“ജെറിനേ, നാളത്തെ ടെസ്റ്റിന് ഫോർമുല ഷീറ്റ് കിട്ടുമോ?”
“ഏത് ഫോർമുല ഷീറ്റ്?”
“സനൂഷ മിസ് തരാമെന്ന് പറഞ്ഞില്ലേ?”
“അത് ഗ്രൂപ്പിലിടാമെന്നാ മിസ് പറഞ്ഞത്.”
“ആണോ? മിസ് എന്നാണാവോ ഇടാൻ പോണെ ഇനി..”
“അത് കിട്ടിയിട്ട് വേണം ശെരിക്കൊന്നു നോക്കാൻ,” മറീന പറഞ്ഞു.
“അപ്പോ ഒരു റൌണ്ട് പഠിച്ചു കഴിഞ്ഞല്ലേ..” ശരണ്യ അവളെ കളിയാക്കി…
“ഇല്ലെടി, അത് കിട്ടിയിട്ട് തുടങ്ങാം എന്ന് കരുതി ഇരിക്കാ ഞാൻ.. സത്യം…”
“ഉവ്വ് ഉവ്വെയ്..”
അതുൽ അസൈൻമെന്റ് എഴുതുന്നത് തുടർന്നു.
ഇടയ്ക്ക്
ശരണ്യയുടെ ശബ്ദം കേൾക്കുമ്പോൾ അവൻ അറിയാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ അങ്ങോട്ട് നോക്കാൻ പോയില്ല.
കുറച്ചുകഴിഞ്ഞപ്പോൾ ശരണ്യയും കൂട്ടരും മറ്റെന്തോ സംസാരിക്കാൻ തുടങ്ങി.
അവൻ ബുക്കിലേക്ക് ശ്രദ്ധ തിരിച്ചു. ഇനിയും നാലുപേജ് എഴുതാനുണ്ട്.
‘കോപ്പ്… ഇതൊന്ന് തീർന്നിരുന്നെങ്കി.’
പേനയ്ക്ക് വേഗം കൂട്ടിക്കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു.
അതുൽ അസൈൻമെന്റ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് മിഥുൻ തിരികെ വന്നത്.
“എടാ, ഒരു കാര്യം,” മിഥുൻ പതുക്കെ പറഞ്ഞു.
“എന്താ?”
“ലച്ചു എഴുതിത്തന്നത് സാർ കണ്ടുപിടിക്കുമോ?”
“എന്തിന്?”
“അല്ല, അവളുടെ കൈയക്ഷരമല്ലേ.”
അതുലിന്റെ പേന ഒരു നിമിഷം നിന്നു.
അവൻ മിഥുനെ നോക്കി.
“ആട അത് ശെരിയാ.. സാർ പൊക്കാൻ ചാൻസ് ഉണ്ട്..?” അതുൽ മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഇത്രയും നല്ല കൈയക്ഷരം കണ്ടാൽ എന്തായാലും സംശയം തോന്നും.”
“മൈര്…”
മിഥുൻ കുറച്ചുനേരം ആലോചിച്ചിരുന്നു.
“ആ, എന്തായാലും എഴുതിത്തീരട്ടെ. ബാക്കി പിന്നെ നോക്കാം.”
“ഒന്ന് പോയെടാ.. സാർ ഇതൊന്നും തുറന്ന് പോലും നോക്കും എന്ന് എനിക്ക് തോന്നുന്നില്ല..”
അതുൽ ചിരിച്ചുകൊണ്ട് വീണ്ടും എഴുതാൻ തുടങ്ങി.
“അഹ് എന്നാൽ എനിക്ക് കൊള്ളാം..” മിഥുൻ നെടുവീർപ്പിട്ടു..
അപ്പോഴേക്കും ക്ലാസിൽ മിക്കവാറും എല്ലാവരും എത്തിയിരുന്നു. ചിലർ അസൈൻമെന്റിന്റെ അവസാന പേജുകൾ എഴുതിത്തീർക്കാനുള്ള തിരക്കിലാണ്. ബാക്കി ഉള്ളവർ കൂട്ടംകൂടി സംസാരിക്കുന്നു. മൂന്നു ദിവസത്തെ അവധിക്ക് ശേഷം പറയാൻ കുറെ ഉണ്ടായിരുന്നു എല്ലാവര്ക്കും..
മുന്നിലെ ബെഞ്ചിൽ ടീനയും നവ്യയും എന്തോ ചർച്ച ചെയ്യുകയായിരുന്നു. ടീനയുടെ കൈയിൽ ഒരു പേപ്പറുണ്ട്. അതിൽ കുറേ പേരുകൾ എഴുതിയിരിക്കുന്നു.
“നവ്യേ, ഇവരുടെ ഗ്രൂപ്പിൽ ആകെ എട്ടുപേരല്ലേ ഉള്ളൂ?”
“ആ. പക്ഷേ സിസ്റ്റർ പറഞ്ഞത് പത്തുപേർ
വേണമെന്നാ.”
“അപ്പൊ രണ്ടു പേർ കൂടെ വേണമല്ലേ..”
“ആദ്യം മിസ് വരട്ടെ. എന്നിട്ട് ചോദിക്കാം.”
ടീന ക്ലാസ് റെപ്പാണ്. ക്ലാസിലെ അറിയിപ്പുകളും മറ്റു കാര്യങ്ങളുമൊക്കെ എല്ലാവരെയും അറിയിക്കേണ്ട ചുമതല അവൾക്കാണ്. പൊതുവേ കാര്യങ്ങളൊക്കെ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന കൂട്ടത്തിലാണ്. അതുകൊണ്ടുതന്നെ ടീച്ചേഴ്സിനും അവളെ നല്ല വിശ്വാസമാണ്.
നവ്യ അവളുടെ അടുത്ത കൂട്ടുകാരിയാണ്. ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ടീനയെ സഹായിക്കാറുമുണ്ട്.
“ടീനേ, ഒന്ന് ഇങ്ങോട്ട് വന്നേ.”
ദീപക്കിന്റെ വിളിയാണ്.
ടീന തലയുയർത്തി നോക്കി.
“എന്താ?”
“എന്റെ പേര് ലിസ്റ്റിൽ ഉണ്ടോ?”
“ഏത് ലിസ്റ്റിൽ?”
“നിന്റെ കൈയിലുള്ളതിൽ.”
“ഉണ്ട്. എന്തേ?”
“എവിടെയാ ഇട്ടേക്കുന്നേ?”
“നീ വന്നു നോക്ക്.”
“അതെന്താ അവിടെനിന്ന് പറഞ്ഞാൽ?”
ടീന ഒന്നും മിണ്ടാതെ വീണ്ടും പേപ്പറിലേക്ക് നോക്കി.
“എടീ, ചോദിച്ചത് കേട്ടില്ലേ?”
“ദീപക്കേ, എനിക്ക് ഇവിടെ വേറെ പണിയുണ്ട്. വേണമെങ്കിൽ വന്നുനോക്ക്.”
“ഓ, വലിയ പണിക്കാരി.”
ദീപക് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു.
അവന്റെ പിന്നാലെ അജ്മലുമുണ്ടായിരുന്നു.
ദീപക്കും അജ്മലും ആദ്യവർഷം മുതൽ ചങ്ക്‌സ് ആണ്.. എവിടെ നോക്കിയാലും രണ്ടുപേരെയും ഒരുമിച്ച് കാണാം. ദീപക് ആരെയെങ്കിലും കളിയാക്കാനോ ചൊറിയാനോ ഉള്ള ഒരു അവസരവും വെറുതെ കളയാറില്ല..
അജ്മലും ഏകദേശം ആ പ്രകൃതം ആണ്.. പക്ഷേ ദീപക്കിനെപ്പോലെ എല്ലാവരെയും ചൊറിയാൻ നടക്കാറില്ല.
ടീനയുടെ അടുത്തെത്തിയ ദീപക് അവളുടെ കൈയിൽനിന്ന് പേപ്പർ വാങ്ങി.
