‘പപ്പി.. നീയെന്താ ഒന്നും മിണ്ടാതെ നിക്കുന്നെ..?
എന്നെ കണ്ടിട്ടും അവളുടെ ചേച്ചി വിശേഷം ഒന്നും ചോദിക്കാതെ അന്തം വിട്ട് നിൽക്കുന്നതിൽ കൃഷ്ണയ്ക്ക് എന്തോ പന്തികേട് തോന്നി. അവൾ അവിടെ മിണ്ടാതെ നിന്നോട്ടെ കൃഷ്ണേ എന്ന് എനിക്ക് പറയാൻ തോന്നി
‘ഞങ്ങൾ തമ്മിൽ നേരത്തെ അറിയുമല്ലോ.. അതാണ് ഞാൻ ഇപ്പോൾ പ്രത്യേകിച്ച് ഒന്നും മിണ്ടാതെ നിന്നത്..’
എന്നെ മുന വച്ചു ഒന്ന് നോക്കി ചിരിച്ചു കൊണ്ട് പദ്മ പറഞ്ഞു
‘നിങ്ങൾ തമ്മിൽ അറിയുമെന്നോ..? എവിടെ വച്ചു..? എങ്ങനെ..?
കൃഷ്ണ സംശയത്തോടെ ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ നിന്നു
‘ഞങ്ങൾ ഒരേ ജിമ്മിൽ ആണ് വർക്ക് ഔട്ട്. പക്ഷെ നീ എപ്പോളും പറയുന്ന അർജുൻ ഇതാണ് എന്ന് ഞാൻ ഇപ്പോളാണ് അറിയുന്നത്..’
പദ്മ എന്നെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.
‘നീ എന്നിട്ടെന്താ എന്നോട് ഇത് വരെ ഇത് പറയാതെ ഇരുന്നേ..?
കൃഷ്ണയുടെ സംശയം ഇന്നൊന്നും തീരുമെന്ന് തോന്നുന്നില്ല
‘ഞാൻ നിനക്കൊരു സർപ്രൈസ് ആവട്ടെ എന്ന് കരുതി..’
ഒരു മണ്ടൻ ചിരി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു. എന്തോ അത് വിശ്വാസം വരാതെ കൃഷ്ണ എന്നെ ഒന്ന് ചൂഴ്ന്ന് നോക്കി. അവരുടെ അടുത്ത് നിന്നും മാറി കഴിഞ്ഞു അവളെന്റെ അടുത്ത് വീണ്ടും ആ വിഷയം എടുത്തിട്ടു.
‘സത്യം പറ.. നീ എന്താ അവളുടെ കാര്യം എന്നോട് പറയാഞ്ഞത്..?
‘ഇതിലൊക്കെ എന്ത് പറയാൻ ഇരിക്കുന്നു. അവിടെ ചെന്നു കുറെ കഴിഞ്ഞാണ് നിന്റെ ചേച്ചി ആണെന്ന് എനിക്ക് മനസിലാവുന്നത് തന്നെ. പിന്നെ ഞാൻ നിന്റെ ചേച്ചിയെ വല്ലപ്പോഴും ആണ് കാണുന്നത് അവിടെ വച്ചു..’
‘നീ ജിമ്മിൽ പോകാൻ തുടങ്ങിയ കാര്യം പോലും എന്നോട് പറഞ്ഞിട്ടില്ല ഇത് വരെ..’
കൃഷ്ണ പരാതി പോലെ പറഞ്ഞു
‘എന്റെ പൊന്നോ അതൊക്കെ എന്താടി ഇത്ര വലിയ വിശേഷം പറയാൻ.. ഞാൻ മനഃപൂർവം പറയാത്തത് പോലെ ആണല്ലോ നിന്റെ പറച്ചിൽ..’
‘ഞാനും ജിമ്മിൽ വരാൻ പോവാ ഇനി മുതൽ..’
കൃഷ്ണ അടുത്ത നമ്പർ ഇട്ടു.
‘നീ ആദ്യം എന്തെങ്കിലും കഴിച്ചു കുറച്ചു ശരീരത്തു പിടിപ്പിക്കു. അത് കഴിഞ്ഞു ജിമ്മിൽ പോകാം..’
അവളുടെ ഐഡിയ ഞാൻ നിരുത്സാഹപ്പെടുത്തി കൊടുത്തു
‘പപ്പി പിന്നെ വണ്ണം ഉണ്ടായിട്ടല്ലേ ജിമ്മിൽ പോകുന്നത്..’
കൃഷ്ണ പിന്നെയും കറങ്ങി തിരിഞ്ഞു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അവളെ ജിമ്മിൽ നിന്നും പിന്തിരിപ്പിക്കാൻ ഞാൻ വിശപ്പ് എടുത്തിട്ടു. വിശക്കുന്നു എന്ന് പറഞ്ഞു ഞങ്ങൾ രണ്ടും ഫുഡ് എടുത്തു ഒരു മേശയിൽ ഒറ്റയ്ക്ക് പോയിരുന്നു. ഇത്രയും നേരം ആയിട്ടും ഇവിടെ എങ്ങും എന്റെ ലച്ചുവിനെ കാണുന്നില്ലല്ലോ. അവൾ ഇനി ബിസി ആയിരിക്കുമോ..? കൃഷ്ണ അടുത്ത് നിന്നും മാറാതെ അവളെ ഒന്ന് വിളിക്കാൻ പറ്റില്ലല്ലോ. അവളെ പറ്റി മനസ്സിൽ ചിന്തിച്ചപ്പോൾ തന്നെ എന്റെ കണ്ണുകൾ അവളെ കണ്ടു പിടിച്ചു. കുറച്ചു മാറി ബന്ധുക്കളുടെ ഇടയിൽ നിന്ന് എന്നെ രൂക്ഷമായി നോക്കുകയാണ് ലക്ഷ്മി. ഇത്രയ്ക്കും രൂക്ഷമായി നോക്കാൻ ഞാൻ എന്ത് ചെയ്തു. ഞാൻ ചിക്കൻ കാൽ കടിച്ചു വലിച്ചു കൊണ്ട് ആലോചിച്ചു.
ലച്ചു കുറച്ചു ഏറെ നേരമായി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടാകണം. കൃഷ്ണ ഞാനുമായി ഒരുപാട് അടുത്തിടപഴകിയത് അവൾക്ക് ഇഷ്ടം ആകുന്നുണ്ടാവില്ല. ഇന്നത്തെ ദിവസം അവളെക്കാൾ കൃഷ്ണയ്ക്ക് എന്നെ അടുത്ത് കിട്ടിയതും അച്ഛന്റെയും അമ്മയുടെയും ഒക്കെ മുന്നിൽ വച്ചു പരിചയപ്പെടുത്തിയതും ഒന്നും അവൾക്ക് ഇഷ്ടം ആയിട്ടുണ്ടാവില്ല.
എന്റെ ഊഹം ഏറെക്കുറെ ശരിയായിരുന്നു. ലച്ചു ശരിക്കും കുശുമ്പെടുത്തു തെറിച്ചു നിക്കുവാണ്. ഞാൻ അവളെ കണ്ടത് അവളും കണ്ടു. എന്റെ ചിരിക്ക് മറുപടി ആയി അവൾ ദഹിപ്പിക്കുന്ന കണക്കിന് ഒരു നോട്ടം നോക്കി. നീ എന്തിനാണ് എന്നോട് ചൂടാവുന്നെ ഞാൻ എന്ത് ചെയ്തു. ഈ കാര്യത്തിൽ തീർത്തും നിരപരാധിയായ ഞാൻ മറ്റൊരു നിരപരാധിയായ കോഴിയുടെ ഇറച്ചി എല്ലിൽ നിന്നും കടിച്ചു മാറ്റി. ഞങ്ങൾ ഭക്ഷണം കഴിച്ചു തീരാറായപ്പോൾ ആണ് ലച്ചു ഞങ്ങളുടെ അടുത്തേക്ക് പെട്ടന്ന് നടന്നടുക്കുന്നത് ഞാൻ കണ്ടത്. അവളുടെ മുഖം ആകെ മൂടി കെട്ടിയ പോലെ ഉണ്ടായിരുന്നു
