അതുകേട്ടപ്പോൾ മിഥുൻ അതുലിനെ നോക്കി.
“നമ്മൾ പെട്ടെന്നാ തോന്നുന്നേ,” അവൻ പതുക്കെ പറഞ്ഞു.
“നീ അല്ലേ വലിയ
പണിയൊന്നും കാണില്ലെന്ന് പറഞ്ഞത്.”
“ഞാൻ കരുതിയോ ഇത് ഈ കോലത്തിൽ കിടക്കുവാണെന്ന്..”
അതുലും ചിരിച്ചു.
“എല്ലാവരും ഇങ്ങോട്ട് വന്നേ,” മിസ് വിളിച്ചു.
എല്ലാവരും മേശയ്ക്കു ചുറ്റും കൂടി.
“നമുക്ക് ആദ്യം ഈ റാക്കുകളൊക്കെ വൃത്തിയാക്കണം. പിന്നെ പുസ്തകങ്ങൾ സബ്ജക്ട് അനുസരിച്ച് അടുക്കണം. പഴയ ഫയലുകളും റിപ്പോർട്ടുകളും വേർതിരിക്കണം. ആവശ്യമില്ലാത്ത പേപ്പറുകളും കേടായ ഫയൽ കവറുകളുമൊക്കെ മാറ്റിവയ്ക്കാം.”
“മിസ്, പഴയ ബുക്കുകളൊക്കെ കളയണോ?” ആന്റണി ചോദിച്ചു.
“ഏയ്, ബുക്കുകളൊന്നും കളയണ്ട. ഉപയോഗമില്ലാത്ത പേപ്പറുകളും പഴയ കവറുകളും മാത്രം മാറ്റിയാൽ മതി. സംശയമുള്ളതൊക്കെ എന്നെ കാണിക്കണം.”
“ശരി മിസ്.”
“പിന്നെ പൊടിയുണ്ടാകും. മാസ്ക് വേണമെങ്കിൽ സ്റ്റോറിൽനിന്ന് എടുത്തോളൂ..”
മിസ് മുറിയുടെ മൂലയിലേക്കു ചൂണ്ടിക്കാണിച്ചു.
അവിടെ ഒരു വലിയ ബക്കറ്റും കുറച്ച് തുണികളും ചൂലുകളും വച്ചിരുന്നു.
“മിസ്, വെള്ളം എവിടെനിന്നാ എടുക്കേണ്ടത്?” ശ്രീജിത്ത് ചോദിച്ചു.
“പുറത്തെ വാഷ് ഏരിയയിൽ ടാപ്പുണ്ട്. പക്ഷേ ബുക്കുകളൊന്നും നനയ്ക്കരുത് കേട്ടോ. തുണി ഒന്ന് ചെറുതായി നനച്ചു ഗ്ലാസ് ഒക്കെ ഒന്ന് തുടച്ചാൽ മതി..”
മിസ് ഓരോരുത്തർക്കും ജോലി വീതിക്കാൻ തുടങ്ങി.
“അതുൽ, മിഥുൻ, നിങ്ങൾ രണ്ടുപേരും ആ പിന്നിലെ റാക്കുകൾ നോക്കിക്കോ. അവിടെയുള്ള പുസ്തകങ്ങൾ എടുത്ത് പൊടി തുടച്ച് അടുക്കണം.”
“ശരി മിസ്.”
“ശരണ്യയും മേഘ്നയും ഈ റാക്കിലെ പുസ്തകങ്ങൾ സബ്ജക്ട് അനുസരിച്ച് വേർതിരിക്ക്. മറീനയും സംഗീതയും ആ ഫയലുകൾ നോക്കിക്കോ.”
“ശരി മിസ്.”
“അജ്മലും ശ്രീജിത്തും ആന്റണിയും ചേർന്ന് ഈ മേശകളും കസേരകളും ഒന്ന് മാറ്റിവയ്ക്ക്. പിന്നെ ആ ചെറിയ മുറിയിലെ സാധനങ്ങളും നോക്കണം.”
“ശരി മിസ്.”
“ജസ്നയും ശ്രീക്കുട്ടിയും പഴയ പ്രോജക്ട് റിപ്പോർട്ടുകൾ
അടുക്കി വക്കണം..”
അമല മിസ് രജിസ്റ്റർ മേശപ്പുറത്ത് വച്ചു.
“ആ, എല്ലാവരും തുടങ്ങിക്കോ..”
അതുലും മിഥുനും പിന്നിലെ റാക്കുകളുടെ അടുത്തേക്ക് നടന്നു.
“ടാ, ഇതൊക്കെ ഇന്ന് തീർക്കാൻ പറ്റുമോ?” മിഥുൻ ചോദിച്ചു.
“നോക്കാം. ആദ്യം തുടങ്ങ്.”
അതുൽ റാക്കിന്റെ ഗ്ലാസ് വാതിൽ തുറന്നു.
ഉള്ളിൽ നല്ല പൊടിയുണ്ടായിരുന്നു. വാതിൽ തുറന്നപ്പോൾ ഇളകിയ പൊടി അവന്റെ മുഖത്തേക്ക് വന്നു.
“ഹാ..ഛീ !”
അതുൽ പെട്ടെന്ന് പിന്നോട്ടുമാറി.
“എന്താടാ?” മിഥുൻ ചോദിച്ചു.
“പൊടി. നീ ആ മാസ്ക് എടുത്തോണ്ട് വാ.”
“എവിടുന്നാ?”
“മിസ് പറഞ്ഞില്ലേ, സ്റ്റോറിൽ ഉണ്ടെന്ന്.”
“ആ, ശരി.”
മിഥുൻ മാസ്കെടുക്കാൻ പോയി.
അതുൽ റാക്കിനുള്ളിലേക്ക് നോക്കി. പല വലുപ്പത്തിലുള്ള പുസ്തകങ്ങളാണ്. ചിലതിന്റെ പുറംചട്ട കീറിയിട്ടുണ്ട്. ചിലതിന്റെ നിറം മങ്ങിപ്പോയിരിക്കുന്നു. മുകളിൽ അടുക്കിയിരുന്ന പുസ്തകങ്ങളുടെ അരികുകളിൽ കട്ടിയായി പൊടിപിടിച്ചിട്ടുണ്ട്.
അവൻ ഒരു പുസ്തകമെടുത്ത് പുറംചട്ട വായിച്ചു.
‘Programming in C.’
പഴയൊരു എഡിഷനാണ്. ആദ്യത്തെ പേജ് തുറന്നപ്പോൾ ആരോ പേരും അഡ്മിഷൻ നമ്പറും എഴുതിവച്ചിട്ടുണ്ട്. വർഷം നോക്കിയപ്പോൾ പന്ത്രണ്ടുവർഷം മുമ്പുള്ളതാണ്.
‘ഇതൊക്കെ ഇവിടെ ആരെങ്കിലും എടുത്ത് വായിക്കാറുണ്ടോ ആവോ.’
അതുൽ മനസ്സിലോർത്തു.
അപ്പോഴേക്കും മിഥുൻ രണ്ടു മാസ്കുകളുമായി തിരിച്ചെത്തി.
“ദാ.”
അതുലും മാസ്ക് ധരിച്ചു.
“ടാ, ആദ്യം ബുക്കുകളൊക്കെ പുറത്തെടുക്കാം. പിന്നെ റാക്ക് തുടയ്ക്കാം.”
“ആ, അതാ നല്ലത്.”
രണ്ടുപേരും പുസ്തകങ്ങൾ ഓരോന്നായി പുറത്തെടുത്ത് അടുത്തുള്ള മേശപ്പുറത്ത് അടുക്കിവയ്ക്കാൻ തുടങ്ങി.
“എടാ, സൂക്ഷിച്ച് വയ്ക്ക്. ആ മേശയുടെ കാലിന് ഇത്തിരി ഇളക്കമുണ്ട്,” അതുൽ പറഞ്ഞു.
“ആണോ?”
മിഥുൻ മേശയിൽ കൈവച്ച് ഒന്ന് അനക്കിനോക്കി.
“ആ, ശരിയാ.”
“എന്നാ കുറച്ച്
ബുക്ക് മാത്രം വയ്ക്ക്. ബാക്കി ആ കസേരയിൽ അടുക്കാം.”
അവർ ജോലി തുടർന്നു.
അതിനിടയിൽ മറീനയുടെ ശബ്ദം കേട്ടു.
