“വാവ്.. അത് അടിപൊളി ഐഡിയ ആണല്ലോ…!!” മിനി ഉത്സാഹത്തോടെ എഴുനേറ്റ് നിന്നിട്ട് എല്ലാവരെയും നോക്കി ചിരിച്ചു. “നമുക്കും പോകാം. എന്തായാലും ഇരുപത് ദിവസത്തിൽ ഞങ്ങൾക്ക് ഇന്റര്‍വ്യൂ ഉള്ളതല്ലേ. അപ്പോ പിന്നെ നേരത്തെ ചെന്ന് നമ്മുടെ താമസ കാര്യങ്ങളും, പിന്നെ കുട്ടികളെ സ്കൂളിൽ ചേര്‍ക്കാനുള്ള കാര്യങ്ങളും എല്ലാം ശെരിയാക്കി വയ്ക്കാം.”
“ശെരിയാ. അതാണ് നല്ലത്…!!” രാഹുല്‍ ഉത്സാഹത്തോടെ പറഞ്ഞു.
“അപ്പോ പിന്നെ അങ്ങനെ തന്നെ ചെയ്യാം.” അന്‍സാര്‍ സമ്മതിച്ചു. “അവിടെ ചെന്ന് താമസ സൗകര്യങ്ങളും സ്കൂൾ കാര്യങ്ങളും ശെരിയാക്കിയ ശേഷം നമുക്ക് ഇവിടെ നാട്ടില്‍ വന്ന് ഫൈനല്‍ ഷിഫ്റ്റ് ചെയ്യാനുള്ള ഏര്‍പ്പാടുകൾ ചെയ്തിട്ട് തിരികെ പോകുകയും ചെയ്യാം.”
ഉടനെ മറ്റുള്ളവരും അതിനോട് യോജിച്ചു. അതോടെ എല്ലാം തീരുമാനവുമായി.
“എന്നാൽ ഞാനും ഇന്നുതന്നെ ചേട്ടന്റെ കൂടെ പോകും.” ഡാലിയ എന്റെ അടുത്തു വന്ന് നിന്നിട്ട് അവളുടെ അച്ഛനും അമ്മയെയും നോക്കി തീരുമാനിച്ചുറച്ച പോലെ പറഞ്ഞു. അവളുടെ മുഖത്ത് വാശിയും ടെൻഷനും എല്ലാം ഉണ്ടായിരുന്നു.
അങ്കിള്‍ മെല്ലെ എഴുനേറ്റ് നിന്നുകൊണ്ട് അവളെ കുറേനേരം സൂക്ഷിച്ചു നോക്കി. ആന്റിയും ആലോചിക്കും പോലെ അവളെ തന്നെ നോക്കി നിന്നു. വല്യമ്മ എന്നെയും അവളെയും മാറിമാറി നോക്കി. വല്യച്ചൻ എന്തോ അര്‍ത്ഥം വച്ച് വല്യമ്മയ്ക്ക് കണ്ണിറുക്കി കാണിച്ചു.
ഒടുവില്‍ അവര്‍ക്ക് മാത്രം എന്തോ രഹസ്യം അവര്‍ക്ക് അറിയാവുന്നത് പോലെയാണ് വല്യച്ചനും വല്യമ്മയും ആന്റിയും അങ്കിളും പരസ്പരം നോക്കി പുഞ്ചിരിച്ചത്.
“ശെരി, മോളും നിന്റെ ചേട്ടന്റെ കൂടെ തന്നെ പൊയ്ക്കൊ…” അങ്കിള്‍ പുഞ്ചിരി മാറാതെ പറഞ്ഞതും ഡാലിയയുടെ വാശിയും ടെൻഷനും പെട്ടന്ന് മാറി സമാധാനം മുഖത്ത് നിറഞ്ഞു.
“നിങ്ങൾ രണ്ടും എന്തു തീരുമാനിച്ചാലും ഞങ്ങൾക്ക് സമ്മതമാണ്.” വല്യമ്മയും ആന്റിയും ഞങ്ങളെ നോക്കി പറഞ്ഞു. എന്നിട്ട് അവർ തമ്മില്‍ എന്തൊക്കെയോ രഹസ്യമായി സംസാരിച്ചു കൊണ്ട് അവർ നടന്ന് അടുക്കളയില്‍ പോയി.
അവർ എന്തു ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.
“പോകാനുള്ള തയാറെടുപ്പ് ഇപ്പഴേ ഞങ്ങൾ തുടങ്ങട്ടെ.” പറഞ്ഞിട്ട് മിനിയും അശ്വതിയും ഗായത്രിയും, ഷാഹിദയും ചിരിച്ചുകൊണ്ട് പോയി.
“എനിക്കും കൊണ്ടുപോകാനുള്ളത് എല്ലാം റെഡിയാക്കാനുണ്ട്…” ഡാലിയ നല്ല ഉത്സാഹത്തോടെ പറഞ്ഞിട്ട് ഓടി.
“റൂബി മോനെ…!” അങ്കിള്‍ വിളിച്ചതും ഡാലിയ ഓടിയ ഭാഗത്ത് നിന്നും എന്റെ നോട്ടം ഞാൻ പിന്‍വലിച്ചു. “വാ നിന്റെ വണ്ടി എടുക്ക്. നമുക്ക് പുറത്ത് പോയിട്ട് വരാം.” അങ്കിള്‍ പറഞ്ഞു. എന്നിട്ട് അങ്കിളും വല്യച്ചനും ഒരുമിച്ച് പുറത്തേക്ക് നടന്നു പോയത് കണ്ടപ്പോ അവര്‍ക്ക് എന്നോട് എന്തോ കാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് മനസ്സിലായി.
ചെറിയൊരു ആശങ്ക തോന്നിയെങ്കിലും അതിനെ ഒളിപ്പിച്ചു കൊണ്ട് ഞാനും പുറത്തേക്ക് നടന്നു. ഞങ്ങൾ മൂന്നുപേരും വണ്ടിയില്‍ കേറി. അങ്കിള്‍ മുന്നിലും വല്യച്ചൻ പിന്നിലുമാണ് കേറിയത്.
“നമ്മുടെ ദിലീപിന്റെ ബേക്കറിയിലോട്ട് വിട്ടോ.” വല്യച്ചൻ വണ്ടിയില്‍ കേറി ഡോർ അടച്ചിട്ട് പറഞ്ഞു. ഞാനും വണ്ടി എടുത്തു. “പിന്നേ, നല്ല സ്ലോ ആയിട്ട് ഓടിച്ചാൽ മതി..”
അടുത്തായി വേറെ ബേക്കറികൾ ഉണ്ടെങ്കിലും ആറ് കിലോമീറ്റർ അകലെയുള്ള ഈ ബേക്കറി അവര്‍ സെലക്ട് ചെയ്തത് എന്നോട് സംസാരിക്കാൻ കൂടുതൽ സമയം വേണം എന്നുള്ളത് എനിക്ക് മനസ്സിലായി.
അര കിലോമീറ്റർ പിന്നിട്ട ശേഷം അങ്കിള്‍ ഒന്ന് ചുമച്ചു. എന്നിട്ട് തല ചെരിച്ച് എന്നെ നോക്കി.
“റൂബി..” അങ്കിള്‍ പതിയെ തുടങ്ങി. “ഞങ്ങളുടെ രണ്ട് പൊന്ന് മക്കളെയും വേദനിപ്പിക്കുന്ന നോട്ടം പോലും നോക്കാതെയാണ് ഞങ്ങൾ വളർത്തിയത്, അത് നിനക്കും നന്നായറിയാം. അവർ സങ്കടപ്പെടുന്നതും വേദനിക്കുന്നതും ഒന്നും ഞങ്ങൾക്ക് ഇഷ്ട്ടമല്ല. പക്ഷേ തീരാത്ത ദുഃഖവും തന്നിട്ട് നമ്മുടെ ഡെയ്സി പോയി. ഇപ്പൊ ഞങ്ങൾക്ക് ഡാലിയ മാത്രമേ മകളായി ഉള്ളു.”അങ്കിള്‍ എന്നെ നോക്കി അത്രയും പറഞ്ഞിട്ട് വല്യച്ചനെ തിരിഞ്ഞു നോക്കി.
