ട്വിൻ ഫ്ലവർസ് – 4 9അടിപൊളി  

 

“ശെരി ഞാൻ വീട്ടില്‍ പോകുന്നു. കുറച്ച് കഴിഞ്ഞ് തിരികെ ഇങ്ങോട്ട് വരാം.” പറഞ്ഞിട്ട് ഞാൻ വണ്ടിയില്‍ കേറി. ഉടനെ ഡാലിയയുടെ മുഖം മങ്ങി.

 

എതിർത്ത് എന്തോ പറയാൻ തുടങ്ങിയെങ്കിലും ഒന്നും പറയാതെ അവള്‍ പെട്ടന്ന് വായടച്ചു. എന്നിട്ട് ദേഷ്യത്തില്‍ വെട്ടി തിരിഞ്ഞ് അവള്‍ വീട്ടിനകത്തേക്ക് പോയി. അങ്കിളും വല്യച്ചനും എന്തോ തമാശ കണ്ട പോലെ ചിരിച്ചിട്ട് അവരും അകത്തേക്ക് പോയി.

 

ഈശ്വരാ…. ഈ തൊട്ടാവാടി പെണ്ണിനെ ഞാൻ എന്താ ചെയ്യേണ്ടത്. തലയാട്ടി കൊണ്ട്‌ ഞാൻ വീട്ടിലേക്ക് വന്നു.

 

വീട്ടില്‍ വന്ന് എന്റെ റൂമിൽ കേറി മേശയ്ക്കടുത്തിരുന്ന കസേരയില്‍ ഇരുന്നിട്ട് മേശപുറത്ത്‌ വച്ചിരുന്ന ലാപ്ടോപ്പ് ഞാൻ ഓപ്പൺ ചെയ്തു. എന്നിട്ട് മൊബൈലില്‍ വന്നു കിടക്കുന്ന പലരുടെയും മെസേജസ് എല്ലാം നോക്കി അതിനുള്ള മറുപടികളും അയച്ചു.

 

ശേഷം എന്നെ കോൾ ചെയ്തിരുന്നവരുടെ ലിസ്റ്റ് ഞാൻ നോക്കി. ഒരുപാട്‌ കോളജുകളുടെ കൂട്ടത്തില്‍ സുമയുടെ രണ്ട് മിസ്സ്ഡ് കോൾസും ഉണ്ടായിരുന്നു. അത്യാവശ്യ കാര്യം ഉണ്ടെങ്കിൽ മാത്രമേ, ആദ്യത്തെ തവണ ഞാൻ എടുത്തില്ലെങ്കിൽ പോലും, സുമ രണ്ടാമതും കോൾ ചെയ്യുകയുള്ളു.

 

അരവിന്ദിനെ കുറിച്ച് അവള്‍ക്ക് എന്തൊക്കെയോ സംശയങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോ സുമ പറഞ്ഞായിരുന്നു.

 

38 വയസ്സുള്ള സ്ത്രീയാണ് സുമ. ഗൂഡല്ലൂർ സ്വദേശിയാണ്. ഭർത്താവ് ഡോക്ടര്‍ ആയിരുന്നു. സുമ സാധാരണക്കാരി ഒന്നുമല്ല. അപാര കഴിവുള്ള പ്രൈവറ്റ് ഡിറ്റക്ടീവ് ആയിരുന്നു അവള്‍. ആ ഫീൽഡിൽ ആയിരുന്നത് കൊണ്ട്‌ സുമ സ്വന്തം സംരക്ഷണത്തിനായി ആയോധനകലയിൽ അത്യാവശ്യ ട്രെയിനിങ് ഒക്കെ എടുത്തിട്ടുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് സുമയുടെ എട്ട് വയസ്സുള്ള മോളെ കുഞ്ഞമ്മയുടെ ഗുണ്ടകള്‍ കടത്തി കൊണ്ടുപോയി. അവള്‍ പൊലീസില്‍ പരാതി കൊടുത്ത ശേഷം സ്വയം അന്വേഷണവും തുടങ്ങി.

 

ഒന്നര മാസം എടുത്തു കുഞ്ഞമ്മയെ കുറിച്ച് ചെറിയ സൂചന ലഭിക്കാൻ. പക്ഷേ കടത്തി കൊണ്ടു പോകുന്ന കുട്ടികളുടെ അച്ഛനും അമ്മയെയും അഞ്ചാറു മാസത്തേക്ക് കുഞ്ഞമ്മയുടെ ഗുണ്ടകള്‍ നിരീക്ഷിക്കുന്നത് അവരുടെ പതിവായിരുന്നു. അതുകൊണ്ട്‌ സുമയുടെ എല്ലാ നീക്കങ്ങളും അവർ അറിയുണ്ടായിരുന്നു.

 

കുഞ്ഞമ്മയെ കുറിച്ചുള്ള സൂചന ലഭിച്ചതും സുമ കുഞ്ഞമ്മയെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ഡീപ്പായി അന്വേഷണം നടത്താൻ തുടങ്ങി. സുമയ്ക്ക് പൊലീസില്‍ നല്ല പിടിപാടുള്ളത് കൊണ്ട്‌ സുമ എന്തെങ്കിലും അറിഞ്ഞാല്‍ അത് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ കുഞ്ഞമ്മ അവളുടെ ഗുണ്ടകളെ പറഞ്ഞു വിട്ടു. ഗുണ്ടകളുടെ കൂടേ സുമയുടെ മോളും ഉണ്ടായിരുന്നു.

 

അന്നു രാത്രി സുമയുടെ വീട്ടില്‍ ഗുണ്ടകള്‍ ചെന്നു. ഗുണ്ടകളെ കണ്ട ഉടനെ സുമ പൊലീസിന് കോൾ ചെയ്തെങ്കിലും അവള്‍ക്ക് സംസാരിക്കാന്‍ കഴിയും മുമ്പ്‌ ഗുണ്ടകള്‍ ആക്രമിച്ചു. ആദ്യം സുമയുടേയും ഭർത്താവിന്റെ മുന്നില്‍ വച്ചും അവരുടെ മോളെ ഗുണ്ടകള്‍ കഴുത്ത് ഒടിച്ചു കൊന്നു. എന്നിട്ട് അവരെയും കൊല്ലാനായി വാള്‍ ഉപയോഗിച്ച് കുറെ വെട്ടി.

 

സുമയുടെ കോൾ കാരണം പൊലീസിന് എന്തോ അപകടം മണത്ത് അവർ സുമയുടെ വീട്ടിലേക്ക് പാഞ്ഞു. പോലീസ് വണ്ടി ഗേറ്റിന് മുന്നില്‍ വന്നു നിന്നതും ഗുണ്ടകള്‍ അടുക്കള വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. സുമയുടെ ഭർത്താവും മോളും മരിച്ചെങ്കിലും, സുമ മാത്രം രക്ഷപ്പെട്ടു. പക്ഷേ അവളുടെ വലതു കാല്‍ മുട്ടിന് താഴെ വച്ച് അവള്‍ക്ക് നഷ്ടമായി.

 

കുറെ മാസങ്ങൾ സുമ ആശുപത്രിയും വീടുമായി കഴിഞ്ഞു. വെപ്പ് കാലും അവൾ വച്ചു. പൊലീസില്‍ അവൾ മൊഴി കൊടുത്തത് വച്ച് പോലിസ് അന്വേഷിച്ചെങ്കിലും ഗുണം ഒന്നും ഉണ്ടായില്ല. അതുകൊണ്ട്‌ ആരെയും ആശ്രയിക്കാതെ സുമ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. വളരെ കരുതലോടെ പ്ലാൻ ചെയ്ത് സാഹചര്യം അനുകൂലമായി വരുമ്പോൾ ഓരോ ഗുണ്ടകളേയായി പൊക്കാൻ ആയിരുന്നു പ്ലാൻ. അവര്‍ക്ക് അവൾ മരണ ശിക്ഷ കൊടുക്കാനും തീരുമാനിച്ചു. പക്ഷേ എത്രതന്നെ പ്ലാൻ ചെയ്തിട്ടും ഒരു ഗുണ്ടയെ പൊക്കാൻ തന്നെ നാലഞ്ച്‌ മാസങ്ങള്‍ വേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *