എന്റെ കരച്ചില്‍ എനിക്ക് നിർത്താൻ കഴിഞ്ഞില്ല….. എന്റെ തലയും നെഞ്ചും വേദനിച്ചു തുടങ്ങി….
ആര്‍ക്കും വേണ്ടാത്ത വെറും പാഴായ വസ്തുവാണ് ഞാൻ….. മറ്റുള്ളവരെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, എന്റെ അച്ഛന് അമ്മ അവരെ പോലും ഞാൻ കുറ്റം പറയില്ല — എല്ലാറ്റിനും ഞാൻ തന്നെയാ കാരണം, ഞാൻ കാരണം തന്നെയാ എല്ലാവരും എന്നെ വെറുത്തത്……
എന്റെ മേല്‍ ഒരിക്കലും വെറുപ്പ് തോന്നാത്ത ഇസയെ കൊണ്ട് പോലും ഞാൻ വെറുപ്പിച്ചിരിക്കുന്നു. എന്റെ വേദനയും കരച്ചിലും കൂടി.
പെട്ടന്ന് എന്റെ ചുമലില്‍ ആരോ പിടിച്ചു…. ആ സ്പര്‍ശനം എനിക്ക് അറിയാം — അത് ഇസയാണ്. ആ സ്പര്‍ശനത്തിലൂടെ പോലും ഇസയുടെ മനസ്സ് എനിക്ക് അറിയാൻ കഴിയും…… അത് സ്നേഹ സ്പര്‍ശനം ആണ്…… ഇസ എന്നെ കുറ്റപ്പെടുത്താന്‍ അല്ല വന്നത്, സാന്ത്വനം ഏകനാണ് വന്നത് — എന്നില്‍ നിന്നും സാന്ത്വനം സ്വീകരിക്കാനും കൂടിയാണ് എന്റെ ഇസ വന്നത്.
പക്ഷേ അവളെ അഭിമുഖീകരിക്കാന്‍ ഉള്ള ദൈര്യം എനിക്ക് ഇല്ലായിരുന്നു…. എന്റെ കരച്ചില്‍ അടക്കി പിടിച്ചു കൊണ്ട് ഞാൻ അനങ്ങാതെ കമിഴ്ന്ന് കിടന്നു.
“ചേട്ടാ…!!” ഇസ വിളിച്ചു. അവളുടെ കരച്ചില്‍ അവള്‍ അടക്കി പിടിക്കുന്നത് ആ ശബ്ദത്തില്‍ നിന്ന് മനസ്സിലായി.
എന്റെ ഹൃദയം വിങ്ങി, പക്ഷേ ഞാൻ അനങ്ങിയില്ല.
“എന്നെ നോക്ക് ചേട്ടാ….., എനിക്ക് ചേട്ടനോട് ഒരു ദേഷ്യവും ഇല്ല…..” ഇപ്പോൾ അവളും കരഞ്ഞു.
ഇസ കരയുന്നത് എനിക്ക് ഇഷ്ടമല്ല.
കണ്ണ് തുടച്ചുകൊണ്ട് ഞാൻ മെല്ലെ എഴുന്നേറ്റ് കാല് തറയില്‍ കുത്തി കൊണ്ട് ബെഡ്ഡിൽ ഇരുന്നു.
ഉടനെ ഇസ എന്റെ മടിയില്‍ ഒരു വശത്തായി തിരിഞ്ഞ് ഇരുന്നിട്ട്, ഒരു കൈ എന്റെ കഴുത്തിലും ഇനിയൊരു കൈ എന്റെ കക്ഷത്തിന് അടിയിലൂടെയും കടത്തി എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു.
അവളെ ഞാൻ എന്റെ രണ്ട് കൈ കൊണ്ടും വട്ടം ചുറ്റിപ്പിടിച്ച് എന്നോട് ഞാൻ ചേര്‍ത്തു പിടിച്ചു.
“ഇസ കരയരുത്….. എല്ലാം എന്റെ തെറ്റാണ്….. എന്നെ സ്നേഹിക്കുന്ന ഓരോരുത്തരെയായി ഞാനായിട്ട് നഷ്ടപ്പെടുത്തുന്നു…… ഞാൻ സ്വാര്‍ത്ഥനാണ്…… എന്റെ സന്തോഷം മാത്രം വലുതെന്നു കരുതുന്ന സ്വാര്‍ത്ഥൻ….”
“ഞാൻ ചേട്ടനെ അതുപോലെ അടിച്ചത് തെറ്റല്ലേ…. ചേട്ടന്റെ മുഖത്തും കഴുത്തിലും ഇത്ര ക്രൂരമായി തല്ലിയെന്ന് പിന്നീട് ചേട്ടനെ കണ്ടപ്പോ മാത്രമാ മനസ്സിലായത്. ആ വേദന എനിക്ക് മനസ്സിലാക്കാൻ കഴിയും. ചേട്ടനോട് ഞാൻ പിണങ്ങിയ അന്ന് തൊട്ട് ഓരോ നിമിഷവും ചേട്ടൻ മാനസികമായും ശാരീരികമായും തകരുന്നത് മാത്രമാണ് ഞാൻ കണ്ടത്….. ഇനിയും അത് കാണാന്‍ എനിക്ക് കഴിയില്ല…..” ഇസ എന്നെ കൂടുതൽ മുറുക്കി പിടിച്ചുകൊണ്ട് തേങ്ങലോടെ പറഞ്ഞു.
കുറച്ച് നേരം ഞങ്ങൾ മിണ്ടാതെ ഇരുന്നു. ഇസ ഇങ്ങനെ എന്റെ മടിയില്‍ ഇരിക്കുന്നത് എനിക്ക് വല്യ ഇഷ്ടമാണ്….
ഞങ്ങൾ രണ്ട് പേരും കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങളുടെ മനസില്‍ എന്താണെന്ന് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം…. അവള്‍ എന്നെ തൊട്ട സമയം അവളുടെ മനസ്സ് ഞാൻ മനസ്സിലാക്കിയ പോലെ ഇസ അതിനേക്കാള്‍ കൂടുതൽ എന്നെ മനസ്സിലാക്കും. അതുകൊണ്ട് വാക്കുകളിലൂടെ സംസാരിക്കാതെ ഞങ്ങളുടെ പരസ്പര സ്പര്‍ശനത്തിലൂടെ ഞങ്ങൾ സംസാരിച്ചു.
ഞങ്ങളുടെ കുഞ്ഞ് കാലം തൊട്ടേ ഇസക്ക് ഭയം തോന്നുമ്പോള്‍, സങ്കടം തോന്നുമ്പോള്‍, സുരക്ഷ ഇല്ലാത്ത പോലെ തോന്നുമ്പോളെല്ലാം ഇസ എന്റെ അടുത്തേക്കാണ് ഓടി വരുന്നത്……. എന്നിട്ട് ഇതുപോലെ എന്റെ മടിയില്‍ എന്നെ കെട്ടിപിടിച്ചു കൊണ്ട് ഇരിക്കുന്നത് പതിവാണ്.
കുഞ്ഞി കുരങ്ങന്‍ എന്ന് പറഞ്ഞ് അവളെ ഞാൻ കളിയാക്കും. അത് കേൾക്കുമ്പോൾ ഇസ പൊട്ടിച്ചിരിക്കും.
ചില നേരത്ത് ആന്റി പോലും അവളെ കളിയാക്കും. അപ്പോ എന്റെ മടിയില്‍ ഇരുന്നുകൊണ്ട് ഇസ കൊഞ്ഞനം കുത്തി കാണിക്കും.
ഒരുപാട് സമയം കഴിഞ്ഞ് ഇസ എന്നെ വിളിച്ചു, “ചേട്ടാ…!”
ഞാൻ മൂളി.
“ഒരു നേരം കഴിച്ചില്ലെങ്കില്‍ പോലും — ഞാൻ ഇപ്പൊ ബോധം കെട്ട് വീഴും, ഞാൻ ഇപ്പൊ ചത്ത് പോകും എന്നൊക്കെ അല്ലേ പറയാറ്……, ഇപ്പൊ രണ്ട് ദിവസം തുടർന്ന് ചേട്ടൻ ഒന്നും കഴിച്ചില്ല, അതിന് മുമ്പും ഞാൻ പിണങ്ങിയത് തൊട്ടെ നിങ്ങൾ നേരാംവണ്ണം ഒന്നും കഴിച്ചില്ല — പക്ഷേ ഇതുവരെ ചേട്ടന്റെ ബോധം പോയില്ലല്ലോ….”
