ജോസേട്ടനും എന്നെ ഉണര്‍ത്തിയില്ല. ചിലപ്പോ എന്നെ അഭിമുഖീകരിക്കാൻ കഴിയാത്ത കൊണ്ടാവും ജോസേട്ടാൻ എന്നെ ഉണർത്താതെ എഴുനേറ്റ് റെഡിയായി കഴിക്കാതെ പോലും പൊയ്ക്കളഞ്ഞത്.
“മമ്മി എന്തിനാ എണീക്കാൻ ലേറ്റായേ? മമ്മിക്ക് സുഖമില്ലേ?” എട്ടില്‍ പഠിക്കുന്ന എന്റെ മോന്‍, ബിനു, ആശങ്കയോടെ ചോദിച്ചു. “ഒരിക്കലും മുടങ്ങാതെ ചെയ്യുന്ന യോഗയും ജിമ്മും പോലും മമ്മി മുടക്കിയിരിക്കുന്നു.” അവന്‍ അടുത്തേക്ക് വന്ന് എന്റെ നെറ്റിയിൽ കൈവച്ചു നോക്കി.
“മമ്മിക്ക് സുഖമില്ലേ, മമ്മി? കണ്ണൊക്കെ ചുവന്ന് ചീര്‍ത്തിരിക്കുന്നല്ലോ?” എട്ടില്‍ തന്നെ പഠിക്കുന്ന എന്റെ മോള്, ജീന, ആശങ്കയോടെ ചോദിച്ചു.
എന്റെ ഭർത്താവ് ഒരു വ്യത്യസ്ഥമായ അപൂര്‍വ ജീവിയാണ്… ആര്‍ക്കും അയാളുടെ സ്വഭാവം ഇഷ്ടപ്പെടില്ല. പക്ഷേ ഭാഗ്യത്തിന് അയാളുടെ ആ അപൂര്‍വ്വ സ്വഭാവമൊന്നും ഞങ്ങടെ കുട്ടികള്‍ക്ക് കിട്ടിയില്ല. തീര്‍ച്ചയായും ദൈവത്തിനു നന്ദി പറയണം…. എന്നും ഞാൻ നന്ദി പറയാറുമുണ്ട്.
രണ്ടുപേരും ഇരട്ടകളാണെങ്കിലും കണ്ടാൽ അങ്ങനെയൊന്നും പറയില്ല, മോന് മോളെക്കാളും പൊക്കമുണ്ട്. മുഖഛായയും, ശരീര ഭാരത്തിനും, സംസാര ശൈലിക്ക് പോലും വ്യത്യാസമുണ്ട്. ചിലപ്പോ ആണും പെണ്ണും ആയതുകൊണ്ടാകും ഇരട്ടകളായ അവര്‍ക്ക് ഇത്രയേറെ വ്യത്യാസം.
“മമ്മി?” മോള് എന്റെ മൂക്ക് പിടിച്ചുവലിച്ചു.
“ഹാ, എനിക്കൊന്നുമില്ല, പിള്ളേരെ.” പുഞ്ചിരിയോടെ ആ കുസൃതി പെണ്ണിന്റെ കൈ പിടിച്ചുമാറ്റി കൊണ്ട് ഞാൻ പറഞ്ഞു.
“പിന്നേ, മമ്മി… ഇതുവരെ ഫുഡൊന്നും ഉണ്ടാക്കിയില്ലല്ലോ? സമയം ഇപ്പോഴേ 07:45 ആയി. 25 മിനിട്ടില്‍ സ്കൂള്‍ ബസ് വരും. ഇനിയിപ്പോ എന്ത് ചെയ്യും?” ബിനു വെപ്രാളപ്പെട്ടു.
“നിങ്ങൾ രണ്ടും ചെന്ന് ബുക്ക്സും ബാഗും റെഡിയാക്കി വെക്ക്. ഞാൻ വേഗം ചെന്ന് ഉപ്പുമാവ് ഉണ്ടാക്കിത്തരാം, പഴവും കൂടി കഴിച്ചോളു. പിന്നെ ഉച്ചത്തേക്ക്, നിങ്ങടെ സ്കൂളിന് മുന്നിലുള്ള ആ ബേക്കറിയോടുകൂടിയ ഹോട്ടലില്ലേ, അവിടെ ചെന്ന് കഴിച്ചോളു, കാശ് ഞാൻ തന്നുവിടാം.”
“ഓക്കെ, മമ്മി. അങ്ങനെ മതി.” ബിനു സന്തോഷത്തോടെ പറഞ്ഞു. “ഹോ, ഒരുപാട് ദിവസമായി അവിടെ നിന്ന് കഴിച്ചിട്ട്. ഹോ, അവിടെ എന്നും, ഏതു നേരത്തും കിട്ടുന്ന ആ ഫേമസായ പൊറോട്ടയും, വരട്ടിയ ഇറച്ചിയും, സാൽനയും ഉണ്ടല്ലോ…,, ഹോ, വിചാരിച്ചിട്ട് ഇപ്പോഴേ കൊതി വരുന്നു.
“പോടാ കൊതിയാ.” ചിരിച്ചുകൊണ്ട് എന്റെ മോന്റെ വയറിൽ എന്റെ വിരല് കൊണ്ട് ഞാൻ കുത്തി. മോളും ചിരിച്ചുകൊണ്ട് അവന്റെ എളിയിൽ പിടിച്ചു ഞെക്കി.
“പിന്നേ മമ്മി,” ജീന പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ അവനെ വിട്ടിട്ട് എന്നെ വിളിച്ചു.
“മ്മ്, എന്താ?”
“ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് പപ്പ വീട്ടില്‍ വരില്ല, ഓഫീസിൽ നിന്നും പപ്പ നേരെ കമ്പനിയുടെ ചെന്നൈ ബ്രാഞ്ച് ഓഫീസിലേക്ക് പോകുമെന്ന് മമ്മിയോട് പറയാൻ പറഞ്ഞു. പിന്നെ, നാളെ ചെന്നൈയില്‍ ഒരു പ്രധാനപ്പെട്ട മീറ്റിംഗിൽ പങ്കെടുത്ത ശേഷം മുംബൈക്ക് പോകുമെന്നും, അതുകഴിഞ്ഞ് ഒഫിഷ്യൽ കാര്യമായി വേറെയും എവിടെയൊക്കെയോ യാത്ര പോയിട്ട് തിരികെ വരാൻ കുറഞ്ഞത് നാല് ദിവസമെങ്കിലും ആകുമെന്നും മമ്മിയോട് പറയാനായി പപ്പ പറഞ്ഞു.”
“ഏഹ്… പക്ഷേ ഇതിനെക്കുറിച്ച് ഇന്നലെ എന്നോട് ഒന്നുംതന്നെ നിങ്ങടെ പപ്പ പറഞ്ഞില്ലല്ലോ?!” ഞാൻ ചിന്താകുഴപ്പത്തോടെ പറഞ്ഞു.
“ഓഫീസിൽ പോയ ശേഷമാണ് ഈ പ്ലാനൊക്കെ അറിഞ്ഞതെന്നാ പപ്പ കുറച്ച് മുമ്പ് ലാന്‍ഡ് ഫോണിൽ കോൾ ചെയ്ത് ഞങ്ങളോട് പറഞ്ഞത്, അപ്പോ പിന്നെ ഇന്നലെ മമ്മിയോട് എങ്ങനെ പറയാന്‍ കഴിയുമായിരുന്നു, എന്റെ മണ്ടി മമ്മി….”ബിനു കളിയാക്കി പറഞ്ഞു.
“പോടാ കള്ള ചെറുക്കാ. അവന്റെ ഒരു പുളിച്ച തമാശ.” ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ ഞാൻ ചെറിയൊരു നുള്ള് കൊടുത്തു. “പക്ഷേ എന്റെ മൊബൈലില്‍ വിളിക്കാതെ ലാന്‍ഡ് ഫോണിൽ എന്തിനാ വിളിച്ചത്?”
