സാംസൻ – 10അടിപൊളി  

ചില നേഴ്സുമാർ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

സാന്ദ്ര പെട്ടന്ന് ഓടി വന്നു. അവളുടെ മുഖവും സന്തോഷത്തില്‍ നിറഞ്ഞിരുന്നു.

“ചേട്ടൻ വിളിച്ചു കൂവിയത് ഇവിടെ എല്ലാവരും കേട്ടു…” അവൾ ചിരി അടക്കി. “അപ്പോ ഉറപ്പല്ലേ…?” സാന്ദ്ര തിടുക്കം കൂട്ടി.

“നൂറ് ശതമാനം…” ഞാൻ പിന്നെയും ഉറക്കെ പറഞ്ഞു. എന്നിട്ട് പബ്ലിക് എന്ന ബോധം ഇല്ലാതെ ജൂലിക്ക് കവിളിൽ ഉമ്മ കൊടുത്തു.

പെട്ടന്ന് ജൂലി ചിരിച്ചു കൊണ്ട്‌ എന്റെ മുഖം പിടിച്ചു മാറ്റി. ഞാൻ എന്തോ ഉറക്കെ പറയാൻ തുടങ്ങിയതും പിന്നെയും ജൂലി എന്റെ വായ് പൊത്തി.

നേഴ്സുമാരും രോഗികള്‍ പോലും ചിരിക്കുന്നത് ഞാൻ കണ്ടു. പക്ഷേ കളിയാക്കി അല്ല.. എന്റെ ഉത്സാഹവും സന്തോഷം കണ്ടിട്ടാണ് അവരും ചിരിച്ചത്.

“പ്ലീസ് ചേട്ടാ… ഇത് ആശുപത്രിയാണ്…” ചിരി അടക്കാൻ ശ്രമിച്ചു കൊണ്ട്‌ ജൂലി പറഞ്ഞു.

ജൂലിയുടെ മുഖം ചുവന്നു തുടുത്തിരുന്നു. അവളുടെ കണ്ണുകളില്‍ നാണം നിറഞ്ഞു നിന്നു.

“ഇതു പിടിക്ക്, സാന്ദ്ര. ചേട്ടൻ പിന്നെയും വിളിച്ചു കൂവി പരിസരം മറന്ന് എന്തെങ്കിലും ചെയ്യും മുന്നേ ഞാൻ ചേട്ടനെ കൊണ്ട്‌ പുറത്ത്‌ പോട്ടെ..” എന്നിട്ട് അവളുടെ ഹാന്‍ഡ് ബാഗും ബില്ലും മരുന്നിന്റെ സ്ലിപ്പും എല്ലാം ജൂലി സാന്ദ്രയുടെ കൈയിൽ കൊടുത്തിട്ട് ബില്ല്‌ അടയ്ക്കാനും മരുന്ന് വാങ്ങാനും പറഞ്ഞിട്ട് എന്നെ വലിച്ചു കൊണ്ട്‌ പുറത്തേക്ക്‌ വന്നു.

പുറകില്‍ ആരൊക്കെയോ ചിരിക്കുന്നത് കേട്ടു.

പുറത്ത്‌ വന്ന്‌ എന്നെ കാറില്‍ കേറ്റി ഇരുത്തിയ ശേഷം ജൂലിയും മുന്നില്‍ കേറി. എന്നിട്ട് പൊട്ടിച്ചിരിച്ചു. കുറെ നേരം അവൾ ചിരിച്ചു. അവളുടെ വിഷമവും ടെൻഷനും ഭയവും എല്ലാം ആ ചിരിയിലൂടെ അലിഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു.

അവസാനം ചിരി മതിയാക്കി ജൂലി എന്നെ നോക്കി. “ഞാൻ അമ്മയാകാൻ പോകുന്നു. ചേട്ടന്‍ അച്ഛനാകാൻ പോകുന്നു.” എന്നും പറഞ്ഞു അവള്‍ എത്തി വന്നിട്ട് എന്റെ ചുണ്ടില്‍ തന്നെ മുത്തി. എന്നിട്ട് പരിസര ബോധം വന്നത് പോലെ പെട്ടന്ന് മാറി.

“പിന്നേ ചേട്ടാ, ഇന്നുതന്നെ എനിക്ക് ട്രീറ്റ്മെന്റ് ചെയ്യുന്ന ഡോക്റ്ററെ കൻസൾറ്റ് ചെയ്യണം. എന്നിട്ട് ഗർഭ സമയത്ത്‌ ഇപ്പോൾ ഞാൻ കഴിക്കുന്ന മരുന്ന് കുഞ്ഞിന്‌ സേഫ് ആണോ എന്ന് തിരക്കണം.” അതുകഴിഞ്ഞ്‌ എന്തൊക്കെയോ ജൂലി പറഞ്ഞു പക്ഷേ എനിക്ക് ഒന്നും കേട്ടില്ല. ചിന്ത മുഴുവനും കുഞ്ഞ് ആയിരുന്നു.

സാന്ദ്ര ചിരിച്ചു കൊണ്ട്‌ ഓടിവന്ന് കാറിൽ കേറി.

“എന്റെ സാമേട്ടാ, പരിസരം മറന്ന് എന്തൊക്കെയാ അവിടെ വച്ച് കാണിച്ചത്….!!” സാന്ദ്ര ചോദിച്ചു.

എന്നിട്ട് സാന്ദ്രയും ജൂലിയും പൊട്ടിച്ചിരിച്ചു. ഞാൻ നേരെ ജൂലിക്ക് ട്രീറ്റ്മെന്റ് നടത്തുന്ന ആശുപത്രിയിലേക്ക് വിട്ടു. അവിടം ചെക്കപ്പ് കഴിഞ്ഞ് ചില മരുന്നുകള്‍ മാറ്റി തന്നു. അതുകഴിഞ്ഞ്‌ ഞങ്ങൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു.

വൈകിട്ട് വീട്ടില്‍ വലിയൊരു പാര്‍ട്ടി തന്നെയാണ് അറേഞ്ച് ചെയ്തത്.

എന്റെ അങ്കിള്‍, ആന്റി, വിനില, ബ്രിട്ടോ ചേട്ടൻ, സുമി മോള്. പിന്നെ നെല്‍സന്‍, സുമ, ഗോപന്‍, കാര്‍ത്തിക. ഇവര്‍ കൂടാതെ ദേവാംഗന ആന്റി, ദേവി, ദേവിയുടെ ഭർത്താവും കിങ്ങിണി മോളും വന്നു.

മാളിൽ ജോലി ചെയ്യുന്ന സകല സ്റ്റാഫ്സിനെയും ഞാൻ ക്ഷണിച്ച് അവര്‍ക്ക് വരാനുള്ള വണ്ടിയും റെഡിയാക്കി.

ഞങ്ങളുടെ അയല്‍ക്കാരെയും അമ്മായി ചെന്ന് ക്ഷണിച്ചിരുന്നു.

ഇവരെ കൂടാതെ എന്റെ അച്ഛനും ഇളയമ്മയും അവരുടെ മക്കളെയും ഞാൻ ചെന്ന് നേരിട്ട് വിളിച്ചായിരുന്നു. അച്ഛൻ ഒഴികെ ആരും വരില്ല എന്നാണ് കരുതിയത്.. പക്ഷേ എല്ലാവരും വന്നത് കണ്ടിട്ട് എന്റെ പഴയ വേദനകള്‍ ഒക്കെ ഞാൻ മറന്നു. നിവിത എന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു. അവളും വിടര്‍ന്ന കണ്ണുകൾ കാട്ടി ചിരിച്ചു.

ഞാൻ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ച് സ്വീകരിച്ചു. അകത്തേക്ക് വന്ന ഇളയമ്മ കുറെ നേരത്തേക്ക് എന്നെ തന്നെ നോക്കി നിന്നു. എന്നിട്ട് നിറഞ്ഞ കണ്ണുകളോടെ അവർ പുഞ്ചിരിച്ചു.

ആദ്യമായി അവരുടെ യാഥാര്‍ത്ഥ പുഞ്ചിരി എനിക്ക് സമ്മാനിച്ചത് കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഉടനെ ഇളയമ്മ അടുത്തേക്ക് വന്ന് എന്റെ കണ്ണുകള്‍ തുടച്ചു തന്നു.

“എന്റെ അറിവില്ലായ്മ പൊറുക്കണേ, മോനേ..!!” പെട്ടന്ന് ഇളയമ്മ അത്രയും ആളുകളുടെ മുന്നില്‍ വച്ച് കരഞ്ഞ് അപേക്ഷിച്ചു.

ഒരു നിമിഷം ഞാൻ അന്ധാളിച്ചു നിന്നു. എന്നിട്ട് അവരുടെ രണ്ടു കൈയും ഞാൻ കൂട്ടുപിടിച്ചു.

“ഇപ്പൊ ആഘോഷിക്കാനുള്ള സമയമാണ്, ഇളയമ്മേ. പഴയത് മറന്ന് നമുക്ക് ആഘോഷിക്കാം. പുതിയ മനുഷ്യരായി നമുക്ക് ജീവിക്കാം.” സന്തോഷത്തോടെ ഞാൻ പറഞ്ഞു.

അന്നേരം എന്റെ അമ്മായി വന്ന് അവരെ കൂട്ടിക്കൊണ്ടു പോയി.

എന്റെ അച്ഛൻ വന്ന് സന്തോഷത്തോടെ എന്റെ തോളില്‍ പിടിച്ചു. പക്ഷേ ഞങ്ങൾ രണ്ടുപേര്‍ക്കും എന്തു പറയണം എന്നറിയാതെ നോക്കി നിന്നു. ഒടുവില്‍ അങ്കിള്‍ വന്ന് അച്ഛനോട് കുശലം ചോദിച്ച ശേഷം കൂടെ കൊണ്ടുപോയി മാറി നിന്ന് സംസാരിച്ചു.

അതിനുശേഷം എന്റെ നോട്ടം എന്റെ മൂന്ന്‌ സഹോദരങ്ങളുടെ മേല്‍ വീണു. അതിൽ എനിക്ക് നല്ലോണം അറിയാവുന്നത് ഇളയമ്മയുടെയും അവരുടെ മരിച്ചു പോയ ഭർത്താവിന്റെയും മകളായ നിവിത യായിരുന്നു. എന്നെക്കാളും ആറ് വയസ്സിന് ഇളയത്. അവള്‍ മാത്രമാണ് പണ്ട്‌ ഇളയമ്മ അറിയാതെ എന്നോട് സംസാരിക്കാനും കൂട്ട് കൂടിയുമിരുന്നത്. അവള്‍ക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ അവളെ ഹോസ്റ്റലില്‍ നിർത്തി പഠിപ്പിക്കാന്‍ തുടങ്ങിയതോടെ ഞങ്ങൾ തമ്മിലുള്ള ബന്ധം നിലച്ചു. അതിനുശേഷം ലീവിന് അവള്‍ വീട്ടില്‍ വന്നാലും ഇളയമ്മ അവളുടെ മേല്‍ എപ്പോഴും നോട്ടം ഇട്ടിരുന്നത് കൊണ്ട്‌ അവള്‍ക്ക് എന്നോട് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നേ എന്റെ അച്ഛനും ഇളയമ്മയ്ക്കും ജനിച്ച മക്കളായ നിശിത, നിതിന്‍ എന്നിവരെ എനിക്ക് അറിയാം എന്നല്ലാതെ അധികം സംസാരിച്ചിട്ട് പോലുമില്ല. അവര്‍ക്ക് ഓര്‍മ്മ വച്ചത്‌ മുതലേ അവർ എന്നെ കണ്ടാൽ ഒതുങ്ങി ഒളിച്ചു നടന്നിരുന്നു… ഇളയമ്മ അങ്ങനെയാണ് അവരെ പറഞ്ഞു വളർത്തിയിരുന്നത്. അതുകൊണ്ട്‌ എനിക്കും അവരോട് തീരെ അടുപ്പം ഇല്ലായിരുന്നു.

എന്നാല്‍ നിവിതയോട് എപ്പോഴും പ്രത്യേക വാത്സല്യം എനിക്ക് ഉണ്ടായിരുന്നു. അവള്‍ക്കും അതുപോലെ ആയിരുന്നു.

അങ്ങനെ ഇന്ന്‌ ഇളയമ്മ എന്നോട് ക്ഷമ ചോദിച്ചത് കണ്ട് അവളുടെ സ്നേഹം ഇനി ഒളിപ്പിച്ചു വയ്ക്കേണ്ട കാര്യമില്ലെന്ന് മനസിലായത് പോലെ, എന്റെ നോട്ടം അവളുടെ മേല്‍ വീണതും നിവിത എന്റെ അടുക്കലേക്ക് ഓടി വന്നു.

“സാമേട്ടാ…!!” എന്റെ രണ്ടു കൈയും അവളുടെ രണ്ടു കൈകളിൽ പിടിച്ചു കൊണ്ട്‌ അവള്‍ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *