“മിസ്, ഈ ഫയലൊക്കെ ഏത് വർഷത്തെയാ?”
“അതിന്റെ മുകളിൽ എഴുതിയിട്ടുണ്ടാകും. നോക്കിക്കേ.”
“ഇതൊക്കെ രണ്ടായിരത്തി പത്തിന്റെ മുമ്പുള്ളതാ മിസ്.”
“ആ, പഴയ പ്രോജക്ട് ഫയലുകളായിരിക്കും. വർഷം അനുസരിച്ച് അടുക്കിവയ്ക്ക്.”
അപ്പുറത്ത് ശരണ്യയും മേഘ്നയും പുസ്തകങ്ങൾ വേർതിരിക്കുന്ന തിരക്കിലായിരുന്നു.
“മേഘ്നേ, ഈ ബുക്കൊക്കെ ഡാറ്റാബേസിന്റെ അല്ലേ?”
“ആ. അത് ആ പ്രോഗ്രാമിങ് ബുക്സിന്റെ കൂട്ടത്തിൽ വയ്ക്ക്.”
“അപ്പൊ ഈ നെറ്റ്‌വർക്കിങ് ബുക്ക്?”
“അത് വേറെ വക്കണം…”
അതിനിടയിലാണ് ഒന്നരയ്ക്ക് വരേണ്ടിയിരുന്ന ഫസ്റ്റ് ഇയറിലെ കുട്ടികൾ എത്തിയത്. മൂന്നുപേരുണ്ടായിരുന്നു. രണ്ടുപെൺകുട്ടികളും ഒരാൺകുട്ടിയും.
അമല മിസ് അവരുടെ അറ്റന്റൻസ് എടുത്തിട്ട് ജോലികൾ ഏൽപ്പിച്ചു.
കുറച്ചുനേരത്തിനുള്ളിൽ എല്ലാവരും അവരവരുടെ ജോലിയിൽ മുഴുകി.
അതുലും മിഥുനും ഒരു റാക്കിലെ പുസ്തകങ്ങൾ മുഴുവൻ പുറത്തെടുത്തിരുന്നു.
“ടാ, തുണി നനച്ചിട്ട് വരോ?,” അതുൽ ചോദിച്ചു..
മിഥുൻ തുണിയെടുത്ത് പുറത്തേക്ക് പോയി.
അപ്പോഴാണ് അടുത്തുനിന്ന് ശരണ്യ വിളിച്ചത്.
“അതുലേ..”
അവൻ തിരിഞ്ഞുനോക്കി.
“ആ, എന്താ?”
“നിങ്ങളുടെ റാക്കിൽ പ്രോഗ്രാമിങ് ബുക്കുകൾ വല്ലതുമുണ്ടോ?”
“ഉണ്ടെന്ന് തോന്നുന്നു. എന്തേ?”
“ഇവിടെ ഒരു അഞ്ചാറെണ്ണം കിട്ടി. എല്ലാം ഒരുമിച്ച് അടുക്കി വക്കാം.”
“ആ, ഒരു മിനിറ്റ്.”
അതുലും മേശപ്പുറത്തുവച്ചിരുന്ന പുസ്തകങ്ങൾ പരിശോധിച്ചു.
“ദേ, രണ്ടെണ്ണമുണ്ട്.”
അവൻ പുസ്തകങ്ങൾ എടുത്ത് ശരണ്യയുടെ അടുത്തേക്ക് ചെന്നു.
“ഇവിടെ പഴയ എഡിഷൻസാണല്ലേ മുഴുവനും?” ശരണ്യ ചോദിച്ചു.
“ആ. പുതിയതൊക്കെ മറ്റേ ലൈബ്രറിൽ അല്ലെ.. നമ്മുടെ സിലബസ് അനുസരിച്ചുള്ള ബുക്ക്സ് ഒക്കെ അവിടെ ആയിരിക്കും..”
“അത് ശരിയാ. എന്തായാലും
ഇത് അവിടെ വയ്ക്കാം.” ശരണ്യ പറഞ്ഞു…
അതുലും തലയാട്ടി.
അവളോട് മറ്റെന്തെങ്കിലും സംസാരിക്കണമെന്ന് ഒരു നിമിഷം തോന്നി. പക്ഷേ എന്ത് ചോദിക്കണമെന്നറിയില്ലായിരുന്നു.
ശരണ്യ പുസ്തകങ്ങളുമായി മേഘ്നയുടെ അടുത്തേക്ക് പോയി.
അതുലും തിരികെ തന്റെ റാക്കിന്റെ അടുത്തെത്തി.
മിഥുൻ അപ്പോഴേക്കും നനച്ച തുണിയുമായി വന്നു..
“എവിടെ പോയതാടാ?” അവൻ ചോദിച്ചു.
“കിട്ടിയ പ്രോഗ്രാമിങ് ബുക്ക്സ് ശരണ്യക്ക് കൊടുക്കാൻ.. അവിടെ ഒരുമിച്ച് വക്കാം എന്ന് പറഞ്ഞു അവൾ..”
“ആ. നീ ഈ ബുക്കൊക്കെ ഒന്ന് അപ്പുറത്തേക്ക് മാറ്റ്. ഞാൻ റാക്ക് തുടയ്ക്കാം.”
“ആ..”
അവർ വീണ്ടും ജോലി തുടർന്നു.
റാക്കിന്റെ മുകളിലെ രണ്ടു തട്ടുകൾ തുടച്ചുതീർത്തശേഷം അവിടെനിന്നെടുത്ത പുസ്തകങ്ങൾ തിരികെ അടുക്കിവച്ചു.
അപ്പോഴേക്കും മിഥുന്റെ ഷർട്ടിന്റെ തോളിലും കൈകളിലും പൊടി പറ്റിയിരുന്നു.
“ടാ, എന്റെ ഷർട്ട് നോക്കിക്കേ,” അവൻ പറഞ്ഞു.
“കലക്കി.. നീ പണിയെടുത്ത് വീട്ടുകാരെ കാണിക്കാമല്ലോ..” അതുൽ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഉവ്വ.. ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ അമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും”
മിഥുൻ തോളിലെ പൊടി തട്ടിക്കളഞ്ഞു.
അതുൽ അത് കണ്ടു ചിരിച്ചു..
അവർ അടുത്ത റാക്കിലേക്ക് നീങ്ങി.
ആ റാക്കിൽ പുസ്തകങ്ങളെക്കാൾ കൂടുതൽ പഴയ രജിസ്റ്ററുകളും ഫയലുകളുമായിരുന്നു. ചിലത് കെട്ടുകളാക്കി വച്ചിട്ടുണ്ട്. താഴത്തെ തട്ടിൽ കുറച്ച് കാർഡ്ബോർഡ് പെട്ടികളും ഉണ്ട്..
“ടാ, ഇതൊക്കെ എന്തുചെയ്യണം?” മിഥുൻ ഒരു രജിസ്റ്റർ എടുത്തുകൊണ്ട് ചോദിച്ചു.
“അമല മിസ്സിനോട് ചോദിക്കാം.”
അവർ തിരിഞ്ഞുനോക്കി.
അമല മിസ് അപ്പുറത്തെ മുറിയിൽ ഫസ്റ്റ് ഇയറിലെ കുട്ടികളുടെ അടുത്ത് ആയിരുന്നു..
“മിസ് വരട്ടെ… നമുക്ക് ആദ്യം ഈ റാക്ക് തുടയ്ക്കാം,” മിഥുൻ പറഞ്ഞു.
“ആ..”
അതുൽ രജിസ്റ്ററുകൾ ഓരോന്നായി പുറത്തെടുത്തു.
ചിലതിൽ പഴയ ലൈബ്രറി എൻട്രികളായിരുന്നു. മറ്റുചിലതിൽ പുസ്തകങ്ങളുടെ പേരും നമ്പറുകളും എഴുതിയിട്ടുണ്ട്. പല പേജുകളും കാലപ്പഴക്കം മൂലം മഞ്ഞ നിറം ആയിരുന്നു..
“ടാ, ഈ രജിസ്റ്റർ നോക്കിക്കേ,” മിഥുൻ പറഞ്ഞു.
“എന്താ?”
“ഇതിൽ അവസാനത്തെ എൻട്രി രണ്ടായിരത്തി പതിമൂന്നിലെയാ.”
