“എടാ, അത് ഇങ്ങുതന്നേ. മിസ് തന്ന ലിസ്റ്റാ,” ടീന പറഞ്ഞു.
“ഒന്ന് നോക്കട്ടെടീ.”
അവൻ പേപ്പറിലൂടെ കണ്ണോടിച്ചു.
“അയ്യേ, എന്നെ ഇവന്മാരുടെ കൂടെയാണോ ഇട്ടേക്കുന്നേ?”
“ഞാനല്ല ഗ്രൂപ്പ് തിരിച്ചത്. മിസ്സാ.”
“ഇത് മാറ്റണം.”
“എന്നാ മിസ്സിനോട് പറഞ്ഞോ.”
“നീ പറഞ്ഞാൽ പോരേ?”
“പറ്റില്ല.”
“ഹോ, എന്തൊരു ജാഡ!”
ദീപക് പേപ്പർ മേശപ്പുറത്തുവച്ചിട്ട് തിരിഞ്ഞുനടന്നു.
“എടാ, നീ എന്തിനാ അവളോട് ചൂടാവുന്നേ? അവളല്ലല്ലോ ഗ്രൂപ്പ് തിരിച്ചത്,” അജ്മൽ ചോദിച്ചു.
“ഓ, ഞാൻ ചൂടായതൊന്നുമല്ല.”
“ആ, വാ. മിസ് വരാറായി.”
രണ്ടുപേരും അവരുടെ ബെഞ്ചിലേക്ക് മടങ്ങി.
“ഇവന് ഒരു ദിവസം ആരെയെങ്കിലും ചൊറിയാതെ സമാധാനം കിട്ടില്ല,” ജെറിൻ പതുക്കെ പറഞ്ഞു.
അതുലും ഒന്നു നോക്കി.
“അവന്റെ സ്ഥിരം പരിപാടിയല്ലേ.”
അവൻ വീണ്ടും എഴുതാൻ തുടങ്ങി.
കുറച്ചുകഴിഞ്ഞപ്പോൾ ടീന പേപ്പറുമായി ക്ലാസിന്റെ നടുവിലേക്ക് വന്നു.
“എല്ലാരും ഒന്ന് ശ്രദ്ധിക്കണേ.”
പക്ഷേ ആരും കാര്യമായി ശ്രദ്ധിച്ചില്ല. പലയിടത്തും സംസാരം തുടർന്നു.
“എടാ, ഒന്ന് മിണ്ടാതിരിക്കാമോ? ഒരു കാര്യം പറയാനുണ്ട്.”
“പറഞ്ഞോ ടീനേ, ഞങ്ങൾ കേൾക്കുന്നുണ്ട്,” പിന്നിൽനിന്ന് ആരോ പറഞ്ഞു.
“പ്ളീസ് എല്ലാരും ഒന്ന് ശ്രദ്ധിച്ചേ..ഒരു സന്തോഷ വാർത്ത ആണ്..”
ടീന കുറച്ചുനേരം കാത്തുനിന്നു.
സംസാരം പതുക്കെ കുറഞ്ഞു.
“ഇന്ന് ഉച്ചയ്ക്കുശേഷം ക്ലാസ് ഇല്ല.. ”
“എന്തേ???” എല്ലാവരും ആകാംഷയോടെ ചോദിച്ചു…
“ഉച്ചക്ക് ശേഷം ക്ലീനിങ് ആണ്.. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള പരിപാടിയാ. ഓരോ ക്ലാസിനും ഓരോ ഏരിയ തിരിച്ചിട്ടുണ്ട്. നമ്മുടെ ക്ലാസിന് ഐ.ടി. ബ്ലോക്കും പഴയ ഡിപ്പാർട്ട്മെന്റ് ലൈബ്രറിയും പരിസരവുമൊക്കെയാ.”
“എല്ലാരും വേണോ..?”
“പിന്നല്ലാതെ. ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.”
“ഫുൾ ടൈം ക്ലീനിങ് ആണോ?? ഒട്ടും ക്ലാസ് ഇല്ലേ..” മിഥുൻ ചോദിച്ചു.
“ആ. ക്ലീനിങ് തന്നെയാ. ക്ലാസ് ഇല്ല..”
“അപ്പൊ കൊള്ളാം.”
“എന്താടാ ഇത്ര സന്തോഷം?” അതുൽ ചോദിച്ചു.
“ക്ലാസിൽ ഇരിക്കണ്ടല്ലോ.”
“പകരം പണിയെടുക്കണ്ടേ?”
“പിന്നേ.. എന്റെ പട്ടി പണി എടുക്കും.. പണി എടുക്കുന്ന പോലെ
ആക്ട് ചെയ്‌താൽ മതി..”
ടീന പേരുകൾ വായിക്കാൻ തുടങ്ങി.
ഓരോ ഗ്രൂപ്പിനും വൃത്തിയാക്കേണ്ട സ്ഥലങ്ങൾ പറഞ്ഞുകൊടുത്തു. വരാന്ത, നടുമുറ്റത്തെ ഗാർഡൻ, ലാബിന്റെ പരിസരം, പഴയ സ്റ്റോർ റൂം എന്നിങ്ങനെ പല ഭാഗങ്ങളിലായാണ് ജോലി.
“പഴയ ഡിപ്പാർട്ട്മെന്റ് ലൈബ്രറിയിൽ അതുൽ, മിഥുൻ, അജ്മൽ, ശ്രീജിത്ത്, ആന്റണി, ശരണ്യ, മേഘ്ന, മറീന, സംഗീത, ശ്രീക്കുട്ടി..”
അതുലിന്റെ ശ്രദ്ധ പെട്ടെന്ന് ലിസ്റ്റിലേക്കായി.
ശരണ്യയും തന്റെ ഗ്രൂപ്പിലാണല്ലോ!
“ഫസ്റ്റ് ഇയറിൽനിന്ന് വേറെയും കുറച്ചുപേരുണ്ട്. അമല മിസ്സിനാണ് ചാർജ്.”
“ടീനേ, ഞാൻ ഏത് ഗ്രൂപ്പിലാ?” സിജോ അപ്പോഴാണ് തലപൊക്കി ചോദിച്ചത്.
“നിന്റെ പേര് നേരത്തെ വിളിച്ചു. നീ കേട്ടില്ലേ?”
“ഇല്ല.”
“നിനക്ക് നടുമുറ്റവും ഗാർഡനും..”
“അടിപൊളി”
സിജോ കുറച്ചുനേരം ടീനയെ നോക്കിയിരുന്നു.
“എടീ, വേറെ വല്ല ഗ്രൂപ്പിലും ഒഴിവില്ലേ?”
“ഇല്ല.”
“എന്നാ ശരി.”
അവൻ വീണ്ടും ഡെസ്കിലേക് തല വച്ചു കിടന്നു…
അതുൽ ചിരിച്ചു.
ടീന ബാക്കിയുള്ള പേരുകളും വായിച്ചുതീർത്തു.
“ഉച്ചയ്ക്ക് ഒന്നരയ്ക്ക് എല്ലാവരും അവരവരുടെ ഗ്രൂപ്പിന്റെ ചാർജ് ഉള്ള മിസ്സിന്റെ അടുത്ത എത്തണം. അറ്റൻഡൻസ് എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്.”
“അറ്റൻഡൻസ് ഉണ്ടോ?” മിഥുൻ ചോദിച്ചു.
“ഉണ്ട്.”
ടീന പേപ്പർ മടക്കി നവ്യയുടെ അടുത്തേക്ക് മടങ്ങി.
“ടാ, ലൈബ്രറി വൃത്തിയാക്കാനാണല്ലോ നമുക്ക് കിട്ടിയത്,” മിഥുൻ പറഞ്ഞു.
“ആ.”
“അതാവുമ്പോ വലിയ പണിയൊന്നും കാണില്ലായിരിക്കും.”
“നീ ആ പഴയ ലൈബ്രറിയിൽ ഇതുവരെ കയറിയിട്ടുണ്ടോ?”
“ഇല്ല.”
“പിന്നെങ്ങനെ അറിയാം?”
“അല്ല, പുസ്തകങ്ങളല്ലേ ഉള്ളൂ. അതൊക്കെ ഒന്ന് അടുക്കിവയ്ക്കാനായിരിക്കും.”
“ആ, നോക്കാം.”
അതുലിന് ലൈബ്രറിയിലെ ജോലി കിട്ടിയതിൽ ചെറിയൊരു സന്തോഷമുണ്ടായിരുന്നു. ജോലി എന്തായാലും ശരണ്യയും ഉണ്ടല്ലോ..
