അവൻ വീണ്ടും ജനലിന് പുറത്തേക്ക് നോക്കി.
ബസ് അടുത്ത സ്റ്റോപ്പിൽ നിർത്തി. രണ്ടുമൂന്നുപേർ ഇറങ്ങി. പകരം വേറെ കുറച്ചുപേർ കയറി. കണ്ടക്ടർ വീണ്ടും മുന്നോട്ട് നീങ്ങാൻ വിളിച്ചുപറഞ്ഞു.
പക്ഷേ അതുലിന്റെ ഉറക്കം അതോടെ പോയിരുന്നു. അവൻ ബാഗ് മടിയിൽ ഒതുക്കിവച്ച് നേരെയിരുന്നു.
ഇടയ്ക്കിടെ അവന്റെ കണ്ണുകൾ അറിയാതെ അപർണയുടെ നേരെ പോകുന്നുണ്ടായിരുന്നു.
ബസ് നീങ്ങി കൊണ്ടിരുന്നു.. തന്റെ കണ്മുൻപിൽ നടന്നത് വീണ്ടും വീണ്ടും അതുലിന്റെ മനസ്സിലൂടെ കടന്നു പോയി..
“ബാഗ് തന്നോളൂ..”
അപർണയുടെ ശബ്ദം കേട്ട് അതുൽ ചിന്തയിൽനിന്നു ഞെട്ടി അങ്ങോട്ട് നോക്കി..
“ആ.”
അവൻ ബാഗ് നീട്ടിക്കൊടുത്തു. കോളേജ് എത്താറായിരിക്കുന്നു.. അടുത്ത സ്റ്റോപ്പ് ആണ്.. അപർണ രണ്ടുകയ്യും കൊണ്ട് അതെടുത്ത് തോളിലിട്ടു.
“താങ്ക്സ്, കേട്ടോ.”
“കുഴപ്പമില്ല.”
“നീയുമിവിടെയാണല്ലേ പഠിക്കുന്നത്?” അവൾ അവനെ നോക്കി ചോദിച്ചു.
“അതെ. സെക്കൻഡ് ഇയർ ഐ.ടി.”
“ഓ.. എന്നും ഈ ബസിൽ ആണോ വരുന്നേ?”
“അതെ ചേച്ചി”
“ആണോ, ഞാൻ ശ്രദ്ധിച്ചിട്ടില്ലാട്ടോ..”
“ഞാൻ കണ്ടിട്ടുണ്ട് ചേച്ചിയെ.. പിന്നെ ബസിൽ എപ്പോഴും തിരക്കല്ലേ.. അതോണ്ട് സംസാരിക്കാൻ പറ്റിയില്ല..”
“ആ ശെരിയാ ഒടുക്കത്തെ തിരക്കാ ഈ ബസ് ഇൽ..”
ചേച്ചിക് അതല്ലേ ഇഷ്ടം എന്ന് അതുൽ മനസ്സിൽ പറഞ്ഞു..
“എന്താ പേര് ?”
“അതുൽ”
“ഓക്കേ അതുൽ.. പിന്നെ കാണാം.. ബൈ” അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് മുൻ വാതിൽ ലക്ഷ്യമാക്കി നടന്നു..
അതുൽ രാഹുലിനെ നോക്കി.. അവൻ പിൻവാതിലിന്റെ അവിടേക്ക് എത്തിയിരുന്നു..
കോളേജ് ബസ് സ്റ്റോപ്പിന് മുൻപുള്ള അവസാന
വളവ് എത്തിയപ്പോഴേക്കും ആളുകൾ ഇറങ്ങാനുള്ള തിടുക്കം തുടങ്ങി. അതുൽ സ്വന്തം ബാഗ് എടുത്ത് സീറ്റിൽനിന്നെഴുന്നേറ്റു.
കോളേജ് ഗേറ്റിനു മുന്നിലെ സ്റ്റോപ്പിൽ ബസ് നിന്നു. കുറച്ച അധ്യാപകരും യൂണിഫോം ധരിച്ച വിദ്യാർത്ഥികളും ഇറങ്ങി.
അപർണയും രാഹുലും ഒരുമിച്ച് മുന്നോട്ടു നടന്നു. അതുൽ അവരുടെ കുറച്ചു പുറകിലായി കോളേജ് ഗേറ്റ് ലക്ഷ്യമാക്കി നടന്നു…അവൾ ഒരിക്കൽ പോലും തിരിഞ്ഞുനോക്കിയില്ല..
‘സെന്റ് ഫ്രീസാ കോളേജ് ഓഫ് എൻജിനീയറിങ്’ നഗരത്തിൽനിന്ന് കുറച്ചുള്ളിലായിട്ടാണ്. നല്ല വലിയ ക്യാമ്പസാണ്. ഗേറ്റ് കടന്നാൽ ഇരുവശത്തും മരങ്ങളുള്ള നീണ്ട റോഡ്. ഒരു വശത്ത് ചാപ്പൽ, കുറച്ചപ്പുറത്ത് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്. അതിന് പിന്നിലായിട്ടാണ് ഓരോ ഡിപ്പാർട്ട്മെന്റുകളുടെയും കെട്ടിടങ്ങൾ.
ഗേറ്റിൽ സെക്യൂരിറ്റി പതിവുപോലെ ഐഡി കാർഡ് പരിശോധിക്കുന്നുണ്ട്. ഷർട്ട് ഇൻ ചെയ്യാതെ ചെന്ന രാഹുലിനെ പിടിച്ചുനിർത്തി എന്തൊക്കെയോ ഉപദേശിക്കുന്നതും കണ്ടു. അതുൽ സ്വന്തം ഷർട്ടും ഐ ഡി കാർഡും ഒന്നുകൂടി ഒതുക്കി നേരെ നടന്നു.
കോളേജിൽ ഫോൺ കൊണ്ടുവരാൻ പാടില്ല. പിടിച്ചാൽ വലിയ പൊല്ലാപ്പാണ്. എന്നാലും ആരും അറിയാതെ ബാഗിനുള്ളിൽ കൊണ്ടുനടക്കുന്നവർ കുറച്ചുപേരുണ്ട്. അതുലും അക്കൂട്ടത്തിലാണ്. ബസിൽ കുറെ നേരം യാത്ര ഉള്ളത് കൊണ്ട് സമയം പോകാൻ കൊണ്ട് വരുന്നതാണ്. പാട്ടു കേൾക്കാൻ. ക്യാമ്പസിൽ എത്തിയാൽ പിന്നെ ആവശ്യമില്ലാതെ പുറത്തെടുക്കാറില്ല. എന്തിനാ വെറുതെ പണി വാങ്ങുന്നത്?
ഐ.ടി. ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് അതുലിന്റെ ക്ലാസ്. പടികൾ കയറി രണ്ടാം നിലയിലെത്തിയപ്പോഴേ ക്ലാസിനകത്തുനിന്ന് മിഥുന്റെ ശബ്ദം കേട്ടു. രാവിലെ തന്നെ എന്തോ കാര്യമായ ചർച്ചയിലാണ് ആശാൻ.
അതുലിനെ കണ്ടതും മിഥുൻ സംസാരം നിർത്തി.
“ആഹാ, അതുൽ മോൻ എത്തിയോ?”
“എന്തെ നിനക്ക് പിടിച്ചില്ലേ?”
“രാവിലെ
തന്നെ മൊടയാണല്ലോ”
“ഹി..ഹി ചുമ്മാ പറഞ്ഞതാടെ”
“ആണോ എനിക്ക് മനസിലായില്ലായിരുന്ന്..ഒന്ന് പോടാപ്പാ”
അതുലും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
ക്ലാസിൽ പകുതിയോളം കുട്ടികളേ എത്തിയിട്ടുള്ളൂ. ചിലർ കൂട്ടംകൂടി സംസാരിക്കുന്നു. മുന്നിലത്തെ ബെഞ്ചിലിരുന്ന രണ്ടുപേർ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. പിന്നിലെ ജനലിനടുത്താണ് അതുലിന്റെ ബെഞ്ച്. മിഥുൻ, സിജോ, ജെറിൻ ഇവരാണ് അതുലിന്റെ ബെഞ്ചിലെ മറ്റു അംഗങ്ങൾ.
