും കണ്ടു.

അനുവിനെ കടയുടെ മുന്നിൽ നിർത്തിയ ശിവൻ മുണ്ടൊന്നു മടക്കിക്കുത്തി അരവിന്ദന് നേരെ നടന്നു. അവന്റെ കണ്ണുകൾ ചുവന്നിരുന്നു.

ഷർട്ടിന്റെ കോളറിൽ കൈകൂട്ടി അവനെ വലിച്ചുയർത്തി മുഖം നേരെയാക്കിയതും ചുറ്റും കൂടി നിന്നവർ കേൾക്കും പാകത്തിൽ ശിവന്റെ കല്ല് പോലുള്ള കൈ അരവിന്ദന്റെ ചെകിട്ടിൽ പതിഞ്ഞു.
അതോടു കൂടെ കണ്ണ് മിഴിഞ്ഞു മലർന്ന അരവിന്ദനെ കുത്തിപ്പിടിച്ചു കൈകളിൽ ശിവൻ ഉയർത്തി.

ബോധം പോവുന്ന കണക്ക് നിന്നിരുന്ന അവന്റെ കവിളിൽ തട്ടിക്കൊണ്ടു ശിവൻ അവന്റെ കണ്ണ് നേരെയാക്കി.
മിഴിഞ്ഞു വന്ന കണ്ണിൽ ഇരുട്ടിലും തെളിഞ്ഞു വന്ന ശിവന്റെ മുഖം കണ്ടതും അരവിന്ദൻ ഒന്ന് പിടഞ്ഞു.

“ഇനി നിന്റെ ഈ പുഴുത്ത നാവിൽ നിന്ന് സുജയെക്കുറിച്ചോ എന്റെ മോളെക്കുറിച്ചോ വിഷം ചീറ്റിയാൽ…
നാവും കാലിനിടയിലെ ആണത്തവും ഇല്ലാതെ ഈ കവലയിൽ നിന്നെ ഞാൻ തുണിയുരിച്ചു നടത്തും….”

എവിടെ നിന്നോ മുഴങ്ങികേൾക്കുന്ന പോലെ അത്രയും അവന്റെ കർണപടത്തിൽ തുളഞ്ഞു കേട്ടു.

അടുത്ത നിമിഷം ശിവന്റെ കയ്യിൽ തൂങ്ങി കിടന്ന അരവിന്ദനെ ശിവൻ ചാക്കുകെട്ടെറിയുംപോലെ തൂക്കി എറിഞ്ഞു,

ഇതുവരെ ഒന്നുയർന്നു കേൾക്കാത്ത ശിവന്റെ സ്വരത്തിന് പകരം അവന്റെ കയ്യുയർന്നു ചെയ്ത ആഹ് ഒരു പ്രവർത്തി മാത്രം മതിയാകുമായിരുന്നു കരുവാക്കുന്നിലെ ആബാലവൃന്ദം ജനങ്ങൾക്കും അവന് സുജയും അനുവും ആരാണെന്നു തിരിച്ചറിയാൻ,
ഇതുവരെ അവരാരും കാണാത്ത ശിവനെ നോക്കി കവലയിൽ കൂടി നിന്ന കൂട്ടം വായ്മൂടിക്കെട്ടി ശിവനെ നോക്കി നിന്നു.
“കുറ്റി വച്ച് തട്ട് ഞാൻ നാളെ നേരെയാക്കിക്കോളാം… വറീതേട്ട….”

“ഓഹ്…ആയിക്കോട്ടേ ശിവാ…”

കണ്ടതത്രയും സ്വപ്നമാണോ സത്യമാണോ എന്നറിയാതെ പകച്ച വറീത് ശിവൻ പറഞ്ഞതിന് തമ്പ്രാൻ പറഞ്ഞത് തല കുനിച്ചു നിന്ന് കേട്ട അടിയാളിനെ കണക്കെ സമ്മതം പറഞ്ഞു.

അമ്പരന്നു നിന്ന അനുവിന്റെ കയ്യിൽ പിടിച്ചപ്പോഴാണ് നടന്നതൊക്കെ കണ്ട ഞെട്ടലിൽ മരവിച്ചു പോയ അവൾക്ക് ബോധം വന്നത്.

“നമുക്ക് വീട്ടിൽ പോവാ…അനൂട്ടിയെ…”

അവളെ നോക്കി ചിരിച്ചുകൊണ്ട് ശിവൻ ചോദിക്കുമ്പോൾ…
ഇതാണെന്റെ അച്ഛൻ എന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ അവരോടെല്ലാം വിളിച്ചു പറയണം എന്നവൾക്ക് തോന്നി,
എങ്കിലും അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു അവനോട് ചേർന്ന് നടന്ന് അവളതങ് പ്രഖ്യാപിച്ചു.

കയ്യും പിടിച്ചു തിരിഞ്ഞ അച്ഛനും മോളും കണ്ടത് ഇതെല്ലാം കണ്ടു തങ്ങളെ തന്നെ നോക്കി നില്ക്കുന്ന സുജയെയായിരുന്നു.

അപ്പോഴാണ് ചുറ്റും കൂടിയ പുരുഷാരത്തിന്റെ കണ്ണുകൾ എല്ലാം തങ്ങളിൽ ആണെന്ന് ശിവനും അനുവും മനസ്സിലാക്കുന്നത്.
ചെറിയ ഒരു ജാള്യത തോന്നിയെങ്കിലും,
വലിച്ചു കയറ്റി വീർപ്പിച്ചു പിടിച്ച വായു പുറത്തേക്ക് വിടാതെ ശിവൻ ആഹ് നിമിഷങ്ങൾ കൈകാര്യം ചെയ്തു.
കനത്ത ചുവടുകളോടെ നടന്നെത്തിയ സുജ രണ്ടു പേരെയും ദഹിപ്പിച്ചൊന്നു നോക്കിയിട്ട് നടവഴിയിലേക്ക് നടന്നു.

ടീച്ചർ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് വിളിച്ചുകൊണ്ടു പോവുന്ന കുരുത്തം കെട്ട കുട്ടികളുടെ കണക്ക്,
ശിവനും അനുവും അവളുടെ പിന്നാലെ നീങ്ങി.

ശിവൻ അല്പം നീങ്ങിക്കഴിഞ്ഞപ്പോളാണ്, കടയിലെ പിള്ളയും വറീതും കൂടെ വഴിയിൽ ചവിട്ടി തേച്ച പഴം പോലെ കിടന്നിരുന്ന അരവിന്ദന്റെ അടുത്തെത്തിയത്.

“പിള്ളേച്ചൻ പോയി ഇത്തിരി വെള്ളം എടുത്തിട്ട് വാ ഇവന്റെ ബോധം പോയീന്നാ തോന്നണെ….

“പിന്നെ പോവാതിരിക്കുവോ…..അമ്മാതിരി അടി അല്ലായിരുന്നോ…”

അരവിന്ദന്റെ കിടപ്പ് കാണാൻ അങ്ങോട്ടെത്തിയ ഏതോ ഒരുത്തൻ തോൾമേലെത്തിനോക്കി പറഞ്ഞു.

അപ്പോഴേക്കും മൊന്തയിൽ വെള്ളവുമായി പിള്ള എത്തിയിരുന്നു.

“നോക്കി നിൽക്കാതെ അങ് തളിക്ക് പിള്ളെ…
ബോധം തെളിഞ്ഞിട്ട് വേണം ഉഴിയാനോ പിടിക്കാനോ ഉണ്ടൊന്നു നോക്കി വൈദ്യരുടെ അടുത്ത് കൊണ്ടുപോവാൻ…”

വറീത് ഒച്ചയിട്ടതോടെ പിള്ള വെള്ളം അരവിന്ദന്റെ മുഖത്തേക്കു തളിച്ചു.
കണ്ണ് ചിമ്മി മുഖം ഒന്നു വലിച്ചു വിട്ട് എങ്ങനെയൊക്കെയോ അരവിന്ദൻ കണ്ണ് തുറന്നു.

“ഓഹ് ഇവന് തല നേരെ നിക്കുന്നില്ല, ഒന്ന് പിടിച്ചേ വറീതേ… ആഹ് തിണ്ണയിലേക്ക് പിടിച്ചിരുത്താം….”

അതോടെ എല്ലാവരും കൂടെ പിടിച്ചു താങ്ങി അവനെ പിള്ളയുടെ തിണ്ണയിൽ ഭിത്തിയിൽ ചാരി ഇരുത്തി.

“ഹ പോയിനെടാ എല്ലാം അവനിത്തിരി കാറ്റു കിട്ടിക്കോട്ടെ…”

ചെറു വിശറിയെടുത്തു അവനു നേരെ വീശിക്കൊണ്ട് പിള്ള ചൊടിച്ചു.

അതോടെ കൂടി നിന്നവർ ഒന്നും രണ്ടും പറഞ്ഞു പതിയെ പിരിഞ്ഞു.

തലയിലെ മൂളക്കം ഒന്ന് താഴ്ന്നപ്പോഴാണ് ചുറ്റുമുള്ളതും കുറച്ചു മുൻപ് നടന്നതുമെല്ലാം അരവിന്ദന്റെ തലയിലേക്ക് എത്തിയത്.
അതോടെ അവന്റെ ഞരമ്പ് വലിഞ്ഞു മുറുകി,
ചുറ്റും കൂടി നിന്നവരുടെ മുഖത്തെ ആക്കിയ ചിരി കൂടി കണ്ടതോടെ അരവിന്ദൻ ദേഷ്യത്തോടെ കൈകുത്തി എഴുന്നേറ്റു.
ഒന്ന് വേച്ചു പോയെങ്കിലും വീർത്തു തുടങ്ങിയ കവൾതടവുമായി അരവിന്ദൻ നിലത്തു കാലുറപ്പിച്ചു വച്ചുകൊണ്ട് കവലയിൽ നിന്നും നടന്നു നീങ്ങി.
കോരയുടെ ചാരായ ഷാപ്പ് വരെ എത്തിയ നടത്തം തിരികെ നടക്കുമ്പോൾ വയറ്റിൽ നൂറു മില്ലിയും കയ്യിൽ രണ്ടു കുപ്പിയും ഉണ്ടായിരുന്നു.
ഉള്ളിൽ എരിയുന്ന പകയുമായി അവൻ എത്തിയത് പിള്ളയുടെ വീടിനു മുന്നിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *