അറവുകാരൻ- 2

എങ്കിലും ഒരപരിചിതത്വം അവളെ പിന്നോട്ട് വലിച്ചു.
തന്റെ മകളെ തന്നെപ്പോലെ മറ്റൊരാൾക്ക് സ്നേഹിക്കാൻ കഴിയുമൊ എന്ന അവളുടെ ചിന്തയിലേക്കാണ് ശിവന്റെ വാക്കുകൾ കയറിപ്പോയത്.

അവനെ തന്നെ ഉറ്റുനോക്കി കണ്ണുകൾ പോലും ചിമ്മാതെ ഇരിക്കുന്ന സുജയെക്കണ്ട്,
ശിവനും പരുങ്ങലിലായി.

“താൻ ഉറങ്ങിക്കോളൂ….മോളെ ഉണർത്തണ്ട…
എന്റെ മനസ്സിൽ ഇപ്പോൾ അങ്ങനെ ഒന്നൂല്ല…”

ശിവന്റെ ചിരിക്കുന്ന മുഖം ഇരുട്ടിലും അറിഞ്ഞ സുജയുടെ ഉള്ളിലും ആശ്വാസം നിറഞ്ഞു.

“ഉം…”

പതിഞ്ഞ ഒരുമൂളലോടെ, അവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു,
തുറന്നു സംസാരിക്കാനും ശിവന്റെ മനസ്സ് അറിയാനും കഴിഞ്ഞ സന്തോഷത്തിൽ അനുവിനെ അമർത്തി കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ അനു പതിവില്ലാത്ത വിധം തുള്ളിച്ചാടുന്നത് കണ്ട സുജയുടെ മനസ്സും നിറഞ്ഞു.
ഓർമ്മ വെച്ച നാൾ മുതൽ ആശകൾ ഒതുക്കാനും സ്വപ്‌നങ്ങൾ ചുരുക്കാനും പഠിച്ചു തന്നിലേക്ക് തന്നെ ഒതുങ്ങിയ അനുവിന് ഒരു പുതു ജീവൻ കിട്ടുന്നത് സുജ നോക്കിക്കണ്ടു.

അമ്മയോടൊപ്പം ചേർന്ന് രാവിലെയുള്ള ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അവളുടെ കുഞ്ഞു മനസ്സ് നിറയുന്നുണ്ടായിരുന്നു.

“ഇത് മോള്ടെ കയ്യിൽ കൊടുത്തെക്ക്,….ഒരു യാത്ര പോവുന്നതല്ലേ…എന്തെങ്കിലും ആവശ്യം വന്നാലോ…”

കയ്യിൽ ചുരുട്ടിയ കുറച്ചു നോട്ടുകൾ കൂടി ശിവൻ സുജയുടെ നേരെ നീട്ടി.

“എൻറെയിലുണ്ട് ഞാൻ കൊടുക്കാം…”

സുജ അത് നിരസിച്ചുകൊണ്ട് പറഞ്ഞു.

“അത് കയ്യിൽ ഇരുന്നോട്ടെ…
ഇതിപ്പോൾ വാങ്ങിക്ക്…”

ശിവൻ നിർബന്ധിച്ചപ്പോൾ അവൾ അത് വാങ്ങി.

അനുവിന് മുന്നേ ശിവൻ അന്ന് ഇറങ്ങി.
ചിരിച്ചും കളിച്ചും അനു അന്ന് ജീപ്പിൽ കയറി പോവുന്നത് ഒട്ടകലെ നിന്ന് ശിവൻ നോക്കിക്കണ്ടു.

*************************************

“സമയായോ, സുഗണേട്ട….”

പറമ്പിൽ കപ്പ നടാൻ മണ്ണ് വലിച്ചുകൂട്ടുന്നതിനിടയിൽ ഇടയ്ക്കിടെ തലപൊക്കി മേൽനോട്ടം നോക്കി നിന്നിരുന്ന സുഗുണനോട് ശിവൻ ചോദിച്ചുകൊണ്ടിരുന്നു.

“ആഹ് ആയി…”

സുഗുണൻ പറഞ്ഞത് കേട്ടതും ശിവൻ ഉടനെ തൂമ്പയിൽ തട്ടി മണ്ണ് കളഞ്ഞു തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു മുഖത്തെയും ദേഹത്തെയും വിയർപ്പ് ഒപ്പാൻ തുടങ്ങി.
“ഹാ നീ നിർത്തിയോ….
ഇനി കുറച്ചൂടല്ലേ ഉള്ളൂ…അതൂടൊന്നു തീർത്തേച്ചും പോടാ….”

“അയ്യോ ഇല്ലേട്ടാ….ടൗണിൽ പോയി മോളെ കൂട്ടണം, വൈകിയാ ശെരിയാവത്തില്ല…
ഞാൻ ഇറങ്ങിയെക്കുവാ….”

“ഓഹ് കുടുംബമായപ്പോൾ അവനാകെയൊരൊഴപ്പാ…
ആഹ് എന്തേലുമാട്ടെ….നാളെ വന്നു തീർത്തോണം…”

മടുപ്പ് മനസ്സിൽ വെക്കാതെ ശിവനോട് പറഞ്ഞു സുഗുണൻ തിരികെ നടന്നു.

മേല് തുടച്ചു അടുത്ത കിണറ്റിൽ നിന്നും വെള്ളമെടുത്തു കയ്യും കാലും കഴുകി ശിവൻ വീട്ടിലേക്ക് നടന്നു.
************************************

താക്കോലെടുത്തു വീട് തുറന്നു കിണറ്റിൻ കരയിൽ നിന്നൊരു കാക്കകുളിയും കുളിച്ചു ഒട്ടു പഴകാത്ത ഒരു ഷർട്ടും എടുത്തിട്ട് മുണ്ടും വാരിചുറ്റി, ട്രങ്ക് പെട്ടി തുറന്നു കരുതി വെച്ചിരുന്ന കുറച്ചു കാശുമെടുത്
വീടും പൂട്ടി വേഗം ഇറങ്ങി.

വറീതേട്ടനോട് പറഞ്ഞു സൈക്കിളെടുത്ത്‌ ടൗണിലേക്ക് ചവിട്ടി.

സ്കൂൾ പരിസരത്ത് ശിവൻ എത്തുമ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു.

യാത്ര കഴിഞ്ഞു അവരെത്തിയിട്ടില്ല എന്ന് മനസ്സിലായ ശിവൻ സ്കൂളിന്റെ മതിലിൽ ചാരി നിന്നു,
ഇതുവരെ സംഭവിച്ച ഓരോ കാര്യങ്ങളും അവന്റെ ഉള്ളിലൂടെ കടന്നു പോയി.
അപ്രതീക്ഷിതമായി നടന്ന തന്റെ വിവാഹവും, താനിപ്പോൾ കാത്തിരിക്കുന്ന തന്റെ മോളും,
എല്ലാം അവൻ വീണ്ടും ഓർത്തുകൊണ്ടിരുന്നു.
പക്ഷെ അനുവിന് തന്നോട് ഇപ്പോഴും നിലനിൽക്കുന്ന ദേഷ്യം ഓർത്തപ്പോൾ അവനിൽ സങ്കടം നിറഞ്ഞു.

നീട്ടി കേട്ട ഹോൺ അവനെ ഉണർത്തി.
ഒരു ചെറിയ ബസ് സ്കൂളിലേക്ക് പ്രവേശിക്കുന്നത് അവൻ കണ്ടു.
ഉടനെ തന്നെ അവൻ അതിനു പിന്നാലെ ചെന്നു,

സ്കൂളിന്റെ മുന്നിലെ മുറ്റത്ത് കലപില കൂട്ടി എല്ലാവരും ബസിൽ നിന്നിറങ്ങി.

ശിവന്റെ കണ്ണുകൾ ബസിറങ്ങിയ നേരം മുതൽ തന്റെ മകൾക്കായി തേടുകയായിരുന്നു.
പെട്ടെന്ന് കൂട്ടം കൂടി നിന്ന കിളിക്കൂട്ടത്തിൽ നിന്നും തേടിയ ആളെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ചിരി വിടർന്നു.

ആഹ് നിമിഷം അനുവിന്റെ ഇളകുന്ന കണ്ണുകൾ ശിവനെ കണ്ട് വിടർന്നു.

ആദ്യമായി അവനടുത്തു ചേർന്ന് നിന്ന് അച്ഛന്റെ കരുതൽ അറിയാൻ അനുവിന് കൊതി തോന്നി.
എങ്കിലും പെട്ടെന്ന് അംഗീകരിക്കാത്ത അവളുടെ ഉൾമനസ് അവളുടെ കാലുകളെ പിടിച്ചു നിർത്തി,
ഓരോരുത്തരെയായി എണ്ണമെടുത്തു ടീച്ചർ യാത്ര അയക്കുമ്പോഴും അനുവിന്റെ
കണ്ണുകൾ ശിവനെ തേടി എത്തിയിരുന്നു.
ഒടുക്കം അനുവിനെ ശിവന്റെ കയ്യിൽ ഏല്പിച്‌ ടീച്ചർ അവരെ യാത്രയാക്കി.

“എങ്ങനെ ഉണ്ടായിരുന്നു മോള്ടെ പിക്നിക്.”

അനുവിന് തന്നോടുള്ള സമീപനത്തെക്കുറിച്ചോർത്തു പേടി ഉണ്ടായിരുന്നെങ്കിലും, ഇന്ന് അവളിൽ കണ്ട സന്തോഷം
ഓർത്തപ്പോൾ ശിവന് ചോദിക്കാതിരിക്കാൻ ആയില്ല.

“നല്ലതായിരുന്നു…,”

ശിവന്റെ ഉള്ളിലെ അതെ അവസ്ഥ അവളിലും ഉണ്ടായിരുന്നതിനാൽ ഒറ്റ വാക്കിൽ അവൾ ഉത്തരമൊതുക്കി.

പക്ഷെ ശിവന് അതിലുണ്ടായ സന്തോഷം അളവറ്റതായിരുന്നു.
ഇതുവരെ തന്നെ നേരെ നോക്കാൻ പോലും ഇഷ്ടപ്പെടാതിരുന്ന മോള് ശിവനോട് സംസാരിച്ചപ്പോൾ,
അവൻ നിലത്തൊന്നും ആയിരുന്നില്ല..
എങ്കിലും കൂടുതലൊന്നും സംസാരിച്ചു മുഷിപ്പിക്കണ്ട എന്ന് കരുതിയ ശിവൻ അവളെയും കൊണ്ട് സൈക്കിളിനടുത്തെത്തി
സൈക്കിളിലേക്ക് ഇരുന്ന ശിവനെ നോക്കി അനു കൗതുകവും സംശയവും മുഖത്ത് നിറച്ചു നിന്നു.

“മോളിതുവരെ സൈക്കിളിൽ കയറിയിട്ടില്ലല്ലേ….”

അനുവിന്റെ മുഖത്ത് നിന്ന് കാര്യം മനസ്സിലാക്കിയ ശിവൻ ചോദിച്ചപ്പോൾ ഇല്ലെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

ശിവന് ചിരിയോടെ അവളുടെ നേരെ കൈ നീട്ടിയപ്പോൾ അല്പം ചമ്മൽ തോന്നിയെങ്കിലും മനസ്സിൽ അതിലും മേലെ നിന്ന കൊതി കൊണ്ടവൾ അവനടുത്തേക്ക് ചെന്ന് നിന്നു.

അവളെ ഇരുകൈകളാലും എടുത്തുയർത്തി സൈക്കിളിന്റെ ബാറിൽ ഇരുത്തുമ്പോൾ ബാലൻസ് കിട്ടാതെ അവൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ആടി,
ശിവന്റെ കൈ അവളെ പിടിച്ചിരുന്നെങ്കിലും പേടിയോടെ അവളും അവന്റെ കയ്യിൽ മുറുക്കി പിടിച്ചിരുന്നു.

“അയ്യോ….അച്ഛാ…ഞാൻ,…
ഞാനിപ്പൊ വീഴും….
ന്നെ പിടിക്ക്,…യ്യോ വിടല്ലേ…”

ഒന്നാഞ്ഞു നേരെ ഇരിക്കാൻ തുടങ്ങിയപ്പോൾ വീഴുമെന്ന് പേടിച്ചു തന്റെ കയ്യിൽ മുറുക്കെ പിടിച്ചു കരയാൻ തുടങ്ങിയ അനു, ആദ്യമായി തന്നെ അറിയാതെ ആണെങ്കിലും അച്ഛാ എന്ന് വിളിച്ചത് കേട്ട ശിവന്റെ കണ്ണുകൾ ഒരു മാത്ര തുടിച്ചു.
ഹൃദയത്തിൽ വാത്സല്യം നിറഞ്ഞു.

“അച്ഛൻ മോളെ ഒരിക്കലും വീഴാൻ സമ്മതിക്കില്ല….”
അവളെ മുറുക്കെ പിടിച്ചു നേരെയിരുത്തി ശിവൻ അനുവിന്റെ ചെവിയിൽ പറഞ്ഞപ്പോൾ അനു കണ്ണ് തുറന്നു,
ശിവന്റെ കണ്ണുകളിൽ നിറഞ്ഞ തുള്ളികൾ കയ്യാൽ തുടയ്ക്കുന്ന ശിവനെയാണ് അനു കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *