തന്റെ ഫയലുകളും ലാപ്ടോപ്പുമായി കാർഡ്ബോർഡ് ബോക്സുമെടുത്ത് താഴത്തെ നിലയിൽ നിന്ന് യാത്ര പറയുമ്പോൾ സഹപ്രവർത്തകരുടെ കണ്ണുകളിലെ ആശ്ചര്യം ഷാഹിദ് നന്നായി ആസ്വദിച്ചു.
പ്രത്യേകിച്ചും മാർക്കിന്റെ അടുത്തുചെന്ന് കൈകൊടുത്തപ്പോൾ, അവന്റെ മുഖത്തുണ്ടായിരുന്ന ഭാവം ഷാഹിദിന്റെ ഈഗോയെ വാനോളം ഉയർത്തി.
“Moving straight to the top floor, huh? Man, you’re unstoppable! First a model-like fiancée back home, and now the CEO’s right-hand man!”
(നേരെ മുകളിലത്തെ നിലയിലേക്കാണല്ലേ? എടാ, നിന്നെ പിടിച്ചാൽ കിട്ടില്ലല്ലോ! ആദ്യം നാട്ടിലൊരു മോഡലിനെപ്പോലുള്ള പ്രതിശ്രുത വധു, ഇപ്പോഴിതാ സി.ഇ.ഒയുടെ വലംകൈയും!). മാർക്ക് അസൂയയും ആരാധനയും കലർന്ന ചിരിയോടെ ഷാഹിദിന്റെ തോളിൽ തട്ടി പറഞ്ഞു.
ആ വാക്കുകൾ കേട്ടപ്പോൾ ഷാഹിദിന്റെ നെഞ്ച് അഭിമാനം കൊണ്ട് വിങ്ങി.
ഒരാഴ്ച മുൻപ് വരെ തന്റെ സീനിയറായിരുന്ന ഒരു കനേഡിയൻ സായിപ്പ് ഇപ്പോൾ തന്നെ ആരാധനയോടെ നോക്കിനിൽക്കുന്നു! തനിക്ക് ഈ സൗഭാഗ്യങ്ങളെല്ലാം ഒറ്റയടിക്ക് വാരിക്കോരിത്തന്ന രോഹിത് സാറിനോടുള്ള അവന്റെ കടപ്പാട് ഇരട്ടിച്ചു.
ഡേവിഡ് സർജറി കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെയുള്ള അടുത്ത മൂന്നാഴ്ചക്കാലം ഷാഹിദിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. ഒരു സാധാരണ ബോസും ജീവനക്കാരനും തമ്മിലുള്ള ഔദ്യോഗിക ബന്ധമായിരുന്നില്ല ആ ദിവസങ്ങളിൽ രോഹിത്തും ഷാഹിദും തമ്മിൽ വളർന്നുവന്നത്.
വളരെ സ്വാഭാവികമായി, ഒരു സഹോദരൻ്റെയും, വഴികാട്ടിയുടെയും സ്ഥാനത്തേക്ക് രോഹിത് സ്വയം ഇറങ്ങിവരികയായിരുന്നു.
ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഷാഹിദിന് രോഹിത്തിന്റെ ക്യാബിനിലേക്ക് കയറുമ്പോൾ ചെറിയൊരു വിറയലുണ്ടായിരുന്നു. എന്നാൽ രോഹിത് അവനോട് പെരുമാറിയ രീതി അവന്റെ ഉള്ളിലെ ആ
ഭയത്തെ പൂർണ്ണമായും ഇല്ലാതാക്കി.
ഓഫീസിൽ മറ്റ് കനേഡിയൻ സ്റ്റാഫുകൾ ഉള്ളപ്പോൾ വളരെ കണിശമായ പ്രൊഫഷണൽ ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്ന രോഹിത്, ക്യാബിന്റെ ഗ്ലാസ്സ് വാതിൽ അടഞ്ഞ് അവർ രണ്ടുപേരും മാത്രമാകുമ്പോൾ തനി നാടൻ മലയാളത്തിലേക്ക് മാറും.
വെറും ഫയലുകൾ നോക്കി ഒപ്പിടുന്നതിനപ്പുറം, കാനഡയിലെ ബിസിനസ്സ് ലോകത്ത് എങ്ങനെ തലയുയർത്തി നിൽക്കണമെന്ന് രോഹിത് അവന് ഓരോ ചെറിയ കാര്യങ്ങളിലൂടെയും പറഞ്ഞുകൊടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു ട്രക്കിംഗ് കമ്പനിയുടെ മാനേജരുമായി ഫോണിൽ സംസാരിക്കുമ്പോൾ ഷാഹിദ് തുടർച്ചയായി “Sorry sir, please sir” എന്ന് പറഞ്ഞ് പതറുന്നത് രോഹിത് ശ്രദ്ധിച്ചു.
ഫോൺ വെച്ച ഉടനെ രോഹിത് അവനെ അടുത്തേക്ക് വിളിച്ചു.
“ഷാഹിദേ, നീയെന്തിനാണ് അവന്മാരോട് സംസാരിക്കുമ്പോൾ ഇങ്ങനെ കെഞ്ചുന്ന ടോണിൽ സംസാരിക്കുന്നത്? നമ്മൾ പണം കൊടുക്കുന്ന ക്ലയന്റാണ്, അവൻ നമ്മുടെ വെണ്ടറും. നാട്ടിൽ നിന്ന് വരുന്ന മിക്ക മലയാളി പയ്യന്മാരുടെയും കുഴപ്പമിതാണ്—വെള്ളക്കാരെ കാണുമ്പോൾ അറിയാതെ ഒരു ഭയവും വിധേയത്വവും വരും.
നീ എന്റെ ഓഫീസിലെ എക്സിക്യൂട്ടീവ് ഓഫീസറാണ്. നാളെ മുതൽ ആരൊക്കെ മുന്നിൽ നിന്നാലും നട്ടെല്ല് നിവർത്തി, കണ്ണിൽ നോക്കി സംസാരിക്കണം. നമ്മൾ ആരെയും പേടിക്കേണ്ട കാര്യമില്ല.
ഒരു ധൈര്യം നിന്റെ ശബ്ദത്തിൽ എപ്പോഴും ഉണ്ടാകണം.”
ഒരു അധ്യാപകനെപ്പോലെ, അതിലുപരി സ്വന്തം അനുജനെ വളർത്തിയെടുക്കുന്ന ഒരു ജ്യേഷ്ഠനെപ്പോലെ രോഹിത് പറഞ്ഞ ആ വാക്കുകൾ ഷാഹിദിന്റെ ഉള്ളിൽ വലിയൊരു ആത്മവിശ്വാസമാണ് നിറച്ചത്.
പെട്രോൾ പമ്പിൽ രാത്രി ഷിഫ്റ്റിൽ കഞ്ചാവും അടിച്ചു വരുന്ന കസ്റ്റമേഴ്സിന്റെ കൂടെ ഇടയ്ക്കെങ്കിലും വഴക്ക് കേട്ട് കേട്ട് തലകുനിച്ച് ശീലിച്ച ഷാഹിദിന്, ആദ്യമായിട്ടാണ് തന്നെ ഇങ്ങനെ ചേർത്തുപിടിച്ച് ശക്തി പകരുന്ന
ഒരാളെ കാനഡയിൽ കിട്ടുന്നത്.
എന്നാൽ അവനെ രോഹിതിനോട് മാനസികമായി ഏറ്റവും കൂടുതൽ അടുപ്പിച്ച ആ സംഭവം നടന്നത് ആദ്യത്തെ ആഴ്ചയിലെ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു.
അന്ന് ഉച്ചകഴിഞ്ഞ് അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് Windsor-Detroit അതിർത്തി വഴി ആർ.കെ ഗ്രൂപ്പിന്റെ മിസ്സിസാഗ വെയർഹൗസിലേക്ക് വരേണ്ടിയിരുന്ന മൂന്ന് വലിയ റീഫർ കണ്ടെയ്നർ ട്രക്കുകൾ കനേഡിയൻ കസ്റ്റംസ് പരിശോധനയ്ക്കായി Ambassador ബോർഡർ ബ്രിഡ്ജിൽ തടഞ്ഞുവെച്ചു.
