അവൻ ബുക്കിലെ ഉത്തരം നോക്കി.
‘മൈര്, ഇതെവിടെയാ തെറ്റിയത്?’
വീണ്ടും ആദ്യംമുതൽ ചെയ്തുനോക്കി..
അങ്ങനെ കുറച്ചുനേരം പഠിത്തം മുന്നോട്ടുപോയി.
ഇടയ്ക്ക് മിഥുന്റെ മെസേജ് വന്നു.
‘ടാ, ആ മൂന്നാമത്തെ യൂണിറ്റിലെ എക്സാംപിൾ 8 നോക്കിയോ?’
‘ആടാ… എന്തെ ഡൌട്ട് ഉണ്ടോ?’
‘ആ, അത് എനിക്ക് മനസ്സിലാകുന്നില്ല.. നീ സ്റ്റെപ് ബൈ സ്റ്റെപ് എഴുതിയിട്ടുണ്ടോ?”
‘ഉണ്ട്..വേണോ ?’
‘ആ, പിക് അയക്ക്..’
അതുൽ അവൻ റഫ് ബുക്കിൽ എഴുതിയത് ഫോട്ടോ എടുത്ത് അയച്ചു കൊടുത്തു..
‘ഓക്കേ ടാ, ഞാൻ നോക്കിക്കോളാം..’
അതുൽ ഫോൺ മാറ്റിവച്ച് അടുത്ത കണക്ക് ചെയ്യാൻ തുടങ്ങി.
“അതുലേ.. വാ കഴിക്കാം..” താഴെ നിന്ന് അരുന്ധതി വിളിച്ചു..
അതുൽ സമയം നോക്കി.. ഇത്ര പെട്ടെന്ന് എട്ടര ആയോ.. അവൻ ബുക്ക്സ് അടച്ചു എണീറ്റ് താഴേക്ക് നടന്നു..
താഴെയെത്തിയപ്പോൾ ഡൈനിങ് ടേബിളിൽ അച്ഛനും അമലേട്ടനും ഇരിപ്പുണ്ടായിരുന്നു. അരുന്ധതി അടുക്കളയിൽനിന്ന് ചോറും കറികളും കൊണ്ടുവന്ന് മേശപ്പുറത്ത് വയ്ക്കുന്നുണ്ട്..
അതുലും കസേര വലിച്ചിട്ടിരുന്നു.
“എന്തായി പഠിത്തം.. കഴിഞ്ഞോ?” പ്രകാശ് ചോദിച്ചു.
“ആ ഒരുവിധം ആയി.”
“നാളെയല്ലേ ടെസ്റ്റ്?”
“ആ..”
അരുന്ധതി അവന്റെ പാത്രത്തിലേക്ക് ചോറുവിളമ്പി.
“നിനക്ക് മീൻകറി ഒഴിക്കട്ടെ?”
“ആ, കുറച്ചു മതി..”
അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.
“’അമ്മ ഇന്നിവൻ വന്ന കോലം കണ്ടില്ലല്ലോ..?” അമൽ ചിരിച്ചുകൊണ്ട് ചോദിച്ചു…
“ഇല്ല.. എന്ത് പറ്റി?” അരുന്ധതി ചോദിച്ചു.
“അതൊന്നും ഇല്ല അമ്മ.. ഇന്ന് മറ്റേ സേവന വാരത്തിന്റെ പരിപാടി ആയിരുന്നു.. ഞങ്ങൾക്ക്
അവിടെ ഉള്ള ഒരു പഴയ ലൈബ്രറി ക്ലീനിങ് ആയിരുന്നു.. നിറയെ പൊടിയും അഴുക്കും.. അതൊക്കെ വൃത്തി ആക്കി വന്നപ്പോ ഷർട്ട് ഒക്കെ ഒരു വഴി ആയി..എന്റെ മാത്രമല്ല.. എല്ലാരും ആ കോലത്തിൽ തന്നെ ആയിരുന്നു..”
“സേവന വാരം എന്ന് പറഞ്ഞു ഇതൊക്കെ ആണോ പിള്ളേരെ കൊണ്ട് ചെയ്യിക്കുന്നെ.. ഇതൊക്കെ പുറത്തൂ നിന്ന് ആളെ വിളിപ്പിച്ചു ചെയ്യിപ്പിച്ചൂടെ അവർക്ക്..?” അരുന്ധതി ചോദിച്ചു..
“അവർ ഇതൊരു അവസരം ആക്കി പൈസ ലാഭിച്ചതാവും..” പ്രകാശ് പറഞ്ഞു..
“അഹ് എന്തായാലും ഇവന്റെ ദേഹം ഒന്ന് അനങ്ങിയല്ലോ..” അമൽ പതിവ് ചൊറിയൽ ആരംഭിച്ചു..
“ഓ.. ഇയാളിവിടെ ദേഹമനങ്ങി മല മറിക്കുകയാണല്ലോ..” അതുൽ തിരിച്ചടിച്ചു..
നിഖിലയും അപ്പോഴേക്കും അടുക്കളയിൽനിന്ന് വന്ന് അമലിന്റെ അടുത്തിരുന്നു.
“എന്താണ് ചേട്ടനും അനിയനും കൂടെ വീണ്ടും തുടങ്ങിയോ..?” അവൾ ചോദിച്ചു.
“ആ, ചേച്ചീ. ഇങ്ങേർക്കെന്നെ കണ്ടാൽ ചുമ്മാ ചൊറിച്ചിൽ ആണ്..” അതുൽ ചിരിച്ചു കൊണ്ട് പറഞ്ഞു..
“എന്നോടും കുറവല്ലടാ..” നിഖില അതുലിനെ നോക്കി കണ്ണിറുക്കി…
“ഓ ചേച്ചിയും അനിയനും ഒറ്റക്കെട്ടായല്ലോ..” അമൽ അവരെ നോക്കി പറഞ്ഞു..
“അതൊക്കെ അത്രേ ഉള്ളു.. അല്ലേടാ..?” നിഖില അതുലിനോടായി പറഞ്ഞു..
“പിന്നല്ല!”
അങ്ങനെ അന്നത്തെ വിശേഷങ്ങളും തമാശകളും ഒക്കെ ആയി ഡിന്നർ ടൈം കടന്നു പോയി..
ഭക്ഷണം കഴിഞ്ഞ് കുറച്ചുനേരം താഴെയിരുന്നശേഷം അതുൽ മുകളിലേക്ക് പോയി.
മുറിയിലെത്തിയപ്പോൾ സമയം ഒൻപതര ആയിരുന്നു…
‘ഇനി ഇരുന്ന് പഠിച്ചില്ലെങ്കി നാളെ പെട്ടതുതന്നെ.’
അവൻ കസേരയിൽ ഇരുന്ന് മാത്ത്സ് ബുക്ക് തുറന്നു.
അടുത്ത പ്രോബ്ലം ചെയ്യാൻ ആയി കറുത്ത പുസ്തകം തുറന്നു..
ആദ്യത്തെ പേജ് മറിച്ചു.
ഒന്നുമില്ല.
‘ഏഹ്!!?’
അവൻ
അടുത്ത പേജ് മറിച്ചു.
അതും കാലി.
വീണ്ടും രണ്ടുമൂന്നു പേജുകൾ മറിച്ചുനോക്കി.
എഴുതിയതൊന്നും കാണാൻ ഇല്ല…
അതുലിന് ഒന്നും മനസ്സിലായില്ല.
‘ഞാൻ ഇതിലല്ലേ കണക്ക് ചെയ്തത്?’
അവൻ പുസ്തകം ആദ്യംമുതൽ മറിച്ചുനോക്കി.
പേജുകളെല്ലാം നല്ല വൃത്തിയായി കിടക്കുന്നു. ഒരു വരപോലുമില്ല.
‘ഇതെന്ത് പരിപാടിയാ?’
അവൻ മേശപ്പുറത്തിരുന്ന മറ്റു ബുക്കുകളിലേക്ക് നോക്കി.
മാത്ത്സിന്റെ ടെക്സ്റ്റ് ബുക്കും ക്ലാസ് നോട്ടും മാത്രമേയുള്ളൂ. റഫ് ചെയ്യാൻ ഉപയോഗിച്ചത് ഈ കറുത്ത പുസ്തകം തന്നെയാണെന്ന് അവന് ഉറപ്പായിരുന്നു.
