“സൂസി…” പെട്ടന്ന് അങ്കിള്‍ അസ്വസ്ഥനായി ആന്റിയുടെ കൈ പിടിച്ചതും ആന്റിക്ക് അപ്പോഴാണ് ബോധം വന്നത് പോലെ വേഗം സംസാരം നിര്‍ത്തി എല്ലാവരെയും മിഴിച്ചു നോക്കി.
ആന്റി പറഞ്ഞതൊക്കെ കേട്ട് എന്റെ അമ്മയും അച്ഛനും ഞാനും വരെ വിറച്ചു പോയി. ചേട്ടനെ കുറിച്ച് ഇങ്ങനെയൊക്കെ കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് പോലും അറിയില്ലായിരുന്നു. പുതിയതായിട്ടാണ് ഞങ്ങൾ ഇതൊക്കെ അറിയുന്നത്.
ഞാൻ മിനിയും മറ്റുള്ളവരെയും നോക്കി. അവർ എട്ടുപേരും നല്ലത് പോലെ പേടിച്ച് വിറച്ചു പോയിരുന്നു. അവരുടെ മുഖങ്ങളില്‍ ഒരു തുള്ളി രക്തം പോലുമില്ലാത്ത വറ്റി വിളറി വെളുത്ത് പോയിരുന്നു.
അന്നേരമാണ് ഇവിടെ നടന്നത് ഒന്നുമറിയാത്ത ചേട്ടൻ കൂളായി ഹാളിലേക്ക് കേറി വന്നത്. ചേട്ടന്റെ വണ്ടി വന്ന ശബ്ദം പോലും ഞങ്ങൾ കേട്ടില്ല എന്നതിൽ ആശ്ചര്യം തോന്നി.
പതിമൂന്ന് ജോഡി കണ്ണുകളും ചേട്ടന്റെ മേല്‍ പതിഞ്ഞു. ആ കണ്ണുകളില്‍ ഒക്കെ ആശ്ചര്യവും, ഭയവും, ബഹുമാനവും, ആരാധനയും, സ്നേഹവും, അഹങ്കാരവും, അസൂയയും എല്ലാം ഉണ്ടായിരുന്നു.
ചേട്ടന്റെ കണ്ണുകൾ ഞങ്ങൾ എല്ലാവരെയും സൂക്ഷ്മമായി നിരീക്ഷിച്ചു. എന്തോ പന്തികേട് ഉണ്ടെന്ന് മനസിലായത് പോലെ ചേട്ടൻ മുഖം ചുളിച്ചു. പക്ഷേ ഒന്നും മനസിലാവാതെ ചേട്ടൻ തല ചൊറിഞ്ഞതും എന്നെയും മറന്ന് ഞാൻ ചിരിച്ചു.
എന്റെ ചിരിയാണ് ആ അന്തരീക്ഷത്തെ മാറ്റിയത്. പെട്ടന്ന് എല്ലാം മുഖങ്ങളിലും പുഞ്ചിരി വിടര്‍ന്നു വന്നത് ഞാൻ കണ്ടു. കൂടാതെ ഞാൻ ചിരിക്കുന്നത് കണ്ട് ഒന്നും മനസ്സിലാവാതെ ചേട്ടൻ മിഴിച്ചു നില്‍ക്കുന്നത് കണ്ട് മറ്റുള്ളവരും ചിരിച്ചു.
ഒടുവില്‍ അന്തരീക്ഷം പോലും നോർമലായി. ഞങ്ങളുടെ മൂഡ് എല്ലാം പഴയ പോലെയായി.
അപ്പോഴാണ് എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചത്.
ചേട്ടൻ ഒരു ടൈറ്റ് ടീ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് കണ്ട് എല്ലാവരും അന്തം വിട്ടു…!!!
കുന്നൂറിൽ വച്ച് ഞാൻ ചേട്ടന് വാങ്ങിച്ചു കൊടുത്ത ടീ ഷര്‍ട്ട് ആണെന്ന് കണ്ട് എനിക്ക് സന്തോഷം ഉള്ളില്‍ നിറഞ്ഞു. എനിക്ക് തുള്ളിച്ചാടാൻ തോന്നി.
“എന്റെ ബ്രോ… ഇപ്പോഴാണ് നിനക്ക് ശരിക്കുള്ള ഡ്രസ്സിങ് സെന്‍സ് ഉണ്ടായത്.” ഫ്രാന്‍സിസ് ചേട്ടൻ തള്ള വിരൽ ഉയർത്തി കാണിച്ച് പറഞ്ഞു.
“ശെരിയാ… ഇങ്ങനത്തെ ടൈറ്റ് ടീ ഷര്‍ട്ടാണ് ഇടേണ്ടത്…” വിടര്‍ന്ന കണ്ണുകളോടെ മിനി പറഞ്ഞു. “അല്ലാതെ എപ്പോഴും ലൂസ് ഷർട്ടും ലൂസ് ടീ ഷര്‍ട്ടുമിട്ട് ഒരു ബോറനായിട്ടല്ല നടക്കേണ്ടത്…”
“ഇപ്പഴാ കിടിലമായത്..” അഭിനവ് ചേട്ടനും പറഞ്ഞു.
“ഹോ, ഇപ്പോഴെങ്കിലും നിനക്ക് വിവരം വച്ചല്ലോ…!!” ആന്റി പറഞ്ഞത് കേട്ട് ഞാൻ ഉള്‍പ്പടെ എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷേ ചേട്ടൻ മാത്രം വായും പൊളിച്ചാണ് നിന്നത്.
“വല്യമ്മേ….!!” അവസാനം ആന്റി ചേട്ടനെ ഒറ്റി കൊടുത്തത് പോലെയാണ് ചേട്ടൻ അലറിയത്.
അത് കേട്ട് എല്ലാവരുടെയും പൊട്ടിച്ചിരി കൂടുകയാണ് ചെയ്തത്. അന്നേരം ചേട്ടനും ഞങ്ങളുടെ കൂടെ ചിരിക്കാന്‍ തുടങ്ങി.
“ശെരി മതി ചിരിച്ചത്. എല്ലാവരും വരൂ. നമുക്ക് കഴിക്കാം.” എന്റെ അമ്മ പറഞ്ഞതും എല്ലാവരും ചിരി നിർത്തി ഡൈനിംഗ് റൂമിലേക്ക് നടന്നു.
കുറച്ച് ദിവസത്തേക്ക് എന്നെ നേരിട്ട് കാണാന്‍ കഴിയില്ലെന്നത് കാരണം എന്നെ എന്റെ അച്ഛനും അമ്മയും അവരുടെ നടുക്കാണ് പിടിച്ചിരുത്തിയത്.
ചേട്ടൻ ആന്റിയുടെ അടുത്ത് ഇരുന്നു. ഉടനെ ചേട്ടന്റെ അപ്പുറത്ത് മിനി ചെന്ന് ഇരുന്നതും എനിക്ക് സഹിച്ചില്ല. ഞാൻ ദേഷ്യത്തില്‍ ചേട്ടനെ തുറിച്ചു നോക്കി… മിനി അവിടെ ചെന്നിരുന്നത് ചേട്ടന്റെ കുറ്റം ആണെന്ന പോലെ.
എനിക്ക് ചേട്ടനോട് പിണക്കം തോന്നി.. ദേഷ്യം വന്നു.. അസൂയ മനസ്സിൽ നിറഞ്ഞു. എനിക്ക് അലറി വിളിക്കാൻ തോന്നി. മേശ പുറത്ത് വച്ചിരുന്ന ഫുഡ് പാത്രങ്ങള്‍ എടുത്ത് മിനിയുടെ മുഖത്ത് എറിയാൻ തോന്നി. ഒടുവില്‍ ഞാൻ കരയുമെന്ന് തോന്നിയ നിമിഷം എന്റെ അമ്മ എന്റെ തോളില്‍ തൊട്ടു.
