“ചേച്ചി എന്നെ കളിയാക്കില്ലെന്ന് പറഞ്ഞതല്ലേ?” ഡാനിയല്‍ പിന്നെയും ചുണ്ടുകള്‍ കോട്ടി പിണങ്ങിയത് പോലെ പറഞ്ഞു. എനിക്ക് പിന്നെയും ചിരി വന്നെങ്കിലും എങ്ങനെയോ ഞാൻ അടക്കിവച്ചു.
“അതിന് ഞാൻ ഒന്നുംതന്നെ കളിയാക്കി പറഞ്ഞില്ലല്ലോ, ഡാനി.” നിഷ്ക്കളങ്കയായി ഞാൻ പറഞ്ഞു.
“ചേച്ചി കളിയാക്കി ചിരിച്ചില്ലേ?”
“ഓ, സോറി, ഇനി ഞാൻ ചിരിക്കില്ല.” ഞാൻ പറഞ്ഞു. പക്ഷേ അങ്ങനെ പറഞ്ഞു കഴിഞ്ഞതും ഞാൻ പിന്നെയും പൊട്ടിച്ചിരിച്ചു പോയി. കുനിഞ്ഞു കിടന്ന് ഞാൻ ചിരിച്ചു.
“ചേച്ചി….,,” അവന്‍ ഉറക്കെ വിളിച്ച് പരാതിപ്പെട്ടു. പക്ഷേ പെട്ടന്ന് അവനും ചിരിക്കാന്‍ തുടങ്ങി.
ഒടുവില്‍ ചിരി നിന്നതും ഞാൻ നിവര്‍ന്ന് അവനെ നോക്കി.
“താങ്ക്സ് ചേച്ചി. എന്തായാലും ചേച്ചിയോട് എന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ മനസ്സിന് ഒരു സമാധാനം കിട്ടി. മനസ്സിന് വല്ലാത്ത ഭാരം തോന്നിയിരുന്നു, പക്ഷേ ചേച്ചിയെ കണ്ട് സംസാരിക്കാന്‍ തുടങ്ങിയത് തൊട്ട് എന്റെ ആ ഭാരമൊക്കെ അലിഞ്ഞു പോയത് പോലെ.”
“നല്ല കാര്യം.” മനസ്സിൽ നല്ല സന്തോഷത്തോടെ ഞാൻ പറഞ്ഞു. “ഇനിയും എന്തുവേണമെങ്കിലും നിനക്ക് എന്നോട് തുറന്ന് സംസാരിക്കാം, കേട്ടോ. എന്നോട് ഒന്നും ഒളിപ്പിക്കേണ്ട കാര്യമില്ല. വെറുതെ മനസ്സിൽ ഒളിപ്പിച്ച് സമാധാനം കളയാതെ കാര്യങ്ങൾ ആരോടെങ്കിലും തുറന്ന് സംസാരിച്ചാൽ മാത്രമേ മനസ്സിന്റെ വിഷമം മാറുകയുള്ളു.”
“ഓക്കെ, താങ്ക്സ്, ചേച്ചി.” അവന്‍ പുഞ്ചിരിച്ചു. “പിന്നേ ചേച്ചി, ഞാനൊരു കാര്യം ചോദിക്കട്ടെ?”
“മ്മ്, ചോദിക്ക്.”
“അന്ന്, ആദ്യമായി ഞാൻ ഇവിടെ വന്ന ദിവസം ചേച്ചി പറഞ്ഞില്ലേ — വേറെ എന്തോ കാര്യം ചിന്തിച്ച് ദേഷ്യത്തില്‍ ആയിരുന്നത് കൊണ്ടാണ് ആ ദേഷ്യം എന്നോട് കാണിച്ച് പോയതെന്ന്! പിന്നെ ഇന്നും പറഞ്ഞു — എന്തോ പ്രശ്നങ്ങൾ വിചാരിച്ചാണ് ഏത് ഡ്രെസ്സാണ് എടുത്തിട്ടതെന്നറിഞ്ഞില്ലെന്ന് … എന്ത് കാര്യമാ അത്? എന്താണ് ചേച്ചിയുടെ പ്രശ്നം?”
“അതൊന്നും നി അറിയേണ്ട.” ഞാൻ പെട്ടന്ന് അവനോട് ചൂടായി. എന്നിട്ട് എന്റെ ദേഷ്യം നിയന്ത്രിച്ച് ഞാൻ മിണ്ടാതെ ഇരുന്നു.
“മറ്റുള്ളവരെ ഉപദേശിക്കാൻ എത്ര എളുപ്പമാണല്ലേ, ചേച്ചി. പക്ഷേ സ്വന്തം ഉപദേശത്തെ ചേച്ചി പോലും സ്വീകരിക്കുന്നില്ല, കഷ്ടം തന്നെ. അപ്പോ ചേച്ചിയുടെ ഉപദേശം ഞാൻ എങ്ങനേയാണ് സ്വീകരിക്കേണ്ടത്?” അവന്‍ ചോദിച്ചത് കേട്ട് മുഖത്ത് അടി കിട്ടിയത് പോലെ ഞാൻ ഇരുന്നുപോയി.
“എന്തുകൊണ്ടോ ചേച്ചിയെ ഞാൻ വിശ്വസിച്ചു, ചേച്ചിയോട് എനിക്ക് ഫ്രീയായി സംസാരിക്കാനുള്ള ധൈര്യം പോലും കിട്ടി, അടുപ്പവും തോന്നി. അതുകൊണ്ടാണ് ആരോടും പറഞ്ഞിട്ടില്ലാത്ത എന്റെ കാര്യങ്ങളൊക്കെ ഞാൻ ചേച്ചിയോട് തുറന്നു പറഞ്ഞത്. അപ്പോ, ഇതുവരെ കിട്ടാതിരുന്ന ആശ്വാസമാണ് ഇപ്പൊ എന്റെ മനസ്സിന് കിട്ടിയത്. അതുകൊണ്ട് ചേച്ചിയും ഒന്ന് ട്രൈ ചെയ്യൂ, പക്ഷേ ചേച്ചിക്ക് എന്നോട് വിശ്വാസം ഇല്ലെങ്കില്‍ എന്നോട് ഒന്നും പറയേണ്ട. അപ്പോ പിന്നെ ഞാൻ ഇവിടെ ഇരുന്നിട്ടും കാര്യമില്ല, എന്ന ഞാൻ പോട്ടെ, ചേച്ചി.”
ഡാനിയല്‍ പോകാനായി എഴുന്നേറ്റു.
“എടാ, നി അവിടെ ഇരിക്ക്.” ഞാൻ പെട്ടന്ന് പറഞ്ഞു.
“വേണ്ട ചേച്ചി. എന്നെ ചേച്ചിക്ക് വിശ്വാസമില്ല, അതുകൊണ്ട് ഞാൻ —”
“ഇരിക്കടാ അവിടെ. എനിക്ക് നിന്നെ വിശ്വാസമാണ്.” ഞാൻ പെട്ടന്ന് പറഞ്ഞു.
അപ്പോ പുഞ്ചിരിച്ചുകൊണ്ട് അവന്‍ അതേ കസേരയില്‍ ഇരുന്നു.
ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ കുറച്ച് നേരത്തേക്ക് എന്റെ മനസ്സിൽ വല്ലാത്ത പിടിവലി നടന്നു. പക്ഷേ ഇവനോട് മാത്രം എത്ര ക്യാഷ്വലായിട്ടാണ് എനിക്ക് സംസാരിക്കാൻ കഴിയുന്നതെന്ന് ഞാൻ ചിന്തിച്ചു നോക്കി. അവന്‍ കാരണം എത്ര ഫ്രീയായിട്ട് ചിരിക്കാന്‍ കഴിയുന്നു!! അവന്‍ കാരണം എന്റെ മനസ്സിന്റെ ഭാരം പോലും കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് അവനോട് എല്ലാം തുറന്നു സംസാരിക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു. എല്ലാം ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ മനസ്സിന്റെ ഭാരമെങ്കിലും കുറഞ്ഞ് കിട്ടുമല്ലോ.
