നിശാവരതന്ത്രം – 2 1അടിപൊളി  

“അവൾ റൂമിലുണ്ട്. മീറ്റിങ്ങിലാണെന്ന് തോന്നുന്നു.”.

“എന്നാ ഞാൻ കുളിച്ചിട്ട് വരാം. മൊത്തം അഴുക്കാണ്..”

“ആ.”

അവൻ ബാഗെടുത്ത് മുകളിലേക്ക് നടന്നു.

മുറിയിലെത്തിയതും ബാഗ് മേശപ്പുറത്തുവച്ച് യൂണിഫോം അഴിച്ചു…

അവൻ ഷർട്ട് അലക്കാനുള്ള

തുണികളുടെ കൂട്ടത്തിലിട്ടു.

പിന്നെ ബാത്ത്റൂമിൽ കയറി ഒരു കുളി പാസ് ആക്കി…

കുളികഴിഞ്ഞ് ഒരു ടി-ഷർട്ടും ഷോർട്സും ധരിച്ച് താഴേക്കിറങ്ങി.

എന്തേലും കഴിക്കാൻ കിട്ടുമോ എന്ന് നോക്കാൻ അടുക്കളയിലേക്ക് കയറി. നിഖില അവിടെ ഉണ്ടായിരുന്നു..

“ടാ നിനക്ക് ചായ എടുക്കട്ടേ.. ഞാൻ ഉണ്ടാക്കുന്നുണ്ട്..”

“ആ, എടുത്തോ… ഞാൻ എന്തേലും തിന്നാൻ കിട്ടോ എന്ന് നോക്കാൻ വന്നതാ..”

“നീ ഇരിക്ക്. ഞാൻ എടുത്തുതരാം.”

“എന്താ ഉള്ളത്?”

“പഴംപൊരി ഉണ്ടാക്കിയിട്ടുണ്ട്.”

“ആഹാ, കൊള്ളാല്ലോ. അപ്പോ ഇന്ന് വർക്ക് ഇണ്ടായില്ലേ..”

“ഓ, ഇന്ന് ഇച്ചിരി കുറവായിരുന്നു.. എന്റെ മാനേജർ ഇന്ന് ലീവ് ആടാ.. അതോണ്ട് ഇന്ന് സമാധാനം ഉണ്ട്..” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

നിഖില ഒരു പ്ലേറ്റിൽ പഴംപൊരി എടുത്തു അവനു കൊടുത്തു.. നീ ഡൈനിങ്ങ് ടേബിളിലോട്ട് ഇരുന്നോ.. ചായ ഞാൻ എടുക്കാം..

അതുൽ ഡൈനിങ് ടേബിളിലിരുന്നു. പിന്നാലെ രണ്ടു കയ്യിലും ചായ കപ്പുകളുമായും നിഖിലയും എത്തി..

“അമലേട്ടൻ എവിടെ? ഞാൻ വന്നപ്പോ ഇവിടെ ഇരിപ്പുണ്ടായല്ലോ..”

“അമൽ ദേ ഇപ്പോ വരം എന്ന് പറഞ്ഞു വണ്ടിയും എടുത്ത് പോയി..”

അവൻ പഴംപൊരി കഴിച്ചുകൊണ്ട് ചായ കുടിച്ചു.

കുറച്ചുനേരം നിഖിലയുമായി സംസാരിച്ചശേഷം അവൻ മുകളിലേക്ക് മടങ്ങി.

മാത്ത്സ് പഠിക്കണം. പക്ഷേ ക്ഷീണം കാരണം പുസ്തകം തുറക്കാൻ ഒരു മടി.

അവൻ കട്ടിലിൽ കിടന്ന് ഫോൺ എടുത്തു.

ഇൻസ്റ്റാഗ്രാം തുറന്ന് കുറച്ചുനേരം റീലുകൾ നോക്കി.

ഒന്നിനുപിന്നാലെ മറ്റൊന്ന്.

സമയം പോകുന്നതറിഞ്ഞില്ല.

കുറച്ചുകഴിഞ്ഞപ്പോൾ ഫോണിൽ മിഥുന്റെ മെസേജ് വന്നു.

‘ടാ, പഠിക്കാൻ തുടങ്ങിയോ?’

അവൻ സമയം നോക്കി.

ഏഴേകാൽ.

‘ഇല്ലെടാ. തുടങ്ങാൻ പോകുന്നു..’

അവൻ മറുപടി

അയച്ചു.

‘ഞാനും.. എന്തലും ഡൌട്ട് ഉണ്ടേൽ വിളിക്കാം…’ ഉടനെ മറുപടി വന്നു..

‘ഓക്കേ.’

അതുൽ ഫോൺ മാറ്റിവച്ചു.

‘പഠിക്കാം.. ഇനി വൈകിയാൽ ശെരിയാവില്ല…’

അവൻ എഴുന്നേറ്റ് മേശയ്ക്കുമുന്നിലെ കസേരയിൽ ഇരുന്നു.

അച്ഛനും അമ്മയും അമലേട്ടനും ഒക്കെ എത്തി എന്ന് തോനുന്നു.. താഴെ സംസാരം കേൾക്കുന്നുണ്ട്..

ബാഗിൽനിന്ന് മാത്ത്സ് ബുക്കും നോട്ടും പുറത്തെടുത്തു.

നാളത്തെ ടെസ്റ്റിന് മൂന്നാമത്തെ യൂണിറ്റ് മുഴുവനും നാലാമത്തേതിൽ ഇൻവേഴ്സ് ലാപ്ലാസ് വരെയും..

അവൻ ബുക്ക് തുറന്ന് ആദ്യത്തെ പ്രോബ്ലം നോക്കി.

വായിച്ചുനോക്കിയപ്പോൾ ചെയ്യേണ്ട രീതി മനസ്സിലായി.

ചെയ്തുനോക്കാൻ ഒരു റഫ് ബുക്ക് വേണം. അപ്പോഴാണ് ലൈബ്രറിയിൽനിന്ന് കിട്ടിയ കറുത്ത പുസ്തകത്തിന്റെ കാര്യം ഓർമ വന്നത്.

അവൻ ബാഗിൽ നിന്ന് പുസ്തകം പുറത്തെടുത്തു.

കറുത്ത പുറംചട്ടയുള്ള ആ പുസ്തകം മേശപ്പുറത്ത് വച്ചു.

‘എന്തായാലും നല്ലൊരു ബുക്ക് കിട്ടി.’

നല്ല കട്ടിയുള്ള ചട്ടയാണ്. സാധാരണ നോട്ട്‌ബുക്കുകളിൽ കാണുന്നതുപോലെ കമ്പനിയുടെ പേരോ ചിത്രങ്ങളോ ഒന്നുമില്ല. കറുത്ത നിറത്തിലുള്ള ഒരു കവർ മാത്രം. ഒരു നിമിഷം ഇത് റഫ് ബുക്ക് ആക്കണോ എന്ന് അവൻ സംശയിച്ചു.. പിന്നെ വേറെ ബുക്ക് തപ്പാൻ ഉള്ള മടി കൊണ്ട് ഇതിൽ തന്നെ എഴുതാം എന്ന് തീരുമാനിച്ചു..

അവൻ പുസ്തകം തുറന്നു.

അധികാരി : ________________

‘ഇതെന്തിനാണാവോ ഇങ്ങനെ എഴുതിയേക്കുന്നേ? ഒരു ബുക്കിനു ഇപ്പൊ ഒരു അധികാരിയുടെ ആവശ്യം ഉണ്ടോ.. ആർക്കറിയാം. മിഥുൻ പറഞ്ഞ പോലെ ഏതോ ജാംബവാന്റെ കാലത്തെ ബുക്ക് ആയിരിക്കും.. എന്തെങ്കിലും ആവട്ടെ…’

അവൻ അടുത്ത പേജ് മറിച്ചു. പേനയെടുത്ത് മാത്ത്സ് ബുക്ക് തുറന്നുവച്ചു. ആദ്യം മൂന്നാമത്തെ യൂണിറ്റിലെ കണക്കുകൾ ചെയ്തുനോക്കാം.

ആദ്യത്തെ പ്രോബ്ലം വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്തു. രണ്ടാമത്തേതും ഏകദേശം ശരിയായി. മൂന്നാമത്തെ കണക്ക് ചെയ്തപ്പോൾ ഇടയ്ക്കെവിടെയോ തെറ്റി.

Leave a Reply

Your email address will not be published. Required fields are marked *