റോക്കി – 3അടിപൊളി  

 

‘അതെനിക്കറിയാം..’

അവളെന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു

അന്ന് കടയിൽ പോകുന്നില്ല എന്ന് അവൾ തീരുമാനിച്ചു. അത് കൊണ്ട് ഞാനവളെ അവളുടെ വീടിന്റെ മുന്നിൽ കൊണ്ട് ഇറക്കി.

 

‘വരുന്നോ.. ഒരു കട്ടൻ ഇട്ടു തരാം..’

അവൾ എന്നെ ക്ഷണിച്ചു

 

”ഓ ഇന്ന് ഗിഫ്റ്റ് കിട്ടിയതിന്റെ നന്ദി ആണോ.. അല്ലെങ്കിൽ എന്നെ വിളിക്കില്ലല്ലോ..?

ഞാൻ ചോദിച്ചു

 

‘എടാ പട്ടി.. അത് കൊണ്ടല്ല.. ഇപ്പോൾ ഇവിടെ ഓണർ അമ്മ ഇല്ല. കുറച്ചു താമസിക്കും. അവർ ഉള്ളത് കൊണ്ടാണ് ഞാൻ നിന്നെ ഇങ്ങോട്ട് വിളിക്കാത്തത്..’

അവളെന്റെ ചെവിയിൽ പിടിച്ചു കിഴുക്കി കൊണ്ട് പറഞ്ഞു

 

‘എന്നാൽ ഒരു കട്ടൻ ആകാം..’

ബൈക്ക് വഴിയരികിൽ വച്ചു ഞാൻ അവളുടെ വീട്ടു മുറ്റത്തേക്ക് അവൾക്കൊപ്പം ചെന്ന്.ചെറിയ രണ്ട് നില വീടാണ്. അതിൽ മുകളിലത്തെ നില ആണ് ഇഷാനിക്ക്. പുറത്ത് വഴി തന്നെ കോണിപ്പടി ഉണ്ട് മുകളിലേക്ക്. ഞങ്ങൾ അവിടേക്ക് കയറുന്നതിനു മുമ്പ് ആ കോണിപ്പടിയുടെ താഴെ ആരോ അവളെ കാത്തിരിക്കുന്നത് ഞാൻ കണ്ടു.

 

നല്ലത് പോലെ വെളുത്ത് മെലിഞ്ഞു നീളമുള്ള ഒരു സ്ത്രീ. രണ്ട് കൈകളിലും ധാരാളം വളകൾ ഇട്ടിട്ടുണ്ട്. ഒരു മൂക്കുത്തി ധരിച്ചിട്ടുണ്ട്. അധികം വില വരാത്ത എന്നാൽ നല്ല തിളങ്ങുന്ന ഒരു സാരിയാണ് വേഷം. ഒറ്റ നോട്ടത്തിൽ അവർ നോർത്ത് ഇന്ത്യൻ ആണെന്ന് എനിക്ക് മനസിലായി.. എന്നാൽ രണ്ടാമത് ഒന്ന് കൂടി അവരെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന ആ സാദൃശ്യം എന്റെ കണ്ണുകൾ മനസിലാക്കിയത്..

 

അവരിൽ നിന്നും കണ്ണുകൾ ഇഷാനിയിലേക്ക് ചെന്നപ്പോൾ എന്റെ ഊഹം ശരിയാണ് എന്ന് ബോധ്യമായി. ആ സ്ത്രീയെ കണ്ടപ്പോൾ കുഴഞ്ഞു വീഴാൻ പോകുന്ന രോഗിയെ പോലെ ഇഷാനി നിന്ന് വിറച്ചു. ഒരു ബലത്തിന് വേണ്ടി അവൾ എന്റെ തോളിൽ മുറുകെ പിടിച്ചു. ഇഷാനിയെ കാണാൻ വന്ന സ്ത്രീയുടെ കയ്യിൽ അത്യാവശ്യം വലിയ ഒരു കവർ ഉണ്ടായിരുന്നു..

 

‘മാളൂ..’

അവർ ആ പേര് വിളിച്ചത് അത്ര ആത്മവിശ്വാസത്തിൽ അല്ല. അത് കേട്ടതും ഇഷാനി എന്തോ പിറുപിറുക്കുന്നത് ഞാൻ ശ്രദ്ധിച്ചു

 

‘എനിക്ക് നിങ്ങളെ അറിയില്ല..’

എന്റെ തോളിന് പിന്നിലേക്ക് മാറി അവരെ സ്വന്തം കണ്ണിൻ മുന്നിൽ നിന്ന് മറയ്ക്കാൻ ഇഷാനി ശ്രമിച്ചു..

 

‘മോളെ അമ്മ ഒന്ന്…’

തറമാവാത്ത മലയാളത്തിൽ അവർ പറഞ്ഞു തീരുന്നതിനു മുമ്പ് ഇഷാനി ഒരു അഗ്നിപർവതം കണക്ക് പൊട്ടിത്തെറിച്ചു

 

‘അമ്മയോ… ആരുടെ അമ്മ… എനിക്ക് അമ്മയില്ല…’

ഇഷാനി എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. ഈ വന്ന സ്ത്രീ അവളുടെ അമ്മയാണ്. പക്ഷെ എന്ത് കൊണ്ടോ ഇഷാനിക്ക് അവരെ സ്വീകരിക്കാൻ സാധിക്കുന്നില്ല. രണ്ട് പേരുടെയും പെരുമാറ്റത്തിൽ നിന്ന് തെറ്റ് അവളുടെ അമ്മയുടെ ഭാഗത്തു ആണെന്ന് എനിക്ക് തോന്നി.

 

‘നിന്നോട് ക്ഷമ ചോദിക്കാൻ ആണ് ഞാൻ വന്നത്..’

അവർ മലയാളവും ഹിന്ദിയും കൂട്ടിക്കലർന്ന പോലൊരു ഈണത്തിൽ ഇങ്ങനെ പറഞ്ഞു

 

‘എനിക്ക് നിങ്ങളുടെ ക്ഷമയും വേണ്ട ഒന്നും വേണ്ട.. നിങ്ങളെ എനിക്ക് അറിയില്ല…’

ഇഷാനി രോഷത്തോടെ പറഞ്ഞു

 

‘ഞാൻ… എനിക്ക് ഒന്ന് സംസാരിക്കണം.. ഒന്ന് മാത്രം…’

അവർ ഇഷാനിക്ക് അടുത്തേക്ക് വന്നു

 

‘വേണ്ട എനിക്കൊന്നും കേൾക്കണ്ട.. അർജുൻ ഇവരോട് പോകാൻ പറ..’

ഇഷാനി അലറി. ഞാൻ എന്ത് ചെയ്യണം എന്ന ധർമസങ്കടത്തിൽ ആയി.. അവർ നിറകണ്ണുകളോടെ എന്നെ നോക്കി. കയ്യിലിരുന്ന കവർ എനിക്ക് നേരെ നീട്ടി. അതെങ്കിലും അവൾ സ്വീകരിക്കും എന്ന് കരുതി ആണ് അവർ അത് എന്റെ നേരെ നീട്ടിയത്. ഞാൻ അത് കൈ നീട്ടി വാങ്ങുന്നതിന് മുമ്പ് ഇഷാനി അത് വാങ്ങി നിലത്തേക്ക് എറിഞ്ഞു.

 

‘പോ എനിക്ക് നിങ്ങളെ കാണണ്ട.. ഇറങ്ങി പോ ഇവിടുന്ന്…’

ഇഷാനി ഭ്രാന്ത് പിടിച്ചത് പോലെ അലറി. അവളെ ഞാൻ മുമ്പൊരിക്കലും ഇത്രയും വയലന്റ് ആയി കണ്ടിട്ടില്ല. അവൾ ഇത്രക്ക് വയലന്റ് ആകുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടുമില്ല.. അവൾ നിലത്തു വലിച്ചെറിഞ്ഞ കവറിൽ നിന്നും കുറെ സ്വീറ്റ്സും കേക്ക് ന്റെ കഷ്ണവും ഒക്കെ ചിതറി തെറിച്ചു കിടക്കുന്നത് കാണാം..

 

‘പോ… എന്റെ കണ്മുന്നിൽ നിന്ന് പോ…’

അവരിനിയും അവിടെ നിന്നാൽ ഇഷാനി കണ്ട്രോൾ വിട്ടു പെരുമാറുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഞാൻ അവളെ പിടിച്ചു കൊണ്ട് കോണി വഴി അവളുടെ റൂമിലേക്ക് പോയി. ചാവിയിട്ട് തുറന്ന് അകത്തു കയറിയതും ആ നിമിഷം തന്നെ ഇഷാനി വാതിൽ പൂട്ടി അടച്ചു. ജനാലയുടെ ചെറിയ വിടവ് വഴി ഞാൻ നോക്കിയപ്പോൾ വാതിലിലേക്ക് നോക്കി കരയുന്ന ആ സ്ത്രീയെ കണ്ടു. ഇഷാനിയുടെ അമ്മ. ഒടുവിൽ ആ വാതിൽ അവർക്ക് മുന്നിൽ എന്നെന്നും അടഞ്ഞതാണെന്ന് ബോധ്യം ആയപ്പോൾ നിലത്തു വീണ സ്വീറ്റ്സ് എല്ലാം അവർ ആ കവറിലേക്ക് കരഞ്ഞു കൊണ്ട് തിരിച്ചു ഇടുന്നത് ഞാൻ കണ്ടു. എന്നെ വല്ലാതെ വേദനിപ്പിച്ച കാഴ്ച ആയിരുന്നു അത്. അത്രയും ഒക്കെ ചെയ്തിട്ടും ഇഷാനിക്ക് അവരോടുള്ള ദേഷ്യം മാറിയില്ല എങ്കിൽ എന്തായിരിക്കും അവർ ഇഷാനിയോട് ചെയ്ത തെറ്റ് എന്ന് ഞാൻ ആലോചിച്ചു.. അമ്മ അവിടെ നിന്നും നടന്നു നീങ്ങി തുടങ്ങുമ്പോൾ ആണ് ഇഷാനിയുടെ കരച്ചിലിന്റെ ശബ്ദം ഞാൻ ആദ്യമായ് കേൾക്കുന്നത്

 

വാതിലിൽ ചാരി പൊട്ടി കരയുകയാണ് അവൾ. കണ്ണീർ ധാര ധാര ആയി ഒഴുകുന്നു. അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. കുറച്ചു നേരം കരഞ്ഞാൽ ഒരുപക്ഷെ അവളുടെ സങ്കടം മാറുമെന്ന് ഞാൻ കരുതി. പക്ഷെ കരച്ചിലിന് ശക്തി കൂടിയതെ ഉള്ളു.. ഒടുവിൽ അവളുടെ കണ്ണീർ ഞാൻ തുടച്ചു കൊടുത്തു

 

‘കരയാതെ… ‘

മറ്റൊന്നും പറയാൻ എനിക്ക് അറിയില്ലായിരുന്നു

 

‘അവരോട് പോകാൻ പറ അർജുൻ.. എനിക്കവരെ കാണണ്ട…’

അവൾ വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു

 

‘പോയി. അവർ പോയി.. നീ കരയാതെ..’

മറ്റൊന്നും പറയാൻ എനിക്ക് അറിയില്ല. അല്ലാത്തപ്പോൾ അനിർഗളം എന്റെ നാവിൽ വന്നൊണ്ട് ഇരുന്ന വാക്കുകൾ ഇപ്പോൾ എനിക്കേറ്റവും പ്രിയപ്പെട്ടയാൾ കരയുമ്പോൾ മാഞ്ഞു പോയത് പോലെ. ഞാൻ അവളുടെ കണ്ണ് നീർ തുടച്ചു കൊണ്ടിരുന്നു. ഏങ്ങലടിച്ചു അവൾ കരയുന്നത് അല്ലാതെ കരച്ചിൽ നിർത്തുന്നില്ല..

 

‘എനിക്കവരെ കാണണ്ട..’

അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു

 

‘ഇല്ല. അവർ പോയി.. നീ ഒന്ന് കരയാതെ ഇരിക്കെടാ..’

ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ ആക്കി പറഞ്ഞു

 

‘എനിക്ക്… എനിക്ക് സങ്കടം വരുന്നെടാ..’

എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു. അവളുടെ തലയ്ക്കു മീതെ ഞാൻ ഒന്നുമില്ല എന്ന മട്ടിൽ തലോടി. അവളെന്നെ മുറുക്കെ.., ഒരിക്കലും വിടാൻ ഭാവമില്ലാത്തത് പോലെ കെട്ടിപ്പിടിച്ചു.. എന്നിട്ട് എന്റെ നെഞ്ചിൽ മുഖം ചേർത്ത് കരഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *