ബുധനാഴ്ച വൈകുന്നേരം ആൽബിൻ പ്ലാൻ ചെയ്തത് കൊണ്ട് തന്നെ നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയിട്ടുണ്ടായിരുന്നു
Part 2 ❤️
ഒരു വലിയ ബിൽഡിങ്ങിൻ്റെ മൂന്നാം നിലയിൽ ലിഫ്റ്റ് തുറന്ന് ഇറങ്ങി, ആൽബിൻ മുന്നോട്ട് നടന്നു,
അവസാനത്തെ റൂമിൻ്റെ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ മനസ്സിന് ഒരു പ്രത്യേക ശാന്തത അനുഭവപ്പെട്ടു,
മുറിക്കുള്ളിൽ അധികം ശബ്ദങ്ങളൊന്നുമില്ലായിരുന്നു, മൃദുവായ നിറങ്ങളിലുള്ള ചുവരുകളും മനോഹരമായ ചിത്രങ്ങളും മുറിക്ക് സുഖകരമായൊരു അന്തരീക്ഷം നൽകി,
ഒരു വശത്ത് പുസ്തകങ്ങൾ അടുക്കി വെച്ച ചെറിയൊരു അലമാരയും മറുവശത്ത് പച്ച നിറത്തിലുള്ള ചെടികളും ഉണ്ടായിരുന്നു…
രണ്ട് പേർക്ക് പരസ്പരം അഭിമുഖമായി ഇരിക്കാവുന്ന രണ്ട് കസേരകൾ ഉണ്ടായിരുന്നു, അവയ്ക്കിടയിൽ ചെറിയൊരു മേശയും അതിന്മേൽ ഒരു വെള്ളക്കുപ്പിയും കുറിപ്പുപുസ്തകവും വച്ചിരുന്നു,
പുറത്തുള്ള തിരക്കുകളിൽ നിന്ന് മാറി, ഇവിടെ എത്തിയാൽ മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് പറയാൻ കഴിയുന്ന ഒരു സുരക്ഷിതമായ ഇടം പോലെയായിരുന്നു….
” അപ്പോൾ ആൽബിൻ പറയൂ…. എല്ലാം നല്ല രീതിയിൽ തന്നെ പോകുന്നുണ്ടോ…?? ”
” മാഡം ഞാൻ പറഞ്ഞിരുന്നല്ലോ കുറച്ചു കാലമായി നല്ല ഇംപ്രൂവ്മെന്റ് ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ വീണ്ടും അവളിൽ വീണ്ടും പഴയ പോലെ ഒരുതരം വിഷമവും ദേഷ്യവും…”
ആൽബിൻ കൈ വിരലുകൾ ടെൻഷനോട് കൂടി ഞൊടിച്ചു കൊണ്ടിരുന്നു,
” മാഡം കഴിഞ്ഞ ദിവസം ഉണ്ടായ ഒരു ചെറിയ വിഷയം കൊണ്ടാണ് ഇപ്പോൾ ഞാൻ കാണാൻ വന്നിരിക്കുന്നത്..”
” എന്താ, എന്തു പറ്റി…?? ”
” മാഡം എന്നോട് പറഞ്ഞിരുന്നല്ലോ അവൾക്ക് എപ്പോഴെങ്കിലും നിയന്ത്രണം വിട്ട് ദേഷ്യം വരുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന്, അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായി…”
” ഓക്കേ എന്നിട്ട്…??..”
” കുറച്ചു ദിവസങ്ങൾക്കു മുന്നേ ഞങ്ങൾ എല്ലാവരും കൂടി പള്ളിയിൽ പോയിട്ടുണ്ടായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച, പക്ഷെ അവിടെ വച്ച് നടന്ന ഒരു സംഭവത്തിൽ അവൾ വല്ലാതെ റിയാക്ട് ചെയ്യുകയായിരുന്നു…
അത് ഒരു ചെറിയ കാര്യമായി കണ്ട് ഞാൻ വിടാൻ പറഞ്ഞെങ്കിലും ആൾക്ക് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ല, അതിൻറെ ദേഷ്യം കാറിലും തിരികെ വീട്ടിൽ എത്തിയപ്പോഴും ഉണ്ടായിരുന്നു….”
ആൽബിൻ കര്യങ്ങൾ വിവരിച്ചു തുടങ്ങി
” ഓക്കേ പിന്നീട് എന്ത് സംഭവിച്ചു…?? ”
” പിന്നീട്….എനിക്ക്….എനിക്ക്…. ആം…”
അവൻ്റെ ശബ്ദം ചെറുതായി പതറി
“ആൽബിൻ…??? ”
” യെസ് മാഡം ഞാൻ അവൾക്ക് വേണ്ടി അല്ല ഇത്തവണ വന്നിരിക്കുന്നത്, എനിക്ക് വേണ്ടി ആണ്, കാറിലിരുന്ന് അവൾ എന്നോട് ഒരു കാര്യം പറഞ്ഞു അവളുടെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും ആരും വില കൽപ്പിക്കുന്നില്ല എന്ന്…. എനിക്ക് ആ ഒരു നിമിഷം….ഒരൊറ്റ നിമിഷം കൊണ്ട് അവൾ എൻറെ കൂടെ ഹാപ്പി അല്ല എന്ന് വരെ തോന്നിപ്പോയി… അവൾ ആഗ്രഹിക്കുന്ന സന്തോഷം നൽകാൻ എന്നെക്കൊണ്ടാവുന്നില്ല എന്നപോലെ….”
ആൽബിൻ രണ്ട് കൈ കൊണ്ടും മുഖം അമർത്തി തുടച്ചു..
”
ആൽബിൻ അങ്ങനെ കരുതേണ്ട ഒരു കാര്യവുമില്ല ഞാൻ കണ്ടിടത്തോളം നിങ്ങൾ ഒരു നല്ല ഭർത്താവ് തന്നെയാണ്, ഇത്രയും കാലം നിങ്ങൾ ഈ കുടുംബം നോക്കിയത് പോലെ മറ്റാരെങ്കിലും ചെയ്യുമോ എന്ന് പോലും എനിക്ക് സംശയമാണ്…”
കുറച്ചു നേരം അവർക്കിടയിൽ ചെറിയ നിശബ്ദത തളം കെട്ടി നിന്നു,
“ഫസ്റ്റ് ഓഫ് ഓൾ ആൽബിൻ മനസ്സിലാക്കേണ്ട കാര്യം തൻ്റെ ഭാര്യ കംപ്ലീറ്റ് നോർമൽ ആയ വ്യക്തി തന്നെ ആണ്,
സീ സ്റ്റെല്ലയെ സംബന്ധിച്ചിടത്തോളം അവൾ ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ്, അന്നമോൾ ഉണ്ടായിരുന്ന കാലം അവളെ സംരക്ഷിക്കാനും നോക്കാനും നിങ്ങൾ രണ്ടുപേരും അല്ലാതെ കുടുംബവും കൂട്ടുകാരും എല്ലാവരും ഒപ്പം ഉണ്ടായിരുന്നു…
പക്ഷേ ഇവിടെ ചിക്കാഗോയിൽ നിങ്ങൾ രണ്ടുപേരും മാത്രമാണ് അതിൽ തന്നെ ആൽബിൻ കൂടുതൽ സമയം ജോലിയിലും… സ്വാഭാവികമായും കുട്ടിയെ നോക്കുമ്പോൾ ഉണ്ടാകുന്ന ഒരു തളർച്ചയും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വേരിയേഷനും ആണ് ഇത്തരം വിഷാദ ഭാവങ്ങളിലേക്കും ദേഷ്യ പ്രകടനങ്ങളിലേക്കും പോകുന്നത്…”
