“ആഹാ, ബുള്ളറ്റ് കളഞ്ഞിട്ട് അഭിനവ് കാര്‍ എടുത്തോ..?” ചേട്ടൻ ചോദിച്ചു.
“ഇപ്പൊ അവർ എല്ലാവർക്കും കാറുകള്‍ ആയല്ലോ…!!” ഞാനും പറഞ്ഞു.
ചേട്ടന്റെ വണ്ടി മുറ്റത്ത് ചെന്ന് നിന്നതും ചെറിയ ഫൂട്ട്ബോൾ വച്ചു കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കളി നിന്നു.
“അങ്കിള്‍… ആന്റി….” കുട്ടികൾ അഞ്ചുപേരും കൂവി ചിരിച്ചുകൊണ്ട് വണ്ടിക്കടുത്തേക്ക് ഓടി വന്നു.
ഞാനും ചേട്ടനും അവരുടെ ഉത്സാഹം കണ്ട് ചിരിച്ചുകൊണ്ട് വണ്ടിയില്‍ നിന്നിറങ്ങി. അവര്‍ക്കു വേണ്ടി ഞങ്ങൾ വാങ്ങിച്ചു കൊണ്ടവന്ന ബേക്കറി ഐറ്റംസ് എല്ലാം വണ്ടിയുടെ പുറകില്‍ നിന്നും ഞാൻ എടുത്തു.
“നിങ്ങൾ അഞ്ചു പേര്‍ക്കും ഉള്ളതാണ്, വേണ്ടത് എടുത്തു കഴിച്ചോ…” മൂന്ന് വലിയ കവര്‍ നിറയെ ഉള്ള സാധനങ്ങള്‍ എല്ലാം കവറോടെ തന്നെ ഞാൻ അവര്‍ക്ക് കൊടുത്തു. കുട്ടികളും വലിയ സന്തോഷത്തോടെ ഞങ്ങൾ രണ്ടുപേര്‍ക്കും ഉമ്മ തന്നിട്ട് കവറുകളുമായി അകത്തേക്ക് ഓടി.
സിറ്റൗട്ടിൽ കാര്യമായി എന്തോ സംസാരിച്ചുകൊണ്ട് ഞങ്ങളുടെ കൂട്ടുകാരും എന്റെ അച്ഛനും അമ്മയും, പിന്നെ ആന്റിയും അങ്കിളും എല്ലാം ഉണ്ടായിരുന്നു.
ഞങ്ങളെ കണ്ടിട്ട് ആന്റി സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ചേട്ടന്റെ അടുത്തേക്ക് ധൃതിയില്‍ വന്നു.
“വല്യമ്മേ….” ചേട്ടൻ ചിരിച്ചുകൊണ്ട് കുനിഞ്ഞ് കൊച്ചു കുട്ടിയെ സിമ്പിളായി തൂകി എടുക്കുന്ന പോലെ ആന്റിയുടെ തുടകളിൽ വട്ടം പിടിച്ചു ചേട്ടൻ ആന്റിയെ പൊക്കിയെടുത്ത് വട്ടം കറങ്ങി.
“ഡാ മോനെ….. എന്നെ താഴെ നിര്‍ത്തടാ…!!” ആന്റി ചിരിച്ചുകൊണ്ട് ചേട്ടന്റെ രണ്ടു തോളത്തും സ്നേഹത്തോടെ വേദനിപ്പിക്കാതെ അടിച്ചു കൊണ്ടിരുന്നു.
“ഹാ.. എന്റെ കുട്ടി ഉണങ്ങി പോയല്ലോ, ഒന്നും കഴിക്കാറില്ലേ..?” ചേട്ടൻ ചോദിച്ചുകൊണ്ട് ആന്റിയെ താഴെ നിര്‍ത്തി. ഗായത്രി എന്തോ നഷ്ടബോധത്തോടെ ചേട്ടനെ തന്നെ നോക്കുന്നത് കണ്ടു. അവളുടെ കണ്ണില്‍ തെറ്റായ ഭാവം ഒന്നും ഇല്ലായിരുന്നു. സ്വന്തം സഹോദരനിൽ നിന്നും സ്നേഹം ആഗ്രഹിക്കുന്നത് പോലെയാണ് അവള്‍ ചേട്ടനെ നോക്കി നിന്നത്.
“പോടാ കള്ളാ… ഞാൻ അവന്റെ കുട്ടി പോലും.” ആന്റി ചിരിയോടെ പറഞ്ഞത് കേട്ട് ഞാൻ അങ്ങോട്ട് നോക്കി. ചേട്ടന് ആന്റി കവിളിൽ ഉമ്മ കൊടുത്തിട്ട് മാറി നിന്ന് ചേട്ടനെ സൂക്ഷ്മമായി നോക്കി നിരീക്ഷിച്ചു.
ഞങ്ങൾ എല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ വല്യമ്മയുടേയും മോന്റേയും സ്നേഹപ്രകടനവും കണ്ടു നിന്നു. ചേട്ടനും ആന്റിയും തമ്മില്‍ കാണിക്കുന്ന ആ വാത്സല്യം എപ്പോഴും എനിക്കൊരു ആശ്ചര്യമാണ്.
“ഹും… ഞാൻ ഭയന്നത് പോലെ അവസാനം അവന്‍ എന്നെ മറന്നു…!! ഈ ദിവസവും വരുമെന്ന് എനിക്ക് അറിയാമായിരുന്നു.” അങ്കിള്‍ കപട ദുഃഖം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞതും എല്ലാവരും ചിരിച്ചു.
“ഞാൻ ആരെയും മറന്നിട്ടില്ല, വല്യച്ചാ..” ചിരിച്ചുകൊണ്ട് ചേട്ടൻ അങ്കിളെ ഒരു കൈ കൊണ്ട് ചേര്‍ത്തു പിടിച്ച ശേഷം വിട്ടു.
ആന്റി എന്റെ അടുത്ത് വന്ന് എന്നെ ചേര്‍ത്തു പിടിച്ച് എന്റെ കവിളിൽ ഉമ്മ തന്നു.
അപ്പോഴേക്കും എന്റെ അച്ഛനും അമ്മയും വന്ന് എന്നെ കെട്ടിപിടിച്ച് ഉമ്മ തന്നു. അങ്കിളും വന്ന് എന്റെ തലയില്‍ ഒന്ന് തഴുകി. പിന്നെ എന്റെ കൂട്ടുകാരികൾ വന്ന് എന്നെ വളഞ്ഞ് കുശലം പറച്ചിലും, നീലഗിരിയിലേ വിശേഷങ്ങളും, എന്റെ ഇന്റര്‍വ്യൂ.. എന്റെ സെലക്ഷന്‍.. എന്റെ ജോലിയെ കുറിച്ചും ഒക്കെ ചോദിച്ച് ചെറിയ ചർച്ചയുമായി.
എന്റെ അച്ഛനും അമ്മയും ചേട്ടന്റെ അടുത്ത് ചെന്ന് വിശേഷം ചോദിച്ച ശേഷം അച്ഛനും അമ്മയും ആന്റിയും അങ്കിളും കൂടി പിന്നെയും സിറ്റൗട്ടിൽ ചെന്നിരുന്നു.
“ബ്രോ…” രാഹുല്‍ ചേട്ടനും മറ്റുള്ളവരും ചേട്ടന്റെ അടുത്തേക്ക് പോയി എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. ടീ ബിസിനസ്സ് എന്നും ടീ ഫാക്ടറി എന്നുമൊക്കെ ഫ്രാന്‍സിസ് ചേട്ടൻ പറയുന്നത് കേട്ടു.
