“ശെരി, അവരുടെ എന്തു സഹായമാണ് ചേട്ടൻ ആവശ്യപ്പെട്ടത്…?”
“എനിക്ക് സ്വന്തമായി രഹസ്യ നിരീക്ഷണങ്ങള്‍ നടത്തി സെൻസിറ്റീവ് ഇൻഫർമേഷൻ കളക്റ്റ് ചെയ്യുന്ന രഹസ്യ ടീമുണ്ട്. പക്ഷേ അവർ എല്ലാവരും ഒഴിവാക്കാൻ കഴിയാത്ത ജോലികളിൽ ആയിരുന്നു. കൂടാതെ സാധാരണക്കാര്‍ നാട്ടില്‍ വെറുതെ കറങ്ങി നടന്നാലും അവരെ ആരും സംശയിക്കില്ല. അതുകൊണ്ടാണ് ആ 750 പേരില്‍ നിന്നും സാധാരണക്കാരെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.”
“അവരുടെ ജോലി എന്തായിരുന്നു…?” ഡാലിയ ചോദിച്ചു.
“കുഞ്ഞമ്മയും അവളുടെ കുടുംബത്തിന്റേയും, അവരുടെ ഗുണ്ടകളുടേയും, പിന്നെ അവിടെ ജോലി ചെയ്യുന്നവരുടേയും എന്നുമാത്രമല്ല… അവിടെ വരുന്നതും പോകുന്നവരുടെ വിവരങ്ങള്‍ പോലും ശേഖരിക്കാനാണ് അവരുടെ സഹായം ഞാൻ ആവശ്യപ്പെട്ടത്. അവരോട് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞ ശേഷമാണ് അവരുടെ സഹായം ഞാൻ ആവശ്യപ്പെട്ടത്.”
“വേറെ എന്തൊക്കെ ചെയ്യാനാ അവരോട് പറഞ്ഞത്…?” ഡാലിയ ചോദിച്ചു.
“മൂന്ന് കാര്യങ്ങളാണ് അവരെ ഞാൻ ഏല്‍പ്പിച്ചത്. ഒന്ന് — ഒരാഴ്ചത്തേക്ക് ലോഡ് എടുക്കാന്‍ പോകുന്ന ആ ഗുണ്ടകളെ പിന്തുടർന്ന് അവരുടെ ദിനചര്യ വ്യക്തമായി മനസ്സിലാക്കുക. ആ ഗുണ്ടകള്‍ പുറത്തുള്ള ആരെയൊക്കെ കോണ്ടാക്റ്റ് ചെയ്താലും അവരുടെയും വിവരങ്ങൾ ശേഖരിക്കണം. പിന്നെ എത്ര ഗുണ്ടകള്‍ എവിടെയൊക്കെ പോകുന്നു, അവർ എന്തൊക്കെ ചെയ്യുന്നു, വഴിയില്‍ വച്ച് പിരിഞ്ഞു പോകുന്നുണ്ടോ ഇല്ലയോ…. അങ്ങനെ എല്ലാം കണ്ടു മനസ്സിലാക്കി എന്നെ അറിയിക്കണം. രണ്ടാമതായി— ഒരു മാസത്തേക്ക് ആ വേശ്യയാലയത്തെ നിരീക്ഷിച്ച് അവിടെ വന്നു പോകുന്ന ഓരോ വ്യക്തിയുടേയും ഫോട്ടോസ് എടുത്ത ശേഷം അവരെയൊക്കെ പിന്തുടർന്ന് അവരൊക്കെ ആരാണെന്ന ഡീറ്റയിൽസ് ശേഖരിക്കണം. മൂന്നാമതായി— കുഞ്ഞമ്മയും മറ്റ് കുടുംബാംഗങ്ങള്‍ ആരൊക്കെ ആണെന്ന ലിസ്റ്റും അവർ എന്തൊക്കെ ചെയ്യുന്നു എന്ന ഡീറ്റയിൽസും കളക്റ്റ് ചെയ്യണം. കുഞ്ഞമ്മയും മറ്റ് കുടുംബാംഗങ്ങളും എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു, ആരൊക്കെ അവരെ സഹായിക്കുന്നു, അവര്‍ക്കുള്ള സകല സ്ഥാപനങ്ങളും സ്വത്തുക്കളും അടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിക്കണം. അതായിരുന്നു അവരുടെ ദൗത്യങ്ങള്‍.” ഞാൻ പറഞ്ഞു നിര്‍ത്തി.
“പറ ചേട്ടാ… പിന്നെ എന്താ സംഭവിച്ചത്…?” ആകാംഷ അടക്കാനാവാതെ ഡാലിയ സീറ്റില്‍ ഇളകിയാടി.
“ഒരാഴ്‌ച കഴിഞ്ഞ് ഗുണ്ടകളുടെ ഡീറ്റയിൽസും.. പിന്നെ ഒരു മാസം കഴിഞ്ഞ് ആ വ്യാജ അനാഥാലയത്തെ സന്ദര്‍ശിച്ചവരുടെ സകല ഡീറ്റയിൽസും കിട്ടി. അതിൽ ചിലർ പകല്‍ മാന്യൻമാരായിരുന്നു. ചിലര്‍ കാമ ഭ്രാന്ത് പിടിച്ചവരും, കഞ്ചാവ് കൃഷി ചെയ്യുന്നവരും, കൊള്ളക്കാരും, കൊലയാളികളും ഉണ്ടായിരുന്നു. പിന്നെ അവരെ സഹായിക്കുന്ന ചില പൊലീസുകാരും, നാല് വക്കീലും മറ്റ് പല മേഖലകളിലുള്ള ഉദ്യോഗസ്ഥരും ഉള്ളത് കണ്ട് ആശ്ചര്യം ഒന്നും തോന്നിയില്ല. അവരുടെ ആ ഒരു മാസത്തെ നിരീക്ഷണത്തിനിടയിലാണ് ആറര അടി പൊക്കവും നല്ല മസിലുമുള്ള ഒരു ഭീമന്‍ രഹസ്യമായി ആ വേശ്യയാലയത്തെ നിരീക്ഷിക്കുന്ന കാര്യവും അവർ കണ്ടുപിടിച്ചത്. ആ ഭീമന്‍ അയാളുടെ രഹസ്യ നിരീക്ഷണങ്ങള്‍ നടത്തി കഴിഞ്ഞ് പോയപ്പോ അയാളെ എന്റെ ആളുകൾ പിന്തുടര്‍ന്നു. അയാള്‍ കോയമ്പത്തൂര്‍ക്ക് വണ്ടി കേറിയതാണ് അവർ കണ്ടത്.” അത്രയും പറഞ്ഞിട്ട് ഞാൻ ഡാലിയയെ നോക്കി പുഞ്ചിരിച്ചു.
“ആ ഭീമന്‍ സാമുവേല്‍ അണ്ണനായിരുന്നു അല്ലേ.” ഡാലിയ ചിരിച്ചു. “ഉടനെ ചേട്ടനും അണ്ണനെ കാണാന്‍ അങ്ങോട്ട് പോയി, അല്ലേ..?”
“ആ ഭീമന്‍ സാമുവേല്‍ അണ്ണൻ ആയിരുന്നു എന്നത് സത്യം.” ഞാനും ചിരിച്ചു. “പക്ഷേ അയാള്‍ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ പുള്ളിയും എന്നെപോലെ കുഞ്ഞമ്മയുടെ സാമ്രാജ്യത്തെ നശിപ്പിക്കാന്‍ പ്ലാൻ ചെയ്യുന്നു എന്നു മാത്രം അന്നു ഞാൻ മനസ്സിലാക്കി. അയാളെ അന്വേഷിച്ച് ചെല്ലും മുമ്പ് കുഞ്ഞമ്മയുടെ പൂര്‍ണ ക്രിമിനൽ വിവരങ്ങളും അറിയണം എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ പ്ലാൻ ചെയ്ത് ലോഡ് എടുക്കാൻ പോകുന്ന ഗ്രൂപ്പിലുള്ള രണ്ടു ഗുണ്ടകളെ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ ഞാൻ പൊക്കി.” അത്രയും പറഞ്ഞിട്ട് ഞാൻ ഡാലിയയെ ഒന്ന് നോക്കി.
