റോക്കി – 3അടിപൊളി  

‘ഇല്ലടാ.. ഒന്നിലും ഇല്ല. ഞാൻ ഇവിടെ കാണുന്നത് പോലെ ആണ് വയ്ക്കാർ. അവിടെ ഇല്ല.. എവിടെയോ കളഞ്ഞു പോയി..’

അവൾ കരച്ചിൽ വന്നത് പോലെ പറഞ്ഞു

 

‘എവിടെ പോകാനാണ്..? നീ വീട്ടിൽ മറന്നു വച്ചു കാണും.. ‘

 

‘ഇല്ല.. ഞാൻ എപ്പോളും പേഴ്സിൽ തന്നെ ആണ് വയ്ക്കുന്നത്.. ഇതെവിടോ പോയതാ..’

 

‘നീ വേറെ എവിടെ ആണ് പേഴ്സ് എടുത്തത്..?

ഞാൻ ചോദിച്ചു

 

‘ഇന്ന് എടുത്തതെ ഇല്ലടാ.. അതാണ് ഞാൻ ആലോചിക്കുന്നത്.. എവിടെ പോയെന്ന്..’

 

‘വീട്ടിൽ ഇല്ലെന്ന് ഉറപ്പാണോ..?

 

‘ആണ്. നമുക്ക് കോളേജിൽ ഒന്ന് പോയി നോക്കാം.. അവിടെ ചിലപ്പോൾ ഇരിക്കുന്ന അവിടെ വെല്ലോം പോയെങ്കിലോ..?

 

അവളുടെ വിഷമം കാരണം ഞങ്ങൾ തിരിച്ചു കോളേജിലേക്ക് തന്നെ പോയി. അവൾ ഇരിക്കുന്ന അവിടെയെല്ലാം തപ്പി നോക്കിയിട്ടും അച്ഛന്റെ ഫോട്ടോ അവിടെ ഒന്നും ഞങ്ങൾക്ക് കണ്ടു കിട്ടിയില്ല..

 

‘നിന്റെ അങ്ങ് വീട്ടിൽ വേറെ ഫോട്ടോ ഇല്ലേ.. നീ വിഷമിക്കാതെ..?

ഞാൻ അവളെ സമാധാനിപ്പിച്ചു

 

‘അവിടെ ഉണ്ട്. പക്ഷെ ഇതെന്റെ കയ്യിൽ ഇരുന്നതാ. അത് കൊണ്ടോയി കളയുക എന്ന് വച്ചാൽ… ശോ…’

ഇഷാനി വിഷമം കൊണ്ട് തലയിൽ കൈ വച്ചു. അവളുടെ വിഷമം കണ്ടു അത് എനിക്ക് ശരിക്കും വിഷമവും കുറ്റബോധവും വന്നു. കാരണം അത് അടിച്ചു മാറ്റിയ ആൾ ഞാൻ ആണല്ലോ…!

 

രണ്ട് ദിവസം കഴിഞ്ഞു കടയിൽ പോകാൻ പോയ അവളെ ഞാൻ നിർബന്ധിച്ചു ഞാൻ ബീച്ചിൽ കൊണ്ട് പോയി.. കടയിൽ താമസിക്കും എന്ന് ഒരുപാട് പറഞ്ഞിട്ടും എന്റെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ അവൾ വന്നു.. ബീച്ചിൽ സാധാരണ കപ്പിൾസ് ചെയുന്നത് പോലെ ഒരു മൂലയിൽ പോയി കടലയും കൊറിച്ചു തിരകൾ എണ്ണാതെ വെറുതെ കടലിലേക്ക് നോക്കി ഇരുന്നു.

 

‘ടാ പാലക്കാട്‌ ആണേലും കടൽ ഞാൻ കണ്ടിട്ടൊക്കെ ഉണ്ട്. നീ ഇപ്പോൾ ഈ സമയം ഇല്ലാത്ത സമയത്തു എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്..?

സഹികെട്ടു ഇഷാനി എന്നോട് ചോദിച്ചു

 

‘ഇത് നമ്മൾ ഇത് വരെ വരാത്ത സ്‌ഥലം ആണ്. അതാ ഇവിടെ വന്നത്..’

 

‘നീ എന്താ എന്റെ ടൂറിസ്റ്റ് ഗെയ്ഡ് ആണോ..? എനിക്ക് ദേഷ്യം വരുന്നുണ്ടേ..’

 

‘നിന്നോട് ഒരു കാര്യം പറയാൻ ആണ് ഞാൻ വന്നത്. അതിനീ ആഴക്കടൽ സാക്ഷി ആവണം..’

 

‘ഇതെന്ത് നാടക ഡയലോഗ് ഒക്കെ. നിനക്ക് എന്താ പറ്റിയെ..?

അവൾ എന്റെ പെരുമാറ്റത്തിൽ എന്തോ ആസ്വാഭാവികത കണ്ടു ചോദിച്ചു

 

‘ഞാനീ പറയുന്നത് നിനക്ക് വലിയ താല്പര്യം ഉള്ള കാര്യം ആവില്ല എന്നെനിക്കറിയാം.. പക്ഷെ ഇന്നിത് പറയാതെ ഇരിക്കാൻ എനിക്ക് കഴിയില്ല..’

 

‘എന്തുവാട..’

ഇഷാനി കാര്യം അറിയാതെ കണ്ണ് മിഴിച്ചു

 

‘ഞാനും ഇത് അങ്ങനെ അധികം പേരോട് ഒന്നും പറഞ്ഞിട്ടില്ല. സത്യത്തിൽ എനിക്കീ പരുപാടി ഇഷ്ടമേ അല്ലായിരുന്നു..’

 

‘നീ ഒന്ന് പറയുന്നുണ്ടോ എന്താണെന്ന്..’

ഞാനെന്താണ് പറയാൻ പോകുന്നത് എന്ന് ഓർത്ത് ഇഷാനിയുടെ കണ്ണുകൾ തുടിച്ചു

 

‘ഇഷാനി……’

ഞാൻ വളരെ മൃദുവായി അവളുടെ കയ്യിൽ പിടിച്ചു. അതിലും മൃദുവായി അവളുടെ പേര് വിളിച്ചു.. അവളുടെ ശരീരം ചെറുതായി വിറച്ചു..

 

‘മ്മ്….’

അവൾ ചെറുതായ് ഒന്ന് മൂളി. ഞാൻ എന്റെ മുഖം അവളോട് പതിയെ അടുപ്പിച്ചു. എന്നിട്ട് മെല്ലെ അവൾ മാത്രം കേൾക്കാൻ പാകത്തിൽ ഇങ്ങനെ പറഞ്ഞു..

 

‘ഹാപ്പി ബർത്തഡേ…!

 

‘ഏ…?

ഇഷാനി പെട്ടന്ന് വേറേതോ ലോകത്ത് നിന്ന് തിരിച്ചു വന്നു

 

‘ഹാപ്പി ബർത്ത്ഡേ…’

ഞാൻ കുറച്ചു ഉറക്കെ പറഞ്ഞു

 

‘അതിനാണോ പൊട്ടാ എന്നെ ഇവിടെ വരെ വിളിച്ചോണ്ട് വന്നത്.. അത് അവിടെ വച്ചു വിഷ് ചെയ്താൽ പോരായിരുന്നോ..?

 

‘അവിടെ വച്ചു വിഷ് ചെയ്താൽ എല്ലാവരും അറിയില്ലേ.. ഇത് നമ്മൾ രണ്ടും മാത്രം അല്ലേ അറിയൂ..

 

‘അത് നന്നായി. ചുമ്മാ വന്നു ഹാപ്പി ബർത്ത്ഡേ പറയുന്നത് എനിക്ക് വെറുപ്പാണ്.. ആട്ടെ ബർത്ത്ഡേ ആയിട്ട് നീ എനിക്ക് അഞ്ചു രൂപയുടെ കടല ആന്നോ വാങ്ങി തന്നത്. അർജുൻ അംബാനിക്കും സാമ്പത്തിക മാന്ദ്യം ആണോ..?

ഇഷാനി എന്നെ കളിയാക്കി ചോദിച്ചു

 

‘ഇപ്പോൾ ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യടി..’

 

‘അപ്പോൾ വേറെ എന്തോ ഉണ്ട്.. നീ ചുമ്മ വിഷ് ചെയ്യാൻ എന്നെ ഇവിടെ കൊണ്ട് വരില്ല.. ഇനി ഗിഫ്റ്റ് വല്ലോം കയ്യിൽ ഉണ്ടോടാ..’

അവളെന്റെ പോക്കറ്റ് പരതി നോക്കി

 

‘നിന്റെ ബുദ്ധി സമ്മതിച്ചു തന്നിരിക്കുന്നു..’

ഞാൻ അവളോട് പറഞ്ഞു

 

‘അപ്പോൾ എന്തോ ഉണ്ട്.. ബാഗ് കാണിച്ചേ..’

അവൾ എന്റെ മടിയിൽ നിന്നും ബാഗ് എടുത്തു പരിശോദിച്ചു. അവളുടെ ഊഹം ശരിയായിരുന്നു. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ് അവൾക്ക് വേണ്ടി എന്റെ ബാഗിൽ ഉണ്ടായിരുന്നു

 

‘ഇതെന്താടാ ഫോട്ടോ വല്ലോം ആണോ..?

ഗിഫ്റ്റ് പേപ്പർ പൊട്ടിക്കുന്നതിന് ഇടയിൽ അവൾ ചോദിച്ചു. അത് മുഴുവൻ ആയി പൊട്ടിച്ചു മാറ്റിയപ്പോൾ അവളുടെ കണ്ണിൽ ആശ്ചര്യത്തിന്റെ ഒരു വസന്തം പൂക്കുന്നത് ഞാൻ കണ്ടു..

 

സാരി ഉടുത്തു നിൽക്കുന്ന ഇഷാനിയുടെ ഒരു ചിത്രം.. അവൾക്കൊപ്പം അരികിലായ് മറ്റൊരാൾ കൂടിയുണ്ട്. അവളുടെ അച്ഛൻ.. അതും നല്ല ക്ലാരിറ്റി ഉള്ള ഒർജിനൽ എന്ന് തോന്നിപ്പിക്കുന്ന ചിത്രം.

 

‘ഇത് .. ഇതെങ്ങനെ…?

അവൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ഒക്കെ ചോദിച്ചു

 

‘ഇതൊക്കെ ഇപ്പോൾ എളുപ്പം അല്ലേ.. നിന്റെ ആൽബം അന്ന് നോക്കിയപ്പോൾ ഇത് പോലൊരു ചിത്രം ഞാൻ മിസ്സ്‌ ചെയ്തിരുന്നു. അതാണ് ഇങ്ങനെ ഒരു ഗിഫ്റ്റ് തരാമെന്ന് വച്ചത്..’

 

‘ആഷി വരച്ചതാണോ.. പറയടാ..?

 

‘അല്ലടി. പക്ഷേ ഇത് എന്റെ വേറെ ഒരു ഫ്രണ്ട് ചെയ്തു തന്നതാ..’

 

ഇഷാനി ആ ഫോട്ടോയിലേക്ക് നോക്കി കണ്ണ് നനച്ചു. ഒരിക്കലും നടക്കാത്ത ഒന്നിനെ നടന്നത് പോലെ ചിത്രത്തിൽ കണ്ടതിലുള്ള സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു

 

‘അച്ഛന് ഏജ് ആയിട്ടില്ലലോ ഇതിൽ. ഇപ്പോൾ ഉണ്ടെങ്കിൽ കുറച്ചു ഏജ് ഒക്കെ കാണില്ലേ..’

അവൾ എന്നോട് ചോദിച്ചു

 

‘അത് അറിയാം. പക്ഷെ വലിയ മാറ്റം വേണ്ട എന്ന് ഞാനാണ് പറഞ്ഞത്. നിന്റെ രവിയച്ഛന് ഏജ് പറയില്ലല്ലോ. അപ്പോൾ നിന്റെ അച്ഛനും ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ ചെറുപ്പം ആയേനെ..’

ഞാനത് പറഞ്ഞപ്പോൾ ഇഷാനി കൃതാർത്ഥതയോടെ എന്നെ നോക്കി..

 

‘പിന്നെ ഒരു കാര്യം കൂടി ഉണ്ട്. ഇതിന് നീ എന്നോട് ദേഷ്യപ്പെടരുത്..’

ഞാൻ ബാഗിൽ നിന്നും അവളുടെ അച്ഛന്റെ കാണാതെ പോയ ഫോട്ടോ എടുത്തു അവളുടെ കയ്യിൽ കൊടുത്തു

 

‘എടാ ദുഷ്ടാ നിന്റെ കയ്യിൽ ഉണ്ടായിട്ട് ആണോ എന്നെ അന്ന് അത്രയും വിഷമിപ്പിച്ചത്..?

 

‘മനഃപൂർവം അല്ലല്ലോ.. അത് ഉണ്ടെങ്കിൽ അല്ലേ എനിക്ക് ഈ പിക് ഉണ്ടാക്കാൻ പറ്റുള്ളൂ. നിന്നെ വിഷമിപ്പിക്കാൻ ചെയ്തത് അല്ല..’

Leave a Reply

Your email address will not be published. Required fields are marked *