വണ്ടിക്കകത്തുള്ള അന്തരീക്ഷത്തെ പോലും എന്റെ കോപം ബാധിച്ചത് പോലെ ഡാലിയ പെട്ടന്ന് പിടഞ്ഞെഴുനേറ്റ് സീറ്റ് നേരെയാക്കി ഇരുന്നിട്ട് വെപ്രാളം പിടിച്ചെന്നേ നോക്കി.
“എന്തുപറ്റി ചേട്ടാ..? മുഖം എന്താ വല്ലാണ്ടിരിക്കുന്നേ….?” ഡാലിയ അസ്വസ്ഥതയോടെ ചോദിച്ചു.
“യേയ്.. ഒന്നുമില്ല…” പെട്ടന്ന് ദേഷ്യം അടക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ അവളെ നോക്കാതെ പറഞ്ഞു. എന്നിട്ട് വണ്ടി ഞാൻ സ്ലോ ചെയ്തു.
അവൾ എന്തോ പറയാൻ വായ് തുറന്ന സമയം ഞാൻ ഒരു ഹോട്ടലിന് മുന്നില്‍ വണ്ടി നിര്‍ത്തി.
“വാ, ഇവിടത്തെ ഫുഡിന് പ്രത്യേക ടേസ്റ്റാണ്, നമുക്ക് കഴിച്ചിട്ട് പോകാം.” പറഞ്ഞിട്ട് വണ്ടി ഓഫ് ചെയ്ത് ഞാൻ ഇറങ്ങി. അവളും ഇറങ്ങി എന്റെ കൂടെ നടന്നു.
അകത്തു കേറി ഇരുന്നതും ഓർഡർ എടുക്കാന്‍ വന്ന ആളോട് ഇടിയപ്പവും കടല കറിയുമാണ് ഡാലിയ ഞങ്ങൾക്ക് ഓർഡർ ചെയ്തത്.
“ഇടിയപ്പം ഇനിമേതാൻ റെഡി പണ്ണണും, ഒരു 20 മിനിറ്റ് ആകും മേഡം. വെയിറ്റ് പണ്ണ മുടിയുമാ..? ഇല്ല വേറ ഏതാവത്—”
“അതൊന്നും സാരമില്ല, ഞങ്ങൾ വെയിറ്റ് ചെയ്യാം.” ഡാലിയ പറഞ്ഞു.
“ഓക്കെ മേഡം…” ആള്‍ പറഞ്ഞിട്ട് വേഗം പുറത്തേക്ക് പോയി.
അയാള്‍ പോയതും ഡാലിയ ഫോൺ എടുത്ത് വീട്ടില്‍ വിളിച്ചു സംസാരിക്കാന്‍ തുടങ്ങി.
“ഞാൻ ഇപ്പൊ വരാം…” ഡാലിയയോട് പറഞ്ഞിട്ട് ഞാൻ ഹോട്ടലിന് പുറത്ത് വന്നു. എന്നിട്ട് കുറെ കോളുകൾ ചെയ്ത് ഞാൻ ചില അന്വേഷണങ്ങള്‍ നടത്തി ചില ഡീറ്റയിൽസും ഞാൻ ശേഖരിച്ചു. എന്നിട്ട് വേറെ ചിലരെ വിളിച്ച് ആ ഡീറ്റയിൽസ് അവര്‍ക്ക് കൊടുത്തിട്ട് ചില നിര്‍ദേശങ്ങളും കൊടുത്തു.
അത് കഴിഞ്ഞ സമയത്ത് എനിക്ക് മറ്റൊരു കോൾ വന്നു. ടീ ഫാക്ടറി നടത്തുന്ന കാര്യത്തെ കുറിച്ചും, വില്ക്കാന്‍ കിടക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് ടീ ഫാക്ടറികളെ കുറിച്ചും അന്വേഷിക്കാൻ വേണ്ടി ഞാൻ ഏല്‍പ്പിച്ചിരുന്ന എന്റെ ഒരു ടീമാണ് എന്നെ വിളിച്ചത്.
ഫ്രാന്‍സിസും രാഹുലും അഭിനവും അന്‍സാറും ഇടയ്ക്കിടെ എന്നെ ഫോണിലൂടെ വിളിച്ച് ടീ ബിസിനസ്സ് കുറിച്ചും ടീ ഫാക്ടറി നടത്തിയാല്‍ ക്ലിക്ക് ആവുമോ എന്നൊക്കെ അന്വേഷിച്ചത് കൊണ്ട് അവര്‍ക്ക് ആ ബിസിനസ്സ് ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് ഊഹിച്ചാണ് ഞാൻ ഈ അന്വേഷണങ്ങള്‍ ഒക്കെ നടത്താൻ തീരുമാനിച്ചത്. ഒരുപക്ഷേ അവര്‍ക്ക് ആ ബിസിനസ്സ് നടത്താൻ താല്പര്യം ഇല്ലെങ്കില്‍, ടീ ഫാക്ടറി ഞാൻ തുടങ്ങും.
ഉടനെ ഞാൻ ആ കോൾ എടുത്ത് സംസാരിച്ചു. എന്നിട്ട് ഒരുപാട് കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ഡീറ്റയിലായി അന്വേഷിക്കാന്‍ അവരോട് പറഞ്ഞിട്ട് ഞാൻ കട്ടാക്കി.
ആ സമയത്ത് ഡാലിയ കോൾ ചെയ്തു.
“ചേട്ടൻ എവിടെയാ…?” അവള്‍ അന്വേഷിച്ചു.
“ബിസിനസ്സ് ആവശ്യമായി ചില കോൾസ് ചെയ്യൂവായിരുന്നു. എല്ലാം കഴിഞ്ഞ്.. ഞാൻ ദാ വരുന്നു.”
“ചേട്ടൻ വേഗം വാ, ഫുഡ് എത്തിക്കഴിഞ്ഞു. ചൂടോടെ നമുക്ക് കഴിക്കാം..” പറഞ്ഞിട്ട് അവള്‍ വച്ചു.
ഞാൻ വേഗം അകത്തു കേറി പോയി. ഫുഡ് മേശപ്പുറത്തു വച്ചിരിക്കുന്നത് കണ്ടു. ഡാലിയ എന്നെ സംശയത്തോടെ നോക്കി. പക്ഷെ ഒരു പുഞ്ചിരിയോടെ ഞാൻ ചെന്നിരുന്ന് കഴിക്കാൻ തുടങ്ങിയതും അവളും ഒന്നും പറയാതെ കഴിച്ചു.
ഒടുവില്‍ ഓരോ ചായയും വാങ്ങി കുടിച്ചിട്ട് ഞങ്ങൾ ഇറങ്ങി. വണ്ടി പതിയെ നീങ്ങാന്‍ തുടങ്ങി.
“ചേട്ടാ…”
“മ്മ്.. എന്താ…”
“അന്നു രാത്രി ചേട്ടൻ സാമുവേല്‍ അണ്ണനെ തിരക്കി പിടിച്ചു ചെന്നില്ലേ….!! ചേട്ടൻ എങ്ങനെയാ സാമുവേല്‍ അണ്ണനെ കുറിച്ച് അറിഞ്ഞത്….?”
അവളുടെ ചോദ്യം കേട്ട് പഴയ കാര്യങ്ങള്‍ എല്ലാം എന്റെ മനസ്സില്‍ നിറഞ്ഞു കൂടി.
“അരുളും അല്ലിയേയും രക്ഷപ്പെടുത്തിയ ശേഷം, ഡെയ്സിയും എന്റെയും കൂടെയാണ് അവർ രണ്ടുപേരും കഴിഞ്ഞത്. അരുള്‍ എന്നോട് കുഞ്ഞമ്മയെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും അവന് അറിയാവുന്നത് മുഴുവനും പറഞ്ഞായിരുന്നു. അങ്ങനെയാണ് കുഞ്ഞമ്മയും കുടുംബവും എത്ര അപകടകാരികളാണെന്ന് മനസിലായത്.”
