“നിന്റെ അസൈൻമെന്റ് കഴിഞ്ഞില്ലേ?” മിഥുൻ അതുലിനോട് ചോദിച്ചു.
“ഞാൻ ഇത് തിന്നുവല്ല.. ഇപ്പോ തുടങ്ങിയല്ലേ ഉള്ളു… നിനക്ക് നോക്കി എഴുതാൻ അസൈൻമെന്റ് കിട്ടിയോ?”
“ആ അത് ഔട്സോഴ്സ് ചെയ്തു..?”
“ആർക്ക് ??”
“എനിക്ക് ലക്ഷ്മി എഴുതി തരാം എന്ന് പറഞ്ഞു..” മിഥുൻ ഒരു ചമ്മലോടെ പറഞ്ഞു..
“ഓ ഓ.. നടക്കട്ടെ..നടക്കട്ടെ..നിനക്കൊക്കെ എഴുതി തരാൻ ആളുണ്ടല്ലോ..” അതുൽ ഒന്ന് ആക്കി പറഞ്ഞു..
“നിന്നെ കൊല്ലാഞ്ഞിട്ടല്ലേ.. കോളേജിൽ എത്ര പെൺ പിള്ളേരുണ്ട്? പോട്ടെ,, ഈ ക്ലാസ്സിൽ തന്നെ എത്ര എണ്ണം ഉണ്ട്.. ഒരെണ്ണത്തിനെ വളച്ചെടുത്തൂടെ?”
“ഓ നമ്മളില്ലേ..അല്ലെങ്കി തന്നെ നമ്മളെയൊക്കെ ആർക് വേണം..”
“നിനക്കെന്താടാ ഒരു കുറവ്..വേണമെന്ന് വച്ചാൽ ഈ ക്ലാസ്സിൽ നിന്ന് തന്നെ കിട്ടും നിനക്കു..”
“ഉവ്വ് ഉവ്വ്..”
“ഞാൻ കാര്യമായി പറഞ്ഞതാടാ.. നീ വിചാരിച്ചാൽ കിട്ടും..”
“പിന്നേ…ഞാൻ ചെല്ലുന്നതും നോക്കി ഇരിക്കാണ് പിള്ളേർ.. ഒന്ന് പോയെടാ..”
“ഇച്ചിരി കഷ്ടപ്പെടണം..
അല്ലാതെ ചുമ്മാ ഒന്നും കിട്ടൂല..”
“ആ തൽക്കാലം കഷ്ടപ്പെടാൻ വയ്യ..”
“ആ എന്നാ പിന്നെ സമയം കളയാതെ അസൈൻമെന്റ് എഴുതിക്കോ.. ആരോട് പറയാൻ..” ഇതും പറഞ്ഞു മിഥുൻ പോയി..
മിഥുനോട് അങ്ങനെ പറഞ്ഞെങ്കിലും, അതുലിനു ശെരിക്കും ഒരാളെ കിട്ടിയാൽ കൊള്ളാം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. ആ ആഗ്രഹത്തിനുള്ള ഉത്തരവും അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.. ശരണ്യ.. പക്ഷെ എന്താ എങ്ങനെയാ എന്നൊന്നും അവനൊരു പിടിയും ഇല്ലായിരുന്നു.. ഇനി പിടി ഉണ്ടെങ്കിൽ തന്നെ അതിനുള്ള ധൈര്യം അവനില്ലായിരുന്നു.. അവളോട് എങ്ങനെ പറയും? അവൾ എന്ത് തിരിച്ചു പറയും? നോ പറഞ്ഞാൽ എന്ത് ചെയ്യും..? അത് ക്ലാസ്സിൽ വേറെ ആരേലും അറിഞ്ഞാൽ നാണക്കേടല്ലേ.. അവൾ നല്ല സുന്ദരി ആണ്.. എന്നെയൊന്നും ഇഷ്ടപ്പെടാൻ ഉള്ള ഒരു ചാൻസും ഇല്ല.. അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ഉള്ള ഒരു ഗുണവും തനിക്കില്ല… എന്നിങ്ങനെ ഒരുപാട് ചിന്തകളായിരുന്നു അവന്റെ മനസ്സിൽ..
പുറത്ത് വരാന്തയിലൂടെ കുട്ടികൾ നടന്നുപോകുന്നുണ്ട്. അതുലിന്റെ ശ്രദ്ധ ഒരു നിമിഷം ജനലിന് പുറത്തേക്ക് പോയി. വൈറ്റില ഭാഗത്തു നിന്നുള്ള കോളേജ് ബസ് എത്തി എന്ന് തോന്നുന്നു.. കോളേജ് ബസിൽ നിന്നിറങ്ങിയ കുട്ടികൾ ഓരോരുത്തരായി ബ്ലോക്കിലേക്ക് നടന്നുവരുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ ശരണ്യയും മേഘ്നയും മറീനയും ജസ്നയും ഉണ്ടായിരുന്നു.
ശരണ്യ എന്തോ പറഞ്ഞുകൊണ്ട് ചിരിക്കുന്നുണ്ട്. മേഘ്ന അവളുടെ കൈയിൽ പിടിച്ച് എന്തോ പറയുന്നു.
അവൻ കുറച്ചുനേരം അവരെ നോക്കിനിന്നു.
ശരണ്യയെ ആദ്യമായി കണ്ടത് ഒന്നാം വർഷത്തെ ഓറിയന്റേഷൻ ഡേ ഇൽ ആണ്… അന്നൊന്നും അവളോട് പ്രത്യേകിച്ച് ഇഷ്ടമൊന്നും തോന്നിയിരുന്നില്ല. പിന്നീട് എപ്പോഴോ അവളെ ശ്രദ്ധിക്കാൻ തുടങ്ങി.
അവളുടെ
ചിരിയും സംസാരവും അവന് ഇഷ്ടമായിരുന്നു. അത്യാവശം നന്നായി പഠിക്കും. സ്മാർട്ട് ആണ്.. ക്ലാസ്സിൽ എല്ലാവരുമായി അത്യാവശ്യം കമ്പനി ആണ്..
അതുലിനോടും പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അവൾ അങ്ങോട്ട് ചെന്ന് മിണ്ടിയാൽ അതുൽ സംസാരിക്കും. അല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ അവളുടെ അടുത്തുചെന്ന് സംസാരിക്കാനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ല.
അതിനുള്ള അവസരങ്ങൾ കിട്ടിയിട്ടില്ലെന്നല്ല. പലപ്പോഴും കിട്ടിയിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ അവൻ തന്നെ ഒഴിഞ്ഞുമാറും.
“ടാ, നീ എഴുതുന്നില്ലേ?”
ജെറിന്റെ ചോദ്യം.
അതുലിന്റെ പേന കുറച്ചുനേരമായി അനങ്ങാതെ ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.
“ആ, എഴുതുവാ.”
“എന്നാ എഴുത്. ബെല്ലടിക്കാറായി”
അപ്പോഴേക്കും ശരണ്യയും മേഘ്നയും മറീനയും ജസ്‌നയും ക്ലാസ്സിലേക് എത്തി. അങ്ങോട്ടും ഇങ്ങോട്ടും ഗുഡ് മോർണിംഗ് പറയുന്നത് കേൾക്കുന്നുണ്ട്.. സായിപ്പന്മാരുടെ ഈ ഇടപാടിനോട് അതുലിനു പണ്ടേ താൽപ്പര്യം ഇല്ല..
അതുൽ വീണ്ടും അസൈൻമെന്റിലേക്ക് ശ്രദ്ധ തിരിച്ചു.
