ഞാൻ പറഞ്ഞത് കേട്ട് മൊത്തം പേരും കഴിക്കാൻ പോലും മറന്ന് എന്റെ മുഖത്ത് തന്നെ മിഴിച്ച് നോക്കിയിരുന്നു.
ഒടുവില്‍ വല്യച്ഛന്‍ തലയാട്ടി. എന്നിട്ട് അഭിമാനത്തോടെ ചിരിച്ചു. “നിനക്ക് ബിസിനസ്സ് ചെയ്യാൻ മാത്രമല്ല, സാഹചര്യം മുതലെടുത്ത് പ്രവര്‍ത്തിക്കാനും അറിയാം.” പുള്ളി പറഞ്ഞു. “പക്ഷേ മോനെ, ഇത്തരം വിവരങ്ങൾ ഒക്കെ ശേഖരിക്കുന്നത് വളരെ അപകടകരമാണ്. നി ശെരിക്കും സൂക്ഷിക്കണം.” വല്യച്ചൻ സീരിയസ്സായി പറഞ്ഞു.
“എഡ്വിന്‍ പറഞ്ഞത് ശരിയാണ് മോനെ.” അങ്കിള്‍ വല്യച്ചനെ പിന്താങ്ങി.
“എനിക്കറിയാം അങ്കിള്‍.” ഞാൻ പറഞ്ഞു. “പക്ഷേ ഞാനായിട്ട് ആര്‍ക്കും എതിരായി പ്രവർത്തിക്കാതിരുന്നാൽ അവരാരും എന്റെ പുറകെ വരില്ല.”
“ഇതില്‍ എന്ത് അപകടമാണ് ഉള്ളത്…?” അഭിനവ് തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.
“ആ കഞ്ചാവ് മുതലാളിമാർ ചില വലിയ പോലീസുകാരേയും, ചില കസ്റ്റംസിനേയും സ്വാധീനിച്ച് നിയമ വിരുദ്ധമായി പ്രവർത്തിച്ചു. അപ്പോ ആ വിവരങ്ങള്‍ ഒക്കെ റൂബിന്‍ അറിഞ്ഞു എന്ന് ആ പൊലീസും കസ്റ്റംസും അറിയാൻ ഇടയായാൽ അവർ ഇവനെ ഭയക്കും. അപ്പോ ഒന്നുകില്‍ ഇവനെ കൂട്ട് പിടിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കും, അല്ലെങ്കിൽ ഇവന്‍ ഒരു ഭീഷണിയായി മാറുമെന്ന് ഭയന്ന് ഇവനെ കൊല്ലാന്‍ പോലും അവർ ശ്രമിച്ചേക്കാം.”
അങ്കിള്‍ പറഞ്ഞത് കേട്ട് എല്ലാവരുടെ കണ്ണിലും ഭയം നിറഞ്ഞു. അവരൊക്കെ എന്നെ ഭയന്ന കണ്ണുകളോടെ നോക്കി. ഡാലിയ പേടിയോടെ അവളുടെ ഇടത് കൈ കൊണ്ട് എന്റെ തുടയിൽ അള്ളിപ്പിടിച്ചു. വല്യമ്മ വിഷമിച്ച് അനങ്ങാതെ ഇരുന്നു.
“അങ്ങനെ ഒന്നും സംഭവിക്കില്ല.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. എന്നിട്ട് ഞാൻ പിന്നെയും കഴിക്കാൻ തുടങ്ങിയപ്പോ മറ്റുള്ളവരും മിണ്ടാതിരുന്നു കഴിച്ചു.
ഒടുവില്‍ കഴിച്ച ശേഷം എല്ലാവരും ഹാളില്‍ കൂടി. ചിലരൊക്കെ നിലത്തും മറ്റുള്ളവർ കസേരകളിലും സോഫയിലും ചെന്നിരുന്നു. അവിടെ വച്ച് പിന്നെയും ടീ ഫാക്ടറി തുടങ്ങുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച നടന്നു. പക്ഷേ ഞാൻ അതിൽ പങ്കു ചേരാതെ നിലത്ത് ഇരിക്കുന്ന വല്യമ്മയുടെ മടിയിൽ തലവച്ചു മിണ്ടാതെ കിടന്നു. വല്യമ്മയും എന്റെ മുടിയില്‍ കോതിക്കൊണ്ട് മിണ്ടാതെയാണിരുന്നത്.
ഡാലിയ കസേരയില്‍ ഇരുന്നുകൊണ്ട് ഇടക്കിടക്ക് വല്യമ്മയെ അസൂയയോടെ പാളി നോക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞാൻ ചെറുതായി ഒന്ന് മയങ്ങുകയും ചെയ്തു.
വല്യമ്മ എന്നെ മെല്ലെ കുലുക്കി വിളിച്ചപ്പൊ ഞാൻ കണ്ണ് തുറന്നു നോക്കി. “എണീക്കടാ മോനെ. ഞങ്ങൾ ചെന്ന് ഉച്ചത്തേക്കുള്ള ഫുഡ് റെഡിയാക്കട്ടെ.” വല്യമ്മ പറഞ്ഞതും ഞാൻ ചിണുങ്ങി. ഉടനെ ആരൊക്കെയോ ചിരിക്കുന്നത് കേട്ടു.
പിന്നെയും ചിണുങ്ങി കൊണ്ട് ഞാൻ എഴുനേറ്റ് ചുമരും ചാരി ഇരുന്നു.
“സമയം എന്തായി…” കണ്ണ് തുറക്കാതെ ഞാൻ ചോദിച്ചു.
“12:30..” ആരൊക്കെയോ ഒരുമിച്ച് പറഞ്ഞു.
“എന്നാലും ഇന്നു രാത്രി തന്നെ ബ്രോ പോകുന്നു എന്നത് മോശമായി പോയി.” അഭിനവ് പറയുന്നത് കേട്ട് ഞാൻ കണ്ണ് തുറന്നു.
“ശെരിയാ…” ഗായത്രി പറഞ്ഞു. “എന്തായാലും ഇന്ന് അങ്ങോട്ട് പോയിട്ട് അഞ്ചു ദിവസം കഴിഞ്ഞ് ഡാലിയേ കൂട്ടിക്കൊണ്ടു പോകാൻ പിന്നെയും ഇങ്ങോട്ട് വരണ്ടേ…? അപ്പൊ പിന്നെ ഒറ്റയടിക്ക് അഞ്ചു ദിവസം കഴിഞ്ഞ് ചേട്ടന് പോയാൽ പോരെ..?!” അവള്‍ ചോദിച്ചു.
“അത് ശെരിയാവില്ല ഗായത്രി… ചേട്ടന് പോയേ പറ്റു.” ഡാലിയ പെട്ടന്ന് എനിക്ക് സപ്പോര്‍ട്ട് ചെയ്തതും ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി. അവള്‍ ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു. എന്നിട്ട് ഞാൻ അവളോട് പറഞ്ഞ ന്യായീകരണങ്ങൾ എല്ലാം അതുപോലെ അവള്‍ അവരോട് റീപ്പീറ്റ് ചെയ്തു.
“എന്തായാലും നിങ്ങൾ എല്ലാവരും നീലഗിരിയിൽ സെറ്റിലാവാൻ തീരുമാനിച്ച് കഴിഞ്ഞതല്ലേ..?” വല്യച്ചൻ അഭിനവും മറ്റുള്ളവരെയും നോക്കി പറഞ്ഞു. “അപ്പോ പിന്നെ നിങ്ങളും ഇന്നു തന്നെ ചെല്ല്. എന്നിട്ട് അവന്റെ നിന്ന് അവിടത്തെ കാര്യങ്ങൾ എല്ലാം റെഡിയാക്ക്… കൂടാതെ ആ കോഴ്സും വേഗം ചെയ്തു തീര്‍ക്കുന്നതാണ് നല്ലത്.”
