അന്നേരം തീരെ മങ്ങിയ മറ്റൊരു വര കൂടി തെളിഞ്ഞു.
“എനിക്ക് പേടിയാവുന്നു, ചേട്ടാ… നല്ല ഡാർക്ക് നിറം വേണ്ടെ… പക്ഷേ മങ്ങിയ നിറമല്ലേ തെളിഞ്ഞത്..?” ജൂലി കരഞ്ഞു.
“ചിലപ്പോ തുടക്കം ആയത് കൊണ്ടാവും..” അവളെ ഞാൻ ആശ്വസിപ്പിച്ചു. “നമുക്ക് ആശുപത്രിയിൽ പോകാം.” എന്റെ മനസ്സിലെ ഭയത്തെ മറച്ച് കൊണ്ട് ഞാൻ പറഞ്ഞു.
പക്ഷേ ജൂലി പേടിയോടെ എന്നെ നോക്കിയെങ്കിലും അവസാനം സമ്മത ഭാവത്തില്‍ തലയാട്ടി.
അങ്ങനെ വേഗം റെഡിയായി ഞങ്ങൾ ആശുപത്രിയിൽ ചെന്ന് ടെസ്റ്റ് ചെയ്ത കാർഡ് കാണിച്ചു.
പക്ഷേ ഡോക്ടര്‍ കാർഡ് പരിശോധിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു. നിരാശയോടെ വീട്ടില്‍ വന്ന ശേഷം അവളെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു. വൈകിട്ട് ഞാൻ ചെന്ന് സാന്ദ്രയെ കൂട്ടിക്കൊണ്ടു വന്നു. വരുന്ന വഴിക്ക് അവളോട് സംഭവം പറഞ്ഞു.
“അതെന്താ രണ്ടു ദിവസം കഴിഞ്ഞ് ചെല്ലാൻ പറഞ്ഞെ..?”
“എനിക്ക് അറിയില്ല…!” ടെൻഷനിൽ ഞാൻ പറഞ്ഞു.
അമ്മായി വന്ന ശേഷം സാന്ദ്ര അമ്മായിയോട് കാര്യം പറഞ്ഞു.
ശേഷമുള്ള രണ്ടു ദിവസം വളരെ പ്രയാസപ്പെട്ടാണ് ഞങ്ങൾ തള്ളി നീക്കിയത്. സാന്ദ്ര അന്ന് ക്ലാസില്‍ പോയില്ല. അമ്മായി മനസ്സില്ലാമനസ്സോടെ സ്കൂളിലേക്ക് പോയി.
കാറിൽ ഞാനും ജൂലിയും സാന്ദ്രയും ആശുപത്രിയില്‍ ചെന്നു. അവസാനം ഓപി എടുത്ത് കാത്തിരുന്ന് ഡോക്റ്ററെ കണ്ടു. ആദ്യം കാർഡ് എടുത്തു തന്നെയാണ് ടെസ്റ്റ് ചെയ്തത്.
അതിൽ ഉടനെ രണ്ടു പിങ്ക് വര തെളിഞ്ഞു വന്നു.
ആശുപത്രി എന്ന് നോക്കാതെ ഞാൻ ഉറക്കെ വിളിച്ചു കൂവി പോകുമായിരുന്നു. പക്ഷേ എങ്ങനെയോ ഞാൻ നിയന്ത്രിച്ചു. സന്തോഷത്തില്‍ ജൂലിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. എനിക്ക് സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് എന്നെയും അറിയാതെ ഞാൻ വിളിച്ചു കൂവി.
“ചേട്ടാ…” ജൂലി പെട്ടന്ന് എന്റെ വായ് പൊത്തി പിടിച്ചു. ലേഡീ ഡോക്ടര്‍ എന്നെ തുറിച്ചു നോക്കിയെങ്കിലും അവസാനം അവർ പുഞ്ചിരിച്ചു.
“തേങ്ക്യൂ ഡോക്ടര്‍..” ജൂലി സന്തോഷത്തോടെ പറഞ്ഞിട്ട് ഡോക്ടര്‍ എഴുതി തന്ന റസിപ്റ്റും വാങ്ങി എന്നെയും വലിച്ചു കൊണ്ട് ജൂലി പുറത്തേക്ക് വന്നു.
ചില നേഴ്സുമാർ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
സാന്ദ്ര പെട്ടന്ന് ഓടി വന്നു. അവളുടെ മുഖവും സന്തോഷത്തില്‍ നിറഞ്ഞിരുന്നു.
“ചേട്ടൻ വിളിച്ചു കൂവിയത് ഇവിടെ എല്ലാവരും കേട്ടു…” അവൾ ചിരി അടക്കി. “അപ്പോ ഉറപ്പല്ലേ…?” സാന്ദ്ര തിടുക്കം കൂട്ടി.
“നൂറ് ശതമാനം…” ഞാൻ പിന്നെയും ഉറക്കെ പറഞ്ഞു. എന്നിട്ട് പബ്ലിക് എന്ന ബോധം ഇല്ലാതെ ജൂലിക്ക് കവിളിൽ ഉമ്മ കൊടുത്തു.
പെട്ടന്ന് ജൂലി ചിരിച്ചു കൊണ്ട് എന്റെ മുഖം പിടിച്ചു മാറ്റി. ഞാൻ എന്തോ ഉറക്കെ പറയാൻ തുടങ്ങിയതും പിന്നെയും ജൂലി എന്റെ വായ് പൊത്തി.
നേഴ്സുമാരും രോഗികള്‍ പോലും ചിരിക്കുന്നത് ഞാൻ കണ്ടു. പക്ഷേ കളിയാക്കി അല്ല.. എന്റെ ഉത്സാഹവും സന്തോഷം കണ്ടിട്ടാണ് അവരും ചിരിച്ചത്.
“പ്ലീസ് ചേട്ടാ… ഇത് ആശുപത്രിയാണ്…” ചിരി അടക്കാൻ ശ്രമിച്ചു കൊണ്ട് ജൂലി പറഞ്ഞു.
ജൂലിയുടെ മുഖം ചുവന്നു തുടുത്തിരുന്നു. അവളുടെ കണ്ണുകളില്‍ നാണം നിറഞ്ഞു നിന്നു.
“ഇതു പിടിക്ക്, സാന്ദ്ര. ചേട്ടൻ പിന്നെയും വിളിച്ചു കൂവി പരിസരം മറന്ന് എന്തെങ്കിലും ചെയ്യും മുന്നേ ഞാൻ ചേട്ടനെ കൊണ്ട് പുറത്ത് പോട്ടെ..” എന്നിട്ട് അവളുടെ ഹാന്‍ഡ് ബാഗും ബില്ലും മരുന്നിന്റെ സ്ലിപ്പും എല്ലാം ജൂലി സാന്ദ്രയുടെ കൈയിൽ കൊടുത്തിട്ട് ബില്ല് അടയ്ക്കാനും മരുന്ന് വാങ്ങാനും പറഞ്ഞിട്ട് എന്നെ വലിച്ചു കൊണ്ട് പുറത്തേക്ക് വന്നു.
പുറകില്‍ ആരൊക്കെയോ ചിരിക്കുന്നത് കേട്ടു.
പുറത്ത് വന്ന് എന്നെ കാറില്‍ കേറ്റി ഇരുത്തിയ ശേഷം ജൂലിയും മുന്നില്‍ കേറി. എന്നിട്ട് പൊട്ടിച്ചിരിച്ചു. കുറെ നേരം അവൾ ചിരിച്ചു. അവളുടെ വിഷമവും ടെൻഷനും ഭയവും എല്ലാം ആ ചിരിയിലൂടെ അലിഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു.
അവസാനം ചിരി മതിയാക്കി ജൂലി എന്നെ നോക്കി. “ഞാൻ അമ്മയാകാൻ പോകുന്നു. ചേട്ടന്‍ അച്ഛനാകാൻ പോകുന്നു.” എന്നും പറഞ്ഞു അവള്‍ എത്തി വന്നിട്ട് എന്റെ ചുണ്ടില്‍ തന്നെ മുത്തി. എന്നിട്ട് പരിസര ബോധം വന്നത് പോലെ പെട്ടന്ന് മാറി.
