സാംസൻ – 10അടിപൊളി  

“ശെരിയാ.. ഷോപ്പിങ് പെട്ടന്ന് ചെയ്യുനതാണ് നല്ലത്. അവസാന സമയത്ത്‌ പലതും നമ്മൾ മറന്നുപോകും…” അമ്മായി ആരോടെന്നില്ലാതെ പറഞ്ഞു.

അന്നു രാത്രി സാന്ദ്ര ആരോടും സംസാരിക്കാതെ വേഗം കഴിച്ചിട്ട് മുകളില്‍ പോയി. ഞാനും ജൂലിയും റൂമിൽ വന്ന് കിടന്നു.

ജൂലി ഭയങ്കര ടെൻഷനിൽ ആണെന്ന് കണ്ട് അവളെ ഞാൻ ചേര്‍ത്തു പിടിച്ചു. “സാന്ദ്ര പഠിക്കാൻ അല്ലേ പോകുന്നത്..? സമയം പമ്പരം പോലെ കറങ്ങി തീരും.” അവളുടെ നെറ്റിയിൽ ഞാൻ ഉമ്മ കൊടുത്തു.

“അവളെ വിചാരിച്ച് എനിക്ക് ടെൻഷനുണ്ട്, ചേട്ടാ. പക്ഷേ മറ്റൊരു കാര്യം ഓര്‍ത്താണ് എനിക്ക് ഏറ്റവും ടെൻഷൻ…” സങ്കടവും പേടിയും കലര്‍ന്ന അവസ്ഥയില്‍ ആയിരുന്നു ജൂലി.

“എന്തു കാര്യം ഓര്‍ത്താ എന്റെ സുന്ദരിക്കുട്ടി ഇത്ര വിഷമിക്കുന്നത്…?” ഞാൻ ചോദിച്ചു.

“മറ്റന്നാൾ എന്റെ പിരീഡ് തുടങ്ങുന്ന ദിവസമാണ്….” ആശങ്കയോടെ ജൂലി പറഞ്ഞു.

അപ്പോഴാണ് ഞാനും അക്കാര്യം ഓര്‍ത്തത്. അവളുടെ ടെൻഷൻ എന്തിനാണെന്ന്‌ ഇപ്പോഴാണ് മനസ്സിലായത്. അവള്‍ കൻസീവാണോ അല്ലയോ എന്ന് രണ്ടുദിവസത്തിൽ അറിയാൻ കഴിയും.

“നാളെ നമുക്ക് പ്രെഗ്നന്സി കാര്‍ഡ് വാങ്ങി ടെസ്റ്റ് ചെയ്താലോ…?” വെപ്രാളത്തോടെ ചാടി എഴുനേറ്റ് ഞാൻ ചോദിച്ചു.

“വേണ്ട ചേട്ടാ… എനിക്ക് പേടിയാ…?”

“ഇതില്‍ പേടിക്കാൻ എന്താ ഉള്ളത്..?” അവളുടെ അടുത്തിരുന്ന് ഞാൻ അക്ഷമയോടെ ചോദിച്ചു.

“ടെസ്റ്റ് ചെയ്യാനല്ല പേടി… ടെസ്റ്റ് റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ ഞാൻ… ഞാൻ… തകർന്നു പോകും. ഇപ്പോഴേ എന്റെ ഹൃദയം പൊട്ടും പോലെ തോന്നുന്നു… കഴിഞ്ഞ മാസം നമ്മൾ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് കണ്ട് ഞാൻ ശെരിക്കും തകർന്നു പോയതാണ്.” പെട്ടന്ന് ജൂലി കരയാന്‍ തുടങ്ങി.

എന്റെ ഹൃദയത്തിലും ഭാരം കൂടി. എനിക്കും സങ്കടം വന്നു. അത് അകത്തു കിടന്ന് നീറി പുകഞ്ഞു. പക്ഷേ ഞാൻ പുറത്ത് കാണിച്ചില്ല.

“യേയ്.. എഡി മോളെ… ഇങ്ങനെ തൊട്ടാവാടി ആവല്ലേ…” അവളെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു.

ജൂലി മെല്ലെ എഴുനേറ്റ് എന്റെ മടിയില്‍ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട്‌ കരഞ്ഞു. ഒന്നും സംസാരിക്കാന്‍ കഴിയാതെ ഞാൻ അവളെയും ചേര്‍ത്തു പിടിച്ചു കൊണ്ട്‌ വെറുതെ ഇരുന്നു.

അവസാനം കരഞ്ഞു തളര്‍ന്ന്‌ അവള്‍ എന്റെ മടിയില്‍ ഇരുന്നു തന്നെ ഉറങ്ങി. ഞാൻ അവളെ പതിയെ ബെഡ്ഡിൽ കിടത്തിയ ശേഷം അടുത്ത് കിടന്ന് അവളെ ചേര്‍ത്തു പിടിച്ചു.

അടുത്ത ദിവസം വൈകിട്ട് ഞാൻ പ്രെഗ്നന്സി ടെസ്റ്റ് കാര്‍ഡ് വാങ്ങിക്കൊണ്ടു വന്നെങ്കിലും അവള്‍ ടെസ്റ്റ് ചെയ്യാൻ തയ്യാറായില്ല. ഞാൻ ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ എല്ലാം ജൂലി കരയാന്‍ തുടങ്ങി. അതുകൊണ്ട്‌ ഞാൻ നിര്‍ബന്ധിക്കാൻ പോയില്ല.

അന്നു രാത്രി മുഴുവനും ജൂലി ഉറങ്ങിയില്ല. അവള്‍ അസ്വസ്ഥയായി റൂമിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഞാൻ എത്ര ശ്രമിച്ചിട്ടും അവള്‍ കിടക്കാന്‍ തയ്യാറായില്ല. അവസാനം നേരം എങ്ങനെയോ പുലർന്നു.

ഞാൻ അന്ന് സാന്ദ്രയെ വിട്ടിട്ട് വീട്ടില്‍ തിരികെ വന്നു. അമ്മായി പതിവ് പോലെ സ്കൂളിൽ പോയി. ജൂലി ഭക്ഷണം ഒന്നും കഴിക്കാതെ വിരണ്ടു നടന്നു. ഞാൻ സത്യത്തിൽ മനസ്സിൽ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. വെപ്രാളം പിടിച്ചു ഞാൻ ഇറങ്ങി എങ്ങോട്ടെങ്കിലും ഓടാത്തത് തന്നെ ഭാഗ്യം.

സാധാരണയായി അവള്‍ക്ക് ഒന്‍പത് മണിക്കും പത്തിനും ഇടക്കാണ് ആവാറുള്ളത്. അങ്ങനെ ഒന്‍പത് മണി കഴിഞ്ഞു. സമയം ഒച്ചു പോലെ ഇഴഞ്ഞു നീങ്ങി. ഒടുവില്‍ പത്തു മണി കഴിഞ്ഞിട്ടും അവള്‍ക്ക് ആവാതെ വന്നപ്പോൾ ജൂലി സന്തോഷവും പേടിയും കലര്‍ന്ന ഭാവത്തില്‍ ഹാളില്‍ നടത്തം നിര്‍ത്തി എന്നെ നോക്കി.

ഞാനും ചോദ്യ ഭാവത്തില്‍ അവളെ നോക്കി. വിറച്ചു കൊണ്ടാണ് അവള്‍ നടന്ന് എന്റെ അടുത്തേക്ക് വന്നത്. എന്റെ അടുത്ത് വന്നതും ശക്തി ചോര്‍ന്നുപോയ പോലെ അവള്‍ എന്റെ മേല്‍ ചാരി.

“ഇതുവരെ ഒന്നും ആയില്ല…”

അവള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞതും എനിക്ക് തുള്ളിച്ചാടാൻ തോന്നി.

“ഇപ്പൊ നമുക്ക് ടെസ്റ്റ് ചെയ്തു നോക്കാം, ചേട്ടാ…” നടുങ്ങിക്കൊണ്ട് അവള്‍ പറഞ്ഞു.

ഉടനെ അവളെ താങ്ങി പിടിച്ചു കൊണ്ട്‌ അവളെ റൂമിലേക്ക് കൊണ്ടുപോയി. ടെസ്റ്റ് കാർഡ് എടുത്തു കൊണ്ട്‌ ഞങ്ങൾ ഒരുമിച്ച് ബാത്റൂമിൽ കേറി. കാർഡിൽ യൂറിൻ ഇറ്റിച്ചു വീഴ്ത്തി.

ആദ്യം ഒന്നും സംഭവിച്ചില്ല. പക്ഷേ പെട്ടന്ന് തന്നെ ഒരു മങ്ങിയ പിങ്ക് വര തെളിഞ്ഞു.

“ഇതെന്താ ഇത്ര മങ്ങിയ വര..? വര നന്നായി തെളിഞ്ഞു വരണ്ടേ..? അതും രണ്ടു വര തെളിഞ്ഞു വരണ്ടേ..?” ജൂലി പരിഭ്രാന്തിയായി അലറും പോലെ ചോദിച്ചു.

അന്നേരം തീരെ മങ്ങിയ മറ്റൊരു വര കൂടി തെളിഞ്ഞു.

“എനിക്ക് പേടിയാവുന്നു, ചേട്ടാ… നല്ല ഡാർക്ക് നിറം വേണ്ടെ… പക്ഷേ മങ്ങിയ നിറമല്ലേ തെളിഞ്ഞത്..?” ജൂലി കരഞ്ഞു.

“ചിലപ്പോ തുടക്കം ആയത് കൊണ്ടാവും..” അവളെ ഞാൻ ആശ്വസിപ്പിച്ചു. “നമുക്ക് ആശുപത്രിയിൽ പോകാം.” എന്റെ മനസ്സിലെ ഭയത്തെ മറച്ച് കൊണ്ട്‌ ഞാൻ പറഞ്ഞു.

പക്ഷേ ജൂലി പേടിയോടെ എന്നെ നോക്കിയെങ്കിലും അവസാനം സമ്മത ഭാവത്തില്‍ തലയാട്ടി.

അങ്ങനെ വേഗം റെഡിയായി ഞങ്ങൾ ആശുപത്രിയിൽ ചെന്ന് ടെസ്റ്റ് ചെയ്ത കാർഡ് കാണിച്ചു.

പക്ഷേ ഡോക്ടര്‍ കാർഡ് പരിശോധിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു. നിരാശയോടെ വീട്ടില്‍ വന്ന ശേഷം അവളെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു. വൈകിട്ട് ഞാൻ ചെന്ന് സാന്ദ്രയെ കൂട്ടിക്കൊണ്ടു വന്നു. വരുന്ന വഴിക്ക് അവളോട് സംഭവം പറഞ്ഞു.

“അതെന്താ രണ്ടു ദിവസം കഴിഞ്ഞ് ചെല്ലാൻ പറഞ്ഞെ..?”

“എനിക്ക് അറിയില്ല…!” ടെൻഷനിൽ ഞാൻ പറഞ്ഞു.

അമ്മായി വന്ന ശേഷം സാന്ദ്ര അമ്മായിയോട് കാര്യം പറഞ്ഞു.

ശേഷമുള്ള രണ്ടു ദിവസം വളരെ പ്രയാസപ്പെട്ടാണ് ഞങ്ങൾ തള്ളി നീക്കിയത്. സാന്ദ്ര അന്ന് ക്ലാസില്‍ പോയില്ല. അമ്മായി മനസ്സില്ലാമനസ്സോടെ സ്കൂളിലേക്ക് പോയി.

കാറിൽ ഞാനും ജൂലിയും സാന്ദ്രയും ആശുപത്രിയില്‍ ചെന്നു. അവസാനം ഓപി എടുത്ത് കാത്തിരുന്ന് ഡോക്റ്ററെ കണ്ടു. ആദ്യം കാർഡ് എടുത്തു തന്നെയാണ് ടെസ്റ്റ് ചെയ്തത്.

അതിൽ ഉടനെ രണ്ടു പിങ്ക് വര തെളിഞ്ഞു വന്നു.

ആശുപത്രി എന്ന് നോക്കാതെ ഞാൻ ഉറക്കെ വിളിച്ചു കൂവി പോകുമായിരുന്നു. പക്ഷേ എങ്ങനെയോ ഞാൻ നിയന്ത്രിച്ചു. സന്തോഷത്തില്‍ ജൂലിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. എനിക്ക് സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് എന്നെയും അറിയാതെ ഞാൻ വിളിച്ചു കൂവി.

“ചേട്ടാ…” ജൂലി പെട്ടന്ന് എന്റെ വായ് പൊത്തി പിടിച്ചു. ലേഡീ ഡോക്ടര്‍ എന്നെ തുറിച്ചു നോക്കിയെങ്കിലും അവസാനം അവർ പുഞ്ചിരിച്ചു.

“തേങ്ക്യൂ ഡോക്ടര്‍..” ജൂലി സന്തോഷത്തോടെ പറഞ്ഞിട്ട് ഡോക്ടര്‍ എഴുതി തന്ന റസിപ്റ്റും വാങ്ങി എന്നെയും വലിച്ചു കൊണ്ട്‌ ജൂലി പുറത്തേക്ക്‌ വന്നു.

Leave a Reply

Your email address will not be published. Required fields are marked *