നിശാവരതന്ത്രം – 2 1അടിപൊളി  

യൂണിഫോം വാരി വലിച്ചു എടുത്തിട്ടു. നേരെ കണ്ണാടിയിൽ പോയി നോക്കി.. മുടിയിൽ ചീപ്പോടിച്ചു; രണ്ടുതവണ ഒതുക്കിയിട്ടും മുന്നിലെ കുറച്ചെണ്ണം എഴുന്നേറ്റുതന്നെ നിന്നു. അതിനെ അങ്ങനെത്തന്നെ വിട്ടു. കണ്ണാടിയിൽ കണ്ട മുഖത്തെക്കുറിച്ച് അതുലിന് വലിയ മതിപ്പുണ്ടായിരുന്നില്ല.. കാണാൻ അത്യാവശ്യം സുമുഖൻ ആണെങ്കിലും, താൻ അത്ര പോരാ എന്നൊരു അപകർഷഥാ ബോധം അവനിൽ ചെറുപ്പം മുതലേ ഉണ്ട്.. കോളേജിൽ പോയാൽ അടുത്ത കൂട്ടുകാരോടൊപ്പം ചിരിച്ചും കളിച്ചും ഇരിക്കും; പരിചയമില്ലാത്തവരോട് അധികമൊന്നും മിണ്ടില്ല. പെൺകുട്ടികളോടാണ് ഏറ്റവും പ്രയാസം. മനസ്സിൽ പറയാൻ നൂറു കാര്യങ്ങളുണ്ടാകും. അവരുടെ മുന്നിലെത്തിയാൽ പെട്ടെന്ന് എന്തെങ്കിലും ഒക്കെ പറഞ്ഞ് കാര്യം തീർക്കും. ഒരു ഇന്ട്രോവേർട് എന്ന് വേണമെങ്കിൽ പറയാം..

“അതുലേ! ചായ ചൂടാറും!”

അരുന്ധതി, താഴെ നിന്ന് വിളിച്ചു കൂവി..

“ദാ വരുന്നു അമ്മേ!”

ബാഗിൽ പുസ്തകങ്ങളും ഫോണും തിരുകിയിട്ട് താഴേക്കിറങ്ങി.

ഡൈനിങ് ടേബിളിൽ അച്ഛൻ പതിവുപോലെ പത്രം തുറന്നിരുന്നു. ഒരു കൈയിൽ കാപ്പി.

“ഇന്ന് നേരത്തെയാണല്ലോ,” അച്ഛൻ പറഞ്ഞു.

അതുൽ ക്ലോക്കിലേക്കു നോക്കി. ഏഴു കഴിഞ്ഞു.

“ആക്കിയതാണല്ലേ..?” അവൻ ചോദിച്ചു.

പ്രകാശ് പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ ഒന്നു ചിരിച്ചു.

നഗരത്തിലെ ഒരു സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ അക്കൗണ്ട്സ് വിഭാഗത്തിന്റെ

ഹെഡ് ആണ് പ്രകാശ്. അൻപതു വയസ്സുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി അവിടെത്തന്നെയാണ് ജോലി. പൊതുവേ അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ല. വീട്ടിലാണെങ്കിലും ആവശ്യത്തിനേ സംസാരിക്കൂ. എന്നാൽ ഇടയ്ക്കൊക്കെ അത്യാവശ്യം തമാശകൾ ഒക്കെ പറയും. ദേഷ്യം വരുന്നത് അപൂർവമായിട്ടാണെങ്കിലും വന്നാൽ പിന്നെ അത്ര പെട്ടെന്നൊന്നും തണുക്കില്ല. അതുകൊണ്ട് തന്നെ അച്ഛന് ദേഷ്യം വരുത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട് . മക്കളുടെ കാര്യത്തിൽ വലിയ നിർബന്ധങ്ങളൊന്നുമില്ല. പഠിക്കണം, നല്ലൊരു ജോലി വാങ്ങണം, സ്വന്തം കാലിൽ നിൽക്കണം. അത്രയേ പ്രകാശിന് ആഗ്രഹമുള്ളൂ.

അടുക്കളയിൽനിന്ന് അരുന്ധതി ചൂടു പുട്ട് കൊണ്ടുവന്നു. രാവിലെ ഏഴരയ്ക്കുമുമ്പ് വീട്ടിലെ ഒട്ടുമിക്ക പണികളും തീർത്തിട്ട് വേണം അരുന്ധതിക്ക് സ്വന്തം കാര്യം നോക്കാൻ. അടുത്തുള്ള സഹകരണ ബാങ്കിൽ ക്ലർക്കാണ്. നാല്പത്തിയാറു വയസ്സുണ്ട്. വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കണമെന്ന് നിർബന്ധമുള്ള കൂട്ടത്തിലാണ് അരുന്ധതി. രാവിലെ എഴുന്നേറ്റാൽ പിന്നെ ഒരു നിമിഷം വെറുതെയിരിക്കുന്ന പതിവില്ല. അതിനിടയിൽ മക്കളുടെ കാര്യങ്ങളും ശ്രദ്ധിക്കും. അമലിന് കല്യാണം കഴിഞ്ഞെങ്കിലും അരുന്ധതിക്ക് അവൻ ഇപ്പോഴും പഴയ കുട്ടി തന്നെയാണ്. അതുലിന്റെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. രാവിലെ വിളിച്ചെഴുന്നേൽപ്പിക്കുന്നത് മുതൽ കോളേജിലേക്ക് പറഞ്ഞയക്കുന്നതുവരെ അവന്റെ പുറകെ നടക്കണം. പൊതുവേ നല്ല സംസാരപ്രിയയാണ്. പ്രകാശിന്റെ നേരെ വിപരീതമായ സ്വഭാവമാണെന്ന് വേണമെങ്കിൽ പറയാം.

“ഇരിക്ക്. കടലക്കറി വേണോ, പഴം വേണോ?”

“കടലക്കറി മതി.”

“കുപ്പിയിൽ വെള്ളം നിറച്ചോ?”

“ഇല്ല.”

“നിനക്ക് ഇതെങ്കിലും ഒന്ന് സ്വന്തമായി ചെയ്തൂടെ”

അരുന്ധതി കുപ്പിയെടുക്കാൻ തിരിഞ്ഞു.

“അമ്മേ, ഞാൻ നിറച്ചോളാം.”

“നീ ആദ്യം കഴിക്ക്. ബസ് വരാൻ ടൈം ആയി..”

അപ്പോഴാണ് അമൽ അടുക്കളയിൽനിന്ന് കാപ്പിക്കപ്പുമായി വന്നത്. ചുറ്റും നോക്കി,

അതുലിനെ കണ്ടതും മുഖത്ത് ചെറുചിരി വന്നു.

“ആഹാ, ഇന്നു കോളേജ് ഉണ്ടോ?”

“ഇല്ല. യൂണിഫോമിട്ട് ഞാൻ പള്ളിപ്പെരുന്നാളിന് പോവാണ്”

“ഓ, രാവിലെ തന്നെ ചൂടിൽ ആണല്ലോ..”

അതുൽ അവനെ നോക്കി ചിരിച്ചുകൊണ്ട് പുട്ടിൽ കടലക്കറി ഒഴിച്ചു. അമലിനു ഇരുപത്തിയാറു വയസ്സാണ്. കൊച്ചിയിലെ ഒരു ഐ.ടി. കമ്പനിയിൽ ജോലി. രാവിലെ ഓഫീസിൽ പോകാനുള്ള തിരക്കിനിടയിലും അനിയനെ ഒന്നു ചൊറിയാൻ സമയം കണ്ടെത്തും. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ചേട്ടനും അനിയനും തമ്മിൽ നല്ല സ്നേഹം ആണ്..

Leave a Reply

Your email address will not be published. Required fields are marked *