മനപ്പൂര്‍വ്വം ചെയ്ത തെറ്റ് 28അടിപൊളി 

 

ഒരു കൂസലുമില്ലാതെ സിമ്പിളായി ഞാൻ ചോദിച്ചത്‌ കേട്ടിട്ട് ജോസേട്ടൻ വായ പൊളിച്ചിരുന്നു.

 

“നീയെന്താ ഡെയ്സി എന്നോട് ഇങ്ങനെ ഒരുമാതിരി സംസാരിക്കുന്നത്?” കുറെ കഴിഞ്ഞ് പുള്ളി ചോദിച്ചു.

 

“എന്റെ ജോസേട്ടാ, ഞാൻ ജോസേട്ടന്റെ ഭാര്യയാണെന്ന് വച്ച് എന്നെ എങ്ങനെ വേണമെങ്കിലും അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യാമെന്ന് കരുതരുത്.” അല്പം ദേഷ്യത്തില്‍ തന്നേ ഞാൻ പറഞ്ഞു. “വിവേകവും, വികാരങ്ങളും നിങ്ങള്‍ക്ക് മാത്രം ഉണ്ടെന്നാണോ വിചാരിച്ചിരിക്കുന്നത്? എന്ത് വൃത്തികേട് പറഞ്ഞ്‌ വേണമെങ്കിലും നിങ്ങളെന്നെ അപമാനിക്കും, ഞാൻ നിങ്ങള്‍ക്ക് കോൾ ചെയ്താൽ അതൊരു ശല്യമാകും, അസുഖം മാറാൻ ട്രീറ്റ്മെന്റ് എടുക്കാന്‍ പറഞ്ഞാൽ ഞാൻ കുറ്റക്കാരി, സ്വന്തം തെറ്റുകളെ മനസ്സിലാക്കാതെ അതൊക്കെ എന്റെ തെറ്റാണെന്ന്‌ പറഞ്ഞ്‌ എന്റെ തലയില്‍ വച്ചുതന്ന് പഴി ചാരിയാലും ഞാൻ മിണ്ടരുത്, അല്ലേ? തിരിച്ചറിവ്‌ ഇല്ലാത്ത ജന്തുക്കളെ പോലെ ഞാൻ അതൊക്കെ സഹിക്കണം, അല്ലേ? പക്ഷേ ഞാൻ ഒന്നും മിണ്ടാതെ വെറുതെ അങ്ങോട്ട് തിരിഞ്ഞു കിടന്നാൽ നിങ്ങളെ ഞാൻ അപമാനിച്ചത് പോലെയാകും, അല്ലേ?” ഒടുവില്‍ സഹിക്കാൻ കഴിയാതെ ഞാൻ പൊട്ടിത്തെറിച്ചു.

 

ജോസേട്ടൻ കുറച് നേരത്തേക്ക് വായും പൊളിച്ച് മിഴിച്ചിരുന്നു.

 

“എന്റെ ഡെയ്സി, നി എന്തൊക്കെയാ പറയുന്നത്, എനിക്കൊന്നും മനസ്സിലാവുന്നില്ല!!” കുറച്ചുകഴിഞ്ഞ് ഒന്നും മനസ്സിലാവാത്ത പോലെ ജോസേട്ടൻ പറഞ്ഞു.

 

“ഒന്നും മനസ്സിലായിലെങ്കിൽ വേണ്ട. എനിക്ക് ഉറക്കം വരുന്നു.” അത്രയും പറഞ്ഞിട്ട് ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു.

 

ഒരുപാട്‌ നേരത്തേക്ക് ജോസേട്ടന്റെ അനക്കമൊന്നും ഉണ്ടായില്ല. ഒടുവില്‍ ഒരു നെടുവീര്‍പ്പോടെ ജോസേട്ടൻ പോയി ലൈറ്റ് ഓഫാക്കിയ ശേഷം വന്ന് കിടന്നു. ഞങ്ങൾ രണ്ടുപേരും രണ്ട് ദിശയില്‍ തിരിഞ്ഞ് ഒന്നും മിണ്ടാതെയാണ് കിടന്നത്. നിറഞ്ഞു പോയ കണ്ണുകൾ തുടച്ചിട്ട് ഞാൻ കണ്ണടച്ച് ഉറങ്ങാൻ തയാറായി.

 

അത്രയൊക്കെ പറഞ്ഞപ്പോ എന്റെ മനസ്സിന്‌ ചെറിയൊരു ആശ്വാസം കിട്ടിയിരുന്നു. കൂടുതല്‍ ഒന്നും ചിന്തിക്കാതെ കിടന്നത് കൊണ്ട്‌ വേഗം ഞാൻ ഉറങ്ങുകയും ചെയ്തു.

 

അടുത്ത ദിവസം, അതിരാവിലെ എഴുനേറ്റ് ഞാൻ ഫ്രെഷായി ജിമ്മും യോഗയും ചെയ്യുന്ന റൂമിൽ പോയി അതൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോ കുട്ടികൾ വന്ന് എത്തി നോക്കീട്ട് പോയി. അതൊക്കെ കഴിഞ്ഞ് ഞാൻ കുളിച്ചൊരുങ്ങി. ജോസേട്ടന് പള്ളിയില്‍ പോകുന്ന ശീലം ഇല്ലാത്തത് കൊണ്ട്‌ ഞാൻ അദ്ദേഹത്തെ ഉണര്‍ത്തിയില്ല. എന്റെ കാര്‍ കീ എടുത്തുകൊണ്ട് റൂമിൽ നിന്നിറങ്ങി.

 

 

കുട്ടികൾ പള്ളിയില്‍ പോകാൻ റെഡിയായിട്ട്, ഞാൻ വരുന്നത് വരെ ഹാളില്‍ ടിവി നോക്കി ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും മോള് ചെന്ന് ടിവി ഓഫ് ചെയ്തു.

 

“പോകാം മമ്മി.” ജീന മോള് എന്നോട് പറഞ്ഞിട്ട് അപ്പോഴും സോഫയിൽ ഇരിക്കുകയായിരുന്ന അവളുടെ ഇരട്ട സഹോദരന്റെ ചെവിക്ക് പിടിച്ചുവലിച്ച് കൊണ്ട്‌ പറഞ്ഞു, “എഴുനേറ്റ് വാടാ.”

 

“ആ എടി, എന്റെ ചെവി.” അവന്‍ ചാടി എഴുനേറ്റ് തിരിച്ച് അവളുടെ ചെവിക്ക് പിടിച്ചു വലിക്കാന്‍ നോക്കി.

 

പക്ഷേ മോള് ചിരിച്ചുകൊണ്ട് പുറത്തേക്ക്‌ ഓടിപ്പോയി. അവനും അവള്‍ക്ക് പുറകെ ഓടി.

 

രണ്ടും ഇടക്കൊക്കെ ഇതുപോലെ അടിപിടി കൂടുമെങ്കിലും അവർ തമ്മില്‍ നല്ലോരു ബോണ്ടുണ്ട്. എപ്പോഴും ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യും.

 

എന്റെ കാറിൽ കേറിയ ശേഷം കാര്‍ പോര്‍ച്ചിൽ നില്‍ക്കുന്ന ജോസേട്ടന്റെ കാര്‍നെ ഞാൻ തുറിച്ചൊന്ന് നോക്കി, അത് എന്തോ കുറ്റം ചെയ്തത് പോലെ.

 

പിന്നേ, എന്റെ ഈ കാര്‍ എന്റെ ഭർത്താവ് എടുത്ത് തന്നതൊന്നുമല്ല. ഓൺലൈൻ ട്രേഡിംഗിൽ ഞാൻ സമ്പാദിച്ച കാശ് കൊണ്ടാണ് കാര്‍ എടുത്തത്. കൂടാതെ മാസാമാസം ജോസേട്ടൻ എനിക്ക് തരുന്ന കാശിന്റെ പകുതിയും, പിന്നെ എന്റെ കാശിന്റെ പകുതിയും ഉപയോഗിച്ചാണ് എല്ലാ ആവശ്യങ്ങളും ഞാൻ പൂര്‍ത്തീകരിക്കുന്നത്. അന്നുതൊട്ട് ഇന്നുവരെ പുള്ളി എനിക്ക് തന്നിട്ടുള്ളതിന്റെ പകുതി കാശും ഇപ്പോഴും എന്റെ അക്കൗണ്ടിൽ തന്നെ വലിയൊരു തുകയായി കിടപ്പുണ്ട്. ആ കാശ് ഞാൻ ഒരിക്കലും എന്റെ ആവശ്യത്തിനായി എടുക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *