“ആൽബി എന്നാ പറ്റി ഞങ്ങൾ പോകുന്നതിന്റെ വിഷമം ആണോ…??”
” യെസ് നിങ്ങളെ പിരിഞ്ഞു നിൽക്കുന്നത് ആലോചിക്കുമ്പോൾ ചെറിയ വിഷമം…”
പെട്ടെന്ന് അങ്ങനെ മറുപടി പറയാൻ ആണ് ആൽബിക്ക് തോന്നിയത്,
അവളുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി എങ്കിലും അവൻ്റെ ചിന്തകൾ കാടുകയറി തുടങ്ങിയിരുന്നു…
മനസ്സിൽ ഒരുതരം അല്ലാത്ത വെപ്രാളവും വിറക്കുന്ന കണ്ണുകളും,
ചെയ്യുന്നത് അബദ്ധം ആകുമോ…??
അവൻ തന്നോട് തന്നെ ഒരു നൂറുവട്ടം പിന്നെയും ചോദിച്ചു കൊണ്ടിരുന്നു…
‘ ഫ്ലൈറ്റിന്റെ സമയമാകാറായിരിക്കുന്നു…’
ഇപ്പോൾ തീരുമാനിക്കണം എന്ത് വേണം എന്ന്…??
ഒരു പക്ഷേ ചെയ്യുന്നത് മണ്ടത്തരം ആകുമോ..?? എന്തുവേണം,
ആൽബിന്റെ കൈകൾ ചെറുതായി വിറച്ചു കൊണ്ടിരുന്നു…’
ഇനിയും കുറഞ്ഞ നിമിഷങ്ങൾ മാത്രം…..
ഒടുവിൽ എന്തോ തീരുമാനിച്ചു ഉറച്ച പോലെ ആൽബിൻ സ്റ്റെല്ലയുടെ നേരെ കൈ നീട്ടി,
“പെണ്ണേ നിൻറെ ഫോൺ ഒന്ന് തരാമോ എന്റെ ഫോണിൽ നിന്നും കോൾ പോകുന്നില്ല..”
” എന്നാ പറ്റി…??”
” ഒന്നുമില്ല ലിസി ആൻ്റിയെ ഒന്ന് വിളിക്കാനാ, ഇവിടെ എത്തിയിട്ട് വിളിക്കാൻ പറഞ്ഞായിരുന്നു…”
” ആം ശരി…”
മറ്റൊന്നും ചിന്തിക്കാതെ സ്റ്റെല്ല തന്റെ ഫോണെടുത്ത് ആൽബിന്റെ കയ്യിലേക്ക് നൽകി,
ഫോൺ കൈ കൊണ്ട് പതിയെ മറച്ചു കൊണ്ട് ആൽബി കുറച്ചു മാറി നിന്നു,
അവൻറെ ശരീരം വല്ലാതെ വിയർത്തു… നെഞ്ചിടിപ്പ് കൂടി ഹൃദയം പടപട മിടിച്ചുകൊണ്ട് പാരമ്യത്തിൽ എത്തിയിരിക്കുന്നു…..!!
സ്റ്റെല്ലയുടെ
ഫോണിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്ന ശേഷം അതിൽ നിന്നും സെറ്റിംഗ്സിൽ പോയി ബ്ലോക്ക്ഡ് ലിസ്റ്റ് തുറന്ന ആൽബിൻ വിറക്കുന്ന കൈകളോടെ ശിവയുടെ പ്രൊഫൈൽ അൺബ്ലോക്ക് ചെയ്തു…..
ഒരുവട്ടം കൂടി ആലോചിച്ച ശേഷം മെസഞ്ചറിൽ ‘ ഹായ്, കമിംഗ് ടു ഇന്ത്യ ‘ ഇത്രയും അയച്ച ശേഷം ചാറ്റ് ഡിലീറ്റ് ചെയ്തു,
ഫോൺ ലോക്ക് ചെയ്തു എത്രയും പെട്ടെന്ന് തിരികെ കൊടുത്തു,
” എന്തുപറ്റി വിളിക്കുന്നില്ലേ…??”
” അത് കുഴപ്പമില്ല ഞാൻ നേരിട്ട് ചെന്ന് പറഞ്ഞോളാം, ഇന്ന് രാത്രി അവിടെ നിൽക്കാം എന്നാ വിചാരിക്കുന്നത്, അങ്കിൾ ചെല്ലാൻ പറഞ്ഞായിരുന്നു….”
“അതാ നല്ലത് ഞങ്ങളും ഇല്ലല്ലോ…” അപ്പോഴേക്കും അവർക്ക് പോകാനുള്ള ഫ്ലൈറ്റിന്റെ അനോൻസ്മെൻറ് ആയിരുന്നു..
സ്റ്റെല്ലാ ആൽബിനെ കെട്ടിപ്പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു..!!
ആൽബിൻ രണ്ട് കുഞ്ഞുങ്ങളെയും കെട്ടിപ്പിടിച്ച് ഒരുപാട് ചുംബനങ്ങൾ നൽകി…
” പപ്പാ പെട്ടെന്ന് തന്നെ വരാം കേട്ടോ രണ്ടുപേരും നല്ല ഹാപ്പി ആയിരിക്കണം… എൻറെ പെണ്ണും നല്ല ഹാപ്പി ആയിരിക്കണം അതിനാ നിന്നെ ഇപ്പോൾ തന്നെ അങ്ങോട്ട് വിടുന്നത്…”
” ഓ ശരി, ആൽബി ഇനിയും നിന്നാ ചിലപ്പോൾ ഞാൻ കരയും…”
” കരയണ്ട പൊക്കോ…”
ബോർഡിങ് പാസുമായി അവർ മുന്നോട്ട് നടക്കുന്നത് ആൽബിൻ നോക്കി നിന്നു,
ഇത് വെറും ഒരു യാത്രയല്ല എന്ന് സ്റ്റെല്ല തിരിച്ചറിയുന്നില്ലല്ലോ..
‘പക്ഷേ എല്ലാം എന്റെ പെണ്ണിനു വേണ്ടി തന്നെയാണ് അവൾ മാത്രമാണ് തനിക്ക് ഈ ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ടത്…’
“ഹാപ്പി ജേർണി സ്റ്റെല്ല…”
അവർ മുന്നോട്ട് കടന്ന് പോയതും ആൽബിൻ തിരിഞ്ഞു നടന്നു,
തിരികെ വാഹനം ഓടിക്കുമ്പോൾ ആൽബിന്റെ
മനസ്സിൽ ഒരുപാട് ചിന്തകൾ ആയിരുന്നു
ഇന്നല്ലെങ്കിൽ നാളെ, ഏത് ദിവസവും സ്റ്റെല്ലയുടെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ തനിക്ക് പ്രതീക്ഷിക്കാം,
അവയ്ക്ക് മറുപടി നൽകാനുള്ള ഉത്തരങ്ങൾ ഇപ്പൊൾ ഈ നിമിഷം മുതൽ ആലോചിച്ചു തുടങ്ങണം….
പിറ്റേദിവസം വൈകുന്നേരം നാലുമണിയോടെ അടുത്താണ് സ്റ്റെല്ല ഫ്ലൈറ്റ് ഇറങ്ങിയത്, ചെക്കിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും വല്ലാതെ മടുത്തിരിക്കുന്നു,
ഒറ്റയ്ക്കായിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാവില്ല, രണ്ടു കുട്ടികളെ കൂടി നോക്കുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ല.
ആൽബി സംശയം പ്രകടിപ്പിച്ചപ്പോഴും രണ്ടു കുഞ്ഞു മക്കളെയും നോക്കാമെന്നത് തൻ്റെ ആത്മവിശ്വാസമായിരുന്നു…
