വെറും കരാട്ടേയും കളരിയും മാത്രമല്ല, ഒരുപാട് ആയുധങ്ങള്‍ ഉപയോഗിക്കാനും എനിക്കറിയാം. കൂടാതെ സാമുവേല്‍ അണ്ണനിൽ നിന്നും ചിലമ്പം പോലും ഞാൻ പഠിച്ചതാണ്. ചിലമ്പം മാത്രമല്ല പുള്ളി ഉപയോഗിക്കാറുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഫൈറ്റ് ചെയ്യാനും അയാള്‍ എന്നെ പരിശീലിപ്പിച്ചു എന്നതാണ് സത്യം. അതുപോലെ അണ്ണനും എന്നില്‍ നിന്നും ചില അഭ്യാസങ്ങളൊക്കെ പഠിക്കുകയും ചെയ്തു.
“ഹേ ബ്രോ…” ഉത്സാഹത്തോടെ വിളിച്ചുകൊണ്ട് അഭിനവ് ടെറസിലുള്ള പ്രാക്ടീസ് റൂമിൽ കേറി വന്നു. അവന്‍ ഒറ്റക്കല്ല വന്നത്, കൂടെ അന്‍സാര്‍, ഫ്രാന്‍സിസ്, രാഹുലും ഉണ്ടായിരുന്നു. എല്ലാവരും എന്നെപോലെ തന്നെ ട്രാക്ക് സ്യൂട്ടിലായിരുന്നു.
ഞാൻ ചിരിച്ചു. “അപ്പോ തുടങ്ങാം, അല്ലേ..?”
“ഓഹ്ഹോഹോ… തുടങ്ങാം ബ്രോ..” ഫ്രാന്‍സിസ് ഉത്സാഹത്തോടെ വിളിച്ചു കൂവി.
“എനിക്ക് നിങ്ങളെ പോലെ കരാട്ടെ കളരി ഒന്നും അറിയില്ല… ജിമ്മിനും പോകാറില്ല…!” രാഹുല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “പക്ഷേ ഡെയ്ലി വീട്ടില്‍ വച്ച് ഞാൻ രാവിലെയും വൈകിട്ടും വർക്ക് ഔട്ട് ചെയ്യാറുണ്ട്.”
“അതുതന്നെ ധാരാളമാണ് രാഹുലേ…” അന്‍സാര്‍ പറഞ്ഞു. “ബ്ലാക്ക് ബെല്‍റ്റായ ഞാനും ഫ്രാന്‍സി പോലും റൂബി ബ്രോയുടെ മുന്നില്‍ വെറും കുട്ടികളാണ്.”
“അവർ പറഞ്ഞത് ശെരിയാ…” അഭിനവ് ഏറ്റുപിടിച്ചു. “ഇന്ന് മുതൽ റൂബി ബ്രോ നമ്മുടെ മാസ്റ്ററാണ്…. നമ്മൾ ശിഷ്യന്മാരും.” അഭിനവ് സീരിയസ്സായി പറഞ്ഞും ചിരിച്ചുകൊണ്ട് ഞാൻ തലയാട്ടി.
അങ്ങനെ 45 മിനുട്ട് ദൈര്‍ഘ്യമേറിയ വർക്ക് ഔട്ട് ഞാൻ തുടങ്ങി. അത് കഴിഞ്ഞപ്പോ അവർ നാലുപേരും നല്ലതുപോലെ തളര്‍ന്നു പോയിരുന്നു.
“എന്റെ ബ്രോ…. ഈ ടൈപ്പ് വർക്ക് ഔട്ട് ഇതിനുമുമ്പ് ഞങ്ങൾ കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ബ്രോ തന്നെ കണ്ടുപിടിച്ചതാണോ..?” പത്തു മിനുട്ട് കഴിഞ്ഞ് കിതപ്പ് അടങ്ങിയ ശേഷം അഭിനവ് ചോദിച്ചു.
“അതേ അഭി ബ്രോ. എന്റെ കണ്ടുപിടിത്തം തന്നെയാ. ഇത് തുടർച്ചയായി ചെയ്താല്‍ വെറും രണ്ടാഴ്ച കൊണ്ട് നിങ്ങളുടെ സ്റ്റാമിന രണ്ടര ഇരട്ടിയായി വര്‍ദ്ധിക്കും.” ഞാൻ പറഞ്ഞതും അവർ നാലുപേരും ആശ്ചര്യത്തോടെ മുഖാമുഖം നോക്കി.
അങ്ങനെ പിന്നെയും ഒരു പത്ത് മിനിറ്റ് കൂടി അവര്‍ക്ക് റസ്റ്റ് ഞാൻ കൊടുത്തു.
“മൊത്തം 36 ട്രെയിനിങ് സീക്വന്‍സ് ഉണ്ട്. ഓരോന്നിനും 45 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ദിവസവും മൂന്ന് വെവ്വേറെ സീക്വന്‍സിലാണ് ഞാൻ പ്രാക്ടീസ് ചെയ്യാറുള്ളത്. ഈ 36 കൂടാതെ കുറെ പുതിയ സീക്വന്‍സ് കൂടി രൂപകല്‍പ്പന ചെയ്യാനുള്ള സ്റ്റെപ്പ്സും ഞാൻ തുടങ്ങി കഴിഞ്ഞു.. പക്ഷേ പൂര്‍ത്തിയായിട്ടില്ല…” ഞാൻ വിശദീകരിച്ചു.
“പടച്ചോനെ… ദിവസവും മൂന്ന് മണിക്കൂര്‍ നിര്‍ത്താതെ വർക്ക് ഔട്ടും പ്രാക്ടീസുമാണോ ബ്രോ ചെയ്യുന്നത്…??!” അന്‍സാര്‍ ആശ്ചര്യപ്പെട്ടു.
ബാക്കി മൂന്നുപേരും അന്‍സാര്‍ പോലെതന്നെ മിഴിച്ചു നിന്നു പരസ്പരം നോക്കി തലയാട്ടി. രാഹുലിന്റെ മുഖം ചെറുതായി വിളറി പോയി.
“എന്നാല്‍ നമുക്ക് തുടങ്ങാം.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “ഇന്ന് സീക്വന്‍സ് A മാത്രം മതി. ഞാൻ സ്ലോ ആയിട്ട് ചെയ്യാം. അത് കണ്ട് നിങ്ങളും എന്റെ കൂടെ ചെയ്താല്‍ മതി. പിന്നെ നിങ്ങൾ നാലുപേരും അത് തുടർച്ചയായി പ്രാക്ടീസ് ചെയ്യണം.”
അതും പറഞ്ഞ് ഞാൻ അവർക്ക് മുന്നില്‍ പുറം തിരിഞ്ഞ് ഒരുപാട് ഗ്യാപ്പ് വിട്ട് നിന്നിട്ട് സ്ലോ ആയിട്ട് സീക്വന്‍സ് A ആരംഭിച്ചു. ഉടനെ അവരും ഞാൻ ചെയ്യുന്ന പോലെ കോപ്പി ചെയ്യാൻ ശ്രമിക്കുന്നത് ചുമരില്‍ പിടിപ്പിച്ചിരുന്ന വലിയ കണ്ണാടിയിലൂടെ ഞാൻ കണ്ടു.
അന്‍സാറും ഫ്രാന്‍സിസും തരക്കേടില്ലാതെയാണ് ചെയ്തത്. അഭിനവ് കുറച്ച് ബുദ്ധിമുട്ടിയെങ്കിലും തരക്കേടില്ലാത്ത എന്നെ അനുകരിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. പക്ഷേ രാഹുലിന് അത്രയ്ക്ക് കഴിഞ്ഞില്ലെങ്കിലും, സ്ഥിരമായി പ്രാക്ടീസ് ചെയ്യുകയാണെങ്കില്‍ രാഹുലിന് നല്ല മുന്നേറ്റം ഉണ്ടാവുമെന്ന് എനിക്ക് വിശ്വസം ഉണ്ടായിരുന്നു.
