കരിയും കനലും
[ Irul Mashi ]
“നീ എന്തോന്ന് പറയുന്നു പ്രജിതേ… പിള്ളേര് പറഞ്ഞത് പോലെ പോയിട്ട് വരാമല്ലോ… നീ ഇത്തി കൂടെ പോകുമോ… നമുക്കൊന്നും ഒന്നും അറിഞ്ഞും കൂടാ പിന്നെ ഇതൊന്നും അങ്ങോട്ട് ശരി ആകുകയുമില്ല.” കുടുംബശ്രീ കൂട്ടത്തിൽ നിന്ന് രമണി പറഞ്ഞു.
“ഞാൻ എന്തര് പറയാൻ ചേച്ചി… അണ്ണൻ വന്നിട്ട് ചോയിച്ചോക്കട്ട് , അല്ലാതെ ഇപ്പോ എന്തര് പറയാൻ.” പ്രജിത മറുപടി പറഞ്ഞു.
“പ്രജിതേ ലോൺ ഇനി എത്ര അടവ് കൂടി ഉണ്ട്?” സുധ ചോദിച്ചു.
“ഇനിയും ഉണ്ടെടി ഒരു പത്തു പന്ത്രണ്ടെണ്ണം…” പ്രജിത ഒരു നെടുവീർപ്പോടെ പറഞ്ഞു.
“അപ്പൊ നമുക്ക് പിരിയാം, ടൂറിന്റെ കാര്യം ചോദിച്ചിട്ട് പറഞ്ഞാൽ മതി…” നിസ പറഞ്ഞു.
“അപ്പൊ ശരിയെന്നാൽ…”
എല്ലാവരും പതിയെ പ്രജിതയുടെ വീട്ടിൽ നിന്ന് അയൽക്കൂട്ടം കഴിഞ്ഞ് പുറത്തേക്ക് നടന്നു. പ്രജിത കസേര എല്ലാം അടുക്കി വെയ്ക്കാനും…
“പെണ്ണേ അനൂ… ഫോണും കുത്തിക്കോണ്ട് ഇരിക്കാതെ ഇങ്ങോട്ട് എണീച്ച് വാടി…” പ്രജിത തന്റെ രണ്ടാമത്തെ മകൾ അനുഷയെ ഉറക്കെ വിളിച്ചു.
“എന്തിനമ്മാ ഇങ്ങനെ കിടന്ന് തൊറക്കണത്… പയ്യെ വിളിച്ചാ കേക്കൂലേ…?” അനുഷ മുറിയിൽ നിന്നും ഇറങ്ങി വന്നിട്ട് ചോദിച്ചു.
“എന്റെ വായിരിക്കണത് കേക്കാതെ ഇതൊക്കെ എടുത്തോണ്ട് പോയി അടുക്കളേൽ വെയ്. എന്നിട്ട് ആ ഗ്ലാസ് ഒക്കെ കഴുകിക്കാണ്.” പ്രജിത തന്റെ സ്ഥിരം ശൈലിയിൽ പറഞ്ഞു.
“നീ ആണാടി പിള്ളേരെ ഒക്കെ പിരിക്കേറ്റി തുള്ളാനും ചാടാനും പോകാമെന്നു പറഞ്ഞു വെച്ചത്…?” പാത്രങ്ങൾ കഴുകുന്ന തന്റെ മകൾ അനുഷയോടു പ്രജിത ചോദിച്ചു.
“ഞാനൊന്നുമല്ല, ചേച്ചി എങ്ങാണ്ട് ആണ്..” അനുഷ ഒഴിഞ്ഞു മാറിക്കൊണ്ട് മറുപടി പറഞ്ഞു.
“ആ പോത്ത്
ഇങ്ങ് വരട്ട്… അല്ലെങ്കിലേ മനുഷ്യന് ഇവിടെ ഇരിക്കപ്പൊറുതി ഇല്ല അതിനിടക്ക് ആണ് ഇനി ഞാൻ ഇതിനെ ഒക്കെ മേയ്ച്ച് കൊണ്ട് പോണം എന്ന്.
അവളുമാർക്ക് എല്ലാം കൂടി എന്റെ മണ്ടേൽ അങ്ങ് വെച്ചാ മതിയല്ലോ… എന്നിട്ട് വലിയ സുഖിപ്പീര് പോലെ ചോദിക്കും ‘ഇനി എത്തറ ഉണ്ട് പ്രജിതേ…’
എന്ന്.” കലി അടക്കി പിടിച്ച് കൊഞ്ഞനം കുത്തി കൊണ്ട് പ്രജിത പറഞ്ഞു.
ചായ ഗ്ലാസുകൾ കഴുകി കഴിഞ്ഞ് അനുഷ പതിയെ അടുക്കളയിൽ തിട്ടപുറത്ത് കേറി ഇരുന്നു അയൽക്കൂട്ടക്കാർ ബാക്കി ആക്കിയ മിച്ചർ വാരി വായിലിട്ട് ചവച്ചു.
അപ്പോഴേക്കും സാരിയുടെ മുന്താണി കൊണ്ട് തന്റെ തടിയൻ കഴുത്തിലെ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് പ്രജിത അനുഷയെ നോക്കി കണ്ണുരുട്ടി.
“അമ്മക്ക് വേണോ…?” അനുഷ ഒരു പിടി വാരികൊണ്ട് ചോദിച്ചു.
“കൈവാക്കീന്നു മാറിപ്പോ പെണ്ണേ എന്റേന്ന് വാങ്ങിച്ച് പിടിക്കാതെ…” കൈയോങ്ങി കൊണ്ട് പ്രജിത പറഞ്ഞു.
“ഈ തള്ളക്ക് എന്തര് കുഴപ്പം. നിങ്ങള് എന്തിന് എന്റടുത്ത് കിടന്ന് ചാടണത്. ചേച്ചി വരുമ്പോൾ അവളോട് ചാടിയ പോരെ…” അനുഷ ചോദിച്ചു.
“അവൾക്ക് ഉള്ളത് അപ്പോ കൊടുക്കാം, നീയും കൂടെ കാണുമെന്ന് അറിയാം എനിക്ക് അതിനുള്ളതാ നിനക്ക് തരുന്നത്…”
“ഓ എല്ലാം കൂടി ഇനി എന്റെ മണ്ടേൽ വെച്ചോ… അവരുടെ മൂത്തമോൾക്ക് ഒരു കുറ്റോം ഇല്ല…” അനുഷ കെറുവിച്ചു പറഞ്ഞു.
“രണ്ടെണ്ണോം കണക്ക് തന്ന. ആ തന്തേടെ തനി കൊണം. എന്നെ കൊല്ലാനായിട്ട് മൂന്നും കൂടി. എന്റെ ചാവ് കണ്ടാലേ നിനക്കൊക്കെ മതിയാകു…”
“ഓ തൊടങ്ങി തള്ളേടെ അലപ്പ്. ഇത്തി മിണ്ടായിരിന്നാണ്…”
“തന്തക്കും മക്കൾക്കും എന്നെ
മിണ്ടാതിരിപ്പിക്കാൻ എന്തോന്ന് മിടുക്ക്. ഇതൊക്കെ ബാക്കി ഉള്ളതിൽ കൂടി കാണിച്ചിരുന്നെങ്കിൽ കൊള്ളായിരുന്നു.”
“ഓ…” അനുഷ സാഹചര്യം തണുപ്പിക്കാനായി അല്പം നേരം ഒന്നും മിണ്ടാതെ മിച്ചറും കഴിച്ചിരുന്നു.
“ദാണ്ടേ അമ്മേ അമ്മേടെ മുടിയൊക്കെ നരച്ച്.” അനുഷ പ്രജിതയുടെ സൈഡിലെ വെള്ളിവരവീണ മുടികൾ ചികഞ്ഞെടുത്തു കൊണ്ട് പറഞ്ഞു.
“വയസ്സായി പെണ്ണേ. 16 വയസ്സല്ല എനിക്ക് 43 ആണ്.” അതൊന്നും മൈൻഡ് ചെയ്യാത്ത പോലെ പ്രജിത പറഞ്ഞു.
“നമുക്ക് ഡൈ അടിക്കാം…” അനുഷ പറഞ്ഞു.
