റോക്കി – 3അടിപൊളി  

 

‘ദേ ആ സാധനം എന്റെ അടുത്തോട്ടു വരുന്നു.. ഓടിച്ചു വിട്..’

ലച്ചു എന്റെ കയ്യിൽ മുറുകെ പിടിച്ചോണ്ട് പറഞ്ഞു

 

‘എന്തിനാ ഓടിച്ചു വിടുന്നത്.. ഇത് ഞങ്ങളുടെ നൂനു അല്ലേ. ഇവനൊന്നും ചെയ്യില്ല..’

ഞാൻ നായയുടെ തലയിൽ തടവി കൊണ്ട് പറഞ്ഞു. ലക്ഷ്മിക്ക് പഴയ പേടി ഇപ്പോളും നൂനുവിന്റെ അടുത്ത് ഉണ്ടായിരുന്നു.

 

‘ഒന്നും ചെയ്യില്ല.. ഇതെന്നെ പണ്ട് കടിക്കാൻ വന്നതാ..’

ലച്ചു ദേഷ്യത്തോടെ അതിനെ നോക്കി പറഞ്ഞു. എന്നാൽ നൂനു എന്റെ കാൽച്ചുവട്ടിൽ കിടന്നു നിഷ്കളങ്കമായ കണ്ണുകളോടെ അവളെ നോക്കി

 

‘അത് നീ കൂടുതൽ പറയിക്കണ്ട.. ഇവന്റെ ഓണറിനെ ഇവന്റെ മുന്നിൽ വച്ചു തന്നെ ഉപദ്രവിച്ചാൽ പിന്നെ നോക്കി ഇരിക്കുമോ..? എന്തായാലും നിന്നെ കടിച്ചൊന്നും ഇല്ലല്ലോ..’

 

‘ഓ അവളാണോ ഇതിന്റെ ഓണർ..?

ലച്ചു പുച്ഛത്തോടെ ചോദിച്ചു

 

‘അങ്ങനെ ഒന്നുമില്ല.. നീ ഇവനെ മൈൻഡ് ചെയ്യുകയും എന്തെങ്കിലും ഒക്കെ വല്ലപ്പോഴും കഴിക്കാൻ കൊടുക്കുകയും ഒക്കെ ചെയ്താൽ നിനക്കും ഓണർ ആകാം..’

 

‘പിന്നെ കണ്ട സ്ട്രീറ്റ് ഡോഗിന് ഒക്കെ കഴിക്കാൻ വാങ്ങി കൊടുത്തു ലാസ്റ്റ് അതിന്റെ കടി വാങ്ങാൻ എനിക്ക് വേറെ പണിയൊന്നും ഇല്ലല്ലോ..’

ലച്ചു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് എന്റെ അടുത്ത് നിന്നും എഴുന്നേറ്റു പോയി. നൂനു എന്റെ അടുത്ത് ഇരിക്കുന്നതിൽ ഉള്ള അസ്വസ്‌ഥത കൊണ്ടാണോ അതൊ പേടി കൊണ്ടാണോ അവൾ അവിടെ നിന്നും ഓടിയത് എന്ന് എനിക്ക് മനസിലായില്ല..

 

ലച്ചുവിന്റെ അച്ഛന്റെയും അമ്മയുടെയും വെഡിങ്ങ് ആനിവേഴ്സറി ഇരുപത്തിയൊന്നാം തീയതി ആയിരുന്നു. അവർ ചേച്ചിയും അനിയത്തിയും നിർബന്ധം പിടിച്ചത് കൊണ്ട് അവിടെ ചെന്നു മുഖം കാണിക്കാം എന്ന് ഞാൻ കരുതി. അവരെ രണ്ട് പേരെയും കോളേജിൽ വച്ചും അവരുടെ മൂത്ത ചേച്ചി പദ്മയേ ഞാൻ വൈകിട്ട് ജിമ്മിൽ വച്ചും കാണാറുണ്ടായിരുന്നു. പദ്മ അവിടെ വലിയ സിനിമ നടി ആണെന്നുള്ള ജാഡ ഇട്ടു നടക്കുന്നത് കൊണ്ട് ഞാൻ അവളോട് മിണ്ടാൻ പോയിട്ടില്ല. കൃഷ്ണ പറഞ്ഞു ഒരുപക്ഷെ ഇവൾക്കെന്നെ അറിയാമായിരിക്കും. എനിക്ക് ഉറപ്പില്ല..

ജിമ്മിൽ വച്ചു പലതവണ കണ്ടിട്ടുണ്ടെങ്കിലും അവളെന്നെ ശരിക്കും ശ്രദ്ധിക്കുന്നത് ഒരു ദിവസം ജിമ്മിൽ വച്ചു വാശിപ്പുറത്തുണ്ടായ ഒരു മത്സരത്തിന്റെ പുറത്താണ്.. ഒരു തമാശക്ക് തുടങ്ങിയതാണ്.. അവസാനം കളി കാര്യമായി. ജിമ്മിലെ മാസ്റ്റർ പയ്യനുമായി പുഷ്-അപ്പ് മത്സരം…! ഞാൻ ആദ്യമൊക്കെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഒടുവിൽ സമ്മതിച്ചു കൊടുത്തു. പണ്ട് മുതലേ പുഷ്-അപ്പ് ഡെയിലി എടുത്തു എനിക്ക് നല്ല പതം ആണ്. കൈയ്ക്ക് പവർ കിട്ടാൻ ഞാൻ ആ ശീലം ഒരുപാട് നാളൊന്നും മുടക്കാറില്ല.

അങ്ങനെ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ മത്സരം തുടങ്ങി. ഞാൻ സാവധാനം ആണ് തുടങ്ങിയത്. മാസ്റ്റർ ആണേൽ നല്ല വേഗത്തിൽ ചെയ്തോണ്ട് ഇരുന്നു. ഞങ്ങളുടെ രണ്ട് പേരുടെയും കൗണ്ട് അവിടെ എണ്ണുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടും മത്സരം കൊഴുത്തപ്പോൾ ശരിക്കും വാശി കയറിയത് പോലെ ആയി. അവനും പുഷ്- അപ്പ് എടുത്തു നല്ല ശീലം ഉണ്ടെന്ന് എനിക്ക് മനസിലായി. ഒരു എൺപത് വരെയൊക്കെ അവൻ അധികം ആയാസപ്പെടാതെ എടുത്തു. ഞാൻ അപ്പോൾ അവനുമായി ഒരു ആറേഴ് എണ്ണം പുറകിൽ ആയിരുന്നു. എങ്കിലും വാശിയുടെ കാര്യത്തിൽ ഞാനൊട്ടും പുറകിൽ ആയിരുന്നില്ല. എന്ത് തന്നെ ആയാലും തൊണ്ണൂർ അടുത്തപ്പോൾ ഞങ്ങൾ രണ്ട് പേരും ശരിക്കും ക്ഷീണിച്ചു. അവന്റെ വേഗത കുറഞ്ഞു. എനിക്ക് ആണെങ്കിൽ കൈ ഓടിയുമെന്നൊക്കെ തോന്നി തുടങ്ങി. ഇനിയും എന്റെ ശരീരത്തെ താങ്ങാൻ എന്റെ കൈകൾക്ക് ബലം ഇല്ലെന്ന് എനിക്ക് തോന്നി തുടങ്ങി. പക്ഷെ അവൻ ഇപ്പോളും എങ്ങനെയോ പുഷ് – അപ്പ് തുടരുന്നുണ്ട്.. ആ ഒരു ചിന്ത കാരണം അങ്ങനെ തോറ്റു കൊടുക്കാൻ എനിക്കും മനസ്സ് വന്നില്ല. ശരീരത്തിൽ മിച്ചമുള്ള ഊർജം മുഴുവൻ ഞാൻ എന്റെ കൈകളിൽ ആവാഹിച്ചു വീണ്ടും പുഷ് -അപ്പ് തുടർന്നു.

 

രണ്ട് പേരും നൂറ് കടന്നപ്പോൾ ഒരുമിച്ച് നിർത്താം എന്നൊരു ചിന്ത എന്റെ ഉള്ളിൽ വരാതെ ഇരുന്നില്ല. പക്ഷെ ഇനിയും ചെയ്യാമെന്ന തോന്നലിൽ അവൻ വീണ്ടും പുഷ്-അപ്പ് തുടർന്നു. എന്റെ കൈ ഞരമ്പുകളിൽ കൂടി രക്തം പരന്ന് ഒഴുകുന്നത് എനിക്ക് വ്യക്തമായി അറിയാൻ കഴിയുന്നുണ്ട്. ശരീരം ആകമാനം ചൂടായി പഴുത്തത് പോലെയൊക്കെ എനിക്ക് തോന്നി തുടങ്ങി. പക്ഷെ തലച്ചോറിൽ ഇരുന്ന് എന്റെ ഈഗോ അതിലും ചുട്ട് പൊള്ളുന്നുണ്ടായിരുന്നു. എന്നേക്കാൾ ചെറിയ പയ്യനോട് ഇത്രയും പേരുടെ മുന്നിൽ ഈ ചെറിയ കാര്യത്തിന് പോലും തോറ്റു കൊടുക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ബലവും ഊർജവും വറ്റി തുടങ്ങിയപ്പോൾ ഞാനെന്റെ ദേഷ്യം കൈകളിലേക്ക് ആവാഹിച്ചു.. അതെനിക്ക് വേണ്ടുവോളം ഉണ്ടല്ലോ.. പല്ലുകൾ ദേഷ്യത്തിൽ ഉറുമ്മി ഞാൻ വീണ്ടും പുഷ്-അപ്പ് അടി തുടർന്നു..

നൂറ്റി പതിനെട്ട് – അവിടെയാണ് അവൻ വീണത്. കൈ കഴച്ചു നിലത്തു നിന്നും പൊങ്ങാൻ പറ്റാത്ത അവസ്‌ഥയിൽ അവൻ തോൽവി സമ്മതിച്ചു. ഞാൻ അപ്പോൾ നൂറ്റിയെട്ട് ആയതേ ഉള്ളായിരുന്നു.. ഇനിയും പത്തെണ്ണം കൂടി വേണം എനിക്ക് ജയിക്കാൻ. എതിരാളി പരാജയം സമ്മതിച്ചു എഴുന്നേറ്റപ്പോൾ എന്റെ ജയിക്കാൻ ഉള്ള ത്രില്ല് നഷ്ടമായത് പോലെ തോന്നി. പക്ഷെ ജയം ഉറപ്പിച്ച എനിക്ക് വേണ്ടി അവിടെ ചെറിയൊരു കരഘോഷം മുഴങ്ങുന്നുണ്ടായിരുന്നു. പുഷ്-അപ്പ് നിർത്തി എഴുന്നേറ്റ മാസ്റ്റർ പയ്യൻ വരെ എന്നെ കൂടുതൽ പുഷ് – അപ്പ് ചെയ്യാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.. ഇനിയും കുറച്ചു കൂടി മതി.. അത്രയും കൂടി ചെയ്യാൻ എനിക്ക് പറ്റുമെന്ന വിശ്വാസത്തിൽ ഞാൻ വീണ്ടും ഉയരുകയും താഴുകയും ചെയ്തു

 

‘നൂറ്റി പതിനഞ്ച്..’

‘നൂറ്റി പതിനാറു..’

‘നൂറ്റി പതിനേഴു..’

‘നൂറ്റി പതിനെട്ടു….!

 

താളത്തിൽ അവരെല്ലാം ഒരുമിച്ചു എനിക്ക് വേണ്ടി എണ്ണമെടുത്തു. ഒരെണ്ണം കൂടിയെടുത്താൽ മത്സരം ജയിക്കാവുന്ന അവിടെ വച്ചു, മാസ്റ്റർ നിർത്തി പരാജയം സമ്മാനിച്ച നൂറ്റി പതിനെട്ടിൽ വച്ചു തന്നെ ഞാനും നിർത്തി. ഒരെണ്ണം കൂടി എടുക്കാൻ ആരോഗ്യം ഉണ്ടായിട്ടും ഞാനത് ചെയ്തില്ല. ഇപ്പോൾ ഞങ്ങൾ രണ്ടും ഒരുപോലെ ജയിച്ചിരിക്കുന്നു. എണ്ണം വച്ചു നോക്കുമ്പോൾ അങ്ങനെ ആണെങ്കിലും ശരിക്കും ജയിച്ചത് ഞാൻ തന്നെ ആണെന്ന് അവിടെ നിന്നവർക്കെല്ലാം മനസിലായി. അത് മാസ്റ്റർ എന്നോട് പറയുകയും ചെയ്തു.

 

‘ഓ.. ഇതൊരു തമാശ അല്ലേ.. എത്ര വരെ പോകാൻ പറ്റുമെന്ന് നോക്കാൻ വേണ്ടി.. നീ ഇല്ലായിരുന്നു എങ്കിൽ ഞാൻ നൂറിനു മുന്നേ നിർത്തിയേനെ..’

ഞാൻ അവനോട് പറഞ്ഞു

 

പുഷ്- അപ്പ് ചെയ്ത ക്ഷീണത്തിൽ അവിടെ ദീർഘനിശ്വാസം വിട്ട് താഴെ ഇരുന്നപ്പോൾ ആണ് പദ്മ അവിടെ ഉണ്ടായിരുന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്. അവൾ എന്നെ നോക്കി അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന മട്ടിൽ ഒന്ന് പുഞ്ചിരിച്ചു. അണച്ചു കൊണ്ട് ഇരുന്ന ഞാനും അവൾക്ക് തിരിച്ചൊരു ചിരി കൊടുത്തു. അവളിവിടെ ആദ്യമായ് ഒരാളെ നോക്കി ചിരിക്കുന്നത് എന്നെ ആണോ എന്ന് എനിക്ക് തോന്നി.. ഇത് നടക്കുന്നത് അവരുടെ അച്ഛന്റെയും അമ്മയുടെയും വെഡിങ്ങ് ആനിവേഴ്സറിയുടെ തലേന്നാണ്…!

Leave a Reply

Your email address will not be published. Required fields are marked *