അതിനോട് ചേർന്ന് ഗ്ലാസ്സ് പാർട്ടീഷനുള്ള ആഡംബര ബാത്ത്റൂമും!
കുറഞ്ഞ സമയം കൊണ്ട് തന്നെ ഷാഹിദ് അപ്പാർട്ട്മെൻറ് മുഴുവൻ ചുറ്റി കണ്ടു റൂമിന്റെ ഒരുപാട് ഫോട്ടോകളും എടുത്തു വച്ചു.. സന്തോഷം കൊണ്ട് അവൻറെ ഹൃദയം പടപട അടിച്ചു കൊണ്ടിരുന്നു.
“എങ്ങനെയുണ്ട് സ്ഥലം? എന്റെ ഓഫീസിലെ എൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്റ്റാഫ് താമസിക്കേണ്ടത് ഇങ്ങനെയൊരു സ്ഥലത്താണ്,” രോഹിത് പാന്റ്സിന്റെ പോക്കറ്റിൽ കൈകൾ തിരുകി തികച്ചും സ്വാഭാവികമായ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
എന്നാൽ ആ ആഡംബരം കണ്ട ഷാഹിദിന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ജസ്നയായിരുന്നു.
“സർ… ഇതൊരു ഫൈവ് സ്റ്റാർ ഹോട്ടൽ സ്യൂട്ട് പോലെയുണ്ട്! എന്റെ പൊന്നു അവളുടെ ജീവിതത്തിൽ ഇങ്ങനെയൊരു സ്ഥലം കണ്ടിട്ടുപോലുമുണ്ടാവില്ല! അവളിവിടെ വന്നു കയറുമ്പോൾ എന്തുമാത്രം സന്തോഷിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും പറ്റുന്നില്ല സർ!
സത്യമായിട്ടും ഇത് എനിക്കുള്ള ഫ്ളാറ്റ് തന്നെ ആണോ!” ഷാഹിദ് ഗ്ലാസ്സ് ഭിത്തിയിലൂടെ പുറത്തേക്ക് നോക്കി ആവേശത്തോടെ ചോദിച്ചു.
“അതിനെന്താടാ സംശയം? ഇനി മുതൽ ഇത് നിങ്ങളുടെ വീടാണ്,”
“ഷാഹിദ്, ഇവിടെ ആരെയും സർ എന്ന് വിളിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ. അത് കൊണ്ട് എന്നെയും നീ അങ്ങനെ വിളിക്കേണ്ടതില്ല..” രോഹിത് പറഞ്ഞു.
“പക്ഷേ സർ അത്…..” ഷാഹിദ് പറയാൻ തുടങ്ങിയത് രോഹിത് ഇടയിൽ കയറി… “ഒരു ഇതും ഇല്ല.. എല്ലാവരെയും പേരു വിളിച്ചാൽ മതി.. എനിക്ക് അതാണ് ഇഷ്ടം”.
“ഇല്ല സർ, എന്നെ കൊണ്ട് അതിനു പറ്റും എന്ന് തോന്നുന്നില്ല സർ, എന്നെ നിർബന്ധിക്കരുത്. – ഷാഹിദ് അവൻ്റെ ധർമ്മസങ്കടം അറിയിച്ചു.
“ഹും, പക്ഷേ നീ എന്നെ സർ വിളിക്കുന്നത് എനിക്ക് എന്തായാലും ഇഷ്ടപ്പെടുന്നില്ല.”
“പിന്നെ ഞാൻ എന്തു വിളിക്കും?” – ഷാഹിദ് ചോദിച്ചു..
“നീ എൻ്റെ പേര് വിളിച്ചോളൂ.. ഇനി അത്ര ബുദ്ധിമുട്ടാണെങ്കിൽ ഏട്ടാ എന്നു വിളിച്ചോളൂ..” – ഷാഹിദിന് തന്നോട് എന്തെങ്കിലും വിത ഗ്യാപ്പ് ഇനിയും തോന്നുന്നു ഉണ്ടായിരുന്നെങ്കിൽ അതും കൂടെ ഇല്ലാതാക്കാൻ ആണ് രോഹിത് ഈ ഐഡിയ പ്രയോഗിച്ചത്..
അതും പറഞ്ഞു രോഹിത് ചെറുതായി ചിരിച്ചുകൊണ്ട് അടുക്കളയിലെ ഫ്രിഡ്ജ് തുറന്ന് രണ്ട് കാൻ തണുത്ത coco
cola എടുത്തു. ഒന്ന് ഷാഹിദിന് കൊടുത്ത്, അയാൾ ബാൽക്കണിയിലേക്കുള്ള ഗ്ലാസ്സ് ഡോർ തുറന്നു.
“അത് ഓകെ അല്ലെ? – രോഹിത് ചോദിച്ചു.
” Ok ആണ് ഏട്ടാ ” – ഷാഹിദ് സന്തോഷത്തോടെയും ഉള്ളിൽ തട്ടിയും തന്നെ ആണ് അങ്ങനെ വിളിച്ചത്.
ഇരുപത്തിയഞ്ചാം നിലയിലെ ബാൽക്കണിയിലേക്ക് വീശിയടിച്ച വസന്തകാലത്തെ തണുത്ത കാറ്റിൽ ഇരുവരും ബാൽക്കണിയുടെ കൈവരിയിൽ ചാരിനിന്നു താഴോട്ട് നോക്കി നിന്നു.
ഇതാണ് സമയം എന്ന് രോഹിത്തിന് അറിയാമായിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചത്തെ അടുപ്പവും, ഇപ്പോൾ ഈ സ്വപ്നതുല്യമായ ഫ്ലാറ്റ് കണ്ടതിന്റെ അമ്പരപ്പും കൊണ്ട് ഷാഹിദിന്റെ മനസ്സ് കൃതജ്ഞതയാൽ നിറഞ്ഞിരിക്കുകയാണ്.
“ഷാഹിദേ, നീ നാട്ടിൽ പോയി കല്യാണം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ തന്നെ സ്കാർബറോയിലെ റൂം വെക്കേറ്റ് ചെയ്ത് ഇങ്ങോട്ട് മാറിക്കോ. അപ്പോഴേക്കും നിന്റെ ഭാര്യയുടെ വിസ പേപ്പറുകളും ശരിയാകുമല്ലോ,” രോഹിത് കയ്യിലെ കാനിൽ നിന്നൊരിറക്ക് കുടിച്ച് വളരെ സ്വാഭാവികമായി പറഞ്ഞു.
എന്നിട്ട് പെട്ടെന്ന് എന്തോ ഓർത്തതുപോലെ അയാൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കി ഒരു നെടുവീർപ്പിട്ടു. ” നീ ഒരു പുതിയ ജീവിതം തുടങ്ങാൻ പോവുകയല്ലേ.
നീ കല്യാണത്തിന് പോകുന്നതിന് മുൻപ് കാനഡയിലെ എൻ്റെ എക്സ്പീരിയൻസ് ഒരു ബ്രദർ എന്ന നിലയിൽ നിന്നോട് പറയണമെന്ന് ഞാൻ കരുതുന്നു…”
ഷാഹിദ് ഒന്നു മൂളുക മാത്രം ചെയ്തു, വളരെ ശ്രദ്ധ പൂർവം കേട്ട് കൊണ്ടിരുന്നു.
“രണ്ടുവർഷം മുൻപ് ഇതേ ഫ്ലാറ്റിൽ ആരാണ് താമസിച്ചിരുന്നതെന്ന് നിനക്കറിയാമോ?”
ഷാഹിദ് ആകാംക്ഷയോടെ ഇല്ലെന്ന് തലയാട്ടി.
“സന്ദീപ് മേനോൻ. ഡേവിഡിന് മുൻപ് എന്റെ ഓപ്പറേഷൻസ് ഹെഡ് ആയിരുന്നു അവൻ,” രോഹിത് അകലെയുള്ള ആകാശത്തേക്ക് നോക്കി ശാന്തമായി പറഞ്ഞുതുടങ്ങി.
