കരിയും കനലും 25അടിപൊളി  

“അച്ചൂ… അമ്മൂ… ഇങ്ങോട്ട് ഇറങ്ങി വാടിയേളെ… ഏത് നേരവും കതകും അടച്ചിരിക്കാതെ…” അടുക്കളയിൽ നിന്ന് പ്രജിത വിളിച്ചു പറഞ്ഞു.

വാർത്ത കണ്ട് കൊണ്ട് ഇരിക്കുന്ന അശോകന് തന്റെ ഭാര്യയുടെ വിളി മക്കളുടെ കാതുകളിൽ എത്തിയിട്ടില്ല എന്ന് മനസ്സിലായി. പതിയെ തന്റെ കുടവയർ ഒന്ന് ഒതുക്കി കൈലി മുറുക്കി ഉടുത്തിട്ട് മെല്ലെ എണീച്ച് മക്കളുടെ മുറികളുടെ അടുത്തേക്ക് നടന്നു.

“അച്ചൂ… അമ്മൂ…” വാതിലിനു അടുത്ത് നിന്നു കൊണ്ട് അശോകൻ മുട്ടി വിളിച്ചു.

ഉടനെ കതക് തുറന്ന് രണ്ടുപേരും വെളിയിൽ വന്നു. അശോകനെ കണ്ടയുടൻ അരുണിമയുടെയും അനുഷയുടെയും മുഖത്ത് പ്രകാശം പരന്നു. അവരുടെ കണ്ണുകളിൽ ആ തിളക്കത്തോടെ അവർ തന്റെ അച്ഛന്റെ രണ്ട് കൈകളിലും തോളിലുമായി കെട്ടിപിടിച്ചു.

“അച്ഛൻ വന്നായിരുന്നോ?” ഇളയ മകൾ അനുഷ ചോദിച്ചു.

“മക്കള് രണ്ടാളും പഠിത്തത്തിൽ മുഴുകി ഇരുന്നത് കൊണ്ട് അച്ഛൻ വന്നതൊന്നും അറിഞ്ഞില്ല അല്ലേ…” അശോകൻ കളിയാക്കി കൊണ്ട് ചോദിച്ചു.

അതിന് മറുപടി ഒന്നും പറയാതെ അവർ ഒരു കള്ള ചിരിയിൽ ഒതുക്കി അച്ഛനോടൊപ്പം ഹാളിലേക്ക് നടന്നു. ഹാളിൽ തീൻമേശയിൽ വന്ന് അവർ അച്ഛന് അരികിലായി ഇരുന്നു.

അപ്പോഴേക്കും പ്രജിത അടുക്കളയിൽ നിന്ന് ഹാളിലേക്ക് എത്തിയിരുന്നു.

“അയ്യോ… അച്ഛനും മക്കളും കൈയ്യും കഴുകി വന്ന് ഇരിക്കുക ആയിരുന്നോ… അടിയൻ ഇപ്പോ ആഹാരം കൊണ്ട് വരാമേ…” പ്രജിത കളിയാക്കി കൊണ്ട് പറഞ്ഞു.

“എണീച്ച് പോയി എടുത്തോണ്ട് വാടി… നിന്റെയൊക്കെ വേലക്കാരിയാ ഞാൻ…” ദേഷ്യത്തോടെ

പ്രജിത വീണ്ടും കൂട്ടിച്ചേർത്തു.

അത് കേട്ട് രണ്ട് മക്കളും ചാടി എണീച്ച് അടുക്കളയിലേക്ക് ഓടി. അത് കണ്ട് അശോകൻ അറിയാതെ ചിരിച്ചു പോയി. തന്റെ ഭർത്താവിന്റെ ചിരി കണ്ടിട്ട് പ്രജിത ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് അടുക്കളയിലേക്ക് വീണ്ടും നടന്നു.

ആഹാരവും വെള്ളവുമായി എല്ലാവരും മേശയിൽ ഇരിപ്പായി. തന്റെ ഭർത്താവിന് ആഹാരം വിളമ്പി കൊടുത്ത് പ്രജിതയും ഒരു കസേരയിൽ ഇരുന്നു. മക്കൾ രണ്ടുപേരും നേരത്തെത്തെ പോലെ തങ്ങളുടെ അച്ഛന് ഇടവും വലവുമായി ഇരുന്നു ആഹാരം കഴിച്ചു തുടങ്ങി.

“അച്ഛാ… ഒരു കാര്യം പറയാനുണ്ട്…” അരുണിമ തന്നെ തുടക്കം കുറിച്ചു.

“മ്മ്… എന്തര്… പറ കേക്കട്ടെ…” ഒന്നുമറിയാത്ത പോലെ അശോകൻ ആഹാരം കഴിച്ചു കൊണ്ട് പറഞ്ഞു.

“അടുത്ത ആഴ്ച ഓണം അല്ലേ… അപ്പൊ നമുക്ക് അതിന് രണ്ട് മൂന്നു ദിവസം മുന്നേ കൊടൈക്കനാൽ ഒക്കെ പോയിട്ട് വരാം എന്ന് ഞാൻ ഒരു പ്ലാൻ ഇട്ടായിരുന്നു…”

അരുണിമ അച്ഛന്റെ മുഖത്തേക്ക് ചരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

“അതിനെന്താ… അച്ഛന് നേരം കാണില്ല മക്കള് പോയിട്ട് വാ…” അധികം ഗൗനിക്കാത്തത് പോലെ ആഹാരത്തിൽ മുഴുകികൊണ്ട് അശോകൻ മറുപടി പറഞ്ഞു.

“അച്ഛാ… ഞാൻ ഒറ്റക്ക് പോണ കാര്യമല്ല പറഞ്ഞത്. ചിന്നൂം ചച്ചും ബാക്കി പിള്ളേര് സെറ്റ് എല്ലാം കൂടി ചേർന്ന് പോകാനാ…” അരുണിമ ചിണുങ്ങി കൊണ്ട് പറഞ്ഞു.

“ഓ അങ്ങനെ ആയിരുന്നോ… അച്ഛൻ അനുവാദം തന്നിരിക്കുന്നു… പൈസ വല്ലതും വേണോ…?” അശോകൻ ചോദിച്ചു.

“ഈ അച്ഛന്റെ കാര്യം അമ്മയെ പോലെ ചോറും മീനും കണ്ടാൽ പിന്നെ ഒന്നും കേക്കൂല… നമ്മൾ എങ്ങനെയാ ഒറ്റക്ക് പോണത്

അച്ഛനും കൂടി വരണം.

അച്ഛന്റെ പരിചയത്തിൽ വണ്ടിയും വിളിക്കണം.” അരുണിമ എല്ലാം കൂടി പറഞ്ഞു.

“ഓഹോ… അപ്പോ ഇത്രേം പരിപാടി ഒപ്പിച്ചു വെച്ചിട്ടാണ് അച്ഛനെ സോപ്പിടാൻ വന്നത് അല്ലേ…” ആഹാരം കഴിച്ചു വെള്ളം കുടിച്ച് കൊണ്ട് അശോകൻ പറഞ്ഞു.

“അച്ഛാ പ്ലീസ് അച്ഛാ… നമ്മളെ ഒക്കെ പിന്നെ ആര് കൊണ്ട് പോകാന… ഒന്ന് ശരിയാക്ക് അച്ഛാ… പ്ലീസ്… എന്റെ ചക്കര അച്ഛനല്ലേ…” അരുണിമ കൊഞ്ചി.

“അതേ അച്ഛാ നല്ല അച്ഛനല്ലേ… ചേച്ചി പറഞ്ഞത് പോലെ നമ്മൾക്ക് അടിച്ചു പൊളിക്കാം അച്ഛാ…” ഏറ്റു പിടിച്ചുകൊണ്ട് ഇളയ മകൾ അനുഷ കൂടി കൊഞ്ചി.

“ആ ആ… ശരി ശരി… നമുക്ക് ശരിയാക്കാം…” അശോകൻ സമ്മതിച്ചു കൊണ്ട് പതിയെ കൈകഴുകാൻ എണീച്ചു.

Updated: September 13, 2026 — 3:00 pm

Leave a Reply

Your email address will not be published. Required fields are marked *