സാംസൻ – 10അടിപൊളി  

ആഴ്‌ചയില്‍ നാല് ദിവസമെങ്കിലും ജൂലി ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ തുടങ്ങി. പലപ്പോഴും വളരെ സീരിയസ് ആയിരുന്നു അവളുടെ അവസ്ഥ. പലപ്പോഴും അവൾ രക്ഷപ്പെടില്ല എന്നുവരെ ഞാൻ ഭയന്നു. എന്റെയും അമ്മായിയുടെയും സമാധാനവും പൂര്‍ണമായി നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. സാന്ദ്ര ദിവസവും പത്ത് പ്രാവശ്യമെങ്കിലും ജൂലിയെ വിളിച്ച് സംസാരിക്കാറുണ്ട് — അവളുടെ ചേച്ചിയെ നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം കാരണമാണ് സാന്ദ്ര ഇങ്ങനെ വിളിച്ചു കൊണ്ടിരുന്നത്. ഏറിയ സമയവും ജൂലി അര്‍ധബോധത്തില്‍ എന്ന പോലെയാണ്‌ ജീവിച്ചത്.. അവള്‍ക്ക് ചുറ്റും എന്തു സംഭവിക്കുന്നു എന്നറിയാത്ത പോലെ.

പലവട്ടം ദേവിയും ദേവാംഗന ആന്റിയും ജൂലിയെ കാണാന്‍ വീട്ടിലും ആശുപത്രിയിലും വന്നിരുന്നു. വിനില കൂടുതൽ സമയം ഞങ്ങളുടെ കൂടെ സഹായത്തിന് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും സ്ഥിരമായി വീട്ടിലും ആശുപത്രിയിലും വന്ന് ജൂലിയെ സന്ദര്‍ശിക്കാൻ തുടങ്ങി. എന്റെ അങ്കിളും ആന്റിയും ഇടക്കിടക്ക് വീട്ടില്‍ വന്നിട്ട് പോയി. എന്റെ അച്ഛനും ഇളയമ്മയുടെ അവരുടെ മക്കളും നിത്യ സന്ദര്‍ശകരായി മാറി.

ഞാൻ എന്റെ കാര്യം പോലും അധികം ശ്രദ്ധിക്കാതെയായി. അര്‍ധ ഭ്രാന്ത് പിടിച്ച അവസ്ഥ പോലെയായി. ജൂലി എനിക്ക് നഷ്ടപ്പെടും എന്ന ഭയം വര്‍ധിച്ചുകൊണ്ടിരുന്നു. അവൾ നഷ്ടപ്പെടാൽ ഞാൻ മുഴു ഭ്രാന്തനായി മാറും എന്നതിൽ സംശയം ഇല്ലായിരുന്നു.

ഏതു നേരവും ദേവി നേരിട്ട് അല്ലെങ്കിൽ ഫോണിലൂടെ എന്നെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.

അങ്ങനെ ഭയവും ഭ്രാന്തിന്‍റെ വക്കിലും നിന്ന് എങ്ങനെയോ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഉരുണ്ടോടി.

ജൂലിക്ക് എട്ട് മാസം തികഞ്ഞ ദിവസം അവള്‍ക്ക് കഠിനമായ ശ്വാസംമുട്ടൽ വന്ന് അവള്‍ ബോധം കെട്ടു വീണു. ഞാനും അമ്മായിയും വിനിലയും ചേര്‍ന്ന് അവളെ വേഗം ആശുപത്രിയിൽ എത്തിച്ചു. ഭാഗ്യത്തിന്‌ ജൂലി രക്ഷപ്പെട്ടു. പക്ഷേ ഡെലിവറി കഴിയും വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്റ്റര്‍ പറഞ്ഞു.

അമ്മായിയും വിനിലയും അവളുടെ കൂടെ ആശുപത്രിയിൽ ഇരിക്കാൻ തീരുമാനിച്ചു. പക്ഷേ പ്രാന്ത് പിടിച്ച പോലെ ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് അമ്മായിയേയും വിനിലയേയും കൂടി ടെൻഷൻ പിടിപ്പിക്കാൻ തുടങ്ങിയതോടെ എന്നെ ആശുപത്രിയിൽ ഇരിക്കാൻ അമ്മായി അനുവദിച്ചില്ല. അതുകൊണ്ട്‌ ഇടയ്ക്കിടെ ഞാൻ വീട്ടില്‍ വന്നിരുന്നു. അന്നുതന്നെ എന്റെ ഇളയമ്മയും ആശുപത്രിയിൽ നിൽക്കാൻ തീരുമാനിച്ചു.

നെല്‍സണും ഗോപനും സുമയും കാര്‍ത്തികയും എന്നും ആശുപത്രയില്‍ വന്നിട്ട് പോകുന്നത് പതിവാക്കി. ഒന്നിടവിട്ട് ദേവിയും ദേവാംഗന ആന്റിയും വന്നു പോയി.

അങ്ങനെ അഡ്മിറ്റ് ചെയ്ത ഇരുപത്തി നാലാമത്തെ ദിവസം ജൂലിയുടെ അവസ്ഥ ഗുരുതരമായി. എത്രയും വേഗം ഓപ്പറേഷന്‍ ചെയ്ത് കുഞ്ഞിനെ പുറത്ത്‌ എടുത്തില്ലെങ്കിൽ അമ്മയും കുഞ്ഞും രക്ഷപ്പെടില്ല എന്ന് ഡോക്റ്റര്‍ പറഞ്ഞതോടെ ഞാൻ ഭയന്നു പോയി. അവർ ആവശ്യപ്പെട്ട ഡോക്യുമെന്റിൽ ഞാൻ വേഗം ഒപ്പിട്ട് കൊടുത്തതും ജൂലിയെ ഓപ്പറേഷന്‍ തിയേറ്ററിൽ കയറ്റി.

എന്തു സംഭവിക്കും എന്നറിയാതെ ഞങ്ങൾ എല്ലാവരും കാത്തിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ട് എന്താണ് സംഭവിക്കുന്നത്‌ എന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന നേഴ്സുമാർ പറയാൻ കൂട്ടാക്കിയില്ല.

അവസാനം മണിക്കൂറുകൾ കഴിഞ്ഞ് ഡോക്ടര്‍ പുറത്തു വന്നത് കണ്ടിട്ട് ഞാൻ ഓടി ചെന്നു.

“ഡോക്ടര്‍…. ജൂലി… ജൂലിക്ക്— എന്റെ കുഞ്ഞ്—” കൂടുതൽ പറയാൻ കഴിയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങി.

“ഓപ്പറേഷന്‍ കഴിഞ്ഞു. പേടിക്കാൻ ഒന്നുമില്ല, താങ്കളുടെ ഭാര്യ ഇപ്പോൾ ഐസിയു ഒബ്സർവേഷനിലാണ്.. മൂന്ന്‌ ദിവസം കഴിഞ്ഞ് റൂമിലേക്ക് മാറ്റും. പിന്നെ കുഞ്ഞ്, പെണ്‍കുട്ടിയാണ്. കുഞ്ഞിനെ വെണ്ടിലേറ്ററിൽ വച്ചിരിക്കുകയാണ്… കുഞ്ഞിനും വലിയ കുഴപ്പമൊന്നുമില്ല. നാല് മണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് കുഞ്ഞിനെ കാണാം….” അത്രയും പറഞ്ഞിട്ട് ഡോക്ടർ വേഗം രണ്ട് അടി മുന്നോട്ട് വച്ചിട്ട് പെട്ടന്ന് നിന്നു.

എന്നിട്ട് തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു, “പിന്നേ, ഞങ്ങൾ രണ്ട് ഡോക്ടേർസും ആറ് അസിസ്റ്റൻസും അടങ്ങിയ ടീം കഷ്ടപ്പെട്ട് ഈ ഓപ്പറേഷനെ വിജയകരമാക്കി എന്നത് നേരാണ്.. പക്ഷേ ഗർഭം ധരിച്ച നിമിഷം തൊട്ട് ഈ നിമിഷം വരെ ആ കുട്ടി എങ്ങനെ ജീവനെ നിലനിര്‍ത്തി എന്നത് അല്‍ഭുതകരമാണ്. ദൈവത്തിന്റെ അനുഗ്രഹം എന്നെ പറയാനുള്ളു..” പുഞ്ചിരിയോടെ പറഞ്ഞിട്ട് ഡോക്റ്റര്‍ നടന്നു നീങ്ങി.

അമ്മായി പെട്ടന്ന് കൈകൂപ്പി കൊണ്ട്‌ പൊട്ടിക്കരയാൻ തുടങ്ങി. എല്ലാവരുടെ മുഖത്തും സങ്കടവും സന്തോഷവും ഒരുപോലെ നിറഞ്ഞു നിന്നു.

എനിക്ക് വിളിച്ചു കൂവണം എന്നുണ്ടായിരുന്നു. വിനില പെട്ടന്ന് എന്റെ കൈയിൽ പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ വിളിച്ചു കൂവി പോകുമായിരുന്നു.

സന്തോഷം സഹിക്കാൻ കഴിയാതെ ഞാൻ വിനിലയെ കെട്ടിപ്പിടിച്ചു. ഇത്രയും മാസങ്ങൾ ഞാൻ അനുഭവിച്ച മാനസിക വിഷമങ്ങള്‍ ഒക്കെ അലിഞ്ഞ് പോകുന്നത് ഞാൻ അറിഞ്ഞു. അവസാനം എന്നെയും അറിയാതെ വിനിലയുടെ തോളില്‍ ഞാൻ തേങ്ങി കരയാന്‍ തുടങ്ങി. വിനില ആശ്വാസ വാക്കുകൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട്‌ എന്റെ തോളത്ത് തട്ടി തരാൻ തുടങ്ങി.

അല്‍പ്പം കഴിഞ്ഞ് എന്റെ ഇളയമ്മ വന്ന് എന്നെ പതിയെ വിനിലയിൽ നിന്നും അടർത്തി അവരോട് ചേര്‍ത്തു പിടിച്ചു.

ആദ്യമായി സ്നേഹപൂര്‍വം അവർ എന്നെ ചേര്‍ത്തു പിടിച്ച് എന്റെ മുടിയില്‍ തഴുകിയതും എന്റെ കരച്ചില്‍ കൂടി. നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ഏങ്ങലടിച്ചു കരഞ്ഞു.

വിനില ഓരോരുത്തര്‍ക്കും ഫോൺ ചെയ്ത് സന്തോഷത്തോടെ ജൂലിയും കുഞ്ഞിന്റെയും കാര്യം പറയുന്നത് ഞാൻ കേട്ടു. സാന്ദ്രയ്ക്ക് കോൾ ചെയ്യാനായി വിനില എന്റെ പോക്കറ്റില്‍ നിന്നും എന്റെ ഫോൺ എടുത്ത് വിളിച്ചു. ശേഷം എന്റെ മൊബൈലില്‍ നിന്നു തന്നെ ദേവിയെ വിളിച്ച് കാര്യം പറയുന്നതും എന്റെ കാതില്‍ വീണു.

ഇളയമ്മ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് റൂമിലേക്ക് നയിച്ചു. ഞങ്ങൾക്ക് പിന്നാലെ വിനിലയും അമ്മായിയും വന്ന് റൂമിൽ കേറി.

അവസാനം ഞാൻ ഇളയമ്മയിൽ നിന്നും അകന്നു മാറിയ ശേഷം എന്റെ കണ്ണുകൾ തുടച്ചിട്ട് അവരെ നോക്കി പുഞ്ചിരിച്ചു. ആദ്യമായി എനിക്കുവേണ്ടി അവരുടെ കണ്ണില്‍ വാത്സല്യം നിറയുന്നത് ഞാൻ കണ്ടു. മനസ്സിന്‌ ഇപ്പോഴാണ് ആശ്വാസം ലഭിച്ചത്‌.

അന്നേരം ഗോപന്‍ എന്റെ ഫോണിൽ കോൾ ചെയ്തു. വിനില സ്പീക്കറിൽ ഇട്ടു.

“മച്ചു… വിനി കാര്യം പറഞ്ഞു. ഇപ്പോഴാണ് സമാധാനമായത്. ഇനിയെങ്കിലും നീ വേഗം വീട്ടില്‍ ചെന്ന് ആ നാല് മാസത്തെ താടി ഷേവ് ചെയ്യ്ത് ഫ്രെഷ് ആയിട്ട് വാ. അപ്പോഴേക്കും ഞങ്ങൾ എല്ലാവരും ആശുപത്രിയിൽ വന്നേക്കാം.” ഗോപന്‍ സന്തോഷത്തില്‍ കൂവി ക്കൊണ്ട് കട്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *