ഇസ ഇപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു. അവളുടെ കവിളിൽ എന്റെ ചുണ്ട് ഞാൻ അമര്‍ത്തി. എന്നിട്ട് മെല്ലെ ശബ്ദം ഉണ്ടാക്കാതെ നടന്ന് പുറത്ത് വന്നു.
ഞാൻ നേരെ കിച്ചനിൽ പോയി.
“നാളെ പള്ളീൽ വരുമോ ഡേവി….?” ആന്റി ചോദിച്ചു.
“അടുത്ത ആഴ്—” ആന്റി തുറിച്ച് നോക്കിയതും ബാക്കി ഞാൻ പറയാതെ വിഴുങ്ങി.
എന്നിട്ട് ഒറ്റ ഓട്ടം… പുറത്തേക്ക്.
“ഡാ…. ഇവിടെ തിരിച്ച് വാടാ……!!” ആന്റി ഉറക്കെ വിളിച്ചു.
“എനിക്ക് ടൗനിൽ കുറച്ച് ജോലി ഉണ്ട്….” ഞാൻ വിളിച്ച് കൂവി
“പള്ളി എന്ന് ഞാൻ പറഞ്ഞതും ചെകുത്താനെ പോലെ എപ്പോഴും നി ഓടി രക്ഷപ്പെട്…..! ഒരു ദിവസം നിന്നെ ഞാൻ കെട്ടി വലിച്ചുകൊണ്ട് പോകും…., നോക്കിക്കോ….” ആന്റി ചിരിച്ചുകൊണ്ട് പറയുന്നത് ഞാൻ കേട്ടു.
ഞാൻ ബൈക്കും എടുത്തുകൊണ്ട് അവിടെനിന്ന് രക്ഷപെട്ടു.
രാത്രി പത്ത് മണി കഴിഞ്ഞാണ് ഞാൻ വീട്ടില്‍ വന്നത്.
എന്റെ കൈയിലുള്ള താക്കോൽ കൊണ്ട് വീട് തുറന്ന് അകത്ത് കേറി. ആരും ഹാളില്‍ ഇല്ല.
എന്റെ നോട്ടം ആദ്യം പോയത് ഇസയുടെ മുറിയിലേക്ക് ആണ്. കതകു ചാരി കിടന്നു. ഞാൻ പോയി ശബ്ദം ഉണ്ടാക്കാതെ എത്തി നോക്കി.
ഇസ ഇപ്പൊ വേറെ ഡ്രസ് ഇട്ടിരിക്കുന്നു. പക്ഷേ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നു.
കിച്ചനിൽ പോയി ഫുഡ് കഴിച്ചിട്ട് ഞാൻ എന്റെ റൂമിൽ പോയി കിടന്നതും ഞാൻ ഉറങ്ങി പോയി.
രാവിലെ അഞ്ച് മണിക്ക് ഓടാന്‍ പോയി ആറ് മണിക്കെ തിരിച്ച് വന്നു. കാരണം എല്ലാ ആഴ്ചയും ഇസയെ ഞാനാണ് പള്ളിയില്‍ കൊണ്ട് വിടുന്നത്.
എന്റെ പതിനാലാം വയസ്സിലാണ് ബൈക്ക് എടുത്തത്….. പക്ഷേ അതിന് മുമ്പ് പോലും ഞാൻ തന്നെ അവള്‍ക്ക് കൂട്ട ചെല്ലണം എന്ന് ഇസ വാശി പിടിച്ചിരുന്നു.
അതുകൊണ്ട് എല്ലാ ഞായറാഴ്ചയും ഞാനും ഇസയും ഒരുമിച്ച് നടന്ന് പള്ളിയില്‍ പോകും. അവളെ പള്ളിയില്‍ വിട്ടിട്ട് ഞാൻ പിന്നെയും നടന്ന് തിരികെ വീട്ടില്‍ വരും.
പള്ളി കഴിഞ്ഞാല്‍ ഇസ എപ്പോഴും സൂസന്‍ ആന്റിട മോള് ഷിജി യുമായി തിരിച്ച് വരും.
പള്ളിയില്‍ പോകുമ്പോൾ മാത്രം എന്തുകൊണ്ട് ഞാൻ കൊണ്ട് വിടണം എന്ന് ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല.
കുഞ്ഞ് കാലത്ത് അന്നൊക്കെ ഞായറാഴ്ച ദിവസങ്ങളില്‍ ഷിജി ഇസയെ തിരക്കി വരുമായിരുന്നു…. പക്ഷേ അവള്‍ പോവില്ല. ഞാൻ തന്നെ കൊണ്ട് വിടണം.
ബൈക്ക് വന്ന ശേഷവും ഞാൻ തന്നെ അവളെ പള്ളിയില്‍ കൊണ്ട് വിട്ടിരുന്നത്.
എന്റെ റൂമിൽ തന്നെ ഞാൻ വ്യായാമം ചെയ്തിട്ട് ഞാൻ വേഗം കുളിച്ചു.
സമയം ആറ് അമ്പത് ആയി.
ഞാൻ വേഗം താഴേ വരുമ്പോൾ ആന്റി വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് ഞാൻ കണ്ടു.
“ഇസ ഇതുവരെ റെഡി ആയില്ലേ ആന്റി….?” സ്റ്റെപ്പിൽ നിന്നുകൊണ്ട് ഞാൻ ചോദിച്ചു.
ആന്റി ചെറിയൊരു വിഷമത്തോടെ എന്നെ നോക്കി. “അവളും ഷിജി യും കുറച്ച് മുമ്പ് ഒരുമിച്ച് പോയി…”
എനിക്ക് വല്ലാത്ത സങ്കടം തോന്നി.
ആന്റിയെ നോക്കി ഞാൻ പുഞ്ചിരിച്ചു.
“അതാണ് നല്ലത്, അവളുടെ പ്രായക്കാരായ പെണ്‍ കുട്ടികളോട് നടന്ന് ശീലിക്കുക തന്നെ വേണം… എനിക്ക് ഒരു ജോലി എന്തായാലും കുറഞ്ഞ് കിട്ടി.” അത്രയും പറഞ്ഞിട്ട് ഞാൻ മുകളില്‍ കേറി പോയി.
വീട്ടില്‍ ഇരിക്കാൻ പിടിക്കാതെ ഞാൻ പുറത്ത് പോയി. മല തന്നെയാണ് ലക്ഷ്യം.
വൈകുന്നത് വരെ ഞാൻ അവിടേ ഇരുന്നു. അതിനിടക്ക് ആന്റി പലവട്ടം വിളിച്ചിരുന്നു. എന്തെങ്കിലും കള്ളം പറഞ്ഞിട്ട് ഞാൻ വെക്കും.
നാളെ ക്ലാസ് ഉണ്ടെന്ന് എന്റെ ഒരു കോളേജ് ഫ്രണ്ട് ഉച്ച കഴിഞ്ഞ് വിളിച്ച് പറഞ്ഞിരുന്നു . നാളെ കോളേജില്‍ പോണം…. പക്ഷേ വീട്ടില്‍ പോകാൻ മനസ്സ് വന്നില്ല.
രാത്രി പത്ത് കഴിഞ്ഞിട്ടും ഞാൻ അവിടേ തന്നെ ഇരുന്നു.
ആന്റി കോള് ചെയ്തു.
“മര്യാദയ്ക്ക് നി വീട്ടില്‍ വരാൻ നോക്ക് ഡേവി….” ആന്റി ദേഷ്യത്തില്‍ പറഞ്ഞിട്ട് കോള് കട്ടാക്കി.
ഞാൻ വീട്ടില്‍ വന്നു. ഹാളിലെ സോഫയിൽ ഇരുന്നിട്ട് തലയ്ക്ക് കൈയും കൊടുത്ത് കൊണ്ട് ഇരിക്കുന്ന ആന്റിയെയാണ് ഞാൻ കണ്ടത്.
എന്നെ കണ്ടതും ആന്റി നേരെ ഇരുന്നു. ആന്റി എന്നോട് എന്തെങ്കിലും ചോദിക്കുമെന്നു ഞാൻ കരുതി.
