ഞങ്ങൾക്ക് ഒരു സഹായത്തിനു ആണ് ഇഷാനി പെട്ടന്ന് ഓടി വന്നു എന്റെ അടുത്ത് ഇരുന്നതെങ്കിലും ഒരുപാട് നാളുകൾക്ക് ശേഷം അവളെന്റെ അടുത്ത് വന്നിരുന്നപ്പോൾ അടക്കി വച്ച എന്റെ പല വികാരങ്ങളും പരന്നൊഴുകാൻ തുടങ്ങി.. ഏറെ നാൾക്ക് ശേഷം അവളെന്റെ കയ്യിൽ സ്പർശിച്ചപ്പോൾ ഒരു തരം രോമാഞ്ചം എന്നിലൂടെ കടന്നു പോയത് ഞാൻ വ്യക്തമായി അറിഞ്ഞു.. പലപ്പോഴും ലച്ചുവിന്റെ കൊഴുത്ത കയ്യിൽ ഞാൻ പിടിച്ചോണ്ട് ഇരിക്കാറുണ്ട്. അതും മണിക്കൂറുകൾ.. പക്ഷെ ഈ ഒരു മാജിക് ഫീൽ എനിക്ക് തരാൻ ഇഷാനിക്ക് മാത്രമേ കഴിയുന്നുള്ളു.. അവളുടെ കൈയ്ക്ക് മാത്രം എന്തോ മന്ത്രികത ഉള്ളത് പോലെ…
‘നീ എന്താ ഇവിടെ നിക്കുന്നെ..?
ഞങ്ങളുടെ അടുത്ത് ലച്ചു നിൽക്കുന്നത് കണ്ടു കൃഷ്ണ ചോദിച്ചു.
‘ഞാൻ നിന്നെ നോക്കി വന്നതാ.. അപ്പൊ റോക്കി ഭായി ഇവിടെ ഇരിക്കുന്നെ കണ്ടു. നീ എവിടെ ഉണ്ടെന്ന് ഇവനോട് ചോദിക്കുവായിരുന്നു..’
ലച്ചു മറുപടി കൊടുത്തു..
‘ഞാൻ ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നല്ലോ..’
കൃഷ്ണ മറുപടി കൊടുക്കന്നതിനിടയിൽ ഇഷാനിയെ ശ്രദ്ധിച്ചു. കുറച്ചു നാളായി ഇഷാനി എന്റെ അടുത്ത് വരാറില്ല എന്നത് അവൾ ശ്രദ്ധിച്ചിരുന്നു. ഇപ്പൊ പെട്ടന്ന് എന്റെ അടുത്ത് അവൾ വന്നത് കൃഷ്ണയുടെ ശ്രദ്ധ പിടിച്ചു പറ്റി. അതൊരു വിധത്തിൽ നന്നായി. ലച്ചുവിനെയും എന്നെയും പറ്റി അവൾക്ക് അത് കൊണ്ട് യാതൊരു സംശയവും ഉണ്ടായില്ല. കോളേജിലെ ലാസ്റ്റ് ഡേ ആയിരിക്കും എന്നത് കൊണ്ടാവും ഇഷാനി അർജുന്റെ അടുത്ത് വന്നിരുന്നത് എന്ന് കൃഷ്ണ കരുതി..
‘നല്ല മഴക്കാർ ഉണ്ടല്ലേ..’
ഞാൻ ഗ്രൗണ്ടിന് അപ്പുറമുള്ള ആകാശം നോക്കി പറഞ്ഞു. കൃഷ്ണ മെല്ലെ വന്നു എന്റെ അരികിൽ ഇരുന്നു. അതിന് എതിർ വശത്തു ഇഷാനി. ഞങ്ങളുടെ മുന്നിൽ താഴത്തെ പടവിൽ ലച്ചുവും ഇരുന്നു. ഇഷാനിയുടെ കൈ അപ്പോളും എന്റെ കൈക്കുള്ളിൽ ഉണ്ടായിരുന്നു. ഞാൻ മെല്ലെ അതിൽ തഴുകാൻ തുടങ്ങി. പതിയെ തലോടിയത് കൊണ്ട് കൃഷ്ണ അത് ശ്രദ്ധിച്ചുമില്ല. ഞാൻ ആകാശത്തേക്ക് നോക്കി പറഞ്ഞത് കൊണ്ട് അവളുടെ നോട്ടവും അവിടേക്കാണ്. ഇഷാനി കല്യാണം ഉറപ്പിച്ച പെൺകുട്ടിയാണ്, അത് കൊണ്ട് കൈ വച്ചുള്ള പരുപാടി ശരിയല്ല എന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും ഒരുപാട് നാൾ കൂടി കിട്ടിയത് ഞാൻ വിട്ടു കളഞ്ഞില്ല. എന്റെ കയ്യിൽ നിന്നും അവളുടെ കൈ അടർത്തി മാറ്റാൻ ഇഷാനിക്കും ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി
‘ഇനി എന്ന് ഇത് പോലെ ഒക്കെ ഇവിടെ വന്നിരിക്കാൻ പറ്റുമോ..?
ലച്ചു ഒരു സങ്കടത്തോടെ പറഞ്ഞു. ലച്ചു ശരിക്കും ഉദ്ദേശിച്ചത് ഞാനുമായി വന്നിരിക്കുന്നതാണ്. അത് കൃഷ്ണ ഒഴിച്ച് ബാക്കി എല്ലാവർക്കും മനസിലായി.
‘വരണം എന്ന് തോന്നുമ്പോ നിനക്ക് ഇവിടെ വരാമല്ലോ. ഇവിടെ വന്നിരിക്കുകയും ചെയ്യാം. ഇതിലൊക്കെ എന്ത് നൊസ്റ്റാൾജിയ..’
കാര്യം അറിയാതെ കൃഷ്ണ അവൾക്ക് മറുപടി കൊടുത്തു.
‘ചുമ്മാ വന്നിരിക്കുന്ന പോലെയല്ല ഇവിടുത്തെ സ്റ്റുഡന്റ് ആയിട്ട് വന്നിരിക്കുന്നെ.. അതിപ്പോ നിനക്ക് മനസിലാവില്ല. അടുത്ത വർഷം നീ ഇവിടുന്ന് ഇറങ്ങുമ്പോ മനസിലാകും..’
ലച്ചു കൃഷ്ണയോട് പറഞ്ഞു.
കുറച്ചു നേരം ഞങ്ങൾ നാല് പേരും ദൂരെ വാനിൽ മഴക്കാർ ഇരുളുന്നത് നോക്കിയിരുന്നു. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഞാനുമായി ബന്ധപ്പെട്ട മൂന്ന് പെൺകുട്ടികൾക്ക് നടുവിൽ ഞാൻ നിശബ്ദനായി ഇരുന്നു. മഴ ചെറുതായ് ഞങ്ങളുടെ ദേഹത്തേക്ക് ചാറുന്നത് വരെ ഞങ്ങൾ അവിടെ തന്നെ ഇരുന്നു.. ആ വർഷത്തെ കോളേജിലെ അവസാന ദിവസം.. ഇനി പരീക്ഷക്ക് ഇവിടേക്ക് വന്നാൽ മതി..
അവസാനദിവസം ആയതു കൊണ്ട് ഞങ്ങൾ കമ്പിനിക്കാരെല്ലാം മലയാളം ഡിപ്പാർട്മെന്റ് നവിടെയുള്ള വരാന്തയിൽ കുറ്റിയടിച്ചു ഇരിപ്പായിരുന്നു. കോളേജ് വിടാൻ ടൈം ആകുന്നതേ ഉള്ളു. പിള്ളേർ പലരും പോകാൻ തുടങ്ങിയിരുന്നു. എന്റെയൊപ്പം ഷോണും ഫൈസിയും അരവിന്ദും എല്ലാം ഉണ്ടായിരുന്നു. കോളേജിലെ ദാദകൾ പലരും ഇന്ന് കളം വിടുന്നു. ഇനി ഞാനാണ് ഇവിടെ ഭരിക്കേണ്ടത് എന്നൊക്കെ അവന്മാർ തമാശക്ക് പറയുന്നുണ്ടായിരുന്നു. ഞങ്ങളവിടെ കൂട്ടം കൂടിയിരിക്കുന്ന സമയത്താണ് ഇഷാനി ഞങ്ങളുടെ മുന്നിൽ കൂടി നടന്നു പോയത്. അവൾ പുറത്തേക്ക് പോകുകയാണ്. എന്നെ കാണാഞ്ഞിട്ടാണോ അതോ അത്രയും പേര് അവിടെ നിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഇഷാനി എന്നെ നോക്കാതെ കടന്നു പോയി. ഞങ്ങൾ രണ്ട് പേരെയും കുറിച്ച് പലതരം കഥകൾ അവിടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആണ്, ഞങ്ങൾ ബ്രെക്കപ്പ് ആയി, ഇഷാനി എന്നെ തേച്ചു, അവളുടെ വേറെ അഫയർ ഞാൻ പൊക്കി.. അങ്ങനെ എത്രയോ കഥകൾ..
