‘ഞാൻ ഇനി നോട്ട് ബുക്കിൽ ആണോ എഴുതിയത്?’
അവൻ ക്ലാസ് നോട്ട് തുറന്ന് നോക്കി..അതിൽ ഇല്ല..
കറുത്ത പുസ്തകത്തിന്റെ പേജുകൾ വീണ്ടും മറിച്ചു.
‘ഇതെവിടെ പോയി.. ഇതെന്ത് മറിമായം..?’
കുറച്ചുനേരം അവൻ ആലോചിച്ചിരുന്നു. ഈ ബുക്കിൽ തന്നെ ആണ് എഴുതിയത്..
‘ശ്ശെടാ ഇതെവിടെ പോയി..’
അപ്പോഴാണ് എഴുതിയത് മിഥുന് ഫോട്ടോ അയച്ചു കൊടുത്തത് അവനു ഓർമ്മ വന്നത്.. അവൻ വേഗം ഫോൺ എടുത്തു നോക്കി.. ദാ കിടക്കുന്നു.. അവൻ എഴുതിയത് അതിൽ ഉണ്ട്.. ഈ കറുത്ത ബുക്കിന്റെ പേജിൽ തന്നെ ആണ് എഴുതിയിരിക്കുന്നത്..
‘അപ്പോ എഴുതി എന്നുള്ളത് ഉറപ്പാണ്..’
അതുൽ പേന എടുത്ത് തുറന്നു കിടന്ന പേജിൽ ചുമ്മാ എഴുതി..
TESTING..
അക്ഷരങ്ങൾ നീല മഷിയിൽ ആ പേജിൽ വ്യക്തമായി പതിഞ്ഞു..
അതുൽ കൈ മാറ്റി കുറച്ചു നേരം എഴുതിയത് മാഞ്ഞു പോകുന്നുണ്ടോ എന്ന് നോക്കി ഇരുന്നു..
‘ഇല്ല, മായുന്നില്ല..’
‘അപ്പോ നേരത്തെ എഴുതിയത് എങ്ങനെ മാഞ്ഞു ?’
അതുലിനു ഒരു എത്തും പിടിയും കിട്ടുന്നില്ല..
അവൻ അടുത്ത പേജ് എടുത്ത് അവിടെയും എഴുതി..
കുറച്ചു നേരം കാത്തു..
‘ഇല്ല.. ഇപ്പോഴും മായുന്നില്ല..’
അവൻ പുസ്തകം അടച്ചു.. എന്നിട്ടു തുറന്നു നോക്കി..
എഴുതിയതൊന്നും കാണുന്നില്ല!! അതുലിനു അതിശയം ആയി..
പണ്ട് എഴുതിയിട്ട് മായിച്ചു കളയുന്ന ഒരു സ്ലേറ്റ് അവനു ഉണ്ടായിരുന്നു.. പക്ഷെ അതിനു അതിന്റെതായ മെക്കാനിസം ഉണ്ടായിരുന്നു.. ഇതിൽ പക്ഷെ യാതൊരു വിധത്തിലുള്ള മെക്കാനിസമോ ടെക്നോളോജിയോ ഉള്ളതായി തോന്നുന്നില്ല..
‘പിന്നെ ഇതെങ്ങനെ..?’
അതുലിനു എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല..
അതുൽ ഒന്ന് കൂടി എന്തൊക്കെയോ എഴുതി ബുക്ക് അടച്ചു തുറന്നു നോക്കി.. എല്ലാം മാഞ്ഞു പോയിരിക്കുന്നു..
‘ഇപ്പോ ടെക്‌നിക് പിടി കിട്ടി.. എന്തേലും എഴുതിയിട്ട് ബുക്ക് അടച്ചു തുറന്നാൽ എഴുതിയത് എല്ലാം മാഞ്ഞു പോകും..പക്ഷെ ഇതെങ്ങനെ?!!’
‘മിഥുനോട് പറഞ്ഞാലോ..’ അവൻ ആലോചിച്ചു..
‘വേണ്ട… ഉറപ്പിച്ചിട്ടു പറയാം..’
‘ഇനി ഈ പേജ് ഉണ്ടാക്കിയ മെറ്റീരിയലിന്റെ വല്ല പ്രത്യേകത ആണോ..’
അവൻ പേജുകൾ വിരലുകൊണ്ട് തൊട്ടുനോക്കി. സാധാരണ പേപ്പറിനെക്കാൾ അൽപ്പം മിനുസമുള്ളതുപോലെ തോന്നി.
‘വല്ല സ്പെഷ്യൽ പേപ്പറും ആയിരിക്കുമോ?’
‘പക്ഷെ ബുക്ക് അടച്ചു തുറക്കുമ്പോൾ മാത്രം ആണല്ലോ മാഞ്ഞു പോകുന്നത്?!’
അവൻ ഫോണെടുത്ത് ഗൂഗിളിൽ സെർച്ച് ചെയ്തു.
Ink disappearing from notebook paper.
പല റിസൾട്ടുകളും വന്നു. ഡിസപ്പിയറിങ് ഇങ്ക്, ഹീറ്റ് സെൻസിറ്റീവ് ഇങ്ക്, ഇറേസബിൾ പേനകൾ എന്നിങ്ങനെ പല കാര്യങ്ങളും.
അവൻ രണ്ടുമൂന്നെണ്ണം തുറന്നുനോക്കി.
ചില പ്രത്യേകതരം മഷികൾ കുറച്ചുസമയം കഴിഞ്ഞാൽ അപ്രത്യക്ഷമാകുമെന്ന് അതിൽ പറഞ്ഞിരുന്നു. മറ്റുചിലത് ചൂടാകുമ്പോൾ മാഞ്ഞുപോകുമെന്നും.
‘ഇനി അങ്ങനത്തെ വല്ല മഷിയാണോ?’
‘പക്ഷേ എന്റെ സാധാരണ പേനയാണല്ലോ. വേറെ ബുക്കിൽ എഴുതുമ്പോ മായുന്നും ഇല്ല..’
അതുൽ നേരെ ചാറ്റ്
ജിപിടി എടുത്തു.. തലങ്ങും വിലങ്ങും തിരിച്ചും മറിച്ചും ചോദിച്ചു.. ഇങ്ങനെ ഒരു ടെക്നോളജി ഇല്ലെന്നു സാധാരണ എന്ത് ചോദിച്ചാലും അവൻ പറഞ്ഞതിനെ അനുകൂലിച്ചു പറയുന്ന ചാറ്റ് ജിപിടി വരെ കട്ടായം പറഞ്ഞു..
അതുലിന്റെ ആകാംഷ കൂടി..
‘താഴെ കൊണ്ട് പോയി എല്ലാവർക്കും കാണിച്ചു കൊടുത്താലോ..’
‘ഒന്നൂടി ടെസ്റ്റ് ചെയ്തിട്ട് പോവാം.’
അവൻ വീണ്ടും ബുക്ക് തുറന്നു..
“അതുൽ” അവൻ അധികാരി എന്നതിന് നേരെ എഴുതി..
അവൻ അത് എഴുതി നിമിഷങ്ങൾക്കകം ആ പുസ്തകത്തിൽ നിന്ന് ഒരു നീല നിറത്തിലുള്ള ഒരു നേരിയ പ്രകാശം പുറത്തു വരാൻ തുടങ്ങി… അവന്റെ കയ്യിൽ നേരിയ വൈദ്യുത പ്രവാഹം പോലെ എന്തോ ഒന്ന് അനുഭവപ്പെട്ടു..
അതുലിന്റെ കണ്ണുകൾ വിടർന്നു. പെട്ടെന്ന് കൈ വലിച്ചു..
“അമ്മേ..!” അവൻ അറിയാതെ ഉറക്കെ പറഞ്ഞു പോയി..
“എന്താടാ.. എന്ത് പറ്റി ??” താഴെ നിന്നും അരുന്ധതി വിളിച്ചു ചോദിച്ചു..
അത് കേട്ടപ്പോഴാണ് അതുലിനു സ്ഥലകാല ബോധം തിരിച്ചു വന്നത്..
“ഒന്നുമില്ല അമ്മെ..” അവൻ വേഗം വിളിച്ചു പറഞ്ഞു..
