വീട്ടിലെത്തിയ അന്ന് മുതൽ ശരിക്കും ഒരു ഉത്സവലഹരിയായിരുന്നു. മുറ്റത്ത് വലിയ പന്തലിടുന്ന പണിക്കാർ, ഉമ്മയുടെയും അമ്മായിമാരുടെയും നേതൃത്വത്തിൽ അടുക്കളയിൽ എന്തൊക്കെയോ പണികൾ , കല്യാണക്കുറി കൊടുക്കാൻ ബാക്കിയിരിക്കുന്ന സ്ഥലങ്ങളിലേക്കുള്ള ഓട്ടം—ആകെ ബഹളമയം.
കല്യാണത്തിന് തൊട്ടു മുന്നേ എത്തുന്നത് കാരണം ഷാഹിദിനും നല്ല തിരക്കായിരുന്നു.
നിശ്ചയം കഴിഞ്ഞ് ആറുമാസമായി പരസ്പരം ഫോണിലൂടെ മാത്രം കണ്ടിരുന്നെങ്കിലും, നിക്കാഹിന് ഇനി ദിവസങ്ങൾ മാത്രമുള്ളതുകൊണ്ട് കല്യാണത്തിന് മുൻപ്
ചെറുക്കനും പെണ്ണും നേരിട്ട് കാണാൻ പാടില്ലെന്ന് ഉമ്മയും ബന്ധുക്കളും കർശനമായ വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ കാനഡയിൽ നിന്ന് വന്നിറങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും തന്റെ പൊന്നുവിനെ ഒന്ന് നേരിൽ കാണാൻ കഴിയാത്തതിന്റെ അക്ഷമ ഷാഹിദിനെയും, അതിലേറെ ജസ്നയെയും വല്ലാതെ വലയ്ക്കുന്നുണ്ടായിരുന്നു.
ഒടുവിൽ നിക്കാഹിന് കൃത്യം രണ്ട് ദിവസം മുൻപുള്ള വ്യാഴാഴ്ച ഉച്ചയ്ക്ക് ആ അവസരം ഒത്തുവന്നു. നാട്ടുനടപ്പനുസരിച്ച് കല്യാണപ്പെണ്ണിനുള്ള ഡ്രെസ്സും സ്വർണ്ണാഭരണങ്ങളും ചെറുക്കന്റെ വീട്ടുകാർ പെണ്ണിന്റെ വീട്ടിൽ നേരിട്ട് കൊണ്ടുപോയി കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു.
സാധാരണ ചെറുക്കൻ അതിന് പോകാറില്ലെങ്കിലും, ആവശ്യത്തിന് വണ്ടി ഓടിക്കാൻ ആളില്ലെന്ന കാരണത്താൽ ഉപ്പയുടെയും മൂത്താപ്പയുടെയും അമ്മായിമാരുടെയും ബാക്കി കുടുംബക്കാരുടെയും കൂടെ ഒരു വണ്ടി ഡ്രൈവ് ചെയ്തു ഷാഹിദും മഞ്ചേരിയിലെ ജസ്നയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
ജസ്നയുടെ വീടിന്റെ മുറ്റത്തും വലിയ പന്തലുയർന്നു കഴിഞ്ഞിരുന്നു. മുറ്റത്ത് പന്തൽ എല്ലാം ഇട്ടത് കാരണം കാർ കുറച്ചു മാറി ആണ് ഇട്ടിരുന്നത്.
ഷാഹിദിനോട് അവിടെ ഇരിക്കാൻ പറഞ്ഞു ബാക്കി എല്ലാവരും കൂടെ അവരുടെ വീട്ടിലോട്ടു കടന്നു ചെന്നു. അവളുടെ ബാപ്പയും ആങ്ങളമാരും ഓടിവന്ന് അവരെ സ്വീകരിച്ചു.
അമ്മായിമാരും സ്ത്രീകളും പുടവപ്പെട്ടികളുമായി അകത്തേക്ക് കയറിയപ്പോൾ, ഷാഹിദിന്റെ ഉപ്പയും ജസ്നയുടെ ബാപ്പയും മറ്റ് കാരണവന്മാരും വീടിൻ്റെ പുറത്ത് ഇടതു ഭാഗത്തായി കാർ പോർച്ചിൻ്റെ അപ്പുറത്തെ ഭാഗത്ത് പന്തലിൽ വെച്ചിരുന്ന കസേരകളിൽ ഇരുന്നു അടുത്ത ദിവസങ്ങളിലെ ചടങ്ങുകളെക്കുറിച്ചും കല്യാണസദ്യയുടെയും ബിരിയാണിയുടെയും കണക്കുകളെക്കുറിച്ചും ഗൗരവമായ ചർച്ചയിലായി.
ഷാഹിദ് കാറിൽ ഇരുന്നു കൊണ്ട് ജസ്നക്ക് മെസ്സേജ് അയച്ചു.. “പൊന്നു, നീ എവിടെ? ഞാൻ ഇവിടെ നിൻ്റെ ഗേറ്റിന് പുറത്ത് കാറിലിരിക്കുന്നു.
എന്നോട് അകത്തോട്ടു കയറേണ്ട എന്ന് ഉപ്പ
പറഞ്ഞത് കാരണം ഇവിടെ ഇരിക്കുകയാണ്.”
കുറച്ചു സമയം ഷാഹിദ് കാത്തിരുന്നെങ്കിലും, തിരിച്ചു മറുപടി ഒന്നും വന്നില്ല. അതെ സമയം പൊന്നു താഴെ ഷാഹിദിൻ്റെ വീട്ടുകാര് കൊണ്ട് വന്നു കൊടുത്ത കല്യാണത്തിന് ഉടുക്കാൻ ഉള്ള ഡ്രസ്സുകളും മറ്റും വാങ്ങി വെച്ച് അവരുടെ കൂടെ സംസാരിച്ചു നിൽക്കുകയായിരുന്നു.
ഫോൺ കയ്യിൽ തന്നെ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഉള്ളത് കാരണം അവള് മെസ്സേജ് നോക്കുന്നു ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് അവള് ഷാഹിദിൻ്റെ മെസ്സേജ് കണ്ടത്.
അത് കണ്ടപ്പോൾ തന്നെ അവൾക്ക് നാളത്തേക്കുള്ള കുറച്ചു കാര്യങ്ങൾ ഒരുക്കാൻ ഉണ്ട് എന്ന് പറഞ്ഞു അവൾ മെല്ലെ മുകളിലത്തെ അവളുടെ റൂമിലോട്ട് വലിഞ്ഞു.
റൂമിലെത്തിയ ഉടനെ അവന് മെസ്സേജ് ഇട്ട്.”നീ ഉമ്മറത്ത് വന്നിരുന്നിട്ട് എനിക്കെന്താ കാര്യം? കഴിഞ്ഞ 6 മാസം ഞാൻ കാത്തിരുന്നത് പോര? എനിക്കിപ്പോ നിന്നെ കാണണം നീ ഇങ്ങോട്ട് വാ..”
“അങ്ങോട്ട് വരാനോ? ഞാനോ? ഇപ്പോളോ? എടി, അത് പണി ആവും. അവിടെ എല്ലാരും ഉള്ളതല്ലേ.”
“വീട്ടിൽ നിറയെ ആളുകൾ ആണ്.. നീ മെല്ലെ ഇങ്ങോട്ട് കയറി വന്നാലും ആരും അറിയില്ല. ഞാൻ നിന്നെ കാണാൻ വേണ്ടി മുകളിലോട്ട് വന്നു എന്റെ റൂമിൽ ഒറ്റയ്ക്കിരിക്കുവാ…
താഴെ ആരും ശ്രദ്ധിക്കുന്നില്ല, നീ വേഗം മുകളിലേക്ക് വാ ഡാ” ഒരു പേടിയുമില്ലാതെ പൊന്നു വാശിപിടിച്ചു. അവൾ അവളുടെ മുകളിലെ റൂമിലോട്ട് ഉള്ള വഴിയും അവന് പറഞ്ഞു കൊടുത്തു.
