അപ്പോഴാണ് ചേട്ടനെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കിയത്.
“അതൊന്നും കൂടാതെ നീലഗിരിയിൽ മാന്യരായി അഭിനയിച്ച് നടക്കുന്ന ഒരുപാട് ക്രിമിനലുകളുടെ ഡീറ്റയിൽസും എന്റെ പക്കലുണ്ട്. മറ്റുള്ളവരെ പറ്റിച്ച് സ്വത്തുക്കള്‍ തട്ടിയെടുത്തവർ തുടങ്ങി അനേകം കാര്യങ്ങളുടെ ഡീറ്റയിൽസും എന്റെ പക്കലുണ്ട്. അനാവശ്യമായി അവരില്‍ ആരെങ്കിലും എനിക്ക് എതിരായി തിരിഞ്ഞാൽ എനിക്ക് കുഞ്ഞ് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ. ക്രിമിനൽ കാര്യങ്ങൾ ഒന്നുംതന്നെ ഞാൻ ചെയ്യാത്തത് കൊണ്ട് എനിക്ക് പേടിയുമില്ല. കൃത്രിമം ഒന്നും കാണിക്കാതെ ലക്ഷക്കണക്കിനാണ് ടാക്സ് പോലും ഞാൻ അടയ്ക്കുന്നത്. അതുകൊണ്ട് എനിക്ക് എതിരായി എത്ര അന്വേഷണങ്ങള്‍ നടത്തിയാലും നിയമത്തിന് മുന്നില്‍ ഞാൻ വളരെ സേഫാണ്. മറ്റുള്ള പലർക്കും ഇങ്ങനെ അവകാശപ്പെടാൻ കഴിയില്ല.”
ഞാൻ ശെരിക്കും വായും പൊളിച്ചാണ് എല്ലാം കേട്ടത്.
“തുടക്കത്തിൽ എന്റെ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് തന്നെയാ കുഞ്ഞമ്മയെ കുറിച്ചും ഞാൻ അന്വേഷിച്ചത്. പക്ഷേ അധികം ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല.. അതുകൊണ്ടാണ് ആ 750 പേരില്‍ നിന്നും സാധാരണ ആളുകളെ സെലക്ട് ചെയ്ത് മറ്റ് വഴികള്‍ സ്വീകരിച്ചത്. പിന്നെ കുഞ്ഞമ്മയുടെ ആ സാമ്രാജ്യത്തെ ഞങ്ങൾ പൂര്‍ണമായി നശിപ്പിച്ചു എന്നാണ് സാമുവേല്‍ അണ്ണൻ കരുതിയിരിക്കുന്നത്. പക്ഷേ എന്റെ വിശ്വസം മറിച്ചാണ്. കുഞ്ഞമ്മ ഇപ്പൊ ഒളിവിലാണ്. പക്ഷേ ആ പിശാച് പ്രതികാരം ചെയ്യാൻ തിരിച്ചുവരുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. അതുകൊണ്ട് എന്റെ സ്പൈ നെറ്റ് വര്‍ക്കിന്റെ ഒരു ഭാഗം ഇപ്പോഴും കുഞ്ഞമ്മയെ കുറിച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.”
ഞാൻ ഒന്നും പറയാതെ ചേട്ടൻ പറഞ്ഞതൊക്കെ ചിന്തിച്ചു കൊണ്ട് നടന്നു.
“കൂടാതെ നീലഗിരിയിൽ എനിക്ക് കുറച്ച് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും, സിഐഡിയും, വക്കീലും, പ്രൈവറ്റ് ഡിറ്റക്ടീവ്സും ഒക്കെ സുഹൃത്തുക്കളായി ഉണ്ട്. അവര്‍ക്ക് നിയമപരമായി ചില അന്വേഷണങ്ങള്‍ നടത്താൻ കഴിയാതെ വരുമ്പോൾ, ചിലപ്പോ അവരുടെ തലപ്പത്ത് നിന്നും അനുവാദം കിട്ടാതെ വരുമ്പോ, ചിലപ്പോ ചിലരുടെ സുരക്ഷയെ കരുതി ചില ഡീറ്റയിൽസ് വേണ്ടി വരുമ്പോ അവരൊക്കെ എന്നെ സമീപിക്കും… എന്റെ സ്പൈ നെറ്റ് വര്‍ക്കിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ട്…. ചിലപ്പോ എന്റെ കയ്യില്‍ നേരത്തെ ഉള്ള ചില ഡീറ്റയിൽസും ആവശ്യപ്പെട്ടു കൊണ്ട് വരും. പക്ഷേ അനാവശ്യമായി ആര്‍ക്കും ഞാൻ ഒരു ഡീറ്റയിൽസും കൊടുക്കാറില്ല, പൊലീസിന് പോലും.”
ഞാൻ പിന്നെയും അന്തംവിട്ട് വഴിയില്‍ തന്നെ നില്‍ക്കുകയായിരുന്നു. ചേട്ടൻ പിന്നെയും എന്റെ തോളത്ത് പിടിച്ചുകൊണ്ട് എന്നെ എന്റെ വീട്ടിലേക്ക് നയിച്ചു.
ഇത്തവണ ഞാൻ നടക്കാൻ തുടങ്ങിയപ്പോ ചേട്ടന്‍ എന്റെ തോളത്ത് നിന്നും കൈ മാറ്റിയില്ല.
“ഇതും ചേട്ടന്റെ ഒരു ബിസിനസ്സ് ആണോ…?” ഞാൻ ചോദിച്ചു.
“അതേ.. ബിസിനസ്സ് ആണെന്ന് പറയാം. മെയിനായി എന്റെ ബിസിനസ്സ് സേഫ്റ്റിയും, എന്റെ ബിസിനസ്സ് ആശ്രയിച്ച് ജോലി ചെയ്യുന്ന രണ്ടായിരത്തോളം സ്റ്റാഫ്സിന്റെ സേഫ്റ്റിയും, പിന്നെ നമുടെ കുടുംബത്തിന്റെ സേഫ്റ്റിക്കും വേണ്ടിയാണ് ഞാൻ എല്ലാവർക്കും ഒരു മുഴം മുന്നില്‍ എറിഞ്ഞു നില്‍ക്കുന്നത്…”
ഉടനെ ഞാൻ ചിരിച്ചു. “ഇത് വെറും ഒരു മുഴം ഒന്നുമല്ല, ചേട്ടാ.. ഇത് കിലോമീറ്ററുകളാണ് ചേട്ടൻ എറിഞ്ഞു നില്‍ക്കുന്നത്.”
അതുകേട്ട് ചേട്ടനും ചിരിച്ചു.
“ശെരി അത് പോട്ടെ. ഇപ്പൊ ആ സുമയെ വിളിക്കാൻ എന്താ കാരണം…?” ഞാൻ ചോദിച്ചു.
“ചിലരുടെ ഡീറ്റയിൽസ് വേണമായിരുന്നു…”
“ആരുടെ ഡീറ്റയിൽസ്…. എന്തിന്..?”
“എനിക്ക് വേണ്ടപ്പെട്ട ഒരാളെ അവർ ഉപദ്രവിക്കാൻ ശ്രമിക്കുകയാണോ എന്നറിയാൻ..”
“ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന് അറിഞ്ഞാല്‍ പിന്നെ ചേട്ടൻ അവരെ എന്തു ചെയ്യും.”
