മനപ്പൂര്‍വ്വം ചെയ്ത തെറ്റ് 28അടിപൊളി 

 

“ഇതൊക്കെ ഞാൻ പരീക്ഷിച്ച് നോക്കീട്ട് നല്ലതാണെങ്കിൽ മാത്രമെ നിന്റെ കൈയിൽ നിന്നും ഞാൻ സ്ഥിരമായി എടുക്കുകയുള്ളു, കേട്ടല്ലോ.”

 

“മതി ചേച്ചി, എല്ലാം ഉപയോഗിച്ച് ഇഷ്ട്ടപ്പെട്ടെങ്കിൽ മാത്രം വീണ്ടും എന്റെ കൈയിൽ നിന്ന് എടുത്താല്‍ മതി.”

 

“നി ഡെയ്ലി ഈ വഴിക്കൊക്കെ വരുമോ?”

 

“ഇല്ല ചേച്ചി. ഞങ്ങളുടെ കമ്പനിയുടെ പ്രോഡക്റ്റ്സൊക്കെ വൈഡ് സ്പ്രഡ് ചെയ്യാനുള്ളത് കൊണ്ട്‌ ഞാൻ ട്രിവാന്‍ഡ്രത്തുള്ള മുക്കും മൂലയും പോലും ഒഴിവാക്കാതെ കറങ്ങി തിരിഞ്ഞ് സേൽസ് ചെയ്യേണ്ടതായിട്ടുണ്ട്. അതുകൊണ്ട്‌ ഈ വഴിക്ക് ഇനി എപ്പോ വരുമെന്നൊന്നും പറയാൻ കഴിയില്ല.”

 

“അപ്പോ പിന്നെ, ഇനി എങ്ങനെ —”

 

“അതൊന്നും സാരമില്ല, ചേച്ചി. ഞാൻ എന്റെ മൊബൈൽ നമ്പര്‍ തരാം. ചേച്ചിക്ക് എന്ത് സാധനം വേണമെങ്കിലും എന്നെ വിളിച്ചാല്‍ മതി, ആ ദിവസം തന്നെ ചേച്ചി ചോദിക്കുന്ന എന്ത് സാധനവും ഞാൻ ഇവിടെ എത്തിച്ചിരിക്കും.”

 

“ഓഹോ, അപ്പോ സകലമാന സാധനങ്ങളും നി ജോലി ചെയ്യുന്ന ആ കമ്പനിയിൽ ലഭ്യമാണോ?” ഞാൻ സംശയത്തോടെ ചോദിച്ചു.

 

“യേയ്, ചേച്ചി വിചാരിക്കുന്ന പോലെയല്ല…,” അവന്‍ അല്‍പ്പം മടിച്ച് മടിച്ചാണ് പറഞ്ഞത്. “ഞാൻ ഡൈറക്റ്റായി ജോലി ചെയ്യുന്നത് ഈ കമ്പനിയിൽ ആണെങ്കിലും, വേറെ കുറെ കമ്പനികളുമായും എനിക്ക് സീക്രട്ട് ഡീലിങ്സുണ്ട്, ചേച്ചി. അതുകൊണ്ട്‌ ചേച്ചിക്ക് എന്തു സാധനം വേണമെന്ന് എന്നോട് പറഞ്ഞാലും എനിക്ക് അതൊക്കെ അറേഞ്ച് ചെയ്യാൻ കഴിയും. ഞാൻ ഓർഡർ പിടിച്ചു കൊടുക്കുന്ന സാധനത്തിനൊക്കെ എനിക്ക് കമ്മിഷന്‍ കിട്ടും.”

 

“അതുശരി, അപ്പോ ശമ്പളം തരുന്ന കമ്പനിയെ പറ്റിച്ച് വേറെ കമ്പനിയിലും നി ജോലി ചെയ്യുന്നുണ്ടല്ലേ?”

 

“അയ്യോ ചേച്ചി, അങ്ങനെയൊന്നും ചിന്തിക്കല്ലേ.” അവന്‍ പേടിച്ച് വിരണ്ടു. “എനിക്ക് ചെറിയ സാലറിയാണ് കമ്പനി തരുന്നത്. തുടക്കത്തിൽ കമ്പനി എന്നോട് പറഞ്ഞത് എന്തെന്നാല്‍ — 2 മാസത്തിനകം ഞാൻ ഒരു ലക്ഷം രൂപയുടെ സേൽസ് നടത്തി എന്റെ കഴിവ് തെളിയിച്ചാൽ എന്റെ സാലറി ഇരട്ടിയാക്കി തരുമെന്നു, ശേഷം ഞാൻ നടത്തുന്ന ഓരോ സേൽസിനും കമ്മീഷന്‍ തരുമെന്നുമാണ് ഇന്റര്‍വ്യൂ സമയം അവർ വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ അവർ പറഞ്ഞ സമയത്തിനുള്ളില്‍ അവർ പറഞ്ഞതിനേക്കാള്‍ 19,000 രൂപയുടെ സേൽസ് കൂടുതലായി ചെയ്തു കൊടുത്തിട്ടും കൂടി അവർ സാലറി കൂടിയില്ല, ശേഷം നടത്തിയ സേൽസിന് ഒരു രൂപയുടെ കമ്മീഷന്‍ പോലും എനിക്ക് തന്നില്ല. അപ്പോപിന്നെ ഞാൻ ഇങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് എന്റെ വാദം.”

 

“അപ്പോ നി നിന്റെ കമ്പനി അധികൃതരോട് അവരുടെ വാഗ്ദാനത്തെ കുറിച്ച് സംസാരിച്ചില്ലേ?” ഞാൻ അവനോട് ചോദിച്ചു.

 

“ഞാൻ അവരോട് സംസാരിച്ച് നോക്കിയെങ്കിലും കാര്യമുണ്ടായില്ല, ചേച്ചി. ഒരു എക്സ്പീരിയൻസുമില്ലാതെ ഫ്രെഷായി വരുന്ന പുതിയ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിമാത്രം കമ്പനി വെറുതെ അങ്ങനെ പറയാറുണ്ട് പോലും.”

 

“അത് വളരെ മോശമായിപ്പോയി. കമ്പനി കാണിച്ചത് ശെരിയല്ല.” ഞാൻ കമ്പനിയോടുള്ള ദേഷ്യത്തില്‍ പറഞ്ഞു. “ഇതിനെക്കുറിച്ച് നിനക്ക് എവിടെയെങ്കിലും പരാതിപ്പെടാമായിരുന്നല്ലോ!”

 

“പരാതി കൊടുത്തിട്ടും കാര്യമില്ല, ചേച്ചി. അവർ വെറുതെ വാമൊഴി തന്നതല്ലേ, എഗ്രിമെന്റിൽ അങ്ങനെയൊന്നും എഴുതി ചേര്‍ത്തിട്ടില്ലല്ലോ.”

 

“ആ ഫ്രോഡുകൾ..!!” എനിക്ക് ദേഷ്യമടക്കാൻ കഴിഞ്ഞില്ല.

 

“ഞാൻ ജോലിക്ക് കേറി ഒരു വര്‍ഷം കഴിഞ്ഞാൽ എന്റെ സാലറി കൂട്ടുമെന്നും, എനിക്ക് കമ്മീഷന്‍ കിട്ടി തുടങ്ങുമെന്നും അവർ വാഗ്ദാനം ചെയ്തതായിരുന്നു… പക്ഷേ —”

 

“വേണ്ട, നി പറയേണ്ട, എന്റെ ഊഹം ഞാൻ നിന്നോട് പറയാം — അവര്‍ പിന്നെയും വാമൊഴി മാത്രം തന്നു. എഗ്രിമെന്റ് എഴുതിയുമില്ല. പിന്നെ, അവർ നിന്നെ വീണ്ടും മണ്ടനാക്കിയെന്ന് മനസ്സിലാക്കാൻ നിനക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു, അല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *