അറവുകാരൻ- 2 3

“മോളിതുവരെ സൈക്കിളിൽ കയറിയിട്ടില്ലല്ലേ….”

അനുവിന്റെ മുഖത്ത് നിന്ന് കാര്യം മനസ്സിലാക്കിയ ശിവൻ ചോദിച്ചപ്പോൾ ഇല്ലെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

ശിവന് ചിരിയോടെ അവളുടെ നേരെ കൈ നീട്ടിയപ്പോൾ അല്പം ചമ്മൽ തോന്നിയെങ്കിലും മനസ്സിൽ അതിലും മേലെ നിന്ന കൊതി കൊണ്ടവൾ അവനടുത്തേക്ക് ചെന്ന് നിന്നു.

അവളെ ഇരുകൈകളാലും എടുത്തുയർത്തി സൈക്കിളിന്റെ ബാറിൽ ഇരുത്തുമ്പോൾ ബാലൻസ് കിട്ടാതെ അവൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ആടി,
ശിവന്റെ കൈ അവളെ പിടിച്ചിരുന്നെങ്കിലും പേടിയോടെ അവളും അവന്റെ കയ്യിൽ മുറുക്കി പിടിച്ചിരുന്നു.

“അയ്യോ….അച്ഛാ…ഞാൻ,…
ഞാനിപ്പൊ വീഴും….
ന്നെ പിടിക്ക്,…യ്യോ വിടല്ലേ…”

ഒന്നാഞ്ഞു നേരെ ഇരിക്കാൻ തുടങ്ങിയപ്പോൾ വീഴുമെന്ന് പേടിച്ചു തന്റെ കയ്യിൽ മുറുക്കെ പിടിച്ചു കരയാൻ തുടങ്ങിയ അനു, ആദ്യമായി തന്നെ അറിയാതെ ആണെങ്കിലും അച്ഛാ എന്ന് വിളിച്ചത് കേട്ട ശിവന്റെ കണ്ണുകൾ ഒരു മാത്ര തുടിച്ചു.
ഹൃദയത്തിൽ വാത്സല്യം നിറഞ്ഞു.

“അച്ഛൻ മോളെ ഒരിക്കലും വീഴാൻ സമ്മതിക്കില്ല….”
അവളെ മുറുക്കെ പിടിച്ചു നേരെയിരുത്തി ശിവൻ അനുവിന്റെ ചെവിയിൽ പറഞ്ഞപ്പോൾ അനു കണ്ണ് തുറന്നു,
ശിവന്റെ കണ്ണുകളിൽ നിറഞ്ഞ തുള്ളികൾ കയ്യാൽ തുടയ്ക്കുന്ന ശിവനെയാണ് അനു കണ്ടത്.

അവളുടെ കുഞ്ഞു കൈകൾ എടുത്ത് ശിവൻ ഹാൻഡിൽ ബാറിൽ പിടിപ്പിച്ചു.

“മോളിവിടെ തന്നെ മുറുക്കെ പിടിച്ചിരിക്കണം….
എന്തേലും തോന്നിയാൽ അപ്പൊ തന്നെ അച്ഛനോട് പറയണം….”

അനു തലയാട്ടി.
ശിവന് സൈക്കിൾ പതിയെ മുന്നോട്ടു എടുത്തു.
ഇടയ്ക്കിടെ അനു ഇളകുമ്പോൾ ശിവൻ നിർത്തി അവളെ നേരെ ഇരുത്തും.
യാത്ര തുടരും അല്പനേരത്തോടെ അനു അതിനോട് പൊരുത്തപ്പെട്ടു.
അതോടെ ശിവൻ അല്പം വേഗതയിൽ ചവിട്ടിതുടങ്ങി.

അനുവിന് ഇതെല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഏതോ സമയം കണ്ട പകൽക്കിനാവുകൾ തന്നിലേക്ക് എത്തിച്ചേർന്നത് പോലെ.
ഇളം കാറ്റു അവളുടെ മുടിയിലും മുഖത്തും തട്ടി തഴുകി പോവുമ്പോൾ അവൾ അറിയാതെ അവളുടെ ചുണ്ടിനെ അലങ്കരിച്ചുകൊണ്ട് ചിരി വിടരുന്നുണ്ടായിരുന്നു.

“മോളെ…..ഉറങ്ങിപ്പോയോ…”

മുന്നിലെ കമ്പിയിൽ പിടിച്ച് അനങ്ങാതെ ഇരിക്കുന്ന അനുവിനോട് ശിവൻ ചോദിച്ചു.

“ഉം….ഹും….”

ചുമൽ കൂച്ചി മൂളിക്കൊണ്ടവൾ ഉത്തരം കൊടുത്തു.

“ആഹ് ഇറങ്ങ്….”

ഒരു തുണിക്കടയുടെ മുന്നിൽ സൈക്കിൾ നിർത്തിക്കൊണ്ട് ശിവൻ പറഞ്ഞു.
സൈക്കിളിന് മുകളിൽ അപ്പോഴും എന്തെന്ന ഭാവത്തിൽ ഇരിക്കുന്ന അനുവിനെ കയ്യിൽ കോരിയെടുത്തു ശിവൻ താഴെ ഇറക്കി.

“വാ….”

അനുവിനെയും വിളിച്ചുകൊണ്ട് അവൻ ആഹ് കടയിലേക്ക് കയറി,
രാധമണിയുടെ തയ്യൽക്കട മാത്രം കണ്ടു പഴകിയ അനുവിന് അത് പുതിയൊരു ലോകമായിരുന്നു.
ശിവനും അവിടെ ആദ്യമൊന്ന് പകച്ചെങ്കിലും അടുത്തുള്ള കൗണ്ടറിൽ ഇരുവരെയും നോക്കി ചിരിച്ച ഒരു പെൺകുട്ടിയുടെ മുഖം കണ്ട ധൈര്യത്തിൽ അവർ അങ്ങോട്ട് നീങ്ങി.

“എന്താ വേണ്ടേ….”

ചിരി മായ്ക്കാതെ അവൾ അനുവിന്റെ മുഖത്തേക്ക് ചോദിച്ചു.
അമ്പരപ്പിൽ അപ്പോഴും മയങ്ങി നിന്ന അനു ശിവനെ നോക്കി.

“മോൾക്ക് പാവാടയും ബ്ലൗസും എടുക്കാൻ വന്നതാ…”

ശിവൻ പറഞ്ഞതുകേട്ട അനുവിന്റെ കണ്ണുകൾ തിളങ്ങി.

“രണ്ടു മൂന്നെണ്ണം എടുത്തോട്ടോ…
വീട്ടിൽ ഇടാനും, പിന്നെ കാവിൽ കളം പാട്ടു വരുന്നതല്ലേ അന്നിടാൻ നല്ലൊരു പട്ടു പാവാടയും ബ്ലൗസും കൂടെ എടുക്കണം.”

അനുവിന്റെ അടുത്ത് കുനിഞ്ഞു നിന്ന് ശിവൻ അവളോട് പറഞ്ഞപ്പോൾ,
അവളുടെ കണ്ണുകളിൽ സന്തോഷം കൊണ്ട് ഈറൻ നിറഞ്ഞു.

“പാവാടയും ബ്ലൗസും തുണിയെടുത്താൽ, അളവെടുത്തു ഇവിടുന്നു തന്നെ തയ്ച്ചു തരും,….”

“എങ്കിൽ തുണി എടുത്താൽ മതി…”

“അതെന്താ ചേട്ടാ തയ്ക്കണ്ടേ അപ്പൊ…”

അവളുടെ സ്വരത്തിൽ ചെറിയൊരു നീരസം കലർന്നിരുന്നു…

“അയ്യോ അതല്ല,…മോള്ടെ അമ്മയ്ക്കും കൂടി എടുക്കണം, അപ്പൊ അളവില്ലാതെ ഇവിടുന്നു തയ്ക്കാൻ പറ്റില്ലല്ലോ…നാട്ടിൽ പോയി ഇത് പിന്നെ വന്നു വാങ്ങാനും ഒക്കില്ല അതോണ്ടാ…”

ശിവൻ പറഞ്ഞതുകേട്ട പെൺകുട്ടിക്ക് കാര്യം മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *